ഓർമ്മക്കുറിപ്പുകൾ
ഷിനിത്ത് പാട്യം
കുറേ ദിവസമായി ഞാൻ എന്ന സാമൂഹ്യജീവി ഹോം കോറന്റൈനിൽ അകപ്പെട്ടിരിക്കുകയാണ്. വീടിനകത്തിരിക്കുമ്പോൾ ക്ലാവ് പിടിക്കാത്ത പഴയ ഓർമ്മകൾ മനസ്സിൽ നിന്നും തികട്ടി വരുന്നുണ്ട്.
ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പേയുളള ഏപ്രിൽ മാസം ഞങ്ങളെ സംബന്ധിച്ചെടുത്തോളം വളരെയധികം പ്രാധാന്യമുളളതായിരുന്നു. ഞങ്ങളും അയൽക്കാരുമൊക്കെ മഴയ്ക്ക് മുന്നെ പുരകെട്ടുന്നതിന്റെ തിരക്കിലായിരിക്കും. ചുറ്റുവട്ടത്തുളള വീടുകളിൽ മിക്കതും മൺ കട്ടകളിൽ നിർമ്മിച്ച ഓല പുരകളായിരുന്നു.
“കിഴക്കയിലെ ചിരുതയേടത്തിയുടെയും കാട്ടിന്റവിട കണാരേട്ടന്റെയും പൊരകെട്ടി കഴിഞ്ഞു ഇനി നമ്മുടേതുമാത്രേ കെട്ടാൻ ബാക്കിയുളളൂ മഴ പെയ്തിനേൽ പുര ചോർന്നൊലിക്കും” അമ്മ ഏട്ടനോട് ആശങ്ക പങ്കുവെച്ചു.
ഏത് തരത്തിലുളള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അക്കാലത്ത് പുരകെട്ട് ഒരു ഉത്സവം തന്നെയായിരുന്നു. ഒരാഴ്ച മുന്നെ പുരകെട്ടിനുളള ഒരുക്കങ്ങൾ തുടങ്ങും. അയൽവക്കകാരും നാട്ടിലെ പിള്ളേരുമൊക്കെ പുരകെട്ട് ദിവസം സഹായത്തിനുണ്ടാവും.
വൈശ്യകണ്ടി ഗോവിന്ദൻ, കുഞ്ഞിപറമ്പത്ത് ബാലൻ, ചക്കര കുഞ്ഞാമൻ, പാണ്ടന്റവിട അർജുനൻ എന്നിവരായിരുന്നു നാട്ടിൽ അക്കാലത്ത് പുരകെട്ടിൽ പ്രവീണ്യം തെളിയിച്ചവർ.
വലിയ ഉയർന്ന തറയും മൺകട്ട ചുമരുമുളള ഓലമേഞ്ഞ ഞങ്ങളുടെ പുരയിൽ ഒരു നീളൻ മുറിയും രണ്ട് ചെറിയ മുറികളും ഉണ്ടായിരുന്നു. അതിലൊന്ന് ആദ്യകാലത്ത് പ്രസവത്തിനൊക്കെ ഉപയോഗിച്ചിരുന്ന; പകലുപോലും വെളിച്ചം കടന്നെത്താത്ത കുഞ്ഞകം ആയിരുന്നു. കോനായിയോട് ചേർന്ന് പുറത്തായിരുന്നു അടുക്കള സ്ഥിതിചെയ്തിരുന്നത്.
പുരകെട്ടാൻ കരിച്ചോലക്ക് പുറമെ മെടഞ്ഞ എഴുന്നൂറ് ചിന്നം ഓലകൾ ആവശ്യമായിരുന്നു. പുര കെട്ടാനുളള ഓലകൾക്കായി കാരാള കുന്നിലെ തെങ്ങിൻ പറമ്പത്ത് അമ്മയുടെയും ഏട്ടന്റെയും കൂടെ ഞാനും പോയിരുന്നു. പിർത്തി മരങ്ങൾ നിറഞ്ഞ കാരള കുന്നിൽ എത്തിപെടുക അത്ര എളുപ്പമായിരുന്നില്ല. തെങ്ങിന്റെ ചുവട്ടിൽ നിന്നുകൊണ്ട് മറ്റൊരു ഓലതുച്ചം ഉപയോഗിച്ച് തെങ്ങിന്റെ മുകളിലുളള ഉണങ്ങിയ ഓലകളെ പിണച്ചിട്ടാണ് പിഴുതെടുക്കാറുളളത്. ഇതൊക്കെ മികച്ച വൈദഗ്ധ്യത്തോടെയാണ് അമ്മ ചെയ്തിരുന്നത്.
പുരകെട്ടുന്നതിനും മൂന്ന് മാസം മുമ്പേ ഓലകൾ ശേഖരിക്കുകയും അവ മെടയുകയും വേണം. മെടയാനായി ഓല രണ്ടായി ചീന്തുകയും അവ പൊതിർക്കാൻ വേണ്ടി കിണറ്റിന്റെ കരയിൽ കൊണ്ടിടും. ഓല പൊതിരാൻ വേണ്ടി അയൽവക്കത്തെ പിളേരുടെയൊക്കെ കുളി ജാനു ഏടത്തിയുടെ കിണറ്റിൻ കരയിലേക്ക് മാറ്റിയിരുന്നു. ചീന്തിയിട്ട ഓലയിൽ നിന്നുകൊണ്ട് .. പാട്ട് പാടി ഓല ചവിട്ടി മെതിച്ചുളള കുളി.. എന്തു രസമായിരുന്നു…!!
പുരകെട്ടാനുളള മെടഞ്ഞ ഓല തികയാതിരുന്ന സന്ദർഭങ്ങളിൽ കൂടുക്കയിന്റവിടുത്തെ അലീത്തയുടെ വീട്ടിൽ നിന്നും പാട്യം പുതിയ തെരുവിൽ നിന്നും വിലക്ക് വാങ്ങാറുണ്ട്.
മെടഞ്ഞ ഓലകൾ ചിതലരിക്കാതെ സൂക്ഷിക്കുകയെന്നത് ഭാരിച്ച പണി തന്നെയായിരുന്നു. അക്കാലത്തെ പുരകെട്ട് ദിനമായിരുന്നു ഞങ്ങൾക്ക് ഓണവും വിഷുവുമൊക്കെ. രാവിലെതന്നെ പുരകെട്ടാനായി കുഞ്ഞിപറമ്പത്ത് ബാലേട്ടനും ചക്കര കുഞ്ഞിരാമേട്ടനും എത്താറുണ്ട്. രണ്ടും പേരും അഭ്യാസികളെ പോലെ പുരപുറത്ത് കയറിപറ്റുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്.
പഴയ ഓലകളൊക്കെ പുരപുറത്ത് നിന്ന് അഴിച്ച് താഴെയിടും അവയിൽ നിന്നും നല്ല കരിച്ചോല എടുത്ത് വെക്കുകയെന്ന ജോലി ഞാനും ഏട്ടനും നൻമയും പിത്തുവും ചെയ്യും. മുഴുവൻ ഓലയും അഴിച്ചിട്ടതിന് ശേഷം പുരകെട്ട് പണിക്കാർ കുറ്റി മാച്ചിലുകൊണ്ട് കഴുക്കോലുകൾ വൃത്തിയാക്കും.. തേരട്ടകളും ഓട്ടെരുമകളും മുറിക്കുളളിൽ നിറഞ്ഞിട്ടുണ്ടാവും.
പറമ്പിന്റെ വടക്കേ മൂലയിൽ ഒരുക്കിയ അടുപ്പിൽ തീ കൂട്ടുകയും അവയിൽ പച്ച ഓല വാട്ടുകയും ചെയ്യുന്ന ജോലി കിഴക്കേയിൽ അനന്തേട്ടനാണ് ചെയ്തിരുന്നത്. തീയിൽ വാട്ടിയ പച്ച ഓലകണ്ണികളുടെ അഗ്ര ഭാഗം കോങ്കത്തി കൊണ്ട് കൂർപ്പിച്ച് ചെറിയ കെട്ടുകളാക്കി മാറ്റിയിരുന്നു. ഈ ഓല കണ്ണികൾ ഉപയോഗിച്ചാണ് മെടഞ്ഞ ഓല പുരപുറത്തെ കഴുക്കോലിൽ കെട്ടി ഉറപ്പിക്കുന്നത്.
വടക്കേ പുറത്തെ കുറുക്കൻ മാവിന്റെ ചുവട്ടിൽ അമ്മയുടെ നേതൃത്വത്തിൽ അയൽവക്കത്തെ പെണ്ണുങ്ങൾ കിസ്സ പറഞ്ഞോണ്ട് പുഴുക്കിന് വേണ്ടുന്ന വരിക്ക ചക്ക അരിഞ്ഞിടുന്നത് പുരകെട്ടിന്റെ ഏറ്റവും മനോഹരമായ ഓർമ്മകളാണ്. കേളപ്പൻ മാഷുടെ വീട്ടിൽ നിന്നും വാങ്ങിയ വലിയ ചെമ്പിലാണ് അന്നൊക്കെ കഞ്ഞി വെച്ചിരുന്നത്.
രാവിലെ പത്ത് മണി ആകുമ്പോഴേക്കും പുരപുറത്തെ പഴയ ഓലകൾ മുഴുവൻ താഴെ ഇറക്കും. തുടർന്ന് നല്ല കരിച്ചോലയും പുതിയ ഓലയും വലിയ എരങ്കോലിന്റെ അഗ്രഭാഗത്ത് കുത്തി പുരപുറത്തേക്ക് എത്തിക്കുന്ന ജോലി അർജ്ജുവേട്ടനാണ് ചെയ്തിരുന്നത്. വളരെ കാവ്യാത്മകമായി അടുത്ത കാലം വരെ അദ്ദേഹം പ്രസ്തുത ജോലി ചെയ്തിട്ടുണ്ട്.
താഴെ മുതിയങ്ങ പള്ളിയിലെ ഉച്ചക്കത്തെ ദുഹർ വാങ്ക് വിളിയോടെ പുരകെട്ടിന്റെ കഞ്ഞിയും ചക്ക പുഴുക്കും കഴിക്കാനായി അയൽവക്കത്തെ ആൾക്കാരും പിള്ളേരും എത്തി തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിയോടെ പുരയുടെ മോന്തായം വരെയുളള ഓല കെട്ടി കഴിഞ്ഞിരുന്നു. പുരയുടെ വടക്ക് ഭാഗത്തെയും തെക്ക് ഭാഗത്തെയും ഓല കെട്ടൽ വൈകുന്നേരത്തോടെ തീരുമെന്ന പ്രതീക്ഷയിൽ ബാലേട്ടനും കുഞ്ഞാമേട്ടനും ഭക്ഷണം കഴിക്കാൻ പൊട്ടാറായ കഴുക്കോലിൽ ശ്രദ്ധിച്ച് ചവിട്ടി താഴോട്ട് ഇറങ്ങി.
പുരകെട്ടിന്റെ കഞ്ഞിയ്ക്കും പുഴുക്കിനും ഇന്ന് കല്ല്യാണ വീട്ടിൽ കിട്ടുന്ന ബിരിയാണിയുടെ പ്രാധാന്യം ഉണ്ടായിരുന്നു.
” പൊരകെട്ടെന്ന് പറഞ്ഞാല് മറക്കാൻ പറ്റാത്തത് ഗംഗാധരൻ നായരുടെ പൊരകെട്ടാണ്. ഒരു മംഗലത്തിനുളള ആളുകൾ കഞ്ഞിയും പുഴുക്കും കഴിക്കാനുണ്ടാവും. വടക്കേ പറമ്പിലെ പെലാവിന്റെ കൊമ്പിലെ പിലാല തെകയൂല്ല. അത്രയ്ക്കും ആളുകൾ വരും”
കഞ്ഞിയും പുഴുക്കും കഴിക്കുന്നതിനിടയിൽ പുരകെട്ടുകാരൻ കുഞ്ഞിപറമ്പത്ത് ബാലേട്ടൻ പഴയ കാലത്തെ പുരകെട്ട് ഓർമ്മകൾ ആവേശത്തോടെ പങ്കുവെച്ചു. എല്ലാവരും കഞ്ഞി കുടിച്ച് കഴിയുമ്പോഴേക്കും ആകാശത്തെ സൂര്യൻ എങ്ങോപോയി മറഞ്ഞു.
മഴ കോളുണ്ട്. ഞാൻ അമ്മയെ പതുക്കെ നോക്കി. ” ചതിക്കല്ലേ ഭഗവതി ചീർമ്പ കാവിലെ തമ്പുരാട്ടിക്ക് നൂറ് വെളിച്ചെണ്ണ കൂട്ടി കൊളളാം ” അമ്മയുടെ നേർച്ച കുറച്ച് ഉച്ചത്തിൽ തന്നെയായിരുന്നു. നേർച്ച ഫലിച്ചെന്ന് തോന്നി ഉച്ച വെയിലിന്റെ ചൂട് കൂടി വന്നു.
വൈകുന്നേരം അഞ്ച് മണിയോടെ പുരകെട്ട് പൂർത്തിയാക്കി ബാലേട്ടനും കുഞ്ഞാമേട്ടനും താഴേക്കിറങ്ങി പുരയുടെ ചേതിക്കടുത്തെ ഓലകണ്ണിയുടെ തെറ്റം മുറിക്കുന്നതിൽ വ്യാപൃതരായി. വൈകുന്നേരത്തേക്ക് നല്ല ആവി പറക്കുന്ന ചോറും നാടൻ കോഴിയുടെ കറിയും തയ്യാറാക്കിയിരുന്നു. അച്ഛന്റെ നേതൃത്വത്തിൽ കശുമാങ്ങയിട്ട് വാറ്റിയ ചാരയം ഒരു കറുത്ത കാനിൽ പുറകിലത്തെ കാഞ്ഞിര മരത്തിന്റെ ചുവട്ടിൽ വെച്ചിരുന്നു. മുതിർന്നവരൊക്കെ മരത്തിന്റെ ചുവട്ടിൽ എത്തി. അവിടെ സാമാന്യം ചെറിയ തിരക്ക് അനുഭവപെട്ടു. അച്ഛന്റെ കൂടെ വന്ന നീളം കുറഞ്ഞ മനുഷ്യൻ വെളുത്ത നിറമുളള ദ്രാവകം ഒറ്റവലിക്ക് അകത്താക്കിട്ട് പറഞ്ഞു ” പൊരകെട്ടിന് ഇതൊക്കെ ഉണ്ടെങ്കിലെ ഒരു ഉഷാറുളളൂ “.
ഞങ്ങളൊക്കെ നല്ല നാടൻ കോഴിയുടെ ഇറച്ചി കറിയും കൂട്ടി ചോറ് തിന്നിട്ട് അടുത്ത ജോലിയിലേക്ക് പ്രവേശിച്ചു. കരിച്ചോല നുറുക്കുകൾ ഒരു വല്ലത്തിൽ വാരി നിറച്ച് ഒരു സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചു. കരിച്ചോലയുടെ മണം അന്തരീക്ഷമാകെ വ്യാപിച്ചു. കരിച്ചോലയുടെ കൂടെ തേരട്ടയും ഓട്ടെരുമകളും അഗ്നിക്കിരയായി..
പുരകെട്ട് ഒരു ഉത്സവം തന്നെയായിരുന്നു.. ആദ്യകാലത്ത് ഒരു പ്രദേശത്തിന്റെ കൂട്ടായ്മകളെ സൃഷ്ടിക്കുന്നതിൽ പുരകെട്ട് വലിയ പങ്കുവഹിച്ചിരുന്നു…
ഓരോ ഓർമ്മകളും മുന്നോട്ടുളള ജീവിതത്തിന് കരുത്ത്പകരുന്നു. ഞങ്ങളുടെ പറമ്പിൽ അവസാനമായി പുരകെട്ട് നടന്നത് 1999-ലാണ്.
ഓർമ്മകൾ ചിതലെടുക്കാതെ കിടക്കട്ടെ…
…
മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾ, കണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ…
മറ്റുള്ളവരുമായി പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു…
ഇ–മെയിൽ – editor@athmaonline.in, WhtatsApp : 8078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Shinith very nice