(നോവല്‍)
യഹിയാ മുഹമ്മദ്
ഭാഗം 15
‘എന്താ മറിയാമ്മേ… പതിവില്ലാതെ വെള്ളിയാഴ്ച ദിവസമിങ്ങോട്ട്. വല്ല വിശേഷവുമുണ്ടോ?’
‘ഉണ്ടല്ലോ. ഒരു വിശേഷമുണ്ട്.
‘ജോസഫിന് മനംമാറ്റമൊക്കെ ഉണ്ടായോ?’ അച്ചന്‍ കുണുങ്ങിച്ചിരിച്ചു.
‘അതൊന്നുമല്ലച്ചോ, അവന്റെ കാര്യം വിട്.’
‘പിന്നെ… മറിയാമ്മ കാര്യം പറ?’
‘അന്ന ഗര്‍ഭിണിയായി. ഒന്നൊന്നര മാസമായിക്കാണും. ഇന്നാണ് അറിഞ്ഞത്. ഹോസ്പിറ്റലില്‍ പോവുന്നതിനുമുന്‍പ് ഞാനവളെയും കൂട്ടി ഇങ്ങുപോന്നു. കര്‍ത്താവിനേക്കാളും വലിയ ഡോക്ടറുണ്ടോ?’
‘അതെ, അതേതായാലും നന്നായി. മാതാവിന്റെ അടുത്തുചെന്ന് മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് വാ…’
‘ശരിയച്ചോ…’
മറിയാമ്മ, അന്നയെയും കൂട്ടി കുരിശുപള്ളിയുടെ അടുത്തേക്ക് പോയി. കുരിശുപള്ളിയുടെ അടുത്ത് പള്ളിയുടെ രണ്ടാം നിലയോളം വളര്‍ന്നുനില്‍ക്കുന്ന ഞാവല്‍മരത്തില്‍നിന്നും പഴുത്തുവീണ ഞാവലുകള്‍ അവള്‍ നടക്കുമ്പോള്‍ കാലിനടിയില്‍പെട്ട് നീലനിറം പുറത്തുചാടിച്ചു. അവിടെ വീണു കിടക്കുന്ന ഒന്നുരണ്ട് ഞാവല്‍പഴങ്ങള്‍ അന്നയെടുത്ത് ആസ്വദിച്ച് കഴിച്ചു.
‘എന്താ മോളേ… ഞാവല്‍പഴം ഇഷ്ടപ്പെട്ടോ?’
‘ഉം. ഞാനാദ്യായാ ഇത് കഴിക്കുന്നത്.’ ഞാവല്‍നീരില്‍ നീലിച്ച ചുണ്ടുകള്‍ വിടര്‍ത്തി അന്ന ചിരിച്ചു. നീലത്താമര വിരിഞ്ഞപോലെ.
‘എല്ലാം അവന്റെ ഇച്ഛ അനുസരിച്ച് നടക്കുന്നു. എല്ലാത്തിനുമുള്ള പരിസമാപ്തിക്ക് സമയം അടുത്തിരിക്കുന്നു. പള്ളിപ്പെരുന്നാളിന്റെ അന്ന് കറുത്ത കുര്‍ബാനയുടെ ദിവസം അവള്‍ പ്രസവിക്കും. ധീരനായ അവന്റെ സൈന്യാധിപനെ ഞങ്ങളുടെ പ്രിയപ്പെട്ട പോരാളിയെ… എല്ലാം ലിഖിതത്തിൽ പറഞ്ഞ പോലെ…’ അച്ചൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
പ്രാര്‍ത്ഥന കഴിഞ്ഞ് മറിയാമ്മയും അന്നയും പള്ളിയില്‍ തിരിച്ചെത്തി.
‘മറിയാമ്മേ പുതിയ ഒരു തുടക്കമല്ലേ അന്ന കുമ്പസരിക്കട്ടെ. അതിനുശേഷം ഞാനൊന്ന് വെഞ്ചരിക്കാം’
‘ശരിയച്ചോ…’
‘അന്നേ… മോള് ചെല്ല്…’ മനസ്സില്ലാമനസ്സോടെ അന്ന കുമ്പസാരക്കൂട്ടിനടുത്തേക്ക് നടന്നു.
‘അച്ചോ, ഞാനെന്റെ സകലപാപങ്ങളില്‍നിന്നും മുക്തിനേടി കര്‍ത്താവിന്റെ പാതയില്‍ സഞ്ചരിക്കുന്നു. ഇപ്പോള്‍ സമാധാനവും സന്തോഷവും ഞാനറിയുന്നു.’
‘അന്നാ… നീ നിന്റെ കര്‍മത്തില്‍നിന്നും വ്യതിചലിക്കുന്നു. നീ നിന്റെ കര്‍മം ചെയ്യുക. അവനാണ് നിന്റെ ഉടമ. നീയവന്റെ അടിമയും.’
‘ഇല്ലച്ചോ… ഇനിയൊരു തിരിച്ചുപോക്കില്ല. നിങ്ങളുടെ ദുര്‍മന്ത്രങ്ങളില്‍ ഞാന്‍ ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്തപിക്കുന്നു. ഇനി എന്നെ വിടുക എന്നെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുടുംബമിപ്പോളുണ്ട്.
നിങ്ങളുടെ രഹസ്യങ്ങള്‍ എന്നോടെ മണ്ണടിയും. ഞാനത് ജോസഫിനോടുപോലും പറയില്ല.’
‘നിന്റെ തീരുമാനം തെറ്റാണ്. ലോകത്തിനോട് നീ അനീതി ചെയ്യുന്നു. നിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് അവന്റെ സേനാധിപനാണ്. അതിന്റെ ആത്മാവ് ഉടലെടുത്തത് പരിശുദ്ധമാതാവിന്റെ മാറില്‍ കിടന്ന് മരണമടഞ്ഞ ഒരനാഥ ബാലനില്‍ നിന്നാണ്.’
‘അച്ചോ, നിങ്ങളുടെ ഒരു പുരാണവും എനിക്ക് കേള്‍ക്കേണ്ട. ജോസഫിനെ ചതിക്കാന്‍ എനിക്കാവില്ല ഞാന്‍ പോവുന്നു.’
‘പോയ്ക്കോ… നീ പോയ്‌ക്കോ. പക്ഷേ, എന്റെ ആജ്ഞാനുവര്‍ത്തികള്‍ നിന്റെ പിന്നാലെയുണ്ട്.’
‘സാരമില്ലച്ചോ ജോസഫിനുവേണ്ടി മരിക്കാനും എനിക്ക് സന്തോഷമേയുള്ളൂ. അവന്‍ നിങ്ങളെപ്പോലെ നല്ലവനായി ചമഞ്ഞ് തിന്മ ചെയ്യുന്നവനല്ല. നിങ്ങളുടെ മുമ്പില്‍ അവന്‍ ധിക്കാരിയായ സാത്താനാണെങ്കിലും അവന്‍ നന്മ ചെയ്യുന്നു. പിന്നെ ഒരുകാര്യം കൂടിയച്ചോ ഈ കുഞ്ഞ് പിറക്കുന്നതുവരെ ഞാന്‍ സുരക്ഷിതയായിരിക്കുമെന്ന ഉത്തമമായ ബോധ്യം എനിക്കുണ്ട്. കോപംകൊണ്ട് ജ്വലിച്ച അയാള്‍ സ്വയം നിയന്ത്രിച്ച് കുമ്പസാരക്കൂട്ടില്‍നിന്നും പുറത്തിറങ്ങി.
‘എല്ലാം ഉദ്ദേശിച്ച പടിയേ നടക്കണം. ഇതുവരെ ഒന്നുംപിഴച്ചിട്ടില്ല. ആജ്ഞാനുവര്‍ത്തികളെ നിങ്ങള്‍ അവനുവേണ്ടി പ്രയത്‌നിക്കുക.
‘മറിയാമ്മേ നില്‍ക്കൂ…’
‘എന്താ അച്ചോ…’
‘ഈ പാനീയം അന്നയ്ക്ക് കൊടുത്തേക്ക് ബിഷപ്പ് വര്‍ക്കല അച്ചന്‍ വെഞ്ചരിച്ച വിശുദ്ധപാനീയമാണ്. മുന്‍കാലത്തെ അവളുടെ ജീവിതം അത്ര സുഖകരമല്ലല്ലോ… എല്ലാ ദോഷങ്ങളും മാറട്ടെ. കര്‍ത്താവ് പരിപൂര്‍ണനായ കുഞ്ഞിനെ നല്‍കുമാറാകട്ടെ… സന്തോഷത്തോടെ പൊയ്‌ക്കൊള്ളുക… കര്‍ത്താവ് കൂടെ ഉണ്ടായിരിക്കട്ടെ.’
‘ശരി അച്ചോ…’
‘പിന്നെ ഒരുകാര്യം. ഈ പാനീയം അവളറിയാതെ വേണം കൊടുക്കാന്‍. പാലിലോ വെള്ളത്തിലോ മറ്റോ കലക്കിക്കൊടുത്താല്‍ മതി. കുടിക്കുന്നവര്‍ ഇതറിഞ്ഞാ അതിന്റെ ഫലം പോവും ബിഷപ്പ് പ്രത്യേകം പറഞ്ഞിരുന്നു…’
‘ശരി അച്ചോ… ഒരുപാട് നന്ദി. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…’
‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ…’
ഈ രാത്രിയോടെ എല്ലാം അവസാനിക്കണം. ഈ രാത്രി പരിപൂര്‍ണമായും അവര്‍ ശക്തിപ്രാപിക്കുന്ന ഒരു രാത്രികൂടിയാണ്. അമാവാസിയുടെ കൂരിരുട്ടില്‍ അവര്‍ നൃത്തം ചവിട്ടട്ടെ…’ അന്നയും മറിയാമ്മയും വീട്ടിലേക്ക് പോയി.
‘നാളെ ഹോസ്പിറ്റലില്‍ പോവേതുകൊണ്ടാണ്. അല്ലെങ്കില്‍ ജോസഫിനെയും കൂട്ടാമായിരുന്നു’
‘ഈ രാത്രിതന്നെ പോണോ അച്ചായാ…’
‘ഇപ്പൊ പുറപ്പെട്ടാലേ നാളെ രാവിലെ പത്തുമണിക്ക് കോട്ടയത്ത് റബ്ബര്‍ബോര്‍ഡ് മീറ്റിങിന് എത്താനാവൂ… ആ ഞാനിറങ്ങുന്നു മാണിച്ചാ ജീപ്പെടുത്തോ…’
‘ശരി അച്ചായാ…’ മാണിച്ചന്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി വീടിന്റെ വാതില്‍ക്കല്‍ വന്ന് നിര്‍ത്തി…
‘നിങ്ങള് വാതില്‍ അടച്ച് കിടന്നോ ജോസഫ് തോട്ടത്തീന്ന് വരാന്‍ വൈകും.’ മറിയാമ്മ വാതിലടച്ച് താഴിട്ടു.
‘മോള് ഈ പാല് കുടിച്ച് പോയിക്കിടന്നോ… അവനെപ്പോഴാ വരിക എന്നറിയില്ല… തോട്ടത്തില്‍ ഇന്ന് വിളവെടുപ്പ് കഴിഞ്ഞതല്ലേ… അതിന്റെ കുറച്ച് പണികളൊക്കെ ഉണ്ടെന്നാ… ചാച്ചന്‍ പറഞ്ഞത്.’
അച്ചന്‍ കൊടുത്ത ലായനി അന്നയറിയാതെ മറിയാമ്മ അതില്‍ കലര്‍ത്തിയിരുന്നു. അന്ന പാലും കുടിച്ച് മുകളിലേക്ക് കയറിപ്പോയി.
‘മോള് അവനെ കാക്കണ്ട ഉറങ്ങിക്കോ ജോസഫ് വന്നാല്‍ ഞാന്‍ കതക് തുറന്നു കൊടുക്കാം. നാളെ നേരത്തെ എണീക്കേണ്ടതാ ഹോസ്പിറ്റലില്‍ പോവാന്‍.’
അന്നയ്ക്ക് ചുറ്റും അശരീരികള്‍ മുഴങ്ങിത്തുടങ്ങി ‘അന്നാ… നീ നിന്റെ കര്‍മം ചെയ്യുക. നീ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തില്‍ വളരുന്നത് ഞാന്‍ പരിശുദ്ധനാക്കിയവനാകുന്നു. അവന് അവകാശങ്ങള്‍ ഉന്നയിക്കാനും അവന്റെ ചിന്തകള്‍ക്ക് ചങ്ങലയിടാനും ഒരു പിതാവിന്റെ ആവശ്യമില്ലാത്തതാണ് ചപലമായ ഒരു പിതാവിന്റെ ശിക്ഷണവും അവനാവശ്യമില്ല. അവനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് ആകാശത്തുനിന്ന് അവനരുളപ്പെടും. നീ നിന്നില്‍ അര്‍പ്പിതമായ കര്‍മം ചെയ്യുക. നിന്റെ കര്‍മത്തില്‍നിന്നും നീ വ്യതിചലിക്കുന്നത് പാപമാകുന്നു. നിനക്ക് സ്വര്‍ഗത്തില്‍ മറിയത്തിനൊപ്പം ഒരു ഗേഹം സജ്ജമായിരിക്കുന്നു. നിന്റെ മുമ്പിലുള്ള ആ വിളക്ക് സ്റ്റാന്റുകൊണ്ട് അവന്റെ തലയ്ക്കടിക്കുക ഈ രാത്രി അവന്റെ വിധി കുറിക്കപ്പെട്ടിരിക്കുന്നു.’
‘അന്നാ… വാതില് തുറക്ക്…’ ജോസഫ് കതക് തട്ടി വിളിച്ചു. ചിന്തകളുടെ വടംവലിയില്‍ സംഘര്‍ഷഭരിതമായ മനസ്സോടെ അന്ന കട്ടിലില്‍നിന്നും ചാടി എണീറ്റ് വാതില്‍ തുറന്നു ജോസഫ് അകത്തുകയറി.
‘എന്താ… അന്നേ? വല്ലാണ്ടായിരിക്കുന്നു ഉറങ്ങിയിരുന്നോ?’
‘ഇല്ല.’
ചുറ്റും ആരൊക്കെയോ മറഞ്ഞിരിക്കുന്നതുപോലെ അവള്‍ക്കുതോന്നി ഇരുട്ടിന്റെ സഞ്ചാരികള്‍. അവള്‍ ജോസഫിന് പിറകില്‍ നിന്ന് ലൈറ്റ് സ്റ്റാന്റിലേക്ക് നോക്കി. ജോസഫ് ഷര്‍ട്ടിന്റെ ബട്ടനഴിക്കുകയായിരുന്നു. അന്ന വിളക്ക് സ്റ്റാന്റില്‍ കയറിപ്പിടിച്ചു പിടിമുറുക്കി. വിളക്ക് പതിയെ അവളുടെ അടുത്തേക്ക് നീക്കിവെച്ചു. രണ്ട് കൈകൊണ്ടും വിളക്ക്സ്റ്റാന്റ് അടിക്കാന്‍ പാകത്തില്‍ ഉയര്‍ത്തിപ്പിടിച്ചു. ജോസഫ് ബട്ടന്‍സ് അഴിക്കുന്നതിനിടയില്‍ ഒരു ബട്ടന്‍ നൂല്‌പൊട്ടി താഴെ വീണുപോയി. ഞൊടിയിടക്കായിരുന്നു എല്ലാം സംഭവിച്ചത് ബട്ടന്‍സ് എടുക്കാന്‍ വേണ്ടി ജോസഫ് തറയിലേക്ക് കുനിഞ്ഞു. അ പ്പോഴേക്കും അന്നയുടെ അടിവീണു. ജോസഫ് കുനിയുമെന്ന് അന്ന പ്രതീക്ഷിച്ചിരുന്നില്ല. അടിയുടെ ലക്ഷ്യംതെറ്റി വിളക്ക് സ്റ്റാന്റ് കട്ടിലില്‍ തട്ടി ഉടഞ്ഞുപോയി.
അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ജോസഫ് അന്നയെ കയറിപ്പിടിച്ചു. അന്ന ഒരു മനോരോഗിയെപ്പോലെ കുതറിമാറാന്‍ ശ്രമിച്ചു. അവള്‍ക്ക് ശക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചതുപോലെ അന്ന ജോസഫിനെ കട്ടിലിലേക്ക് വലിച്ചിട്ട് അവനു മുകളില്‍ കയറിയിരുന്ന് തലയണകൊണ്ട് ജോസഫിനെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചു. ജോസഫ് പ്രാണവേദനയില്‍ അവന്റെ സര്‍വശക്തിയും ഉപയോഗിച്ച് അന്നയെ കുടഞ്ഞിട്ടു. അന്നയുടെ തല കട്ടിലില്‍ ചെന്നിടിച്ചതും പെട്ടെന്ന് മോഹല്യാസപ്പെട്ടവള്‍ നിലത്തുവീണു.
‘ജോസഫേ… കതക് തുറക്ക്… എന്നാ പറ്റിയേ മക്കളേ…?’
‘ഒന്നൂല്ലമ്മച്ചീ… അന്നയൊന്ന് വീണതാ…’
‘ശ്രദ്ധിക്കണ്ടേ… കര്‍ത്താവേ… നീ വാതില്‍ തുറക്ക്…’
ജോസഫ് വാതില്‍ തുറന്നു. മറിയാമ്മ അകത്ത് കടന്നു ചിതറിക്കിടക്കുന്ന വിളക്ക് സ്റ്റാന്റ്, അലങ്കോലമായ കട്ടില്‍ സംശയത്തോടെ മറിയാമ്മ ജോസഫിന്റെ മുഖത്തേക്ക് നോക്കി.
‘ഒന്നൂല്ലമ്മച്ചീ… അവള്‍ നടക്കുമ്പോള്‍ വിളക്ക് സ്റ്റാന്റില്‍ കാല് തട്ടി വീണതാ. അമ്മച്ചി, ഇത്തിരി വെള്ളം കൊണ്ടുവാ… അന്നയ്ക്ക് ബോധം പോയെന്നാ തോന്നുന്നത്.’
ജോസഫ്, അന്നയെ മടിയില്‍കിടത്തി മുഖത്ത് വെള്ളം തെളിച്ചു. അന്നയ്ക്ക് ബോധം തിരിച്ചുകിട്ടി.
‘എന്താ ഇച്ചായാ എനിക്ക് പറ്റിയേ? ഒന്നും ഓര്‍മയില്ല…’
‘ഏയ് ഒന്നൂല്ല… വിളക്ക് സ്റ്റാന്റ് തട്ടി നീയൊന്ന് വീണതാ. ഇത് ഞാന്‍ നോക്കിക്കോളാം. അമ്മ പോയി
ക്കിടന്നോ… നാളെ നേരത്തെ എഴുന്നേല്‍ക്കേണ്ടതല്ലേ?’ മറിയാമ്മ താഴേക്ക് പോയി.
‘പറ അന്ന… നീ എന്തിനാ എന്നെ കൊല്ലാന്‍ നോക്കിയേ…’ അവള്‍ ഒന്നും മിണ്ടാതെ ചുറ്റുപാടുകളിലേക്ക് ഭയത്തോടെ മിഴിച്ചകണ്ണുകളോടെ നോക്കി.
‘എന്താ നിനക്ക് പറ്റിയത് അന്ന… പറ എന്നെ കൊല്ലാന്‍ മാത്രം എന്ത് വെറുപ്പാണ് എന്നോട്? നിനക്കിഷ്ടമില്ലേ പറഞ്ഞാപോരേ ഞാന്‍ തന്നെ മരിച്ച് തരാമല്ലോ…’
അന്ന ജോസഫിന്റെ വായില്‍ കൈവെച്ചു പൊത്തി.
‘അങ്ങനെയൊന്നും പറയല്ലേ നീ എന്റെ ജീവനാ…’
‘പിന്നെന്തിനാ?’
ജോസഫ് അന്നയെ മടിയില്‍നിന്നും താഴ്ത്തിക്കിടത്തി ജനാലയ്ക്കടുത്ത് പോയിനിന്നു.
‘പറയാം. ഇനിയും ആ രഹസ്യം മറച്ചുപിടിക്കാനെനിക്കാവില്ല. ആ രഹസ്യത്തിന്റെ പ്രതിഫലം മരണമാണ് അതറിഞ്ഞവരാരും ഇതുവരെ ജീവനോടില്ല. പക്ഷേ, എനിക്ക് ആയുസ്സുണ്ടാവും ഞാന്‍ പ്രസവിക്കുന്നതുവരെ.’
‘നീ എന്തൊക്കെയാ പറയുന്നേ… എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്ത് രഹസ്യം?’
‘അതൊരു രഹസ്യമാണ്. ഈ ഇടവകയില്‍ നാശം വിതക്കാന്‍ പോകുന്ന കറുത്ത രഹസ്യം.’
‘ഇവിടെ സാധാരണമെന്ന് നമ്മള്‍ കരുതിയ ഓരോ അപകടമരണങ്ങള്‍ക്കു പിന്നിലും അയാളുടെ കറുത്ത അദൃശ്യകരങ്ങളാണ്. ഈ നാടിനെത്തന്നെ നശിപ്പിച്ചുകളയാന്‍ പാകത്തില്‍ ദുഷ്ടശക്തി നേടിയ മാന്ത്രികനാണയാള്‍. മാത്തുക്കുട്ടി, അയാളുടെ ഭാര്യ, തൊമ്മിച്ചന്‍, അയാളുടെ ഭാര്യ, അവരുടെ മകളെ പ്രണയിച്ച ഇക്കര്‍ അങ്ങനെ അവസാനം എന്റെ കെട്ട്യോന്‍ റാഫേല്‍… എല്ലാവരുടെയും മരണത്തിന്
പിന്നിലും അയാളാണ്. അന്ന് കാട്ടില്‍നിന്നും തൊമ്മിച്ചനെയും കണ്ട് വീട്ടില്‍വന്ന റാഫേല്‍ ഭയത്താല്‍ വിറക്കുന്നുണ്ടായിരുന്നു. അന്നുരാത്രി റാഫേല്‍ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. അതിനുശേഷമാണ് പള്ളിയില്‍ കുരിശുപ്പള്ളി തുറക്കണമെന്ന് റാഫേല്‍ ആവശ്യം ഉന്നയിച്ചത്. അതിനുള്ളിലാണ് അയാളുടെ ദുര്‍മന്ത്രവാദം… സാത്താന്‍സേവ…’
‘ആരാ ആരാണെന്നു പറ? നടുറോഡില്‍ വെച്ചവനെ തല്ലിക്കൊല്ലണം…’
‘അയാളെ ഒന്നും ചെയ്യാനാവില്ല. നിങ്ങള് കരുതുന്നപോലെ ഒരു നിസ്സാരനേയല്ല അവന്‍. അവന് ചുറ്റും ഈ നാടും… പിന്നെ അവന്റെ പടയായ് സാത്താന്മാരുമുണ്ട്.
‘അവന്‍… അവന്‍… ആരാണവന്‍…’ അന്ന ഒന്നുംമിണ്ടാതെ ടേബിളിന് മുകളിലെ വെള്ളം ആര്‍ത്തിയോടെ വലിച്ചുകുടിച്ചു.
‘പറ അന്ന ആരാണയാള്‍’
‘അതുപറയാന്‍ എനിക്ക് ഭയമാണ്. നിങ്ങളുടെ ജീവനെ ഞാന്‍ ഭയപ്പെടുന്നു. അയാള്‍ എന്ന ആ രഹസ്യം എന്നോടെ തന്നെ മണ്ണടിയട്ടെ…’
‘അന്ന നിന്റെ വയറ്റില്‍ വളരുന്ന നമ്മുടെ കുഞ്ഞിനെ ഓര്‍ത്തെങ്കിലും പറ…’
‘ഞാനും ഈ കുഞ്ഞും അയാളുടെ ദുഷ്ടകരങ്ങള്‍ക്ക് നടുവിലാണ്…’
‘അന്ന നിന്നെയും നമ്മുടെ കുഞ്ഞിനെയും എനിക്കുവേണം… അതിനുപകരം എന്റെ മരണമായാലും. നീ പറ…’
‘പറയാം… ഞാന്‍ പറയാം…’ അന്ന ഭയത്തോടെ മുഴുവന്‍ ജനലുകളും കൊട്ടിയടച്ചു. അതിന്റെ കര്‍ട്ടനുകള്‍ വലിച്ചുനീട്ടി. വാതില്‍ താഴിട്ടോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി അവള്‍ ഒരു ഭ്രാന്തിയെപ്പോലെ ചുറ്റുപാടുകള്‍ അതിസൂക്ഷ്മം നിരീക്ഷിച്ചു.
‘അന്നാ… എന്താ നീയീ കാണിക്കുന്നേ? ഇവിടെ നമ്മള്‍ രണ്ടുപേരും മാത്രമല്ലേയുള്ളൂ… പിന്നെന്താ?’
‘അല്ല, അയാളുടെ ആജ്ഞാനുവര്‍ത്തികള്‍ എനിക്ക് ചുറ്റുമുണ്ടാവും. നമ്മള് പോലും കാണാതെ ഈ ഇരുട്ടിനെ പുതച്ച് അവര്‍ ചുറ്റും സഞ്ചരിക്കുന്നുണ്ടാവും.’
‘നീ വല്ലാതെ ഭയപ്പെടുന്നു.’
‘ഭയപ്പെടണം… അത്രയ്ക്ക് ഭീകരമാണ് അവന്റെ ചെയ്തികള്‍…’ അന്ന ജോസഫിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
‘അച്ചന്‍… നമ്മുടെ പള്ളിവികാരി ഫാദര്‍ എബ്രഹാം ഫിലിപ്പ് തോട്ടുവക്ക്…’
‘അയാളോ!!!’
‘അതെ, അതാണ് ഞാന്‍ പറഞ്ഞത് അയാളെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്…’
‘നാട്ടുകാരെ അറീക്കണം…’
‘എന്തിന്… ആര് വിശ്വസിക്കും… പത്തിരുപത് വര്‍ഷമായിവിടെ. ഇവിടുത്തുകാര്‍ക്ക് എന്തേലും ഒരു മോശം അയാളെക്കുറിച്ച് പറയാനാവുമോ. അയാള്‍ അതിബുദ്ധിമാനാണ്. രഹസ്യങ്ങള്‍ അറിയുന്നവരില്‍ ഇന്ന് ഞാനേ ജീവിച്ചിരിപ്പുള്ളൂ… ഇപ്പോള്‍ നീയും. ഈ പള്ളിപ്പെരുന്നാള്‍ കഴിയുന്നതോടെ എല്ലാം അയാളുടെ കൈപ്പിടിയിലാവും പരിപൂര്‍ണ ശക്തന്‍. വിദേശത്തുനിന്ന് വരുന്ന വൈദികര്‍ ക്രിസ്തുമതത്തിന്റെ ആളുകളല്ല. അയാളെപ്പോലെ സാത്താന്‍സേവയുടെ പുരോഹിതന്മാരാണ്. അന്ന് കുരിശുപ്പള്ളി തുറക്കും. അവിടെ അവരുടെ വൈദികത്വത്തില്‍ കറുത്തകുര്‍ബാന നടക്കും. ആ ദിവസം തന്നെയായിരിക്കും നമ്മുടെ കുഞ്ഞിന്റെ പ്രസവവും. അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ വിശ്വാസപ്രകാരം നമ്മുടെ കുഞ്ഞ് അന്ത്യക്രിസ്തുവിന്റെ ഏറ്റവും ശക്തനായ പടനായകനാണ്. അവന്‍ ജനിക്കുമ്പോഴേക്കും നിങ്ങള്‍ കൊല്ലപ്പെടണം ഇതാണവരുടെ വിശ്വാസം’
‘ഇതെല്ലാം നീ എങ്ങനെ?’
‘അയാള്‍ എന്നില്‍ ആധിപത്യം സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായി… റാഫേലിനെ കൊന്നത് ഞാനാണ്… എന്റെ ഈ കരങ്ങള്‍കൊണ്ട്… അപ്പോള്‍ എന്റെ മനസ്സ് വേറെ ആരോ നിയന്ത്രിക്കുന്നപോലെയായിരുന്നു ഇപ്പോള്‍ നിന്നെ കൊല്ലാന്‍ ശ്രമിച്ചതും അങ്ങനെ തന്നെ. ജോസഫ് എനിക്ക് ഭയമാവുന്നു. എന്റെ കരങ്ങള്‍ കൊണ്ടെങ്ങാനും നീ കൊല്ലപ്പെടുമോ എന്നാണ് എന്റെ ഭയം.’
‘ഒന്നും സംഭവിക്കില്ല നീയുറങ്ങിക്കോ. നാളെ നേരത്തെ എഴുന്നേല്‍ക്കേണ്ടതല്ലേ…’
അന്നയെ മടിയില്‍നിന്നും ഇറക്കിക്കിടത്തി ജോസഫ് ലൈറ്റ് ഓഫ് ചെയ്ത്, അന്നയ്ക്കടുത്ത് വന്നുകിടന്നു. അന്ന ഞൊടിയിടയില്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പക്ഷേ, ജോസഫിന് അന്നുരാത്രി ഒരുപോള കണ്ണടയ്ക്കാന്‍ പറ്റിയില്ല. അച്ചനെക്കുറിച്ച് കേട്ട മുഴുവന്‍ കാര്യങ്ങളും അവന്റെ വിശ്വാസങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. അന്ന പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ ഈ പള്ളിപ്പെരുന്നാള് നടന്നുകൂടാ… ജോസഫിന്റെ ചിന്തകള്‍ കാട് കയറി. സാത്താന്‍സേവ! മുന്‍പ് ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. സാത്താന്മാരെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ സാധിപ്പിക്കാനുള്ള ഒരു ആരാധനാരീതി. അതിന് ഏറ്റവും നല്ലവഴി ദൈവത്തെ നിന്ദിക്കലാണ്. അതിനുവേണ്ടി അവര്‍ നിഷേധിക്കപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നു. ബൈബിളില്‍ ചവിട്ടുന്നു, കുരിശിനെ നിന്ദിക്കുന്നു, സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നു, കുഞ്ഞുങ്ങളെ ബലിയര്‍പ്പിക്കുന്നു… അങ്ങനെ അങ്ങനെ മനുഷ്യര്‍ നിന്ദ്യമായിക്കാണുന്ന മുഴുവന്‍ കാര്യങ്ങളും അവര്‍ ചെയ്യുന്നു.
ഇല്ല്യുമിനാറ്റി എന്ന രഹസ്യസംഘടനയായി അവര്‍ ലോകം നിയന്ത്രിക്കുന്നു. ഇന്ന് ലോകം നിയന്ത്രിക്കുന്ന എല്ലാ ശക്തികള്‍ക്കും മുകളിലുള്ള ശക്തി. കാട്ടുതീപോലെയവര്‍ യുവമനസ്സുകളെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ചിന്തകള്‍ ഉച്ചിയിലേക്ക് കയറിക്കയറി പോവുമ്പോള്‍ നേരം പുലര്‍ന്നതറിഞ്ഞില്ല. അലാറം ശബ്ദിച്ചുകൊണ്ടേയിരുന്നു.
‘അന്നേ… എഴുന്നേല്‍ക്ക് പോവണ്ടേ?’
അന്നയേയും അമ്മച്ചിയേയും വിളിച്ചുണര്‍ത്തി അവര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കഴുകപ്പാറയില്‍നിന്ന് എണ്‍പത്തിമൂന്നോളം കിലോമീറ്ററുണ്ട് ജില്ലാ ആശുപത്രിയിലേക്ക്. അന്നയെ കാണിച്ച്തിരിച്ചുവരുമ്പോഴേക്കും ഏകദേശം വൈകുന്നേരം ആറുമണിയോളമായിക്കാണും.
‘ജോസഫ് ഉറങ്ങിയോ?’
‘ഉണ്ടാവില്ല അച്ചായ… ഞാന്‍ വിളിക്കാം…’ യാക്കോബ് കോട്ടയത്തുനിന്നും എത്തിയപാടെ ജോസഫിനെയാണ് തിരക്കിയത്.
‘എന്താ അപ്പച്ചാ?’
‘ഹാ… ആശുപത്രിയില്‍ പോയിട്ട് എന്ത് പറഞ്ഞു’ തന്റെ ജുബ്ബ അഴിക്കുന്നതിനിടയില്‍ യാക്കോബ് ചോദിച്ചു.
‘അധികം ശരീരമിളക്കണ്ട എന്ന് പറഞ്ഞു.’
‘ഉം. പ്രസവം ഏകദേശം… നമ്മുടെ പള്ളിപ്പെരുന്നാളിന്നടിപ്പിച്ചായിരിക്കും വരിക അല്ലേ?’ യാക്കോബ് ചുരുട്ട് കത്തിക്കുന്നതിനിടയില്‍ ചോദിച്ചു.
‘അതെ, ഡിസംബര്‍ അവസാനത്തേക്ക്…’
‘അതേതായാലും നന്നായി.’
‘പള്ളിപ്പെരുന്നാളിന് നീ കൂടേണ്ടെന്നാ കമ്മിറ്റിയുടെ തീരുമാനം.’
‘അതെന്തന്യായമാ അപ്പച്ചാ?’
‘അതൊക്കെ ഓരോ പൊറുതികേട് ചെയ്തുവെക്കുമ്പോ ആലോചിക്കണം…’
ജോസഫ് ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.
‘പ്രസവവേദന വന്നാലും ഇല്ലേലും പള്ളിപ്പെരുന്നാളിന്റെ രണ്ടു ദിവസം മുന്‍പേ ആശുപത്രിയില്‍ പോയി അഡ്മിറ്റായിക്കോളണം.’
‘അത് പറഞ്ഞാ എങ്ങനെയാ അപ്പച്ചാ… ഞാനുമീ ഇടവകയില്‍ തന്നെയല്ലേ?’
‘നിന്നെ പള്ളിപ്പെരുന്നാളിന് കണ്ടാല്‍ കാലടിച്ച് മുറിക്കൂന്നാ ആ പീലിയും സണ്ണികുര്യനും അച്ചനോട് പറഞ്ഞേച്ചും പോയത്. അവര്‍ക്കൊപ്പം സേവിയറും രാഹുലനും ഒക്കെയുണ്ട്. കണ്ടവരുമായൊക്കെ പ്രശ്‌നമുണ്ടാക്കിവെക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു.’
‘ഇതൊന്നും എന്നോടുള്ള വെറുപ്പ് കൊണ്ടല്ല… അപ്പനോടുള്ള അസൂയകൊണ്ടാ… അപ്പനെ താഴ്ത്തിക്കെട്ടാന്‍.’
‘അതെന്തേലും ആയിക്കോട്ടെ. അല്ലാ… നീ അപ്പന് നല്ല പേരല്ലേ ഉണ്ടാക്കിത്തന്നേ…’ ജോസഫ് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
‘ഹാ… പിന്നെ ഒരുകാര്യം പള്ളിപ്പെരുന്നാളിന് നിന്നെ ഇവിടെ കണ്ടാല്‍ അവരല്ല ഞാനായിരിക്കും നിന്റെ കാല് തല്ലി ഒടിക്കുന്നത് അത് ഓര്‍മയില്‍ വെച്ചോ…’
ജോസഫ് ഉറക്കം വരാതെ റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും വെറുതെ ഉലാത്തി. ശരിക്കും പറഞ്ഞാ എന്നെ ഇടവകയില്‍നിന്നും പുറത്താക്കിയതിന് തുല്യമല്ലേ ഈ തീരുമാനം. ചിലപ്പോള്‍ അന്ന പറഞ്ഞതുപോലെ ഇതൊക്കെ അയാളുടെ കരുതിക്കൂട്ടിയുള്ള കളിയുടെ ഭാഗമായിരിക്കും. അന്നയില്‍നിന്നും ആ രഹസ്യം എന്നിലെത്തുമെന്നുറപ്പുള്ള അയാള്‍ എന്നില്‍ സഭയ്ക്കുള്ള വിശ്വാസത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢശ്രമത്തിന്റെ ഫലമായിരിക്കും. അയാളെ പൂട്ടാന്‍ അയാള്‍ ചെയ്യുന്ന വിശ്വാസവഞ്ചനയെ എങ്ങനെയാണ് ജനമധ്യത്തിലേക്കെത്തിക്കുക. താനിത് പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ലെന്ന് ജോസഫിന് നല്ല ഉറപ്പുണ്ട്. അല്ലെങ്കില്‍ പള്ളിപ്പെരുന്നാള്‍ അലങ്കോലപ്പെടുത്താനുള്ള എന്റെ ശ്രമമായേ ജനങ്ങള്‍ കരുതൂ… ജോസഫ് എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
ജോസഫ് നേരം പുലര്‍ന്നപാടെ ആരോടും മിണ്ടാതെ പള്ളിയിലേക്ക് പോയി. സൂര്യന്‍ മല മുഴുവന്‍ തഴുകിത്തഴുകി ഉണര്‍ത്തി വരുന്നതേയുള്ളൂ. രാത്രിയുടെ കൂരിരുട്ടില്‍ ഊറിവീണ മഞ്ഞുകണങ്ങള്‍ പുല്‍ക്കൊടിയുടെ തുമ്പത്ത് നിന്ന്ഊര്‍ന്നുവീഴുന്നതിനുമുന്‍പ് തന്നില്‍ സൂര്യനെ നിറയ്ക്കാനുള്ള ശ്രമത്തിലാണ്. പള്ളിമുറ്റത്ത് വിരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍ പ്രഭാതത്തിന്റെ ഇളംചൂടില്‍ ജീവിതത്തെ തൊട്ടറിയുകയാണ്. അച്ചന്‍ വളരെ സൂക്ഷ്മതയോടെ അവയ്ക്ക് വെള്ളമൊഴിച്ചും ഇലകളെ ലാളിച്ചും കച്ചറകള്‍ നീക്കിയും അവയ്‌ക്കൊപ്പം തോട്ടത്തില്‍ തന്നെയുണ്ട്. പള്ളിയുടെ മറുവശത്ത് അച്ചന്‍തന്നെ വെച്ചു പിടിപ്പിച്ച മനോഹരമായ തോട്ടമാണ് അതിനോട് ചേര്‍ന്നുതന്നെ പിറകുവശത്ത് കുരിശുപള്ളിവരെ നീളത്തില്‍ പച്ചക്കറി തോട്ടവുമുണ്ട്.
‘എന്താ ജോസഫേ… പതിവില്ലാതെ പള്ളിയിലൊക്കെ? ദൈവത്തെ കാണാൻ വന്നതാണോ?’
‘ദൈവത്തെ കാണാന്‍ പള്ളിയില്‍ വരേണ്ട ആവശ്യമില്ലല്ലോ അച്ചോ… ദൈവത്തെ ലോകത്തെവിടെ നോക്കിയാലും കാണാം. ചിലപ്പൊ പിശാചുക്കളെ കാണാന്‍ പള്ളിയില്‍തന്നെ വരേണ്ടിവരും അല്ലേ അച്ചോ?’
‘നീ രാവിലെതന്നെ ദൈവനിന്ദ പറയാന്‍ വന്നതാണോ?’
‘ചിലര്‍ പറയുമ്പോള്‍ ദൈവനിന്ദ, ചിലര്‍ പറയുമ്പോള്‍ ദൈവഹിതം… എന്തൊരു മനോഹരമാണച്ചോ നിങ്ങളൊക്കെ നടത്തുന്ന ദൈവനീതി.? അച്ചോ, അന്ന എന്നോടെല്ലാം പറഞ്ഞു. നിങ്ങളീ നാടിനെ ഒരു വലിയ ദുരന്തത്തിലേക്കാണ് കൊണ്ടുപോവുന്നത്.
ഹോ അപ്പം എല്ലാം അറിഞ്ഞോണ്ടുള്ള വരവാണ്
‘അവന്‍ വരാനുള്ള സമയമായി. അവന്റെ കൈകളിലാണിനിയീ ലോകത്തിന്റെ രക്ഷ. ലോകം മുഴുവന്‍ അവന്റെ വരവിനായി കാത്തിരിക്കുന്നു.’
‘ഈ രഹസ്യമറിയുന്നവരാരും ഇവിടെ ജീവനോടെയില്ലെന്നല്ലേ പറഞ്ഞത്. ഞാനുണ്ട് എന്താ ചെയ്യേണ്ടതെന്നെനിക്കറിയാം.’
‘നീ എന്തുചെയ്യാനാണ്? ഇത്രയും തന്ത്രത്തോടെ കാര്യങ്ങള്‍ നീക്കാന്‍ എനിക്കറിയാമെങ്കില്‍ ഞാനുദ്ദേശിച്ചതുപോലെതന്നെ എല്ലാം നടക്കും. നിന്റെ ഇപ്പോഴത്തെ ജീവന്‍ അന്നയുടെ കൈയില്‍നിന്നും വഴുതിപ്പോയ അവന്റെ ഭിക്ഷയാണ് ഞങ്ങളുടെ രക്ഷകന്റെ അവന്‍ കുറിച്ചു കഴിഞ്ഞതാണ് നിന്റെ ആയുസ്സ്. അന്ന പ്രസവിക്കുന്നതുവരെ മാത്രമേ നിനക്കിനി ആയുസ്സുള്ളൂ… അത് നീ മറക്കണ്ട. എന്റെ വാക്കുകളെ വെറും വാക്കുകളായി കാണണ്ട. അത് സത്യങ്ങളാണ് അവനെനിക്കറിയിച്ചു തരുന്ന വെളിപാട്. ഡിസംബറില്‍ പള്ളിപ്പെരുന്നാളിന്റെ അന്ന് കുരിശുപ്പള്ളിയില്‍ വിദേശത്തുനിന്നും എത്തുന്ന വൈദികരുടെ നേതൃത്വത്തില്‍ കറുത്ത കുര്‍ബാന അരങ്ങേറും. അന്നത്തെ ബലിക്കുമുന്‍പേ അന്ന പ്രസവിക്കും, ഒരാണ്‍കുഞ്ഞിനെ. അതിനുമുന്നേ നിന്റെ മരണവും അതോടെ പൂര്‍ണമായും ഈ ഇടവക ഞങ്ങളുടെ അധീനതയിലാകും.”
അയാള്‍ പൊട്ടിച്ചിരിച്ചു.
‘നിനക്ക് തടുക്കാന്‍ പറ്റുമെങ്കില്‍ തടുത്ത് നോക്ക്… നിന്റെ ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് ഞങ്ങളുടെ രക്ഷകന്റെ പടനായകനാണ്. സാത്താന്റെ പുത്രന്‍. നീ പരിശുദ്ധമാതാവിന്റെ കല്ലറയില്‍ ചില ചിത്രപ്പണികള്‍ കണ്ടില്ലേ? അത് ശ്രദ്ധിച്ചുനോക്ക്. അത് വെറും കൊത്തുപണികളല്ല. അത് പിഴക്കാത്ത പ്രവചനങ്ങളാണ്. ഞങ്ങളുടെയൊക്കെ മഹാഗുരു എഡ്രിക്ക് സായിപ്പിന്റെ പ്രവചനങ്ങള്‍. അത് പുലരാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല ഏതാനും യാമങ്ങള്‍ മാത്രം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല