(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 14
കണ്ണന്റെ കൊലപാതകി
“നിങ്ങൾക്കെങ്ങനെയാണ് ഈ കഴിവ് ലഭിച്ചത്? ചിലരെങ്കിലും പറയുന്നത് പോലെ നിങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി മിനയുന്ന തന്ത്രങ്ങൾ മാത്രമാണോ ഇതെല്ലാം? പോലീസ് കേസ് എന്തായി? അതിന് ശേഷം ജീവിതത്തിനുണ്ടായ മാറ്റങ്ങൾ ? നിങ്ങളൊരു മെഡിക്കൽ വിദ്യാർഥിനിയല്ലേ? ഇതെല്ലാം ശാസ്ത്രത്തിനും മോഡേൺ മെഡിസിനുമെതിരല്ലേ?”
ഇത്തരം ചോദ്യങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ സമീറയ്ക്ക് നേരിടേണ്ടി വന്നത്. ‘വ്യത്യസ്ത’ അന്വേഷിച്ചു നടക്കുന്നവരാണ് സാമൂഹ്യ മാധ്യമങ്ങളും പത്രങ്ങളുമെന്ന് സമീറയ്ക്കത്തിനോടകം തന്നെ മനസ്സിലായിക്കഴിഞ്ഞിരുന്നു. വ്യത്യസ്തമല്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നതാണ് ഒരു സാധാരണ പൌരന്റെ കർത്തവ്യം.
ആതിരയുടെ ഫോണിന്റെ മുഖചിത്രമായി കാലങ്ങളായി കണ്ടിരുന്ന കണ്ണന്റെ മുഖമാണ് സമീറയുടെ മനസ്സിനെ പിടിച്ചുലച്ചത്. അതവിടെ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. ആതിരയുടെ ചെറിയച്ഛനെതിരെ മൊഴി കൈമാറിയത് ഭയന്നിട്ടാണെങ്കിലും അതിനെ ശരി വെക്കും വിധം തെളിവുകൾ ശേഖരിക്കാനായതോടെ ആളുകളുടെ എതിർപ്പുകൾ വഴിമാറി. സ്ഥലത്തെ ജനസമ്മതിയുള്ളവനാണ് എന്നതായിരുന്നു ആതിരയുടെ ചെറിയച്ഛൻറെ ഏക കച്ചിത്തുരുമ്പ്. കണ്ണൻറെ കൈ വിരലുകൾ മുദ്രപ്പത്രത്തിൽ പതിപ്പിച്ചു സ്വത്തുക്കൾ കൈപ്പറ്റിയതായിരുന്നു പ്രധാന തെളിവ്. പിന്നെ, കണ്ണൻ എപ്പോഴും കയ്യിൽ കൊണ്ട് നടന്നിരുന്ന ഫയർ ട്രെക്കും ചെറിയച്ഛനെതിരെ സാക്ഷി പറഞ്ഞു. അപകടത്തിനു ശേഷം ചെറിയച്ഛൻ അത് കുളത്തിനടുത്തുള്ള പൊന്തക്കാട്ടിലേക്കെടുത്തെറിയുന്നത് തെങ്ങു കയറ്റക്കാരൻ വേലായുധൻ കണ്ടിരുന്നു. സംഗതി കളറാകുന്നത് കണ്ടതിനു ശേഷം മാത്രമാണ് രഹസ്യങ്ങളുടെ കലവറയിൽ നിന്നും ഈ സത്യത്തെ മാത്രം അയാൾ പുറത്തു വിട്ടതെന്നു മാത്രം.
ഒരാളെ കുറ്റവാളിയായി മുദ്രകുത്തിയാൽ അയാളുടേ മേൽ കുറ്റം ചുമത്തപ്പെട്ടുകൊണ്ടേയിരിക്കും. കാലങ്ങൾക്ക് മുൻപു നടന്ന ആതിരയുടെ അച്ഛൻറെയും അമ്മയുടെയും മരണത്തിൽ വരെ ചെറിയച്ഛന് പങ്കുണ്ടെന്ന് തെളിഞ്ഞു.
ഈ സംഭവത്തിന് ശേഷം സമീറയുടെ ജീവിതം മാറിമറിഞ്ഞുവെന്നു എടുത്തു പറയേണ്ടതില്ലല്ലോ. കുറ്റവും കുറ്റാന്വേഷണവുമാണല്ലോ എക്കാലത്തും മനുഷ്യനെ രസിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തിരുന്നത്. ക്രൈം സൈക്കോളജി എക്സ്പേർട്ടായ അമാണ്ട വികറി നടത്തിയ ഒരു പഠനമനുസരിച്ചു ക്രൈം വിഭാഗത്തിൽപ്പെട്ട കഥകൾ കേൾക്കാനും സിനിമകൾ കാണാനുമുള്ള സ്ത്രീകളുടെ താല്പര്യം 2019 ടു കൂടി 16 ശതമാനം വർദ്ധിച്ചിരിക്കുന്നു.
തരംഗങ്ങൾ വേലിയേറ്റം പോലെയാണ്. അത്തരമൊരു വേലിയേറ്റമായിരുന്നു ഇതും. എല്ലാ ദൃശ്യ മാധ്യമങ്ങളുടെയും ബ്രേക്കിങ് ന്യൂസ്. എല്ലാ ദിനപ്പത്രങ്ങളുടെയും ഞായറാഴ്ച പത്രങ്ങളിൽ കവർ സ്റ്റോറി. എല്ലാ ചാനലുകളിലും അഭിമുഖം. രണ്ടാഴ്ച കൊണ്ട് സമീറയെ കേരളത്തിലെ തൂണിനും തുരുമ്പിനുമറിയാമെന്ന അവസ്ഥയായി.
ചിലർക്ക് സമീറ ഒരു ജ്യോതിഷിയെപ്പോലെയായിരുന്നു, മറ്റു ചിലർക്ക് മറഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ കഴിവുള്ള അമാനുഷിക കഴിവുകളുള്ള ഒരു പെൺകുട്ടിയായിരുന്നു, മറ്റു ചിലർക്ക് സമീറ ഒരു ആൾ ദൈവമായിരുന്നു, ചുരുക്കം ചിലർ സമീറയെ ദൈവത്തെപ്പോലെ കണക്കാക്കി. പലരും സമീറയെ കൺക്കെട്ട് വിദ്യ പ്രയോഗിക്കുന്നവളായി മുദ്ര കുത്തി. ആ വിദ്യയൊന്നു പഠിക്കണമെന്ന് പറഞ്ഞു വന്നവരും കുറവല്ല, ഈ വിദ്യ എന്താണെന്നറിഞ്ഞിട്ട് വിമർശനങ്ങൾ തയ്യാറാക്കിയവരും ധാരാളമായിരുന്നു.
“അന്തരീക്ഷത്തെ പ്രകമ്പനങ്ങളാണല്ലോ യഥാർത്ഥത്തിൽ ശബ്ദം. ആ പ്രകമ്പനങ്ങൾ ചുറ്റുമുള്ള പ്രതലങ്ങളിൽ സൂക്ഷ്മമായ സുഷിരങ്ങൾ സൃഷ്ടിക്കുന്നു. അവ നമ്മുടെ ശരീരത്തിലും സുഷിരങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആ അടയാളങ്ങളെ വിസങ്കേധനം ചെയ്യുവാനുള്ള കഴിവാണെനിക്കുള്ളത്,” മരിച്ചവരോടു സംസാരിക്കുവാനുള്ള കഴിവിന്റെ രഹസ്യമന്വേഷിച്ചു വരുന്നവരോട് കാറ്റ് പഠിപ്പിച്ച് കൊടുത്തത് പോലെ സമീറയങ്ങു പറഞ്ഞു. എന്നാൽ, കാറ്റിനെക്കുറിച്ച് പരാമർശിക്കാതിരിക്കുവാൻ സമീറ പ്രത്യേകം ശ്രദ്ധിച്ചു. അത് മാത്രമായിരുന്നു കാറ്റ് മുന്നോട്ടു വെച്ച നിബന്ധന. അത് കൂടി പറഞ്ഞാൽ സമീറയെ ജനങ്ങൾ ഒരു ഭ്രാന്തിയായി മുദ്ര കുത്തുമെന്നു കാറ്റിനുറപ്പായിരുന്നു. ശാസ്ത്രീയമായ വിശദീകരണങ്ങളില്ലാത്തതിനെയെല്ലാം മനുഷ്യർ എതിർക്കും. അത് സാർവ്വത്രികമായ കാഴ്ചപ്പാടാണ്.
ക്യാമറകളിൽ നിന്നുമൊഴിഞ്ഞു മാറാൻ ശ്രമിച്ച സമീറയെത്തേടി സൗജന്യ വ്യക്തി വികസന ക്ലാസ്സുകളെത്തി.
സമീറയ്ക്ക് സന്തോഷം തോന്നിയത് പ്രശസ്തിയോടൊപ്പം ഒഴുകിയെത്തിയ സൗഹൃദങ്ങളും വർഷ എന്ന മാധ്യമപ്രവർത്തകയെ പരിചയപ്പെടാനുമായതാണ്. പോസിറ്റീവ് എനർജിയുടെ പര്യായമായാണ് സമീറ വർഷയെക്കേണ്ടത്. എപ്പോഴും ‘ബോൾഡ്’ വേഷങ്ങൾ ധരിക്കുന്ന നടു നിവർത്തി തലയുയർത്തി നടക്കുന്ന എല്ലാവരോടും അങ്ങോട്ട് കയറി സംസാരിക്കുന്ന തമാശകൾ പറയുന്ന പുഞ്ചിരിക്കുന്ന ഒരു സ്ത്രീ. അങ്ങനെയൊരു സ്ത്രീയാകാൻ ആഗ്രഹിക്കാത്തവരുണ്ടോ?
“ ഞങ്ങളുടെ കൂടെ ഇന്നു ട്രീറ്റിന് വരുന്നോ? എന്റെ യൂടൂബ് ചാനലിൽ അതിഥിയായിട്ട് വരോ? നമ്മൾടെ ബാച് ടൂർ ഉണ്ട് അടുത്ത മാസം. അടുത്താഴ്ച ജൊവാന്റെ ചേച്ചീടെ കല്യാണാണ് . സാരി വാങ്ങാൻ പോയാലോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് സമീറയെ കൂടുതൽ സന്തോഷിപ്പിച്ചത്. ഗ്രൂപ്പ് ഫോട്ടോകളിൽ കേറിക്കൂടാനായത് സമീറയുടെ ജീവിതത്തെ കുളിരണിയിച്ചു. അങ്ങനെ ജൊവാന്റെ ചേച്ചീടെ കല്യാണത്തിനു സാരിയുമുടുത്തു വലിയ കമ്മലും തൂക്കി മുടി സ്‌ട്രെയിറ്റൻ ചെയ്തു പുതുതായി കുത്തിയ മൂക്കിലെ ദ്വാരത്തിൽ തൂങ്ങുന്ന വെള്ളക്കല്ലുള്ള വളയവുമായി സമീറ സുഹൃത്തുക്കളുടെ കൂടെ തീവണ്ടിയിൽ കയറി. ട്രെയിനിന്റെ വേഗത വർധിക്കുന്നതോറും ഒരു ചങ്ങല സമീറയുടെ മനസ്സിനെ എതിർ ദിശയിലേക്ക് പിടിച്ചു വലിച്ചു കൊണ്ടിരുന്നു.
“ എന്തെങ്കിലും ഇഷ്ടക്കേടൊണ്ടങ്കിലെ അപ്പോ തന്നെ പറഞ്ഞു തീർക്കണം. അല്ലാതെ ഇങ്ങനെ വെച്ചോണ്ടിരുന്നു പിന്നെ ചോദിക്കാൻ വരികയല്ല,” വൈദ്യന്റെ പെങ്ങളുടെ വാചകങ്ങളെ കീറി മുറിച്ചു പരിശോധിക്കാൻ തയ്യാറെടുത്ത് മുറ്റത്തു അലസമായി നിന്നിരുന്ന കാലുകൾ ഉമ്മറത്തേക്ക് നടന്നടുത്തത്.
“സ്ഥലം വിട്. പക വീട്ടാൻ വന്നിരിക്കുന്നു. ഞങ്ങളുടെ വൈദ്യരെ തൊട്ട് കളിക്കാൻ പറ്റില്ല. ആട്ടം കണ്ടു നിൽക്കുന്ന കാണിക്കും ചിലപ്പോളൊന്ന് കൂട്ടത്തിൽ അരങ്ങിൽ കയറിയാൽ കൊള്ളാമെന്നു തോന്നും. അങ്ങനെയുള്ളവർ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുകയും ചെയ്യും.
“ജീവിച്ചിരിക്കുമ്പോൾ വൈദ്യരെ ഉപദ്രവിച്ചതും പോരാ.” അങ്ങനെയുള്ളവർക്കൊരു പ്രശ്നമുണ്ട് അവർക്കു കേട്ടു മറന്ന ഡയലോഗുകൾ മാത്രമേ നാവിൽ വരൂ. പുതുതായൊന്നും നിർമ്മിക്കാനുള്ള സർഗാത്മഗതയൊന്നുമില്ല.
ഒന്നും മിണ്ടാതെ അവിടെ നിന്നറങ്ങുന്നതിനിടയിൽ സമീറ ആ വാചകങ്ങൾ വ്യക്തമായിക്കേട്ടു. അതും ആ പതിഞ്ഞ സ്വരത്തിലുള്ളതായിരുന്നു.
“ ഞാനിതു നിന്നോടു ചെയ്യാൻ പാടില്ലാത്തതാണ്. എനിക്കും ജീവിക്കേണ്ടേ. നീയങ്ങു ക്ഷമി,” അത് കേട്ടപ്പോൾ നിഷ്കളങ്കമായ ആ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടു നിൽക്കാനുള്ള ശക്തിയില്ലാത്തതിനാൽ സമീറ വേഗത്തിൽ നടന്നകന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല