ഒരു പാറ പുഴയാകും വിധം

0
592

കവിത

സുനിത ഗണേഷ്

ദൂരെയായിരുന്നു..ദൂരെ..ദൂരെ
ഒരു പുൽച്ചാടി
തന്റെ മെല്ലിച്ച കാലുകൾ കൊണ്ട്
സ്വപ്നദൂരങ്ങളെ
അളന്നു കൊണ്ടിരുന്നു.
കനവുകൾ വെന്ത തട്ടകത്തിൽ
അതിന്റെ നേർത്ത ചർമം
നീറിക്കൊണ്ടിരുന്നു.

പച്ചമരുന്നുകൾ വേരാഴ്ത്തി നിൽക്കുന്ന
പുഴക്കരയിൽ
മൃതസഞ്ജീവനി തിരയുന്നു
പുൽച്ചാടി..
കുഴയുന്നു കാലുകൾ..
പാറ…
മുന്നിലിപ്പോൾ ഒരു പാറ മാത്രം.
നെറുകയിൽ അണിഞ്ഞ
കിരീടത്തിലെ
മരതകം പോലെ
തിളങ്ങുന്നു
അവൾ തേടും മരുന്ന്.



സർവ്വശക്തിയുമെടുത്ത്
അവള് ചിറകടിക്കുന്നു…
ഹോ! ദുഷ്കരം
കനൽപ്പാറ…
പാതിവെന്ത കാലുകൾ
പിന്നെയും
പൊള്ളുന്നു…പൊള്ളുന്നു…

പെട്ടെന്നതാ
മിണ്ടുന്നു…
തുടയ്ക്കുന്നു കണ്ണുനീർ…
ചേർത്തണക്കുന്നു…
തണുക്കുന്നു…
നേർക്കുന്നു…
നെഞ്ച് തുറക്കുന്നു…
ജന്മാന്തരങ്ങളിൽ കാത്തു വെച്ച
ഹിമകണങ്ങൾ പൊഴിക്കുന്നു.
പുൽച്ചാടി
തുഷാരബിന്ദുവിലേക്കണയുന്നു.
പാറയൊന്നാകെ
പുഴയാകുന്നു….
പാറയൊന്നാകെ
പുഴയാകുന്നു…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here