(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 24
മരണമുന്നറിയിപ്പ്
ജൂലൈ 29- ആ തീയതി സമീറയെ വേട്ടയാടിക്കൊണ്ടിരുന്നു. ഇരുട്ടില്‍ ഗര്‍ജ്ജിക്കുന്ന തിരമാലകളുടെ ഭീകരതയോര്‍ത്തപ്പോള്‍ അഗാധതയിലേക്ക് പിടിച്ചു വലിക്കപ്പെടുന്നത് പോലെ സമീറയ്ക്കു തോന്നി.
വെറുതെ ഫോണെടുത്തു നോക്കിയപ്പോഴാണ് വര്‍ഷയുടെ ഒരു വാട്‌സാപ് വോയിസ് സന്ദേശം കണ്ടത്.
‘ഐ ആം സോറി. നീലിനെ നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍…എനിക്കു സമനില തെറ്റിപ്പോയി. അറിയാതെ ചെയ്തതാണ്.’
‘അത് കൊഴപ്പല്ലെടീ. ഞാനതൊക്കെ എപ്പഴേ മറന്നു.’
‘ ഇപ്പഴാ ആശ്വാസായത്.’
‘ ടീ, എനിക്കു നിന്നോടൊരു കാര്യം പറയാനൊണ്ട്. നീ എന്നെ ഒന്ന് ഹെല്പ് ചെയ്യോ?’
‘ കാര്യം പറ,’ വര്‍ഷയുടെ വാക്കുകളില്‍ ഒരു സഹോദരിയുടെ കരുതലുണ്ടായിരുന്നു.
‘ നീയൊന്നു വേഗം വാ,’ സമീറ ആശ്വാസത്തോടെ പറഞ്ഞു.
” ഒരുഗ്രന്‍ പ്രോഗ്രാം നടക്കുന്നുണ്ട്. എനിക്കാണതിന്റെ ചാര്‍ജ്. നീ വരുന്നുണ്ടോ?”
” ഇല്ലെടീ. എനിക്കൊരു പ്രോബ്ലമുണ്ട്,” സമീറയുടെ മനസ്സിലെ ഭയം പുറത്തു ചാടാന്‍ വെമ്പി. അത് വാക്കുകളെ കീറിമുറിക്കാതിരിക്കാനവള്‍ പാടുപ്പെട്ടു.
” ഒക്കെ. ഒക്കെ. ഞാനിതാ എത്തി. നീ അപ്‌സെറ്റ് ആകാതെ.”
സ്‌പൈഡര്‍ ചെടി അരികുകള്‍ തീര്‍ത്ത പൂന്തോട്ടത്തില്‍ അണ്ണാറക്കണ്ണന്മാരുടെ കാതു തുളക്കുന്ന സംഭാഷണങ്ങള്‍ കാതോര്‍ത്തു പ്രാവിന്റെ ചിറകടി ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുമ്പോഴും സമീറയുടെ മനസ്സില്‍ കാറ്റിന്റെ മരണമെന്ന നാടകമായിരുന്നു. സിനിമകളില്‍ കണ്ടു പരിചയിച്ചിട്ടുള്ള നാടക വേദികളിലെ ബെല്‍ അവളുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. അവള്‍ നോട്ടീസിലെ നമ്പറിലേക്ക് ഒരിക്കല്‍ക്കൂടി ഡയല്‍ ചെയ്തു.
” ഹലോ.”
” കാറ്റിന്റെ മരണമെന്ന നാടകത്തിനു ടിക്കറ്റ് ബുക്ക് ചെയ്യാനാണ്…ടിക്കറ്റ്…ടിക്കറ്റുണ്ടോ?”
” സംശയമാണ്. അതിനു ഭയങ്കര ഡിമാണ്ടാണ് കൊറച്ചു ദിവസായിട്ട്. ഒന്ന് രണ്ടു ഷോ കഴിയുമ്പോള്‍ തിരക്ക് കുറയാറാണ് പതിവ്.”
” എനിക്കെന്തായാലും കണ്ടേ ഒക്കൂ. ഞാന്‍ ആ ഡെയിറ്റ് കഴിഞ്ഞു പൊറത്തൊന്നു പോകും,” സമീറ ഒരടവ് പരീക്ഷിച്ചു നോക്കി.
”മാക്‌സിമം ആളുകളിലേക്കെത്തിക്കാന്‍ വിതരണക്കാര് ഒരു പദ്ധതി കൊണ്ട് വന്നിട്ടുണ്ട്. ഒരു പ്രാവശ്യം കണ്ട ആളുകള്‍ക്ക് പിന്നേം കാണാന്‍ പറ്റില്ല.”
” ഞാനാദ്യമായിട്ടാ. ഒരു…അല്ല രണ്ടു ടിക്കറ്റ് വേണം.”
” നിങ്ങളിത് വരെ കണ്ടിട്ടില്ലേ?”
” ഇല്ല ചേട്ടാ.”
”ഭയങ്കര ചെക്കിങ്ങാണ്. ഓണ്‍ലൈന്‍ സൈറ്റില്‍ കേറി ബുക്ക് ചെയ്യണം.”
എന്നാപ്പിന്നെ അതാദ്യം പറഞ്ഞു കൂടെ എന്ന് ചോദിക്കാന്‍ നാവു പൊന്തിയെങ്കിലും ആവശ്യം തന്റേതാണെന്ന കേട്ടു പഴകിയ ഉപദേശമോര്‍ത്തു സമീറ മൗനം പാലിച്ചു.
” സൈറ്റ്?”
” ഞാന്‍ വാട്‌സ്ആപ് ചെയ്യാം. ഈ നമ്പറില്‍ വാട്‌സാപ്പുണ്ടോ?”
” ആ…ണ്ട്. താങ്ക്യൂ ചേട്ടാ,” സമീറ സൈറ്റില്‍ കേറാനായി കോള്‍ കട്ടു ചെയ്തു. അഞ്ചാറു മിനിറ്റ് വെയിറ്റ് ചെയ്തിട്ടും വാട്‌സാപ്പില്‍ സന്ദേശം വന്നില്ല. കാത്തിരിപ്പിന്റെ വിരസതക്കടിമപ്പെട്ടു സമീറ സ്റ്റാറ്റസുകളോരോന്നായി ക്ലിക്ക് ചെയ്തു കൊണ്ടിരുന്നു. ഒന്ന് രണ്ടു പ്രാവിന്‍ തൂവലുകള്‍ കാറ്റിന്റെ താളത്തിനൊത്തു മുകളിലേക്കും താഴേക്കും വട്ടത്തില്‍ ഒഴുകിക്കൊണ്ടിരുന്നു. അപ്പച്ചന്റെ സ്‌പെഷ്യല്‍ ഹെല്‍ത് ഡ്രിങ്കിന്റെ ഫോട്ടോ കണ്ടപ്പോള്‍ സമീറയ്ക്ക് ചിരി വന്നു. അതുണ്ടാക്കികഴിഞ്ഞപ്പോള്‍ ഡൈനിങ് റൂം മുഴുവന്‍ വൃത്തികേടാക്കിയെന്നു പറഞ്ഞു അമ്മച്ചിയും അപ്പച്ചനും ഒരാഴ്ചയോളം പൊരിഞ്ഞ തല്ലായിരുന്നു. സ്റ്റാറ്റസും കണ്ടു ലൈക് അടിക്കുന്ന പാവം വാട്‌സാപ് ഉപപോക്താക്കളെന്തറിയുന്നു?
ആതിരയുടെ സ്റ്റാറ്റസ്സ് ‘ഫീലിംഗ് ലോ’ എന്നായിരുന്നു. ഒരു ബ്ലാങ്ക് ചിത്രവും. ആ കറുത്ത സ്‌ക്രീനിലേക്ക് സമീറ ഒന്ന് രണ്ടു നിമിഷം നോക്കി നിന്നു. അതില്‍ പച്ചയും മഞ്ഞയും കുത്തുകള്‍ മിന്നിമറയുന്നത് പോലെ സമീറയ്ക്കു തോന്നി. ജൊവാന്റെ ചേച്ചിയുടെ കല്യാണത്തിനു പോകാനായി ആതിര വാങ്ങിക്കൊടുത്ത പച്ചയും മഞ്ഞയും നിറങ്ങളിലുള്ള വളകള്‍ ബാങ്കിള്‍ സ്റ്റാന്റില്‍ നിന്നു തേങ്ങി.
‘ അവള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ?’ സമീറയുടെ ഹൃദയം ചോദിച്ചു.
‘ പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെടരുത്,’ സമീറയുടെ മസ്തിഷ്‌കം വിലക്കി.
ഹൃദയം ആതിരയെന്ന നമ്പറില്‍ക്കുത്തി കോള്‍ ബട്ടണമര്‍ത്തി. മസ്തിഷ്‌ക്കം പുച്ഛത്തോടെ മാറിനിന്നു. ആതിരയുടെ ഫോണ്‍ എങ്കേജ്ഡ് ആയിരുന്നു.
‘ ഞാന്‍ അപ്പഴേ പറഞ്ഞില്ലേ?’ എന്നു സമീറയുടെ മസ്തിഷ്‌കം ഓര്‍മ്മിപ്പിച്ചു.
കോളിങ് ബെല്‍ കേട്ടപ്പോള്‍ സമീറ മര സ്റ്റെപ്പുകളിലൂടെ ഓടിയിറങ്ങി. അപ്പോഴേക്കും സാരിയില്‍ കൈ തുടച്ചു അമ്മച്ചി വാതില്‍ തുറന്നു കഴിഞ്ഞിരുന്നു.
‘ എന്തൊരു ശബ്ദമാടീ . നിനക്കൊന്നു പതുക്കെ ഇറങ്ങിക്കൂടെ’യെന്ന അമ്മച്ചിയുടെ കണ്ണുകളിലെ സന്ദേശം വായിക്കാതെ സമീറ വര്‍ഷയോട്
” നീ വാ,” എന്ന് പറഞ്ഞു തിരിച്ചു പടികള്‍ക്കയറി.
” എന്താ നിന്റെ പ്രശ്‌നം?” മുറിയിലെത്തിയപാടെ വര്‍ഷ അന്വേഷിച്ചു.
” നീ ഒക്കെയായോ?”
” ആ…ബാക്ക് ടു വര്‍ക്ക്,” വര്‍ഷ തോളില്‍ത്തൂക്കിയ ത്രെഡ് വര്‍ക്കുള്ള ബാഗിന്റെ സിബ് തുറന്നു ഫോണില്‍ നോക്കികൊണ്ട് പറഞ്ഞു.
” ഒരു മിനിറ്റ്. ഒരു കോള്‍ ചെയ്യാനുണ്ട്,” വര്‍ഷ ഫോണുമെടത്തു ബാല്‍ക്കണിയിലേക്ക് നടന്നു.
അപ്പോഴാണ് ആതിര തിരിച്ചു വിളിച്ചത്.
” ടീ. എന്താ നിന്റെ വിശേഷം?”
” ഒന്നൂല്ലെടീ. നീ ഒക്കെ അല്ലേ?”
” നീയും സ്റ്റാറ്റസ് കണ്ടിട്ടാണോ വിളിച്ചത്? അതു ഞാന്‍ ഡിലീറ്റ് ചെയ്തു. രാവിലെ മുതല്‍ എത്ര കോളാ വന്നേ? ഡിപ്രഷന്റേം സൂയിസൈഡിന്റേം കാലമല്ലേ?”
” അപ്പോ നീ ഒക്കെയാണല്ലേ?”
” പിന്നല്ലാതെ. നമ്മളോടാ അവന്റെ കളി. ഈ ചീള് കേസിനൊന്നുമെന്നെ തകര്‍ക്കാന്‍ പറ്റില്ലെടീ. അവന് സ്ഥിരമിതു തന്നെയാണ് പണി. ഒരു രണ്ടാഴ്ച കഴിയുമ്പോ ആളെ മാറ്റുമെന്നേ ഉള്ളൂ. പെണ്ണുങ്ങളെല്ലാം അവനെ നോക്കുന്നെന്നാ അവന്റെ വിചാരം. അവനെയൊന്നു പറ്റിക്കാനാണ് ഞാന്‍ സ്റ്റാറ്റസിട്ടത്. അവന്‍ നോക്കുമ്പോ ഞാനിങ്ങനെ ഡിപ്രഷനിടിച്ച് നടക്കുന്നു. അത് കണ്ടവന്‍ സന്തോഷിക്കുമ്പോ ഞാനവനെ ഒന്ന് വിളിക്കും. പറ്റിച്ചതാണെന്ന് പറയാന്‍. അല്ല പിന്നെ.”
” നീ കൊള്ളാം. ഇവന്മാര്‍ക്കെല്ലാമിങ്ങനത്തെ പണി കൊടുക്കണം,” സമീറ ആതിരയെ പ്രോത്സാഹിപ്പിച്ചു.
”എന്താണ് ക്ലാസ്സ് മേറ്റ്‌സ് തമ്മിലൊരു അരിക്കണക്ക്? ഞാനിടപെടണോ?”വര്‍ഷ ഫോണ്‍ ചെവിയില്‍ വെച്ചു തന്നെ പറഞ്ഞു, ‘ എന്നാ ശരിയേടാ. ഞാന്‍ പിന്നെ വിളിക്കാം. താങ്ക്‌സ് ഫോര്‍ ദി ഇന്‍ഫര്‍മേഷന്‍.”
”ഓഫിസീന്നാണ്. ഞാന്‍ പറഞ്ഞിരുന്നില്ലേ ഒരു പ്രോഗ്രാമിനെപ്പറ്റി? അത് നല്ല പ്ലാന്‍ഡ് ആണ്. എന്തിനാ ഇത്രേം സെക്യൂരിറ്റി ഒക്കെ എന്ന് മനസ്സിലാകുന്നില്ല. അത് പോട്ടെ, നിന്റെ പ്രോബ്ലെമെന്താ?”
” ടീ, ഇത് കണ്ടോ?”
സമീറ അച്ചന്‍ തന്ന കത്തും ട്രെയിനില്‍ നിന്നു കിട്ടിയ നോട്ടീസും വര്‍ഷയെക്കാണിച്ചു.
”ഇതിനെനിക്ക് പോയെ പറ്റൂ. ഈ ഡ്രാമ നടന്നു കൂടാ. നടന്നാല്‍, എനിക്കു…എനിക്ക് കാറ്റിനെ എന്നെന്നേക്കുമായി നഷ്ടപ്പെടും. നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല.”
” ഞാന്‍ ഈ ഡ്രാമയുടെ കാര്യം തന്നെയാണ് നേരത്തെ പറഞ്ഞത്. എനിക്ക് നിന്നെ മനസ്സിലാകും. ഞാനുള്ളപ്പോ നീയെന്തിനാ വിഷമിക്കുന്നെ?”
” ഞാന്‍ രണ്ടു ടിക്കറ്റേ ബുക്ക് ചെയ്തിട്ടുള്ളൂ. ഒന്നുകൂടി കിട്ടുമോ ന്നു നോക്കട്ടെ,” സമീറ ഫോണ്‍ കയ്യിലെടുത്തു.
” നിനക്കും ആതിരക്കും മതി. എനിക്കു പാസ്സുണ്ടാകും,” വര്‍ഷ പറഞ്ഞു.
” എങ്ങനെ പോകും?”
” അത്…ഞാന്‍ ട്രെയിന്‍ ബുക്ക് ചെയ്തിട്ടുണ്ട്. വെയിറ്റിങ് ലിസ്റ്റിലാണ്.”
” അന്ന് ഒന്ന് രണ്ടു പ്രോഗ്രാമുകള്‍ കൂടിയുണ്ട്, കാലിക്കറ്റ്. അതാകും. ആ ഇന്റര്‍നാഷ്‌നല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇത്തവണ അവിടെയാണ്,” വര്‍ഷ ഫോണിലെ കലണ്ടര്‍ നോക്കിപ്പറഞ്ഞു.
” ടിക്കറ്റ് ഒന്ന് കൂടി ബുക്ക് ചെയ്യാം. അത് പ്രോബ്ലമില്ല,” സമീറ ബുക്ക് എ ട്രിപ്പ് കയ്യിലെടുത്തിരുന്നു.
” എന്താ നിന്റെ പ്ലാന്‍? പരിപാടിയില്‍ക്കേറി ഇടപെടാനാണോ? എന്നാപ്പിന്നെ, കൊറച്ചു കോസ്റ്റ്യൂംസ് വാങ്ങാം. നമ്മള് ഒരു ഡ്രാമ ട്രൂപ്പിലെയാണെന്ന് പറയാം. എന്നാലല്ലേ അവരെക്കേറി പരിചയപ്പെടാന്‍ പറ്റൂ? സ്‌കെര്‍ട്ടും സ്‌കാര്‍ഫും മെറ്റാലിക് ഓര്‍ണമെന്റ്‌സുമൊക്കെയായി ഒരു പ്രൊഫഷണല്‍ ലുക്കിരിക്കട്ടെ.”
” ഓവറാക്കണോ? ഷോപ്പിങ്ങിനൊന്നും ഒരു മൂഡില്ലെടീ . ടെന്‍ഷനാണ്. വേറെ എന്തെങ്കിലും ചെയ്യാന്‍ പറ്റോ?”
” നീ സമാധാനപ്പെട്. അവരിവിടുള്ളവരല്ല. വേറെ എവിടെ നിന്നോ വരുന്ന ടീംസ് ആണ്. അവര് സദേണ്‍ മീഡിയയില്‍ പോലും അപ്‌ഡേറ്റ് ചെയ്തിട്ടില്ല. വേറെ ഒരു ഇന്‍ഫോര്‍മേഷനുമില്ല. നീ കൂളായിരിക്ക്. എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല,” വര്‍ഷ സമീറയെ ആശ്വസിപ്പിച്ചു.
” നിനക്കിതിന്റെ സീര്യസ്‌നസ് മനസ്സിലായോ?” എന്ന് പറഞ്ഞു സമീറ അച്ചന്‍ കൊടുത്ത കത്തു വര്‍ഷയുടെ കയ്യില്‍ വെച്ചു കൊടുത്തു.
” അപ്പോ, ഇതാണ് പഴയ നാടകത്തിന്റെ കഥ. ഇത് അവര്‍ മോഡിഫൈ ചെയ്യേണ്. ഓക്കേ. ഒരു രക്ഷയുമില്ല. അവിടെ എന്താണ് നടക്കുന്നതെന്നു നോക്കാം. നീലിന്റെ ഡ്രാമ കമ്പനി ഇപ്പോള്‍ എന്റെ കയ്യിലാണ്. നീ പേടിക്കേണ്ട. പ്രൊട്ടെസ്റ്റ് ചെയ്യാനാണേല്‍…അത് നമുക്ക് ചെയ്യാം. ഡ്രാമ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് നീലിന്റെ ഫ്രണ്ട് ആണ്.”
” ഇതാ. ഇവനാണിതിന്റെ പിന്നില്‍. കാണുമ്പോ വലിയ ലുക്കൊന്നുമില്ല. വലിയ പുള്ളിയാ,” സമീറ വര്‍ഷ കാണിച്ചു തന്ന ഫോട്ടോയിലേക്ക് നോക്കി. അത് എഴുത്തുകാരന്റെ ഫോട്ടോ ആയിരുന്നു. എഴുത്തുകാരനോടുള്ള ദേഷ്യം കൊണ്ട് സമീറയുടെ മുഖം വിവര്‍ണ്ണമായി.
” നിനക്കിയാളെ അറിയോ?”
” മ്…പണ്ടറിയാമായിരുന്നു.”
വര്‍ഷ തന്റെ ഫോണില്‍ വന്ന മെസ്സേജ് അവര്‍ക്ക് കാണിച്ചു കൊടുത്തു.
” കാറ്റിന്റെ മരണമെന്ന ഡ്രാമ നടക്കുന്ന ദിവസം ഒരാള്‍ മരിക്കും,” സീക്രറ്റ് ഏജന്‍സിയുടെ മെസേജ് ആണ്.
സമീറയുടെ മുഖം കടലാസ് കഷ്ണം പോലെ വെളുത്തു. കാറ്റ് അകലെയെവിടെയോ സമീറയെക്കാത്തിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല