വായന
ആഷിക്ക് കടവിൽ
വളരെ ആഗ്രഹത്തോടു കൂടിയാണ് ഈ പുസ്തകത്തിനു വേണ്ടി അലഞ്ഞു നടന്നത്. ഒടുവിൽ കയ്യിലെത്തിയപ്പോൾ വായിക്കാൻ കഴിയാത്ത അവസ്ഥയും.. ഒരു വർഷത്തിനിടയിൽ മൂന്നു തവണ വായിക്കാൻ ശ്രമിച്ചിട്ടും മുന്നോട്ടു നീങ്ങാത്ത അവസ്ഥ. വായിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഇത്തവണ പുസ്തകം കയ്യിലെടുത്തു..
ചെറുപ്പത്തിൽ കുറച്ചു കൂട്ടുകാരും കുടുംബവുമായി നാടുവിട്ട ജോസ് ആർക്കേഡിയോബുവേൻ ഡിയ നദിക്കരയിലെ വിശ്രമവേളയിൽ ഒരു സ്വപ്നം കാണുന്നു. ആ സ്വപ്നത്തിൽ അയാൾ ഉണ്ടാക്കിയെടുത്തതാണ് മക്കൊണ്ടെ ഗ്രാമം. ഉർസുലയാണ് അയാളുടെ ഭാര്യ. കസിൻസ് തമ്മിൽ വിവാഹം കഴിച്ചാൽ ജനിക്കുന്ന കുട്ടിയ്ക്ക് പന്നിവാൽ ഉണ്ടാകും എന്ന ഒരു മിത്ത് അവിടെ നിലനിന്നിരുന്നു. അതു കൊണ്ടുതന്നെ ഉർസുല തന്റെ ശരീരത്തിൽ സ്പർശിക്കാൻ അയാളെ അനുവദിച്ചിരുന്നില്ല. താൻ ഉറങ്ങിക്കിടക്കുമ്പോൾ ബലാൽക്കാരം നടത്തിയാലോ എന്നു ഭയന്നു അമ്മ ഉണ്ടാക്കിക്കൊടുത്തിരുന്ന പ്രാകൃതമായ അടിവസ്ത്രവും ധരിച്ചാണ് ഉർസുല ഉറങ്ങിയിരുന്നത്. കപ്പലിന്റെ പാമരത്തിൽ കെട്ടുന്ന കട്ടിയുള്ള തുണിയിൽ തോൽക്കഷ്ണങ്ങൾ തുന്നിപ്പിടിപ്പിച്ച്, മുൻഭാഗത്ത് കട്ടികൂടിയ ഇരുമ്പു ബക്കിൾ ചേർത്ത് കൂട്ടിത്തുന്നിയ ഒരു ഡ്രോയർ ആയിരുന്നു അവൾ ധരിച്ചിരുന്നത്. കോഴിപ്പോരിനിടയിൽ പരാജയപ്പെട്ട പ്രൂഡൻഷ്യോ തന്നെ ഷണ്ഡനെന്നു വിളിച്ചു അപമാനിച്ചപ്പോൾ കുന്തംകൊണ്ട് അയാളുടെ തൊണ്ട കീറി-മുറിച്ച് ജോസ് ആർക്കേഡിയോ ഭാര്യ ഉർസുലയുടെ അടുത്തേക്കോടുകയും, അവളുടെ നേർക്കു കുന്തം ഓങ്ങി അയാൾ ഇങ്ങനെ ആജ്ഞ്ഞാപിക്കുകയും ചെയ്തു.
‘ അത് ഊരിമാറ്റൂ ‘
‘ എന്തു സംഭവിക്കുന്നുവോ, അതിനു ഉത്തരവാദി നിങ്ങളായിരിക്കും ‘
ഉർസുല പറഞ്ഞു.
‘ നീ വാലുള്ള ജന്തുക്കളെ പ്രസവിക്കുന്നെങ്കിൽ നാം അവരെ വളർത്തും. നിന്റെ കാര്യം പറഞ്ഞു ഇനിയീ നഗരത്തിൽ ഒരു കൊല നടക്കാൻ പാടില്ല ‘
അങ്ങനെയാണു തലമുറകൾ ഉണ്ടാകുന്നത്. പുറംലോകവുമായി മക്കൊണ്ടെ ഗ്രാമത്തിന് ആകെയുള്ള ബന്ധം, ഇടയ്ക്കെപ്പോഴോ വരുന്ന ജിപ്സികളായിരുന്നു. അതിൽ പ്രധാനിയാണു മെൽക്കിയാഡിസ്. അയാളാണു നോവലിലെ മറ്റൊരു നിർണ്ണായക കഥാപാത്രം..
” പ്രാകൃതികവും, നൈമിഷികവുമായ നിശാകേളികളിൽ നിന്നുള്ള സുഖത്തേക്കാൾ വിശ്രാന്തികരവും, ഗാഢവുമായ ഒരേയൊരു വികാരമാണ് പ്രേമം ”
ആ പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന, അലയുന്ന, കാത്തിരിക്കുന്ന, അപേക്ഷിക്കുന്ന പല കഥാപാത്രങ്ങളെയും നമുക്കീ നോവലിൽ കാണാം.
ഒടുവിൽ അവസാനത്തെ തലമുറയിൽ ആദ്യമായി പന്നിവാലോടു കൂടി ജനിച്ച കുട്ടിയെ ഉറുമ്പുകൾ വലിച്ചുകൊണ്ടു പോകുന്നു, ഉടനെത്തന്നെ ശക്തമായ കാറ്റടിക്കുന്നു, മക്കൊണ്ടൊ നഗരം നശിക്കുന്നു. പലരും ജനിച്ചു, ജീവിച്ചു, മരിച്ചു പോകുന്നുണ്ടെങ്കിലും നൂറുവർഷം ജീവിച്ച ഒരേയൊരാൾ ഉർസുലയായിരുന്നു..
വളരെ ശ്രദ്ധയോടെ വായിച്ചാൽ വിസ്മയിപ്പിക്കുന്ന ഒരു നോവലാണ് ഗബ്രിയേൽ ഗാർസിയാ മാർക്വസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങളെന്നയീ നോവൽ.
മാജിക്കൽ റിയലിസം ആസ്വദിക്കണമെങ്കിൽ ഏകാന്തതയുടെ നൂറു വർഷങ്ങൾ വായിക്കൂ…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.