(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 28
സാക്ഷി
“നീ മാത്രമാണ് സത്യങ്ങളെല്ലാം മനസ്സിലാക്കിയത്. അത് കൊണ്ട് ഞാൻ നിന്നെയും കൊല്ലും,” സ്റ്റേജിലെ ബോറിയാസിന്റെ ശബ്ദം പറഞ്ഞു.
കാണികൾ സന്തോഷാരവം മുഴക്കി.
“സത്യം പുറത്തു വന്നു. കൊല്ല്…കൊല്ല്,”പലരും വിളിച്ചു പറഞ്ഞു.
“ഞാൻ വാസുദേവനെയും കാർലോസ്സിനെയും അമ്മിണിച്ചേച്ചിയെയും പറഞ്ഞു വശത്താക്കി. എല്ലാം നീ കാരണമാണെന്നാണ് ഇപ്പോളവർ വിശ്വസിക്കുന്നത്. നിനക്ക് മാത്രമാണ് സത്യമെല്ലാമറിയുന്നത്. നീ കൂടിയില്ലാതായാൽ ഞാൻ ജയിച്ചു,” സഫൈറസ് സമീറയുടെ ചെവിയിൽ അട്ടഹസിച്ചു.
സമീറ അതിനനുസരിച്ച് ചുണ്ടുകളനക്കി. സ്റ്റേജിലുള്ള ശബ്ദത്തിന് പകരം സമീറയുടെ ശബ്ദം ആ ഹോളിലെ മതിലുകൾ പ്രതിധ്വനിച്ചു. എല്ലാ കണ്ണുകളും സമീറയിൽ പതിഞ്ഞു. വർഷയുടെ മുഖം അഗ്നി കണക്കെ ജ്വലിച്ചു. ചുറ്റുവട്ടത്തെ ശബ്ദ കോലാഹലങ്ങൾ കൊണ്ട് സമീറക്ക് ചെവിയിലുള്ള പതിഞ്ഞ ശബ്ദം മനസ്സിലാക്കാനാകാതെ വന്നു. അവൾ കണ്ണുകളടച്ചു ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു.
“നിന്നെ ഞാൻ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. ഇന്ന് ഞാൻ ദൌത്യം പൂർത്തീകരിക്കും,” സമീറ ബോറിയാസിന്റെ ഉറച്ച ശബ്ദത്തോടെ പ്രഖ്യാപിച്ചു.
“ കൊല്ലവളെ , വിടരുത്. ഇത് ഡാർക്ക് മാജിക്കാണ് . അവളുടെ വല്യച്ഛന്റെ പോലെ ഇവൾ എല്ലാവരുടെയും കണ്ണിൽപ്പൊടിയിടാൻ ശ്രമിക്കുകയാണ്. ഇനിയും ഇത് സമ്മതിച്ചു കൊടുത്തു കൂടാ. കൊല്ലവളെ,” വർഷ ആക്രോശിച്ചു. ആളുകൾ സമീറയുടെ അടുത്തേക്ക് ഓടിയടുത്തു. അമ്മിണിച്ചേച്ചിയുടെ മകളും കാർലോസിന്റെ മകനും അക്കൂട്ടത്തിലുണ്ടായിരുന്നു.
“ഞാൻ സത്യം ജയിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാണ്. പക്ഷേ, എന്നെ മുഴുവനായി കൊല്ലാൻ നിനക്കു കഴിയില്ല. എന്റെ ജീവിതത്തിന് സാക്ഷിയായി എന്റെ സഹായിയുണ്ടാകും. കാറ്റിന്റെ മരണമെന്ന നാടകം രചിച്ച എഴുത്തുകാരനുമുണ്ടാകും. അവർ ലോകത്തിന് മുൻപിൽ സത്യം വിളിച്ചു പറയും,” സമീറ ധൈര്യം കൈ വിടാതെ സഫൈറസിന്റെ ശബ്ദമനുകരിച്ചു. ഏതു നിമിഷവും ഒരു വേദന തന്റെ ശരീരത്തെ കീറിമുറിക്കുമെന്നവൾക്കുറപ്പായിരുന്നു. അപ്പോൾ താനും തന്റെ ശബ്ദവും ഇല്ലാതാകും. കാറ്റിന്റെ മരണം പുനരാവിഷ്ക്കപ്പെടും. സമീറ കണക്കുകൂട്ടി.
“എല്ലാം പരാചയപ്പെട്ടാലും, കാർലോസിന്റെ മകന്റെ കയ്യിലെ വാകപ്പൂക്കൾ സത്യം വിളിച്ചു പറയും,” സമീറ എല്ലാ ശക്തിയുമെടുത്ത് വിളിച്ചു പറഞ്ഞു. ആളുകൾ തന്റെ അരികിലെത്തിയത് പാതി തുറന്ന കൺ കോണിലൂടെ സമീറ കാണുന്നുണ്ടായിരുന്നു. അവരുടെ കാൽപ്പെരുമാറ്റവും ആക്രോശവും അവരേക്കാൾ മുൻപേ സമീറയുടെ അടുത്തോടിയെത്തി. താൻ പറയുന്ന വാക്കുകളുടെ അർഥമെന്താണെന്ന് പോലും മനസ്സിലാക്കാനുള്ള ശക്തി സമീറയ്ക്ക് നഷ്ട്പ്പെട്ടു കഴിഞ്ഞിരുന്നു. വെളിച്ച കണങ്ങൾക്കും ശബ്ദങ്ങൾക്കും എന്നെന്നേക്കുമായി വിട പറഞ്ഞു കൊണ്ട് സമീറ നിലം പതിച്ചു. പൊടുന്നനെ, കാലൊച്ചകൾ നിലച്ചു. കാർലോസിന്റെ മകൻ കയ്യിലിറുക്കിപ്പിടിച്ച വാടിത്തുടങ്ങിയ വിയർപ്പ് കലർന്ന വാകമരപ്പൂക്കളെ നോക്കി.
“വാകപ്പൂക്കൾ സത്യം വിളിച്ചു പറയുമെന്നോ. ഹ.. ഹ.. ഹ..” ബോറിയാസിന്റെ അട്ടഹാസം നിശ്ശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഹാളിൽ താണ്ഡവമാടി.
“ആരെങ്കിലും ഈ ക്യാമറകൾ ഓഫ് ചെയ്യ്,” വർഷ ആക്രോശിച്ചു. പക്ഷേ, അവയുടെ നിയന്ത്രണം മാധ്യമ പ്രവർത്തകരുടെ കയ്യിലാണെന്നും അത് നിർത്തുക അസാധ്യമാണെന്നും വർഷയോർത്തില്ല.
സ്റ്റേജിലുള്ള ബോറിയാസിന്റെ ശരീരം കത്തിയുമായി സഫൈറസിന്റെ അടുത്തേക്കോടിയെത്തി.
“ അവനന്ന് തീരെ ചെറിയ കുട്ടിയായിരുന്നു. അന്ന് നീ ആ വിഷ മരുന്ന് കാർലോസിന്റെ വായിലൊഴിച്ചു കൊടുത്തത് അവന്റെ മുന്നിൽ വെച്ചായിരുന്നു. ആ മരുന്ന് കുടിക്കാൻ വേണ്ടിക്കരഞ്ഞ ആ കുട്ടിക്കും നീയാ മരുന്ന് കൊടുക്കാനൊരുങ്ങിയതാണ്. പക്ഷേ, നിന്റെ മകന്റെ ഓർമ്മകൾ, അവൻ അബദ്ധത്തിൽ ആ വിഷം കുടിച്ചു നിലത്തു നിശ്ചലനായിക്കിടന്നത്—നിന്റെ കുറ്റബോധം നിന്നെ വേട്ടയാടി. നിങ്ങളൊരു മുറിവൈദ്യനാണെന്ന് കണ്ടു പിടിച്ച നിങ്ങളുടെ അനുയായികൾക്കായി കരുതി വെച്ച വിഷയമായിരുന്നു അത്. കരയുന്ന കുട്ടിയുടെ കൈകളിലേക്ക് നിങ്ങൾ ഒരു പിടി വാകപ്പൂക്കൾ വെച്ചു കൊടുത്തു. നീ നിന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിച്ചു, കാറ്റിന്റെ ദേവനുള്ള ബലിയായിരുന്നു നിന്റെ മകനെന്ന്. പിന്നീട്, നീ ചെയ്ത ഓരോ കൊലപാതകവും അങ്ങനെത്തന്നെയാണെന്നും.”
കാർലോസ് നിലത്തിരുന്നു പൊട്ടിക്കരഞ്ഞു. അവന്റെ കയ്യിലെ വാകമരപ്പൂക്കൾ നിലത്തു ചിന്നിച്ചിതറി.
“ നീ ആ കുട്ടിയെപ്പറഞ്ഞു പറ്റിച്ചു, നീ അവന്റെ അച്ഛനെ രക്ഷിക്കുകയായിരുന്നുവെന്ന്. അമ്മിണിച്ചേച്ചിയേയും വാസുവിനേയും നീ
ആരുമറിയാതെ കൊന്നു. കാർലോസിനെ അവസാനമായി ഒരു നോക്ക് കാണാൻ അവന്റെ വീട്ടിൽപ്പോയ എന്നോടു അവന്റെ മകൻ താൻ കണ്ട കാര്യങ്ങളെല്ലാം പറഞ്ഞു, അത് തന്റെ അച്ഛന്റെ കൊലപാതകമായിരുന്നെന്നറിയാതെ. പിന്നെ, അവന്റെ കയ്യിലെപ്പോഴും ഒരു പിടി വാകപ്പൂക്കളുണ്ടാകും. ആ സംഭവത്തിന് ശേഷം അവനനുഭവിച്ച പിരിമുറുക്കത്തിനതിരില്ല. അവനൊരിക്കലും സമാധാനമായിരിക്കാൻ കഴിഞ്ഞിട്ടില്ല. ആ പൂക്കളാണ് അവനെ സാന്ത്വനിപ്പിക്കുന്നത് എന്നാണ് അവൻ വിശ്വസിക്കുന്നത്.”
“നീ ഇനി ജീവിച്ചിരിക്കാൻ പാടില്ല. അനുവദനീയമായതിനപ്പുറം നീ മനസ്സിലാക്കിയിരിക്കുന്നു.”
നിലത്തിരുന്നു പൊട്ടിക്കരയുന്ന കാർലോസിന്റെ മകനെ കണ്ട് കാണികൾ സ്തബ്ധരായി. സമീറയുടെ കണ്ണിലിരുട്ട് കയറി.
സ്റ്റേജിലെ സഫൈറസ് കുന്നിന് മുകളിൽ നിന്നു താഴെ വീണു. അദ്ദേഹത്തിന്റെ ശബ്ദം സമീറയുടെ ചെവിയിൽത്തുളച്ചു കയറി.
“സമീറാ, രക്ഷിക്ക്.”
കാറ്റ് സഫൈറസിൽ നിന്നു വേർപ്പിരിഞ്ഞു മുകളിലേക്കുയർന്നു.
“കാറ്റിന്റെ മരണം പുനരാവിഷ്ക്കരിക്കപ്പെടും. അന്ന് നീ മരിക്കും. എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറയും. അതിന്റെ തിരക്കഥ രചിക്കുന്നത് ഞാനായിരിക്കും,” ബോറിയാസ് കാറ്റിനെ നോക്കിപ്പറഞ്ഞു.
ലോകത്താകമാനമുള്ള മാധ്യമപ്രവർത്തകരും കാണികളും സത്യത്തിനു സാക്ഷിയായിക്കഴിഞ്ഞിരുന്നു. സത്യം പുറത്തു വന്നപ്പോൾ കാറ്റ് ചില്ലു കൂടാരം പൊട്ടിച്ചു പുറത്തു വന്നു . സ്റ്റേജിലെ കഥാപാത്രങ്ങൾ അപ്രത്യക്ഷമായി.
“വർഷയെവിടെ?” എല്ലാ കണ്ണുകളും സ്റ്റേജിലേക്ക് നീണ്ടു. ഒരു രഹസ്യ അറയിൽ ഒളിച്ചിരുന്നിരുന്നു കാറ്റിന്റെ ശക്തിയുപയോഗിച്ച് നാടകത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിരുന്ന വർഷയെ കാറ്റ് കോരിയെടുത്തു കാണികളുടെ മുന്നിലെത്തിച്ചു. നിലത്തു ചിതറിക്കിടന്ന വാകപ്പൂക്കൾ പൊട്ടിച്ചിരിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല