(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 22
കടലാസ് പറഞ്ഞ കഥകൾ
വെള്ളാരം കുന്നിന് മുകളിൽ ചേമ്പിലക്കുടയുടെ അടിയിൽപ്പിടിച്ചു വാകമരപ്പുസ്തകത്താളുകൾ തുറക്കുൾ ഇലയിൽ വീഴുന്ന മഴതുള്ളികൾ ദിശമാറി പുസ്തകത്തിലേക്കു വീണു പുസ്തകത്താളുകളിലെ സുഷിരങ്ങൾ അപ്രത്യക്ഷമായിപ്പോകുമോയെന്ന് സമീറ ഭയന്നു. വലിയ മരച്ചില്ലകളേയും ചെറു മരത്തടികളേയും പിടിച്ചുലച്ചു കൊണ്ടു തെക്കൻ കാറ്റ് കുന്നിലൂടെ കടന്നു പോയി. അക്കൂട്ടത്തിൽ തന്റെ കാറ്റുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു വാകമര പുസ്തകത്തിലെ താളുകളോരോന്നായി സമീറ മറിച്ചു കൊണ്ടിരുന്നു. കാറ്റിന്റെ ശബ്ദം ഒരു കുഴലൂത്തായും ഗർജ്ജനമായും രൂപം മാറിക്കൊണ്ടിരുന്നു. അവിശ്വാസത്തോടെ, സമീറ വാകമര പുസ്തകത്തിന്റെ അടുത്തേക്ക് ചെവി നീട്ടി വെച്ചു. അതിൽ നിന്നു ആ പതിഞ്ഞ ശബ്ദം വരാതിരുന്നപ്പോൾ അകത്തു ജ്വലിച്ചു മറിയുന്ന ഒരിറ്റു കണ്ണുനീർ മണ്ണിലേക്കോടി ഒളിച്ചു.
“നിനക്കു മാത്രം കഴിയുന്ന ചില കാര്യങ്ങളുണ്ട്. നിന്നിൽത്തന്നെ വിശ്വസിക്കുക.” കാറ്റിന്റെ വാചകങ്ങൾ സമീറയുടെ ഓർമ്മകളെ വേദനിപ്പിച്ചു.
അവൾ പ്രതീക്ഷ കൈ വിടാതെ കല്ലുകൾ പോലെ ഭൂമിയിൽ പതിക്കുന്ന വെള്ളത്തുള്ളികളെ വകഞ്ഞു മാറ്റി വാകമരപുസ്തകത്തെത്തന്നെ നോക്കി നിന്നു. ആ പെരും മഴയിൽ തൊട്ടടുത്തു നിന്ന വാകമരം കരയുകയാണെന്ന് സമീറയ്ക്കു തോന്നി. ശബ്ദകോലാഹലങ്ങൾക്കിടയിലും സമീറയുടെ മനസ്സ് ശൂന്യമായി.
‘ഇനി കാറ്റ് മരിച്ചിട്ടുണ്ടെന്നു തന്നെയിരിക്കട്ടെ, എന്നാലും എനിക്കു അവനോട് സംസാരിക്കാമല്ലോ,’ എന്ന ചിന്ത സമീറയെ തഴുകിക്കടന്നു പോയി.
അവൾ രണ്ടു തവണ ദീർഘമായി നിശ്വസിച്ചതിന് ശേഷം താനവസാനമായി കാറ്റിനെക്കണ്ട രംഗമോർത്തിങ്ങനെ പറഞ്ഞു,
“എന്നെ രക്ഷിച്ചതിനു നന്ദി. നീയെന്താണ് എന്നോട് ഒന്നും മിണ്ടാത്തത്?”
ആരുമൊന്നും പറഞ്ഞില്ല. സമീറയിലെ അവസാന പ്രതീക്ഷയും അണഞ്ഞു. ഇനിയെന്ത് ചെയ്യണമെന്ന് അവൾക്കൊരു രൂപവും കിട്ടിയില്ല.
‘ഇനി പ്രശ്നങ്ങൾ ഒറ്റയ്ക്ക് പരിഹരിച്ചേ മതിയാകൂ. ആരെയും ആശ്രയിക്കാൻ പറ്റില്ല. മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ സമീറയൊരു ശ്രമം നടത്തി നോക്കി. ഒറ്റപ്പെടലിന്റെ അലകൾ തീരത്തു വീശിക്കൊണ്ടേയിരുന്നു. തന്നെ ജീവനു തുല്യം സ്നേഹിച്ച, തൻറെ മനസ്സിന്റെ മുറിവുണക്കുന്ന വിധം തൻറെ ചിന്തകളെ അഴിച്ചു പണിത കാറ്റിന്റെ ഒരേയൊരാഗ്രഹം സാധിച്ചു കൊടുക്കാൻ തനിക്കായില്ല. കാറ്റെത്ര തവണ പറഞ്ഞതാണ് തന്നെ വിലയില്ലാത്തവർക്ക് വേണ്ടി സമയം പാഴാക്കരുതെന്ന്. തന്നെ വിലയില്ലാത്തവരുടെ കൂടെ നടക്കരുതെന്ന്. അവർക്കു വേണ്ടി നമ്മുടെ ഇഷ്ടങ്ങളെ മാറ്റി വെക്കുകയും അനിഷ്ടങ്ങളെ സ്വീകരിക്കുകയും ചെയ്യരുതെന്ന്. താനതൊന്നും ചെവിക്കൊണ്ടില്ല. സമീറ വീണ്ടും അന്തരീക്ഷത്തിൽ പറന്നു കളിക്കുന്ന അപ്പൂപ്പൻ താടിയേയും ദിശയിറിയാതെ കാറ്റിൽപ്പറന്നു പോകുന്ന ചെറിയ ഇലകളെയും നോക്കി നിന്നു. അവയുടെ കൂടെ ഒരു ഭാരവുമില്ലാതെയിങ്ങനെ പറന്നു പറന്നു പോകാനവൾക്ക് തോന്നി.
“ടീ, നിന്നെ എവിടെയൊക്കെ അന്വേഷിച്ചു? നീയിവിടെ എന്തെടുക്കുവാ?” ലൂക്കായുടെ ചോദ്യം ലൂക്കായ്ക്ക് മുൻപേ ഓടിക്കിതച്ചു കുന്നിന് മുകളിൽ അങ്ങിങ്ങായിപ്പാഞ്ഞു.
“ഞാൻ…ഞാനൊരു പ്രൊജക്റ്റ് ചെയ്യേണ്. ഇതൊരു റിസേർച്ച് ആണ്. തീസിസ് പോലെ,” സമീറ ന്യായീകരിക്കാൻ ശ്രമിച്ചു.
“നിന്റെ പരീക്ഷണളൊക്കെ കളറാവുന്നുണ്ട്. മനുഷ്യനിപ്പോ പൊറത്തിറങ്ങി നടക്കുമ്പോ ആളുകൾ കളിയാക്കിച്ചിരിക്കാണ്,” ലൂക്ക പുച്ഛത്തോടെ പറഞ്ഞു.
വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും നല്ല വാചകങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു കാറ്റ് പണ്ട് പറഞ്ഞത് സമീറ ഓർത്തു.
സംഭാഷണങ്ങളെന്നത് ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമാണ്. നമുക്കിഷ്ടമല്ലാത്ത ചോദ്യങ്ങൾ കാറ്റിൽപ്പറത്തിയാൽ പോരെ? എന്ത് വലിയ പ്രശ്നമുണ്ടെങ്കിലും കാറ്റിനോട് സംസാരിച്ചാൽ മനസ്സ് ശാന്തമാകുമായിരുന്നു.
“പിന്നെ, നിന്നെ അന്വേഷിച്ചു ആ അച്ചൻ അവിടെ വന്നിരിപ്പുണ്ട്. ഇന്നു നിന്നെ ഉപദേശിച്ചു നന്നാക്കിയിട്ടേ പോകുന്നുള്ളൂയെന്ന്. കുടുംബത്തീ ഇങ്ങനെ തലതിരിഞ്ഞവരുണ്ടായാൽ ബാക്കിയൊള്ളവർക്കാ ബുദ്ധിമുട്ട്. ഒരരമണിക്കൂറു സുവിശേഷപ്രസംഗം കേട്ടിട്ട് വരേണ്.”
“പാപികൾക്കല്ലേ സുവിശേഷം അരോചകമായിത്തോന്നൂ. മാലാഖമാർക്ക് അത് ദിവ്യ സന്ദേശമല്ലേ? എന്താ, മാലാഖയല്ലെന്നുണ്ടോ?” സമീറയുടെ ചോദ്യം തന്നെ തോൽപ്പിച്ചു കളഞ്ഞെന്നു ലൂക്കായ്ക്ക് തോന്നി.
“ ടീ, അഹങ്കാരി.” ലൂക്കാ സമീറയ്ക്ക് നേരെ കൈ ചൂണ്ടി.
“ കൈ താത്ത് ലൂക്കാച്ചായാ. കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തു കൊല്ലും. നിങ്ങൾ ശാന്തരായിരിപ്പിൻ. പുറപ്പാട് 14:14.”
“ ടീ നിന്നെ ഞാനിന്നു കൊല്ലും.”
“ ദേ അച്ചൻ,” എന്ന് പറഞ്ഞു സമീറ പുറകിലേക്ക് കൈ ചൂണ്ടി. ലൂക്കാ അങ്ങോട്ട് നോക്കിയ തക്കത്തിനു കോപം കൊണ്ട് വിറയ്ക്കുന്ന ലൂക്കായിൽ നിന്നും ഓടി രക്ഷപ്പെട്ടു.
വീടിന്റെ വരാന്തയിലെത്തിയിട്ടും സമീറയുടെ കിതപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. അച്ചൻ അപ്പച്ചന്റെ ചാരു കസേരയിൽത്തന്നെ സ്ഥാനമുറപ്പിച്ചിരുന്നു. വിരുന്നുകാരനെപ്പൊപ്പോകുമെന്നാലോചിച്ചു കസേര ഞെരിപിരി കൊള്ളുന്നതു സമീറ കണ്ടു.
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ഒരു പ്രോജക്ട് ചെയ്തു. തീർക്കാനുണ്ടായിരുന്നച്ചോ. അച്ചനെപ്പോ വന്നു?”
“ ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ. കൊച്ചിനെ പള്ളിയിലോട്ടൊന്നും കാണുന്നില്ലല്ലോ. ഇപ്പഴത്തെ കുട്ടികൾക്ക് മോഡേൺ കാഴ്ചപ്പാടുകളാണ്. അതൊന്നും നമ്മുടെ വിശ്വാസത്തിനു ചേരുകേല.”
“ അത് ശെരിയാണച്ചോ,” വരാനിരിക്കുന്ന നീണ്ട ഉപദേശത്തേക്കുറിച്ചുള്ള അവബോധം സമീറയെ പ്രതിരോധ മോഡിൽ പിടിച്ചു നിർത്തി.
“ അവർക്കു സ്വാതന്ത്ര്യമാണ് വേണ്ടത്. നമ്മുടെ മതം സ്വാതന്ത്ര്യം കൂട്ടുകയല്ലേ ചെയ്യുന്നത്? ഇവര് പുറത്തു പോയി സ്വാതന്ത്ര്യം അന്വേഷിക്കുന്നതെന്തിനാണെന്നാ എനിക്കു മനസ്സിലാകാത്തത്.”
“ അതിങ്ങനെ ലോകം മാറി വരല്ലേ അച്ചോ.”
“ ലോകം മാറുമ്പോൾ നീയും മാറുന്നുണ്ടോ, സമീറ? നിനക്കെന്തൊക്കെയോ പിശാചിന്റെ ഉപദ്രവങ്ങളുണ്ടെന്നു കേട്ടു.”
“ അതച്ചോ, ചുറ്റുമുള്ള മരങ്ങളും ചെടികളും എപ്പോഴും സംസാരിക്കുന്നുണ്ട്. ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.”
അച്ചന്റെ മുഖം വിവർണ്ണമായി. അയാൾ ളോഹയുടെ പോക്കറ്റിൽ നിന്നു ഒരു കൊന്തയെടുത്തു സമീറയ്ക്കു നേരെ നീട്ടി.
“ നീ സൂക്ഷിക്കണം,” അച്ചന്റെ വാക്കുകൾക്കു നല്ല മൂർച്ചയുണ്ടായിരുന്നു. അത് തന്നെ മുറിപ്പെടുത്തുമോയെന്നു ഭയന്നു നിൽക്കെ അച്ചൻ ഇടത്തോട്ടും വലത്തോട്ടും തൂങ്ങിയാടുന്ന ഒരു കൊന്ത സമീറയുടെ കയ്യിൽ വെച്ചു കൊടുത്തു.
“ നിനക്കുള്ളത് ഇതിൽ എഴുതിയിട്ടുണ്ട്. സമയമാകുമ്പോൾ മാത്രമേ നിന്നെയിതു ഏൽപ്പിക്കാൻ പാടുള്ളൂ എന്ന് അയാൾ പറഞ്ഞിരുന്നു. ഇപ്പോൾ സമയമായി.” എന്ന് പറഞ്ഞു അച്ചൻ ധൃതിയിൽ എങ്ങോട്ടോ പോയി.
സമീറ കൊന്ത കയ്യിലെടുത്തു. അതിനിടയിൽ തിരുകി വെച്ച കടലാസ് കഷ്ണം നിലത്തു വീണു. ആ കൊന്ത തന്നെ ഏൽപ്പിക്കാൻ പറഞ്ഞതാരാണെന്ന് ചോദിക്കാത്തത്തിൽ സമീറയ്ക്ക് മനസ്താപം തോന്നി.
‘പുരോഹിതർ മറ്റുള്ളവർക്ക് മുന്നിൽ വിരിക്കുന്ന ഉപദേശ വിരിപ്പുകൾ അവരുടെ ജീവിതത്തിലെ മുള്ളുകൾ നീക്കുന്നതിനു പകരം അവർക്കിടയിൽ ഒരു മറ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? കാറ്റിനെപ്പോലെ ഒരു സുഹൃത്തായി സംസാരിക്കാനും മറ്റുള്ളവരുടെ മനസ്സിനെ അത്ഭുതവാക്കുകൾ കൊണ്ട് സുഖപ്പെടുത്താനും ഇവർക്ക് കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, ചെറുപ്പക്കാർ പുരോഹിതർ പറയുന്നത് ചെവിക്കൊണ്ടേനെ,’ അച്ചൻ തന്ന കടലാസ് കഷ്ണം മേശപ്പുറത്തു വെച്ചു സമീറ തൻറെ ഡയറിയിലോരോന്നു കുത്തിക്കുറിച്ചു.
‘ തേൻ കിളിയുടേതു പോലെ ചെറുതായിരുന്നുവെങ്കിൽ ആരേയും കാണാതെ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാമായിരുന്നു. ഒരു ദേശാടനാക്കിളിയായിരുന്നുവെങ്കിൽ കാറ്റിനെത്തേടി ദൂര ദേശങ്ങളിലേക്ക് യാത്ര പോകാമായിരുന്നു.’
പിന്നെ, കടലാസിൽ സ്ഥിരം വരയ്ക്കാറുള്ള വീടും മരവും മലകളും സൂര്യനും വരച്ചു. ഒരാൾക്ക് ഒരു കടലാസ് കൊടുത്താൽ അയാൾ സ്ഥിരമായി വരയ്ക്കുന്ന ഒരു ചിത്രമുണ്ടാകും. അയാൾ എപ്പോഴും വരയ്ക്കുന്ന പ്രത്യേകത വരകളുണ്ടാകും. അതങ്ങനെ അയാളുടെ ഒപ്പം ജീവിച്ചു പോരും. സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കും. എഴുത്തിനു ശേഷം മേശപ്പുറത്തുള്ള തുണ്ട് കടലാസുകളും മിഠായിക്കവറുകളും ചവിറ്റു കൊട്ടയിലേക്കിടുന്നതിനിടയിൽ ചുളിവുകൾ വീണു കഴിഞ്ഞ ആ കടലാസ് കഷ്ണം സമീറ അലക്ഷ്യമായൊന്നു നിവർത്തി നോക്കി.
കുന്നിൻചെരിവ്. ഒരു പിടി വാകപ്പൂക്കളുമായി ബോറിയാസും സഫൈറസും നടന്നു വരുന്നു. ബോറിയാസ് ആ വാകപ്പൂക്കൾ അട്ടഹാസത്തോടെ മുകളിലേക്കെറിയുന്നു. അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. കാറ്റു ചതിക്കപ്പെട്ടിരിക്കുന്നു. ‘കാറ്റിന്റെ മരണം’ പുനരാവിഷ്‌ക്കപ്പെട്ടുകൂടാ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല