രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം നാനോടെക്‌നോളജിയിലെ ഗവേഷണത്തിന്

0
89

സ്റ്റോക്കോം: 2023ലെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. മൗംഗി ജി. ബാവെന്‍ഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്‌സിറ്റി, യുഎസ്എ), അലക്‌സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവര്‍ക്കാണ് പുരസ്‌കാരം. നാനോടെക്‌നോളിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ പുരസ്‌കാരം. ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ക്വാണ്ടം ഡോട്ട്‌സ്

അലക്‌സി എക്കിമോവാണ് 1981ല്‍ ആദ്യമായി ക്വാണ്ടം ഡോട്ട്‌സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടര്‍ പാര്‍ട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്‌സ്. കാഡ്മിയം സെലെനൈഡ്, ലെഡ് സള്‍ഫൈഡ് തുടങ്ങിയവ കൊണ്ടാണ് ഇവ നിര്‍മിക്കുക പതിവ്. വലുപ്പമനുസരിച്ച് വിവിധ നിറങ്ങളില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവും ഇവയ്ക്കുണ്ട്. ട്യൂണബ്ള്‍ എമിഷന്‍ എന്ന ഈ കഴിവ് ഇലക്ട്രോണിക് ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളിലും വരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ക്വാണ്ടം ഡോട്ടുകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള എല്‍ഇഡി ലൈറ്റുകള്‍ക്ക് ഉയര്‍ന്ന അളവില്‍ പ്രകാശം ഉല്‍പാദിപ്പിക്കാനാകും. വൈദ്യുതി കുറച്ച് കൂടുതല്‍ പ്രകാശിക്കാനും സാധിക്കും. സോളര്‍ സെല്ലുകളിലും ഇതു ഫലപ്രദമായി ഉപയോഗിക്കാനാകും. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദര്‍ശിപ്പിക്കാനും കാന്‍സര്‍ ചികിത്സയിലുമെല്ലാം ഇവയുടെ ഉപയോഗമുണ്ട്. അതിവേഗതയാര്‍ന്ന ക്വാണ്ടം കംപ്യൂട്ടിങ്ങിലും ഇന്ന് നിര്‍ണായക ഘടകമാണിത്.

പേരുകള്‍ ചോര്‍ന്നു?

അതിനിടെ, രസതന്ത്ര നൊബേല്‍ ചോര്‍ന്നത് വിവാദമായി. നൊബേല്‍ പുരസ്‌കാരം നിര്‍ണയിക്കുന്ന സ്വീഡിഷ് അക്കാഡമി ഇന്ന് പകല്‍ ഈ പുരസ്‌കാരം സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് അബദ്ധത്തില്‍ അയയ്ക്കുകയായിരുന്നുവെന്ന് സ്വീഡിഷ് മാധ്യമമായ എസ്വിടി റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ് സമയം പകല്‍ 11.45നാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

നാളെ സാഹിത്യ നൊബേല്‍

തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചാണ് സാഹിത്യ നൊബേല്‍ പ്രഖ്യാപിക്കുക. സമാധാന നൊബേല്‍ വെള്ളിയാഴ്ചയും. തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേല്‍ പ്രഖ്യാപിക്കുക. പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുന്ന തുകയില്‍ 10% വര്‍ധനവ് ഈ വര്‍ഷം നൊബേല്‍ ഫൗണ്ടേഷന്‍ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോള്‍ഡ് മെഡലും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് ലഭിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here