16 വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. കൂടെ ഫഹദും

0
837

മലയാളത്തില്‍ ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സത്യന്‍ അന്തിക്കാട്‌ ചിത്രത്തിനുവേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നത്.  ചിത്രത്തില്‍, മലയാളത്തിന്റെ യൂത്ത് ഐക്കണ്‍  ഫഹദും കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാകും. സത്യന്‍ അന്തിക്കാട്‌ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

‘പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് ‘പി.ആർ.ആകാശ് ‘ എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് “ഞാൻ പ്രകാശൻ” എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

“ഞാൻ പ്രകാശൻ” ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു’.

LEAVE A REPLY

Please enter your comment!
Please enter your name here