വി എസ് വിജയലക്ഷ്മി
ചിങ്ങം വന്നിട്ടും മഴ മാറാതെ നിന്ന ഒരു വെളുപ്പാൻകാലത്ത്, പണ്ടൊരു പെൺകുട്ടി മലനാട്ടിലേക്കൊരു യാത്രപോയി. അംബാസിഡർ കാറിൽ, റാന്നിയിലേക്ക് ഒരു പാലുകാച്ചിന്. പോകുന്ന വഴിയിലൊക്കെ “മഴയെത്തും മുൻപേ” യുടെ സിനിമാ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ടായിരുന്നു. അതുവരെ അവൾ കണ്ട ‘ലുലു’ മിഠായിൽ നിന്നും വ്യത്യസ്തമായി കടയ്ക്കുള്ളിലെ ഇത്തിരി വലിയ കണ്ണാടിപ്പെട്ടിയിൽ നിറയെ നീല കവറിനുള്ളിലെ ചോക്ലേറ്റുകൾ കണ്ടു. അതുവരെ അവൾ കണ്ട ആറും വയലും നിറഞ്ഞ നാട്ടിൽനിന്ന് മാറി, ചെങ്കുത്തായ ചരിവുകളും, പാൽ ചുരത്തുന്ന റബ്ബർ മരങ്ങളും വളഞ്ഞും പുളഞ്ഞും പോകുന്ന വഴികളിൽ ഇരുട്ടുനിറച്ചു നിൽക്കുന്ന വലിയ തേക്കുകളും അവിടവിടായി ഒളിഞ്ഞും തെളിഞ്ഞും എത്തിനോക്കുന്ന കുന്നും മലകളും കടന്നുപോയ വഴികളിൽ അവൾ കണ്ടു. ആ കയറ്റത്തിനൊടുവിൽ എത്തിച്ചേർന്ന പുതുവീടിന്റെ മൂന്നുനിലകളും അവളുടെ കുഞ്ഞിക്കണ്ണുകളിൽ കൗതുകം നിറച്ചു.
ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറം അവൾ വീണ്ടും മലനാട് കയറി. അവിടെ ഒരു സ്കൂളിലെ എൻ എസ് എസ് ക്യാമ്പിനു ക്ലാസ് എടുക്കാൻ പോകുന്ന അവളുടെ പ്രിയപ്പെട്ടവനോടൊപ്പം. എന്നാൽ അവർക്ക് പലയിടത്തും വഴിതെറ്റി. ഗൂഗിൾ മാപ്പിന് പോലും എവിടേക്ക് വഴികാട്ടണമെന്നു അറിയാതെ വട്ടം ചുറ്റി നിന്നു. ഒടുവിൽ വഴിയിൽ കണ്ടവരോടൊക്കെ ചോദിച്ചും പറഞ്ഞും ഒഴിഞ്ഞ കോണിലെ ആ സ്കൂളിൽ എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. സ്കൂൾ മുറ്റത്തിട്ടിരുന്ന ബെഞ്ചിൽ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ഇരിക്കുമ്പോൾ കടന്നുവന്ന വഴികളിൽ കണ്ട മൈൽ കുറ്റികൾ ഓർത്തു. പത്തു കിലോമീറ്ററിനപ്പുറം പമ്പ ഒഴുകുന്നു….. അവിടുന്നു പിന്നെയും കുറേക്കൂടി മുകളിൽ “അതു നീ ആകുന്നു”എന്നു വിളിച്ചു പറഞ്ഞു ശബരിമലയും. പാതിരാത്രിയിൽ തിരികെ വരുമ്പോൾ വഴിയോരത്തുകൂടി മകരവിളക്കിന് പോകുന്ന കറുപ്പ് വേഷധാരികളെ കണ്ടു.
ചില യാത്രകൾ അങ്ങനെയാണ്… പോയവഴികളിലൂടെ വീണ്ടും കടന്നുപോകുമ്പോൾ തിരശീല മാറുന്നതുപോലെ ചില കാഴ്ചകൾ മാറുന്നു, അവിടേക്ക് പുതിയ ചില കാഴ്ച്ചകൾ വരുന്നു.
ഈ രണ്ടു യാത്രകളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിക്കിന്നും അറിയില്ല… പക്ഷേ കടന്നുപോയ വഴികൾ ഒന്നായിരുന്നു…. യാത്രക്കാരി ഒരാൾ തന്നെ ആയിരുന്നു…. താണ്ടി വന്ന വഴികളിൽ എവിടെയോകണ്ട മൈൽ കുറ്റികളിൽ പതിഞ്ഞ ഓർമ്മകൾ തേടിചെല്ലുന്ന ഈ ഞാൻ തന്നെ.