മരണത്തിനപ്പുറത്തെ ജീവിതം

0
157
ormakkurippukal-drmadhuvasudevan-wp

ഓർമ്മക്കുറിപ്പുകൾ

ഡോ. മധു വാസുദേവൻ

എല്ലാ ദേശപ്പെരുമകളിലും ഇങ്ങനെ ഒരാൾ ഉണ്ടാവും. ആളുകളെ ചിരിപ്പിച്ചും രസിപ്പിച്ചും ഒടുവിൽ കരയിച്ചും പ്രതീക്ഷിക്കാത്ത നേരത്ത് കടന്നുപോകും. പിന്നെ അവന്റെ ജീവിതം മറ്റുള്ളവരുടെ ഓർമകളിലായിരിക്കും. നേരവും കാലവും നോക്കാതെ ഇടയ്ക്കിടെ അവൻ നമ്മുടെ ചര്യകളിൽ കയറിവരും. മുളച്ചതും കിളിച്ചതും വാതോരാതെ പറയും, ചിലപ്പോൾ ഉപദേശിക്കും സാന്ത്വനിപ്പിക്കും. കുറച്ചുകഴിയുമ്പോൾ പതിവുപോലെ മുണ്ട് നെഞ്ചുവരെ പൊക്കി മടക്കിക്കുത്തിക്കൊണ്ട് ഒരു മൂളിപ്പാട്ടുംപാടി ഇറങ്ങിപ്പോകും. ചിരിച്ചല്ലാതെ ആരും അവനെ കണ്ടിട്ടില്ല. ചിറക്കൽ അമ്മയുടെ വീടിനുമുന്നിലെ കലിങ്ങിനു താഴെ ചലനമറ്റു കിടന്നപ്പോഴും മുഖത്തെ ചിരി നഷ്ടപ്പെട്ടിരുന്നില്ല. പേര് കണ്ണപ്പൻ. ജനനം 1962. മരണം 1985. മരണകാരണം വ്യക്തമല്ല. ഇരുപത്തിമൂന്നാംവയസ്സിൽ സ്വയം ജീവനെടുക്കാൻമാത്രം വല്യണ്ണൻ അനുഭവിച്ച മാനസികപ്രയാസം എന്തായിരുന്നു എന്ന കാര്യം അനിയൻ സുര ഇപ്പോഴും ചിന്തിക്കുന്നുണ്ട്. ഉത്തരം കിട്ടിയിട്ടില്ല!

കണ്ണപ്പൻ വെളിയൻപറമ്പിലെ കനകമ്മ ചേച്ചിയുടെയും കുട്ടപ്പൻ ചേട്ടന്റെയും മകനായിരുന്നു. മൂന്നു സഹോദരങ്ങൾ. വിളിപ്പേരാണ് കണ്ണപ്പൻ. അധികം ആളുകൾക്കറിയാത്ത മറ്റൊരു പേരുണ്ട്, ദിനേശ്കുമാർ. കണ്ണുകളുടെ പ്രത്യേകതകാരണം വന്നുപെട്ട പേരാകണം കണ്ണപ്പൻ. ചെറിയ കണ്ണുകൾ ചൈനക്കാരുടെപോലെ ഇറുകിയിരുന്നു. അങ്ങനെ രണ്ടുപേർകൂടി നാട്ടിലുണ്ടായിരുന്നു, ചൈനാ സോമനും ‘ഡൂ’ രവിയുടെ ചേട്ടൻ പൊന്നപ്പനും. കണ്ണപ്പൻ കോളേജിൽ പഠിച്ചിട്ടുണ്ട്, ഇല്ല എന്നൊക്കെ കേൾക്കുന്നു. പക്ഷേ കണ്ണപ്പൻ പറഞ്ഞ ഒരു വീരകഥയിൽ കളർകോട്ടെ എസ്.ഡി.കോളേജും വരുന്നുണ്ട്. ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വന്തം എസ്.എസ്.എൽ.സി ബുക്ക് അവിടെനിന്നും അതിസാഹസികമായി അടിച്ചുമാറ്റിയ കഥ. പിന്നെ, ബുക്കിനുവേണ്ടി അപേക്ഷകൊടുത്ത് അധികാരികളെ പരിഭ്രമത്തിലാക്കിയ തമാശ. ഇങ്ങനെയുള്ള തമാശകളെ മാറ്റിനിർത്തിയാൽ കണ്ണപ്പന്റെ ജീവിതം ഏറെക്കുറെ ശൂന്യമാണ്. ഒരു ഏപ്രിൽഫൂൾ ദിനത്തിൽ നാട്ടിലെ മുഴുവൻ വീടുകളിലെയും അടുക്കളപ്പുറത്തുവച്ചിരുന്ന അമ്മിക്കല്ലുകൾ കണ്ണപ്പൻ വെളുപ്പിനു വന്നെടുത്തുകൊണ്ടുപോയി. അവിടെയെല്ലാം രാവിലത്തെ അടുക്കളപ്പണികൾ നിശ്ചലമായി. ഏതോ വീട്ടിൽ ഒട്ടിച്ചുവച്ച കുറിപ്പടി പ്രകാരം ചെന്നുനോക്കിയപ്പോൾ അമ്മിക്കല്ലുകളെല്ലാം പറമ്പിലെ കുളക്കരയിൽ സുരക്ഷിതമായി കിടക്കുന്നു. ഓരോ കല്ലിലും തിരിച്ചറിയാൻ പരുവത്തിൽ നമ്പർ ഇട്ടിരുന്നു. അതിലെ നേരംപോക്ക് മനസ്സിലാക്കാൻ കഴിയാതെപോയവർ അവനെ പൊതിരേ അടിച്ചു.

കണ്ണപ്പൻ ദിവസവും ചുറ്റുവട്ടത്തെ എല്ലാ വീടുകളിലും കയറിയിറങ്ങും. എന്തുകൊടുത്താലും സന്തോഷത്തോടെ മേടിച്ചുകഴിക്കും. കോഴിയെ കൊന്നുകൊടുക്കുക, ചക്കയും മാങ്ങയും ഇട്ടുകൊടുക്കുക, വേലികെട്ടുക, വയ്യാത്തവരെ തോളിൽതൂക്കി ആശുപത്രിയിൽ കൊണ്ടുപോകുക ,അവിടെ അവർക്കു കൂട്ടിരിക്കുക തുടങ്ങിയ ചില ഉപകാരങ്ങളും ചെയ്യും. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചദിവസം ഗതാഗതം പൂർണമായി നിലച്ചപ്പോൾ അഞ്ചു കിലോമീറ്റർ ദൂരെയുള്ള എസ്.ഡി. കോളേജിൽപോയി പരിസരപ്രദേശങ്ങളിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും കണ്ണപ്പൻ സൈക്കളിൽ കൂട്ടിക്കൊണ്ടുവന്നു. അതിനുവേണ്ടി അങ്ങോട്ടുമിങ്ങോട്ടും പത്തിരുപത്തഞ്ചു തവണയെങ്കിലും സൈക്കിൾ ചവിട്ടിയിട്ടുണ്ടാകും. വിയർത്തൊലിച്ചു പരിക്ഷീണനായി വരുന്ന ആ രൂപം ഇപ്പോഴും കൺമുമ്പിലുണ്ടെന്നു ചേച്ചി പറയും.

ആയിടെ സ്വയംതൊഴിൽ കണ്ടെത്തുന്നവർക്കായി സർക്കാർ ഒരു വായ്പ അനുവദിച്ചിരുന്നു. കുറച്ചൊക്കെ തയ്യൽ വശമുള്ള കണ്ണപ്പനും അപേക്ഷിച്ചു, കിട്ടി. നാലഞ്ചു തയ്യൽ മെഷീനുകൾ വാങ്ങിയിട്ടു, അത്രതന്നെ! അതിനുശേഷം എവിടെനിന്നോ വന്നുകയറിയ ദുശ്ശീലത്തിനു പുറകേയായി കണ്ണപ്പന്റെ രാപകലുകൾ. നല്ലപോലെ കുടിച്ചു. ആഘോഷിച്ചു. നാട്ടിലെ കൗമാരക്കാരെയെല്ലാം അതീവ രഹസ്യമായി ചാരായഷാപ്പിൽ കൊണ്ടുപോയി, മദ്യത്തിന്റെ രുചി മനസ്സിലാക്കിക്കൊടുത്തു. പക്ഷേ പുറത്തിറങ്ങിക്കഴിയുമ്പോൾ സ്ഥിരം പറയുന്ന വാക്യമുണ്ട്- ‘ഇന്ന് കുടിച്ചതിരിക്കട്ടെ. മേലാൽ ഈ പരിസരത്തെങ്ങാനും നിന്നെ കണ്ടുപോയാൽ ഇടിച്ചു ഞാൻ കൂമ്പിളക്കും’. പിന്നെ ഒരു തെറിയാണ്. ഇങ്ങനെ നാട്ടിലെ ഏതു പ്രായക്കാർക്കും പിന്നീടോർക്കാൻ പാകത്തിലുള്ള ചില അനുഭവങ്ങൾ നൽകിക്കൊണ്ട് കണ്ണപ്പൻ മുന്നോട്ടുപോയി.

ജീവിതം വ്യത്യസ്തമാക്കാൻ ആഗ്രഹിച്ച കണ്ണപ്പൻ മരണവും അങ്ങനെയാകണം എന്നു നിശ്ചയിച്ചുകാണും. അവസാനത്തെ തയ്യൽ മെഷീൻ വിറ്റുകിട്ടിയ കാശുകൊണ്ട് അവസാനം വാങ്ങിയത് ഒരു കുപ്പി പരാമറാണ്. അപ്പോഴേക്കും തീരുമാനം എടുത്തിരുന്നു. തലേദിവസം പതിവുപോലെ ഓരോ വീട്ടിലും അവൻ എത്തി. യാത്രപറയാൻ വേണ്ടിയാകും, സന്ധ്യയോടെ ഞങ്ങളുടെ വീട്ടിലും വന്നു. തരക്കാർ കൂടുതലുള്ളതിനാൽ കണ്ണപ്പൻ സമയം ചെലഴിക്കാൻ വളരെ ഇഷ്ടപ്പെട്ട വീടായിരുന്നല്ലോ ഞങ്ങളുടേത്. എല്ലാരോടും എന്തൊക്കെയോ സംസാരിച്ചു. അടുക്കളയിൽ കയറി ചോറെടുത്തു തിന്നു. എന്റെയടുത്തും വന്നു. അന്നു ഞാൻ ചിത്രകല പഠിക്കുന്ന സമയമായിരുന്നു. വരച്ച പടങ്ങളൊക്കെ ഒന്നു മറിച്ചുനോക്കി. ഇറങ്ങാൻനേരം തിരിഞ്ഞുനിന്നു, ഇതുകൂടി പറഞ്ഞു-‘നീ എന്റെയും ഒരു പടം വരയ്ക്കണം, കേട്ടോ’. പിന്നെ, മുണ്ട് നെഞ്ചുവരെ പൊക്കി മടക്കിക്കുത്തിക്കൊണ്ട് ഒരു മൂളിപ്പാട്ടുംപാടി ഇരുട്ടിലേക്കിറങ്ങിപ്പോയി. പിറ്റേന്നാൾ ചിറക്കൽ അമ്മേടെ വീടിനുമുന്നിലെ കലിങ്ങിനു താഴെ വിറങ്ങലിച്ചുകിടന്ന കണ്ണപ്പനെ കാണാൻ എല്ലാവരുംപോയി, പക്ഷേ ഞാൻ പോയില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കണ്ണപ്പൻ ആഗ്രഹിച്ചതുപോലെ അവന്റെ പടം ഞാൻ വരയ്ക്കാൻ ശ്രമിച്ചു. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രം പകുതിയായപ്പോൾ കനകമ്മ ചേച്ചി കാണാൻ വന്നു. അവർ ഉറക്കെ കരഞ്ഞുവിളിച്ചുകൊണ്ട് ഓടിപ്പോയി. ഏതോ ഉൾഭയം പിടികൂടിയ ഞാൻ പടം പൂർത്തിയാക്കുംമുമ്പേ കടുത്ത പനിയോടെ ആശുപത്രിയിലായി. തിരിച്ചുവന്നപ്പോൾ പടം അവിടെ ഉണ്ടായിരുന്നില്ല. ആരോ കണ്ണപ്പന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം സംസാരിച്ചപ്പോൾ അന്നത്തെ ഛായാചിത്രം സുരയും ഓർക്കുന്നുണ്ട്. എന്തോ, അതിപ്പോൾ കണ്ണപ്പന്റെ വീട്ടിലില്ല. പക്ഷേ എനിക്കറിയാം അതെവിടെ ഉണ്ടെന്ന്. എന്റെ ഹൃദയത്തിൽ, ഓർമകളുടെ ചില്ലിട്ട സ്നേഹമായി…♥️

LEAVE A REPLY

Please enter your comment!
Please enter your name here