ഒടിഞ്ഞു തൂങ്ങിയോ? ഒടിയൻ!

0
540

അഭിഷേക്‌ അനിൽകുമാർ

തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയൻ, ഒടിയൻ മാണിക്യന്റെ കഥ. മാണിക്യന്റെയും പ്രഭയുടെയും ഒരിക്കലും പൂവണിയാത്ത പ്രണയത്തിന്റെ കഥ. ഒപ്പം അയാൾ നാട്‌ വിടാനുണ്ടായ സാഹചര്യങ്ങൾ, അയാളുടെ ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ, ഇവയിലൂടെ ഒക്കെയാണ് ഒടിയൻ എന്ന സിനിമ നമ്മളെ കൊണ്ടു പോകുന്നത്‌.

ഒടിയനായി മലയാളത്തിന്റെ വിസ്മയം മോഹൻലാൽ പകർന്നാടുമ്പോൾ പിന്നിൽ പ്രകാശ്‌ രാജ്‌, മഞ്ജു വാര്യർ, സന അൽത്താഫ്‌, നരേൻ, നന്ദു, സിദ്ദീഖ്‌, ഇന്നസെന്റ്‌, ബോളിവുഡ്‌ നടൻ മനോജ്‌ ജോഷി, കൈലാഷ്‌, സന്തോഷ്‌ കീഴാറ്റൂർ അങ്ങനെ ഒരു വൻ താരനിര തന്നെയുണ്ട്‌. ഹരികൃഷ്ണൻ കഥയും തിരക്കഥയും രചിച്ച സിനിമ സംവിധാനം ചെയ്തത്‌ പരസ്യചിത്ര സംവിധാന രംഗത്ത്‌ മികവ്‌ തെളിയിച്ച ശ്രീകുമാർ മേനോൻ ആണ്. പരസ്യ ചിത്രങ്ങളിൽ നിന്നും ഒരു ബിഗ്‌ ഫ്രെയിമിലേക്ക്‌ വരുമ്പോൾ ചിലയിടങ്ങളിൽ ശ്രദ്ധ കുറഞ്ഞോ എന്നൊരു സംശയം സിനിമ കണ്ടു കഴിഞ്ഞ്‌ ഇറങ്ങുമ്പോൾ നമുക്ക്‌ തോന്നും. എന്നിരുന്നാലും തന്നെകൊണ്ട്‌ ആകും പോലെ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്‌. അത്‌ നമുക്ക്‌ സിനിമയിൽ കാണാൻ സാധിക്കും. ഇടയ്ക്ക്‌ കഥയ്ക്ക്‌ ഒരു ഇഴച്ചിൽ ഉണ്ടെന്നത്‌ സിനിമയുടെ ഒരു പോരായ്മയാണ്. എന്നിരുന്നാലും ആദ്യ സിനിമയെന്ന സ്വപ്നം പൂവണിയിക്കാൻ അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നുള്ളത്‌ വാസ്തവം.

സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചത്‌ എം ജയചന്ദ്രൻ ആണ്. അഞ്ച്‌ ഗാനങ്ങളാണ് സിനിമയിൽ ഉളളത്‌. അതിൽ ഒന്ന് മോഹൻലാലിന്റെ ശബ്ദത്തിൽ ആണ്. പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. പശ്ചാത്തല സംഗീതം ഒരുക്കിയത്‌ സാം സി. എസ്‌ ആണ് (വിക്രം വേദ). ഛായാഗ്രഹണം മലയാളത്തിലെ വിലപിടിപ്പുള്ള ഛായാഗ്രാഹകൻ ഷാജി കുമാർ ആണ്. മോഹൻലാലിനൊപ്പം അവസാനം ഒന്നിച്ചത്‌ പുലി മുരുകനിൽ ആയിരുന്നു. മികച്ച ഫ്രെയിമുകൾ തരുന്നതിൽ ഷാജി കുമാറിന്റെ പങ്ക്‌ വലുതാണ്. സംവിധായകൻ പ്രതീക്ഷിക്കുന്നതിന്റെ ഒരു പടി മുകളിൽ അത്‌ കിട്ടുന്നുണ്ട്‌ എന്നതുകൊണ്ടാണ് ഇന്നും അദ്ദേഹം മലയാളത്തിലെ വിലപിടിപ്പുള്ള ഛായാഗ്രാഹകരിൽ ഒരാളായ്‌ നിൽക്കുന്നത്‌. ഒടിയന്റെ പകർന്നാട്ടം, ഇമോഷണൽ സീൻ , തേങ്കുറിശ്ശി എന്നിവ പൂർണ്ണമായും അതേ ഭംഗിയിൽ അതേ ആവേശത്തിൽ കാണികൾക്ക്‌ എത്തിച്ചുകൊടുക്കാൻ അദ്ദേഹത്തിന്റെ ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്‌. എടുത്ത്‌ പറയേണ്ടത്‌ ഇന്ത്യയിലെ തന്നെ മികച്ച സ്റ്റണ്ട്‌ കൊറിയോഗ്രാഫർമ്മാരിൽ ഒരാളായ പീറ്റർ ഹെയിൻ ആണ് ഒടിയന്റെ ചടുലവും അത്യന്തം സാഹസികവും ഫാന്റസിയും നിറഞ്ഞ സംഘട്ടനങ്ങൾ ഒരുക്കിയത്‌. മലയാള സിനിമ ഇന്നേവരെ കാണാത്ത സംഘട്ടന രംഗങ്ങൾ ആണ് സിനിമയിൽ ഉള്ളത്‌. ഒടിയന്മാർ ഒരുകാലത്ത്‌ നിറഞ്ഞ്‌ നിന്നിരുന്നു എന്ന് വിശ്വസിക്കുന്ന പാലക്കാടും പരിസര പ്രദേശങ്ങളും ആയിരുന്നു സിനിമയുടെ ലൊക്കേഷൻ. ലാലേട്ടന്റെ ഒടിയന്‍ വേഷം ഉള്ള ഫോട്ടോ, വീഡിയോ, ട്രെയിലർ,പോസ്റ്ററുകൾ എല്ലാം വൻ ആവേശത്തോടുകൂടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്‌. ഒടിയനുവേണ്ടി അദ്ദേഹം തടികുറച്ചതും വൻ വാർത്ത ആയിരുന്നു. പിന്നെ രസകരമായ ഒരു കാര്യം കഥ പറഞ്ഞു പോകുന്നത്‌ മറ്റാരുമല്ല നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. നിർമ്മാണം ആശിർവ്വാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ .

ഒടിയൻ തുടങ്ങുന്നത്‌ വാരണാസിയിൽ നിന്നാണ്. എന്തിനാണ് അദ്ദേഹം വാരണാസിയിൽ, എന്തായിരുന്നു അയാളുടെ ഒളിച്ചോട്ടത്തിന് ഉദ്ദേശം. യഥാർത്ഥത്തിൽ എന്താണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചത്‌ എന്നതാണ് ഒടിയൻ നമുക്ക്‌ പറഞ്ഞു തരുന്നത്‌. വില്ലൻ രാവുണ്ണി എന്ന കഥാപാത്രത്തെയാണ് പ്രകാശ്‌ രാജ്‌ അവതരിപ്പിച്ചത്‌. എന്നാലും ഒടിയനൊത്ത ഒരു വില്ലനായോ പ്രകാശ്‌ രാജ്‌ എന്ന് നമുക്ക്‌ സംശയിച്ചു പോകും, ഇരുവർ എന്ന മണിരത്നം ബ്ലോക്ബസ്റ്ററിനു ശേഷം ഇവർ ഒന്നിക്കുന്ന ഈ സിനിമയിൽ രണ്ടുപേരുമൊത്തുള്ള അഭിനയത്തിന്റെ മാജിക്‌ പ്രതീക്ഷിച്ചുപോകുന്നവർക്ക്‌ ഒരുപക്ഷേ നിരാശയായിരിക്കും ഫലം. പക്കാ നാടൻ നാട്ടു പ്രമാണി ആയ വില്ലൻ സ്വാഭാവികമായും പ്രഭയുടെ മുറച്ചെറുക്കൻ. അമിത പ്രാധാന്യമോ നല്ല ഒരു വില്ലത്തരമോ കാട്ടാൻ കഴിയാതെ പോയ കഥാപാത്രം. ശെരിക്കും പ്രകാശ്‌ രാജ്‌ എന്ന നടനെ വേണ്ട വിധം ഉപയോഗിക്കാൻ സംവിധായകൻ മറന്നു.

ശ്രീകുമാർ മേനോന്റെ സംവിധാന മികവ്‌ ഒന്നൂടെ ചോദ്യം ചെയ്യപ്പെടുമോ എന്ന് സംശയമുളവാക്കുന്ന രീതിയിലുള്ള അണിയിച്ചൊരുക്കൽ ആയിരുന്നു സിനിമയിൽ കുറച്ച്‌ രംഗങ്ങൾ. ഒന്നാമത്‌ ഒടിയന്റെ രംഗപ്രവേശനത്തിന് ശേഷം ഉള്ള കഥയുടെ വലിച്ചിൽ ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക്‌ നീണ്ടു നിൽക്കുന്നു ഇടയ്‌ക്ക്‌ വരുന്ന ഒടി വെക്കുന്ന രംഗങ്ങൾ മികച്ചു നിന്നു. ഞൊടിയിടയിൽ ഭൂമിയിൽ നിന്നും അന്തരീക്ഷത്തിലേക്ക്‌ / മരത്തിന്റെ മുകളിലേക്ക്‌ മിന്നിമറയുന്ന വിദ്യ വളരെ മികച്ചതാക്കി അവതരിപ്പിച്ചിട്ടുണ്ട്‌. അത്‌ അഭിനന്ദനീയം. എന്താണ് കഥ എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം എളുപ്പമല്ല. എല്ലാ കഥയേയും പോലെ നായകന്റെ വിജയം, വില്ലന്റെ പരാജയം അത്രതന്നെ. ചില സമയത്തുള്ള നരേയ്ന്റെ ഓവർ ആക്റ്റിംഗ്‌ ഒരു അരോചകമായ്‌ തോന്നി. എന്നാലും കഥാപാത്രത്തെ മോശമായി അദ്ദേഹം അവതരിപ്പിച്ചില്ല. നന്ദു, സന അൽത്താഫ്‌ , മുത്തപ്പനായി അഭിനയിച്ച മനോജ്‌ ജോഷി അവരൊക്കെ കഥാപാത്രം നന്നാക്കി. മോഹൻലാൽ അവതരിപ്പിച്ച ഒടിയൻ മാണിക്യൻ നാട്ടിൽ അല്ലറ ചില്ലറ ഒടിവിദ്യയും കാര്യങ്ങളുമായി ജീവിച്ച്‌ പോകുകയായിരുന്നു. അതിനിടക്ക് താൻ പോലും പ്രതീക്ഷിക്കാതെ പല സംഭവങ്ങളും തേങ്കുറിശ്ശിയിൽ സംഭവിക്കുകയും തന്റെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തപ്പോൾ, വൈദ്യുതിയുടെ കടന്ന് വരവും കൂടി ആയപ്പോൾ അയാൾ പൂർണ്ണമായും ഒടി വിദ്യ നിർത്തി യാത്ര പോവുകയാണ്. തുടർന്ന് 15 വർഷങ്ങൾക്ക്‌ ശേഷം തന്റെ ലക്ഷ്യം നടപ്പാക്കാനായി അദ്ദേഹം തിരിച്ചു വരികയാണ് അവസാനത്തെ 20 മിനിട്ട്‌ ഫൈറ്റ്‌ മികച്ചു നിന്നു. അവസാനത്തെ ഒടിയനായി മോഹൻലാൽ തകർത്താടി. ബ്രഹ്മാണ്ഡമായോ എന്ന് ചോദിച്ചാൽ ഇനിയും എവിടെയൊക്കെയോ പൂർണ്ണമാകാനില്ലേന്ന് ഒരു സംശയം. എഡിറ്റിംഗ്‌ ഒന്നുകൂടി നന്നായിട്ട്‌ ശ്രദ്ധിച്ചിരുന്നാൽ പല പോരായ്മകളും ഇല്ലതാക്കാമായിരുന്നു. അത്‌ ഒരു തിരിച്ചടിയായി. അതിനാലാണോ പടത്തിനു ഒരു വലിച്ചിൽ എന്ന് തോന്നിപ്പോകും. ആദ്യ സിനിമ വിജയമോ പരാജയമോ അത്‌ വിധിക്കേണ്ടത്‌ കാണികളാണ്. സംവിധായകരെ അപേക്ഷിടത്തോളം അത്‌ പലതിനെയും കുറിച്ചുമുള്ള അറിവ്‌ ആണ്.

എന്നാലും മുന്നറിയിപ്പില്ലാതെത്തിയ ഹർത്താലിന്റന്ന് ഹർത്താൽ വിരുദ്ധ വികാരത്തിന്റെ പ്രഹര ശേഷിയെന്നോണം രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്‌ സിനിമയ്ക്ക്‌ ഒരിക്കലും നല്ലതിനല്ലാത്ത കുപ്രസിദ്ധി സാധ്യമാക്കുന്ന പോസ്റ്റുകളും റിവ്യൂകളും ആണ്. സംവിധായകൻ ശ്രീകുമാർ മേനോന്റെ അമിതാത്മ വിശ്വാസവും പൊടിപ്പും തൊങ്ങലും ചേർത്ത അമിത പ്രചരണവും ചേർന്നുള്ള ഒടിവിദ്യകളാണിതിനു കാരണം എന്ന് തോന്നിപ്പോകുന്നു. ആ ഒടി വിദ്യകൾക്കൊപ്പം നിൽക്കുന്ന ഒന്നും സിനിമയിൽ കാണാൻ സിനിമയുടെ അനൗൺസ്മെന്റെ തൊട്ട്‌ കാത്തിരുന്നവർക്ക്‌ കാണാനൊത്തില്ല എന്നത്‌ വിഷമകരമായ ഒരു വസ്തുതയായിത്തീർന്നു. ബ്രഹ്മാണ്ഡ ചലച്ചിത്ര വിസ്മയമെന്ന ഖ്യാതി എന്തായാലും ഈ ഒടിയനു കിട്ടിയേക്കില്ല. സംവിധാനത്തിലെ പഠിച്ച പണി പതിനെട്ടും ശ്രീകുമാരൻ മേനോൻ പയറ്റിയെങ്കിൽ ” നിങ്ങൾ വാ വിളയാട്ടം നടത്തിയതിനൊപ്പം എത്തുന്ന ദൃശ്യഭംഗി സാധ്യമാകാൻ ഈ അടവുകൾ മതിയാകില്ല എന്ന് സാരം”

റേറ്റിംഗ്‌: 3.0 / 5

LEAVE A REPLY

Please enter your comment!
Please enter your name here