ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ്. മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പൂട്ടി കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കാനാണ് വനിത ശിശുവികസന വകുപ്പിന്റെ ഉത്തരവ്. നിയമത്തിന് എതിരായ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ട് നോട്ടീസ് നല്‍കുന്നത്.
2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 41 പ്രകാരം എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സമയ പരിധി അവസാനിച്ചിട്ടും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളില്‍ നേരിട്ട് എത്തിയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ അടച്ചു പൂട്ടല്‍ നോട്ടീസ് കൈമാറുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിച്ച് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പ് 2 (14) പ്രകാരം കുട്ടികളെ അതാത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജാരാക്കാനാണ് നോട്ടീസില്‍ പറയുന്നത്.
നിലവില്‍ നിയമത്തിന് എതിരെ സുന്നി ഓര്‍ഫനേജ് കോഡിനേഷന്‍ കമ്മറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടേതടക്കം മലപ്പുറം ജില്ലയില്‍ മാത്രം 35 ലധികം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു കഴിഞ്ഞു. എന്നാല്‍ അന്തിമ വിധി വരുന്നത് വരെ നോട്ടീസ് അവഗണിക്കാനാണ് ഭൂരിഭാഗം അനാഥാലയങ്ങളുടെയും തീരുമാനം