അജ്മല്‍ എന്‍കെ
ആകാംക്ഷയോടെ, ആവേശത്തോടെ പോയിട്ട്, സിനിമ കാണാൻ ടിക്കറ്റ് കിട്ടാതെ നിരാശപ്പെടേണ്ടിവന്ന അനുഭവങ്ങൾ ഒരുപാടുണ്ടായിട്ട്. എന്നാൽ ഇന്നത്തെ നിരാശ വേറിട്ട ഒന്നായിരുന്നു. ടീസർ ഇറങ്ങിയത് മുതൽ തുടങ്ങി, ട്രെയിലർ ഇറങ്ങിയപ്പോൾ ഇരട്ടിച്ച്, ഒടുവിൽ വീഡിയോ ഗാനങ്ങൾ ഇറങ്ങിയപ്പോൾ പാരമ്യത്തിലെത്തിയ ആകാംക്ഷയുമായി തിയേറ്ററിലേക്കോടുമ്പോൾ ടിക്കറ്റ് കിട്ടിയേക്കില്ലെന്ന പേടിയുണ്ടായിരുന്നു. എന്നാൽ തിയേറ്ററിൽ എതിരേറ്റത് ഒഴിഞ്ഞ കസേരകൾ! കേരളം മേരിക്കുട്ടിയെ ചർച്ചചെയ്യാൻ തുടങ്ങിയത് കൊയിലാണ്ടി അറിഞ്ഞിട്ടേയില്ലായിരുന്നു, അറിയാനാർക്കുമത്ര താല്പര്യമില്ലായിരുന്നു. ഇതേ നായകന്റെ ‘ആട് 2 ‘ മാസങ്ങളോളം നിറഞ്ഞാടിയ തിയേറ്ററിൽ, വിഷയമിതായത് കൊണ്ട് മാത്രം, ഫാനുകൾ വെറുതേ കറങ്ങേണ്ടി വരുന്നു.
ഇത് തന്നെയാണ്, ഈ അവഗണനയെ പറ്റിയാണ് മേരിക്കുട്ടി രണ്ടര മണിക്കൂറോളം എന്നോട് പറഞ്ഞതും. ആണത്തത്തെ ഓർത്ത് അഭിമാനം കൊള്ളുന്ന, പെണ്മയെ അഭിനന്ദിക്കുന്ന സമൂഹത്തിൽ, ആണിന്റെ ശരീരത്തിൽ ജനിച്ചുപോയതിനാൽ അഭിമുഖീകരിക്കേണ്ടി വന്ന പെൺപ്രശ്നങ്ങളാണ് മേരിക്കുട്ടി പങ്കുവെയ്ക്കുന്നത്. കെട്ട സമൂഹത്തിന്റെ ആണുംപെണ്ണും കെട്ടവനെന്ന വിളിയേയും, കൊത്തിപ്പറിക്കുന്ന നോട്ടങ്ങളേയും കരുത്തോടെ നേരിടുകയാണ് മേരിക്കുട്ടി. കൂടെ നിൽക്കാനുള്ളത് വിരലിലെണ്ണാവുന്നത്ര പേരാണെങ്കിലും അവരേകുന്ന ആത്മവിശ്വാസം ചിറകാക്കി ഉയർന്നുപറക്കുകയാണ് മേരിക്കുട്ടി. കാമം കത്തുന്ന നോട്ടങ്ങളെ, കോപം കത്തുന്ന നോട്ടങ്ങളാൽ നേരിടുന്ന മേരി ഒടുവിൽ വിജയപീഠമേറുകയാണ്. ആദ്യ ട്രെയിലറിൽ തന്നെ വായിച്ചെടുക്കാനാവുന്ന കഥയിൽ അപ്രതീക്ഷിത ട്വിസ്റ്റുകളോ അതിനാടകീയ നിമിഷങ്ങളോ ചേർക്കാതെ തന്നെയാണ് രഞ്ജിത്ത് ചിത്രം തിരശീലയിലെത്തിച്ചിരിക്കുന്നത്.
“അയാൾ കഥാപാത്രമായി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു.. ” പറഞ്ഞുപറഞ്ഞ് തുരുമ്പെടുത്ത ക്ലീഷേ ഡയലോഗാണെന്ന ഉത്തമബോധ്യമുണ്ടെങ്കിലും ജയസൂര്യയ്ക്ക് ഒരുപാട് തവണ ചാർത്തികൊടുത്ത ആ വാക്കുകൾ തന്നെയേ ഇത്തവണയും നൽകാനുള്ളൂ. ക്യാപ്റ്റൻ സത്യനിൽ നിന്നും ഇറങ്ങി മേരിക്കുട്ടിയിലേക്ക് ജയസൂര്യ നടത്തിയ പരകായപ്രവേശം അസാധ്യമെന്നത് പറയാതെ വയ്യ. സു സു സുധി വാത്മീകത്തിൽ കയ്യെത്തും ദൂരത്ത് കൈവിട്ട ദേശീയ അവാർഡെന്ന തിളക്കമേറിയ നക്ഷത്രം ആ കൈകളിലൊടുവിൽ വന്നുചേർന്നാൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ഇന്നസെന്റ്, ജുവൽ മേരി, അജുവർഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും തങ്ങളുടെ റോളുകൾ തീർത്തും ഭംഗിയാക്കി. ആക്ഷൻ ഹീറോ ബിജുവിൽ പ്രേക്ഷകരെ ചിരിപ്പിച്ച അതേ കാക്കിയിട്ട് പ്രതിനായകനായെത്തിയ ജോജോ ജോർജ്ജിന്റെ പ്രകടനവും എടുത്തുപറയേണ്ടത് തന്നെ. പ്രേക്ഷകർക്ക് വെറുപ്പ് തോന്നുന്നിടത്താണ് വില്ലന്റെ വിജയം. ജോജോയെ മനസ്സിൽ പ്രാകിയാണ് ഞാൻ തിയേറ്റർ വിട്ടത് !
പച്ചയായ ജീവിതത്തെ പച്ചയായി സ്‌ക്രീനിൽ എത്തിക്കുമ്പോഴും ചില കോണുകളിലെ കുഞ്ഞുപോരായ്മകൾ പ്രകടമാവുന്നുണ്ട് ചിത്രത്തിൽ. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ സിനിമയേക്കാൾ സാമൂഹികപ്രശ്നങ്ങൾക്ക് മുൻഗണന കൊടുക്കുന്ന പതിവ് ‘പുണ്യാളൻ 2’ ലെന്ന പോലെ ഇത്തവണയും രഞ്ജിത്ത് ശങ്കർ ആവർത്തിച്ചു. പൊലീസും പൊതുജനവും ചിത്രത്തിലുടനീളം സ്ത്രീവിരുദ്ധ ഡയലോഗുകൾ വാരിയെറിയുന്നുണ്ട്. ആണായി ജനിക്കാത്തതാണ് തന്റെ സങ്കടമെന്ന പെണ്ണിന്റെ പരിഭവത്തിൽ തുടങ്ങി, ” പെണ്ണുങ്ങളെ പോലീസിലെടുത്തത് തന്നെ നാണക്കേടാണെന്ന് ” അടക്കം പറയുന്ന അയ്യപ്പനും അവയിൽ ചിലത് മാത്രം.
ആണും പെണ്ണും അവജ്ഞയോടെ മാത്രം നോക്കിയ മേരിക്കുട്ടിക്ക് ചിത്രത്തിൽ കൂട്ടായെത്തുന്നത് കുരുന്നുകളാണ്. ട്രാൻസ്ജെൻഡറെന്നോ ട്രാൻസ്സെക്ഷ്വലെന്നോ കേട്ടിട്ട് പോലുമില്ലാത്ത കുട്ടികൾ മേരിയാന്റിയെ സ്നേഹിക്കുന്നു. നിഷ്കളങ്കമായ മനസോടെ ആരോടും ചിരിക്കുന്ന കുരുന്നുകളാണ് നമ്മുടെ സമൂഹത്തിലും, അവരുമീ ചിത്രം കാണട്ടെ, അവരും തിരിച്ചറിയട്ടെ…ഇതാണിന്റെ ലോകമല്ല, പെണ്ണിന്റെ ലോകമല്ല, കഴിവിന്റെ ലോകമാണെന്ന ആപ്തവാക്യം അവരും നെഞ്ചിലേറ്റട്ടെ…
[…] പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് […]