വസ്ത്രം കൊണ്ട് മറയ്ക്കേണ്ടത് ശരീരത്തെ മാത്രമാണ്, മനസ്സിനെയോ ആത്മാവിനെയോ അല്ല. വസ്ത്രം കൊണ്ട് പൊതിഞ്ഞു വയ്ക്കപ്പെടുന്ന, മറയ്ക്കപ്പെടുന്ന ആത്മാവിനെ ചിത്രത്തിലൂടെ ക്യാൻവാസിലേക്ക് പകർത്തുക മാത്രമാണ് ഒരു ചിത്രകാരൻ ചെയ്യുന്നത്. വിവാദമായ മറാത്തി ചിത്രം ‘ന്യൂഡി’ലെ ഏറെ പ്രസക്തമായ ഈ വാക്കിൽ നിന്ന് തന്നെ തുടങ്ങാം ആ സിനിമയുടെ വായന.
എന്റെ ശരീരം, അത് എന്റെ സ്വാതന്ത്ര്യമാണെന്നിരിക്കെ അതിനെ എങ്ങനെ, ഏത് രീതിയിൽ ആവിഷ്ക്കരിക്കാനും എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ എനിക്ക് മാത്രമാണ് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും നടിയും നാടക പ്രവർത്തകയുമായ കല്യാണി മുലായ്യുടെ വാക്കുകളാണിത്. ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ഏറെ പ്രസക്തമാണ് ഈ വരികൾ.
പെണ്ണുടലിന് മറച്ചു വയ്ക്കലിന്റെയും രഹസ്യമാക്കലിന്റെയും മാത്രം പരിവേഷം നൽകുന്ന കാലം. ബ്രായുടെ കയ്യൊന്നു പുറത്തേക്ക് നീങ്ങിയാൽ, ഡ്രസ്സിന്റെ കഴുത്തൊരല്പം ഇറക്കം കൂടിയാൽ പലരുടെയും നോട്ടം അവിടങ്ങളിൽ ഉടക്കി നിൽക്കുന്ന കാലം. ആ കാലത്താണ് ‘ന്യൂഡ്’ എന്ന് പേര് നൽകിയ സിനിമയിൽ ഒരു സ്ത്രീ അഭിനയിക്കുന്നത്. കുടുംബം അവരുടെ നിലപാടിൽ, ധൈര്യത്തിൽ, മുന്നേറ്റത്തിൽ കൂടെ നിൽക്കുന്നത്.
ചിത്രകലാ വിദ്യാർത്ഥികൾക്ക് വര പഠിക്കാൻ, ശരീരം നിരീക്ഷിച്ചു കൊണ്ട് വരയ്ക്കാൻ ഒരു മോഡൽ. അതിനുമപ്പുറം കാമമോ, ലൈംഗികതയോ അല്ല സിനിമയുടെ വിഷയം. വര പഠിക്കുന്നവർക്കോ അവരുടെ മുന്നിൽ ന്യൂഡായി നിന്ന് കൊടുക്കുന്ന ആണും പെണ്ണുടങ്ങുന്ന മോഡലുകൾക്കോ പരസ്പരം കാമം തോന്നുന്നില്ല. പഠിപ്പിക്കലാണ്, അറിവിന്റെ സമ്പാദ്യമാണ് അവിടെ നടക്കുന്നത്. അത് കൊണ്ടാണ് സിനിമ ലോകമെമ്പാടുമുള്ള നക്ന മോഡലുകൾക്ക് വേണ്ടി സമർപ്പിക്കപ്പെടുന്നത്.
മകന്റെ മികച്ച വിദ്യാഭ്യാസത്തിനും നല്ല ജീവിതത്തിനും ആവശ്യമാകുന്ന പണത്തിന് വേണ്ടി മോഡൽ ആകേണ്ടി വരുന്ന ഒരു സാധാരണ സ്ത്രീ. പിന്നീട് അസാമാന്യ ധൈര്യവും തന്റെടവും പക്വതയും ഉള്ള ഒരാളായി മാറുന്നു. കണ്ണീരിലൂടെ കടന്നു വന്നവൾ എത്ര സങ്കടത്തിലും കണ്ണ് നിറയാത്തവളായി തീരുന്നു. ചെയ്യുന്ന തൊഴിലിലെ നന്മയും മേന്മയും തിരിച്ചറിയുന്ന നിമിഷം മുതൽ അവളിൽ അവളെ കുറിച്ചുള്ള ബോധമുണ്ടാകുന്നു.
സമകാലീക രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും നേർക്കുള്ള ചോദ്യങ്ങൾ സിനിമയിൽ കാണാൻ കഴിയും. ഒരു ചിത്രത്തിൽ അതിലെ ശരീരത്തിൽ, അവളെനിക്കാരുമല്ലെന്ന തോന്നലിൽ ഏതൊരു പെണ്ണിലും കാമം കണ്ടെത്തുന്ന, നഗ്നമായൊരു ചിത്രം കണ്ടാൽ, നീലച്ചിത്രങ്ങളിലെ അന്യരുടെ കാമകേളികൾ കണ്ടാൽ പാന്റിനടിയിലെ വീർത്തലിംഗലേക്ക് കൈ നീളുന്ന സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ് സിനിമ.
പെൺ ശരീരമെന്നാൽ കേവലം കാമത്തിൽ മാത്രം നിലനിന്ന് പോകുന്നതല്ലെന്നും, ബാഹ്യ ഘടനയിലെ വ്യത്യാസങ്ങളെ ഒഴിച്ച് നിർത്തിയാൽ ഏതൊരാണിനെയും പോലെ പെണ്ണിനും ജീവിക്കാൻ കഴിയുമെന്നും സിനിമ തെളിയിക്കുന്നു. നഗ്നത പ്രദർശിപ്പിക്കുകയെന്നാൽ ലൈംഗിക വൃത്തിയിൽ ഏർപ്പെടുത്തുക എന്നൊരർത്ഥം മാത്രമല്ലുള്ളത്. അതിനുമപ്പുറം ശരീരത്തെ കേവലം ശരീരമായി കാണാൻ കഴിയുമെന്ന് സിനിമ വിളിച്ചു പറയുന്നു.
‘സെക്സി ദുർഗ്ഗ’യ്ക്കും ‘ന്യൂഡി’നും നേരെ ഉണ്ടായത് ഒരേ രീതിയിൽ ഉള്ള ആക്രമണം ആണ്. ദുർഗ്ഗയെ സെക്സി ആയി കാണാൻ ആഗ്രഹിക്കാത്ത അതേ ജനം തന്നെ ആണ് പെണ്ണിനെ ന്യൂഡ് ആയി കാണാൻ മടിക്കുന്നതും. കപട സദാചാര ബോധത്തിന്റെ അപ്പോസ്തലൻമാര്‍ അവരുടെ താത്പര്യങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്നു എന്നതിനപ്പുറം ഒരു വിലയും വിവാദങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് പ്രദർശിപ്പിക്കപ്പെട്ട എല്ലാ ചലച്ചിത്ര മേളകളിലും സിനിമയ്ക്ക് ലഭിച്ച പ്രേക്ഷക സ്വീകരണം തെളിയിക്കുന്നു.
അനാവശ്യ വിവാദങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും പല സിനിമകളെയും പലരും കൊണ്ടു ചെന്നിത്തിക്കുന്നുണ്ട്. അപ്പോഴും അംഗീകാരങ്ങളുടെ നിറവിൽ നിറഞ്ഞ കയ്യടിയിൽ, മികച്ച പ്രതികരണത്തിൽ കാണികൾ നെഞ്ചേറ്റുന്നുണ്ട് ന്യൂഡിനെ.
വനിതാ താരസംഘടനകളോ പിന്തുണയ്ക്കാൻ ശക്തരായ ആളുകളോ ഇല്ലാതിരിക്കുമ്പോഴും, മറാത്തി സിനിമകളെ മലയാളത്തിൽ നിന്നും വേറിട്ട് നിർത്തുന്നത് ന്യൂഡിലെ പോലുള്ള ശക്തമായ ആശയങ്ങളെ വിഷയങ്ങളെ രാഷ്ട്രീയത്തെ അവതരിപ്പിക്കാൻ അവർ കാണിക്കുന്ന പാടവം ഒന്ന് തന്നെയാണ്…