(നോവല്‍)
യഹിയാ മുഹമ്മദ്
ഭാഗം 5
വിവാഹം മരണംപോലെ അപ്രതീക്ഷിതമായി കടന്നുവരുമെന്ന് യാക്കോബ് സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല. ഒരേയൊരു മകന്‍. കുടുംബത്തിന്റെ അന്തസ്സിന് ചേര്‍ന്ന രീതിയിലുള്ള ഒരു വിവാഹം അതായിരുന്നു ആഗ്രഹം. ഇതിപ്പോള്‍ തലയില്‍കൂടി തോര്‍ത്തിട്ട് നടക്കേണ്ട ഗതികേടായല്ലോ. തന്റെ ജീവിതകാലത്ത് ഇതുവരെയായി ഇതുപോലുള്ള ഒരു വിവാഹം കേട്ടുകേള്‍വിപോലുമുണ്ടായിട്ടില്ല.
അച്ചന്റെ ആജ്ഞയെ മാനിച്ചുകൊണ്ട് മാത്രമാണ് യാക്കോബ് ഈ വിവാഹച്ചടങ്ങിന് പള്ളിയിലേക്ക് വന്നത്. ഒരപ്പനെന്ന നിലയ്ക്ക് ആര്‍ക്കാണ് ഇതൊക്കെ സഹിക്കാനാവുക? യാക്കോബ് ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധപതിക്കാത്ത വിധം ഒരു തൂണിന്റെ മറവില്‍ തലതാഴ്ത്തിനിന്നു. ഓരോ മക്കള്‍ വളരുമ്പോഴും അപ്പനമ്മമാരുടെ മനസ്സില്‍ പ്രതീക്ഷയുടെ ഒരു മരവും വളര്‍ന്നുവലുതാവുന്നുണ്ട്. സ്വപ്നങ്ങള്‍ കായ്ക്കുന്ന ചില്ലകളായിരിക്കും അവയുടേത്. ഒരു സുപ്രഭാതത്തില്‍ ആ മരം ഇടിവെട്ടിയതുപോലെ കരിഞ്ഞുണങ്ങിപ്പോവുക എന്നു പറഞ്ഞാല്‍?
കര്‍ത്താവിന്റെ വഴിയില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവന്‍ കുടുംബത്തിന്റെ സകല അന്തസ്സും തല്ലിക്കെടുത്തി ഒരു വേശ്യയുടെ കഴുത്തില്‍ മിന്നുകെട്ടുന്നു. യാക്കോബ് ചിന്തകളുടെ തീച്ചൂളയില്‍ വെന്തുവിയര്‍ത്തു കുളിച്ചിട്ടുണ്ടായിരുന്നു. ഇതിപ്പോള്‍ നാട്ടുകാര്‍ നടത്തുന്ന വിവാഹമാണ്. രാഹുലനും സേവിയറും അന്നയോടുള്ള വൈരാഗ്യത്തില്‍ തോണ്ടിയിട്ട പ്രശ്നം അവസാനം നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്നു. അതോടെ ശരിക്കും അവരുദ്ദേശിച്ച സകല പ്ലാനും അസ്ഥാനത്താവുകയാണ് ചെയ്തത്. ജോസഫ് ഇങ്ങനെ ഒരു കടുത്ത തീരുമാനമെടുക്കുമെന്ന് രാഹുലന്‍ പ്രതീക്ഷിച്ചതേയില്ല. ഈ ഒരു പ്രശ്നം വഴി രാഹുലന്‍ മനസ്സില്‍ കണ്ടത് അന്നയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് വലിയ ശ്രദ്ധയുണ്ടെന്ന് നാട്ടുകാരെ ബോധിപ്പിച്ച് അവളെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരിക എന്നതായിരുന്നു.
പക്ഷേ, കഥയുടെ ഗതി തന്നെ മാറ്റിമറിച്ചുള്ള തീരുമാനമായിരുന്നു ജോസഫിന്റേത്. അവനിങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എന്താണ് കാരണം? അതിന്റെ ഉത്തരം തേടിയായിരുന്നു രാഹുലന്റെ യാത്ര. ചിലപ്പോള്‍ അവനെഴുതിയ തിരക്കഥയിലെ അഭിനേതാക്കള്‍ മാത്രമായിരുന്നോ നമ്മള്‍!
ഇന്നലെ രാത്രി കുടിച്ച കള്ളിന്റെ കെട്ട് ഇറങ്ങുന്നേയുള്ളൂ. പാതിവെളിവില്‍ പലപല ചിന്തകള്‍ കൂട്ടമായി രാഹുലനെ വേട്ടയാടി. അതിനോടൊപ്പം സകലതും കൈവിട്ടു പോയതിന്റെ അമര്‍ഷവും അന്നയോടുള്ള വല്ലാത്ത പകയും. പൈസ കൊടുത്താല്‍ ആരോടും കിടക്കുന്ന ഒരുവള്‍ എന്നെ മാത്രം ഒഴിവാക്കുന്നു… താനെന്താ ആണല്ലേ… തനിക്കെന്താ ആണത്തമില്ലേ..? ഇതിലും വലിയ ഒരപമാനം എന്താണുള്ളത്? തോമായുടെ ചായക്കടയില്‍നിന്നും ഒരു സിഗരറ്റ് വാങ്ങി കത്തിച്ച്, അത് ആഞ്ഞുവലിച്ച്, നിലത്ത് കാലുംനീട്ടി അവര്‍ രണ്ടുപേരും ഇരുന്നു. രാഹുലനും സേവിയറും ഒന്നും മിണ്ടാതെ സിഗരറ്റ് പുകച്ചുരുളുകളായി പുറത്തേക്കുവിട്ടു. തന്റെ പൈസ വലിച്ചെറിഞ്ഞ് ആട്ടിയ രംഗം ഒരു ചലച്ചിത്രംപോലെ വീണ്ടും വീണ്ടും അവന്റെ ഓര്‍മയുടെ തിരശ്ശീല നീക്കി പുറത്തുവന്ന് പകയുടെ തീച്ചൂളയെ ആളിക്കത്തിച്ചു.
‘സേവിയറേ, നീ പോയി ആ മാമ്പൊത്തില്‍വെച്ച വാറ്റെടുത്ത് കൊണ്ടുവാടാ…’
‘നീ വീണ്ടും മോന്തിക്കോണ്ടിവിടെ ഇരിക്കാണോ രാഹുലാ… നമുക്ക് അന്നയുടെ മംഗലകൂദാശക്ക് പോകണ്ടേ?’ ചായക്കടക്കാരന്‍ തോമയുടെ ഒരുതരം കുത്തിയുള്ള ചോദ്യം അവന്റെ പകയില്‍ വീണ്ടും എണ്ണയൊഴിച്ചതുപോലെയായി. കയ്യൊന്ന് തറയില്‍ ആഞ്ഞുകുത്തി സിഗരറ്റ് വലിച്ചെറിഞ്ഞ് അവന്‍ സകല കോപത്തെയും അടക്കി അവിടെ തലതാഴ്ത്തിയിരുന്നു. അപ്പോഴേക്കും സേവിയര്‍ വാറ്റുമായി വന്നു. വെള്ളംപോലും തൊടാതെ അത് മുഴുവന്‍ ഒറ്റയടിക്ക് മോന്തി. ഒരു കണ്ടന്‍പൂച്ചയെപ്പോലെ അവസാനം ചീറി.
‘സേവിയറേ, അവള്‍ ഒരു രാത്രിയെങ്കിലും എനിക്ക് പാ വിരിക്കണം. എങ്കിലെ എന്റെയുള്ളിലെ തീ തണുക്കൂ…’
‘അല്ല മച്ചാ, എനിക്ക് അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ… സകലവരോടും കിടക്കുന്ന അവള്‍ക്ക് എന്താടാ നിന്നോട് മാത്രമിത്ര കലിപ്പ്?’
കീശയില്‍ നിന്ന് വീണ്ടുമൊരു സിഗരറ്റെടുത്ത് കത്തിച്ച് രാഹുലന്‍ റോഡിലേക്കിറങ്ങി നടന്നു. പിന്നാലെ സേവിയറും. തൂങ്ങിക്കിടന്ന ഷര്‍ട്ടിന്റെ കൈ രണ്ടും വലിച്ചുകയറ്റി മുണ്ട് മടക്കിക്കുത്തി നടക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു: ‘സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ അന്നയുടെ ചന്തിയും മുലയും നല്ല വലിപ്പമായിരുന്നു. ഒമ്പതാം ക്ലാസ്സില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു.’ ഒരു കമ്പിക്കഥ കേള്‍ക്കുന്ന ആവേശത്തോടെ സേവിയര്‍ ഒന്നുകൂടി അടുത്തുവന്നു.
‘ഒരു ദിവസം അവള്‍ വരുമ്പോള്‍ ബ്രായിട്ടിട്ടുണ്ടായിരുന്നു. യൂണിഫോമിന്റെ ഉള്ളിലൂടെ ബ്രായുടെ കല ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആവോളം നോക്കിനിന്നു. അത് ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്കിടയില്‍ വലിയ ആവേശമായി. അന്നൊക്കെ പെണ്‍കുട്ടികള്‍ ബ്രായിടുക കുറവായിരുന്നു. അന്നയുടെ ബ്രാ സ്‌കൂളു മുഴുവന്‍ പാട്ടായി. അടുത്ത ക്ലാസ്സില്‍നിന്നുവരെ ആണ്‍കുട്ടികള്‍ അതുകാണാന്‍ വന്നു.
ബ്രായിട്ടതുകൊണ്ട് മുല ഒന്നുകൂടി തുടുത്തു നില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ സൈസ് എത്രയായിരിക്കും? ഏതായിരിക്കും കളര്‍? എന്നൊക്കെയായി സംസാരവിഷയം. അതിനിടയില്‍ എല്ലാ കണ്ട്രോളും പോയ ഞാന്‍ ഓടിച്ചെന്ന് അവളുടെ മുലയില്‍ ഒരൊറ്റപ്പിടുത്തം. എത്രയാടീ നിന്റെ സൈസ് എന്നൊരു ചോദ്യവും. അത് പിന്നെ സ്‌കൂളില്‍ വലിയ വിഷയമായി എന്നെ സ്‌കൂളില്‍നിന്നും പുറത്താക്കി. പിന്നെ കൂട്ടുകാരുടെ പരിഹാസം സഹിക്കവയ്യാതെ അവള്‍ പഠിപ്പും നിര്‍ത്തി. പഠിപ്പ് നിര്‍ത്തി എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമമായി. ഞാന്‍ കാരണമല്ലേ എന്ന കുറ്റബോധം. അവള്‍ നന്നായി പഠിക്കുകയൊക്കെ ചെയ്യുമായിരുന്നു. ആ കുറ്റബോധം എന്നില്‍ ഒരിഷ്ടമായി വളര്‍ന്നു അവളറിയാതെ.’ നടത്തം നിര്‍ത്തി അവന്‍ സേവിയറേ നേരെ തിരിഞ്ഞുനിന്നു. ‘എടോ… സേവിയറേ… അവള്‍ നല്ലവളാ. അവളെ മൊത്തമായും ചീത്തയാക്കിയത് അവനാ അവളെ കെട്ടിയോന്‍ റാഫേല്‍… മഹാപാപി…’
വിവാഹകൂദാശ തുടങ്ങിയപ്പോഴേക്കും യാക്കോബ് പള്ളിവിട്ട് പുറത്തേക്ക് പോയി. ആ വിവാഹം കാണാനുള്ള ചങ്കുറപ്പ് അയാള്‍ക്കില്ലായിരുന്നു. രാജ്യവും രാജപട്ടവും നഷ്ടപ്പെട്ട നഗ്‌നനായ രാജാവിനെപ്പോലെ അയാള്‍ അവിടുന്ന് നടന്നകന്നു.
രാഹുലനും സേവിയറും പള്ളിയിലെത്തുമ്പോഴേക്കും കൂദാശ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ് തുടങ്ങിയിരുന്നു. പള്ളിയുടെ മുന്നില്‍ കുറച്ച് തെക്കുമാറിയുള്ള ഗീവര്‍ഗീസ് പുണ്യാളന്റെ വ്യാളിയെക്കൊല്ലുന്ന പ്രതിമയ്ക്ക് മുന്നില്‍ നാട്ടിലെ റേഡിയോ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന കൊച്ചുവറീദും വിവരങ്ങള്‍ കഥപോലെ പൊടിപ്പും തൊങ്ങലുംവെച്ച് നെയ്തെടുക്കാന്‍ കരവിരുതുള്ള കാര്‍ലോസും കല്ല്യാണബ്രോക്കര്‍ സാറാമ്മയും പിന്നെ രണ്ടുമൂന്ന് ശിങ്കിടികളും ഇന്നത്തെ സംഭവത്തെക്കുറിച്ചുള്ള വിശകലന ചര്‍ച്ചയിലാണ്.
‘എന്താ സാറാമ്മാ… വല്ല വിവാഹവും മുടക്കാനുള്ള ചര്‍ച്ചയിലാണോ? അതാണല്ലോ പതിവ്…’
‘പോടാ ഒരുമ്പെട്ടവനേ…’ സാറാമ്മ കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്നുനീട്ടി ആട്ടി.
‘എന്തൊക്കെ മഹാപാപങ്ങളാ മക്കളെ ഈ ഇടവകയില്‍ നടക്കുന്നത്. ഇതൊന്നും ഇതുവരെ കേട്ടുകേള്‍വിപോലുമില്ലാത്തതാണ്…’ ഒരു വിവാഹകമ്മീഷന്‍ നഷ്ടപ്പെട്ടു പോയതിന്റെ സകലദണ്ണവും സാറാമ്മയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.
‘ചെക്കന് കെട്ടണമെങ്കില്‍ നല്ല മണിമണിപോലുള്ള ആയിരമെണ്ണത്തെ ഈ സാറാമ്മ കാണിച്ചുകൊടുക്കത്തില്ലേ. ഇടവക അച്ചന് കിട്ടണം ഒരടി… ഇതുപോലുള്ള നാറിത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പറ്റുമോ?’ സാറാമ്മയുടെ അഭിപ്രായത്തെ അനുകൂലിച്ച് വറീദ് തലയാട്ടി. ‘എല്ലാ അവസാനകാലത്തിന്റെ ലക്ഷണമാ…’ വറീദ് കൂട്ടിച്ചേര്‍ത്തു.
‘കര്‍ത്താവിന്റെ ഭവനത്തില്‍നിന്നും കര്‍ത്താവിന് നിരക്കാത്തതല്ലേ അച്ചന്‍ ചെയ്തത്.’ കാര്‍ലോസ് വീര്യം പകര്‍ന്നു.
‘എല്ലാ തോന്ന്യവാസങ്ങളും കര്‍ത്താവിന്റെ നാമത്തില്‍ നടത്തുന്നതങ്ങനെ? നമുക്ക് അംഗീകരിച്ച് കൊടുക്കാന്‍ പറ്റുമോ സേവിയറേ?’ സാറാമ്മയുടെ ദണ്ണം അടങ്ങിയിട്ടില്ല.
‘ആരെന്ത് പറഞ്ഞാലും അച്ചന്‍ ഈ നാട്ടിലെ സിരാകേന്ദ്രം തന്നെയാണ്. ഈ നാട്ടിലെ ഏതൊരാളുടെയും ചെറുതും വലുതുമായ പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കാണിച്ചുതരാന്‍ അച്ചനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ സാറാമ്മക്കും എല്ലാ സഹായവുമായി അച്ചന്‍തന്നെയായിരുന്നില്ലേ കൂടെയുണ്ടായിരുന്നത്. പിന്നെ കല്ല്യാണബ്രോക്കര്‍ പണി തുടങ്ങിയപ്പോഴും അച്ചന്‍ തന്നെയല്ലേ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തന്നും കസ്റ്റമറെ തന്നും സഹായിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ഓരോരുത്തര്‍ക്കും കാണും അച്ചന്‍ നീട്ടിക്കൊടുത്ത സഹായഹസ്തങ്ങള്‍.’ പതിവിലും വിപരീതമായി രാഹുലന്‍ പുണ്യാളനായി. ഒരൊഴുക്കിന് എന്തൊക്കെയോ പറഞ്ഞു പോയെങ്കിലും ‘ഒന്നും കാണാതെ അച്ചനൊന്നും ചെയ്യില്ലെന്റെ സേവിയറേ…’ സാറാമ്മ പറഞ്ഞത് മുഴുവന്‍ ആ വാക്കുകൊണ്ട് കഴുകിക്കളഞ്ഞു.
‘അതുതന്നെയാണതിന്റെ ശരി സാറാമ്മേ… എല്ലാം ആ ചെക്കന്റെ കയ്യിലിരിപ്പെന്നേ പറയാന്‍ പറ്റൂ. യാക്കോബിന് എങ്ങനെ പിറന്നു ഈ സാത്താന്‍ സന്തതി…’ എല്ലാവരും പറഞ്ഞുവച്ച മുഴുവന്‍ തലതിരിച്ചു പറഞ്ഞൊഴിയാനുള്ള ശ്രമത്തിലായിരുന്നു.
‘ചെക്കന്റെ കയ്യിലിരിപ്പോ…? എന്ത് കയ്യിലിരിപ്പ്?’ എന്തോ രഹസ്യം കാര്‍ലോസിനറിയാമെന്ന മട്ടില്‍ എല്ലാവരും അവനുനേരെ ശ്രദ്ധതിരിച്ചു. ഞാന്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്ന കര്‍ക്കശബുദ്ധിക്കാരനാണ് കാര്‍ലോസ്. രഹസ്യങ്ങളെ അതിസൂക്ഷ്മമായി ചൂഴ്ന്നെടുത്ത് അതില്‍ മസാല ചേര്‍ത്ത് പച്ചയായി വിളമ്പുന്നതില്‍ അവന്റെ കഴിവ് അപാരമാണ്. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് തിരിഞ്ഞു എന്ന് ഉറപ്പുവരുത്തിയതിനുശേഷം കാര്‍ലോസ് അല്‍പം മാറി ഗീവര്‍ഗീസ് പുണ്യാളന്റെ പ്രതിമയുടെ തറക്കുമുകളില്‍ കയറിനിന്ന് അവര്‍ക്കഭിസംബോധനയായി പറഞ്ഞു.
കാര്‍ലോസ് പറഞ്ഞത് ആരും ഒറ്റയടിക്ക് വിശ്വസിച്ചില്ലെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ രാഹുലന് ഒരു വശപ്പിശക് മണത്തു. അല്ലെങ്കിലും തീപ്പൊരി ഇല്ലാതെ തീയുണ്ടാവുമോ? സാഹചര്യങ്ങള്‍ ഒത്തിണങ്ങി വന്നപ്പോള്‍ അവനത് വൃത്തിക്ക് ഉപയോഗിച്ചു. പൊടിവീണ മുത്തുമാലപോലെയുള്ള തന്റെ ചിന്തകളെ അവന്‍ വീണ്ടും കോര്‍ത്തുകെട്ടാന്‍ തുടങ്ങി. അല്ലെങ്കില്‍ അവന്‍ എന്തിനീ കല്യാണത്തിന് സമ്മതിക്കണം. ഇത്രയൊക്കെയായിട്ടും അവന് ഒരപമാനമോ കുറ്റബോധമോ തോന്നിയിട്ടില്ല. അവന്‍ പതിവിലും സന്തോഷത്തിലുമാണ്.
‘എന്നാലും എന്റെ കാര്‍ലോസേ… ഇതിത്ര കടന്ന കയ്യായി പോയല്ലോ…’ രാഹുലന്റെ ചിന്തകള്‍ ഞെട്ടറ്റുവീഴും വിധമായിരുന്നു സാറാമ്മയുടെ വാക്കുകള്‍.
‘പത്ത് നാല്‍പ്പത് വയസ്സുള്ള ഒരുത്തിയോട് ഇരുപത്തഞ്ച്തികയാത്ത ചെക്കന് പ്രേമമോ?’ സാറാമ്മ ചിന്തിച്ചു ചിന്തിച്ചു ചിരിച്ചു കൊണ്ടേയിരുന്നു.
‘വിശ്വാസിക്കാന്‍ പറ്റുന്ന വല്ല പുളുവും പറയെന്റെ കാര്‍ലോസേ…’ കളവുകള്‍ പറഞ്ഞെടുക്കുന്നത് ഒരു പ്രൊഫഷനായിക്കാണുന്ന കാര്‍ലോസ് ഇപ്പോള്‍ പറഞ്ഞത് നഗ്‌നമായ സത്യമായിരുന്നു. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത നഗ്‌നസത്യം. താന്‍ പറഞ്ഞത് വിശ്വസിക്കാത്തതിലുള്ള ദണ്ണം അവന്റെ മുഖം വെയിലേറ്റ് കരിഞ്ഞ തളിരിലപോലെ കറുപ്പിച്ചിരുന്നു.
‘കാര്‍ലോസ് പറഞ്ഞത് അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല സാറാമ്മേ…’ രാഹുലന്‍ കുറച്ച് ഗൗരവത്തില്‍ തന്നെ പറഞ്ഞു.
‘കവലയിലും ടൗണിലും പള്ളി’യിലുമായി അവളെ ചുറ്റിപ്പറ്റി ജോസഫ് നടക്കുന്നത് മൂന്നാലുവട്ടം ഞാനും കണ്ടതാ…’ വറീദ് കൂട്ടിച്ചേര്‍ത്തു. അതോടെ കാര്യത്തിന്റെ ചിത്രങ്ങള്‍ കുറച്ചുകൂടി വ്യക്തമായി തെളിഞ്ഞുവന്നു.
‘എന്നാലും ഈ യാക്കോബിന്റെ ചെക്കന് ഇതെന്നാത്തിന്റെ തെരുപ്പാ…’ സാറാമ്മ അന്താളിപ്പ് മാറാതെ താടിക്ക് കയ്യും കൊടുത്തിരുന്നു.
‘പഴമക്കാര് പറയുന്നത് ശരിയാ… പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്നല്ലേ… ആരേലും ഇങ്ങനെ ഒരു പണി ചെയ്യോ? അതും കാശിന് ശരീരം വില്‍ക്കുന്ന ഒരുവളെ. എന്തു പറയാനാ… പാവം യാക്കോബച്ചായന്റെ വിധി…’ എല്ലാവര്‍ക്കും യാക്കോബിനെ ഓര്‍ത്തായിരുന്നു ദണ്ണം. അയാളെപ്പോലെ ഒരു ശുദ്ധന്‍ ആ നാട്ടില്‍ വേറെയില്ല. വറീദ് യാക്കോബച്ചായനെ ഓര്‍ത്ത് സങ്കടപ്പെട്ടു.
‘മക്കള് ചെയ്യുന്ന തോന്ന്യവാസത്തിന് തലകുനിക്കേണ്ടി വരുന്നത് അപ്പന്മാരാ…’ സാറാമ്മ ജോസഫിനെ പഴിക്കുന്നതുപോലെ പറഞ്ഞു.
സംസാരങ്ങള്‍ അവസാനിക്കും മുന്‍പേ രാഹുലന്‍ സേവിയറേയും കൂട്ടി അവിടുന്ന് തിരിച്ചു. അറിയേണ്ട ഒരു കഥയുടെ പൂര്‍ണരൂപം മാത്രമായിരുന്നു മനസ്സില്‍. ആരാണിതിനുള്ള ഉത്തരം തരിക? രാഹുലന്‍ ആ കഥയ്ക്കു പിന്നാലെ യാത്രതിരിച്ചു. കൂട്ടിന് സേവിയറും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല21