സച്ചിൻ എസ്. എൽ.
പ്രകാശൻ കൊള്ളാം. മടുപ്പില്ലാതെ കണ്ടിറങ്ങി പോന്ന ഒരു അന്തിക്കാടൻ ക്ലീഷെ. ശ്രീനി – അന്തിക്കാട് കൂട്ടുകെട്ടിന്റെ ഒത്തു ചേരൽ അതും പതിനാറു വർഷങ്ങൾക്കിപ്പുറം. പ്രകാശനെ കാണാനുള്ള കാരണം ഇതായിരുന്നു. ടൈറ്റിൽസ് മുതൽ പഴമ മണത്തോ എന്ന് തോന്നിപ്പിച്ചു. ശ്രീനിവാസന്റെ തന്നെ നറേഷനിൽ തുടങ്ങിയ ചിത്രത്തിൽ അൽപം കഴിയുമ്പൊ ഗോപാൽജിയെന്ന മർമ്മപ്രധാനിയായ ക്യാരക്ടർ റോളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുമുണ്ട്. പിന്നീടങ്ങോട്ട് കണ്ടതിലൊക്കെയും അന്തിക്കാടൻ ചുവയുണ്ടായിരുന്നു കേട്ടതിലൊക്കെയും ശ്രീനിവാസൻ മേന്മയും. ഒരു പക്ഷേ ഈ കൂട്ടുകെട്ടിന്റെ പ്രകാശനെന്ന ക്യാരക്ടർ ഫഹദ് ഫാസിലിനെത്തന്നെ ലക്ഷ്യം വെച്ചുള്ളതായിരുന്നോ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പെർഫോമൻസ്. തനത് നാട്ടിൻ പുറത്തുകാരനായ വലിയ സ്വപ്നങ്ങളുള്ള എന്നാലോ ഉള്ളിൽ കുശുമ്പും കുന്നായ്മയും തരക്കേടില്ലാത്ത കൊള്ളരുതായ്മയും കൈമുതലുള്ള ഒരു ചെറുപ്പക്കാരനെ പരിപൂർണമായി ലക്ഷണയുക്തമായിത്തന്നെ അവതരിപ്പിച്ചു ഫഹദ്. ആധുനിക മലയാള സിനിമയിൽ ‘ഫഹദിയൻ’ എന്നു വിശേഷണം അർഹിക്കുന്നത്രയും പോന്നൊരു അഭിനയ സമവാക്യം അതിന്റെ അത്യുന്നത തലത്തിൽ അവതരിപ്പിച്ചു കാട്ടി ഫഹദ്.
മാനറിസം അത് ശരീരം കൊണ്ടുള്ളതോ മുഖചേഷ്ടകളോ! എന്തുമാകട്ടെ. ഏറ്റു പിടിക്കാൻ പാകത്തിൽ അതി സൂഷ്മമായി കാട്ടി തന്നു ഫഹദിലെ ഇന്ദ്രജാലക്കാരൻ. എന്തൊരു തന്മയത്വം! തമാശയും, കളിയല്ലാത്തതും, ഇമോഷണൽ സീനുകളും മിശ്രിതമായി ഉൾക്കൊണ്ട സിനിമയിലെ രംഗങ്ങളോരോന്നിനും ഫഹദിയൻ നിലവാരം പ്രകടമായിരുന്നു.
അന്തിക്കാടൻ സിനിമയിലെ പതിവ് സാന്നിധ്യം അറിയിച്ച് കൊണ്ട് കെ. പി. എ. സി ലളിത ഭാഗവാക്കായ കഥാപാത്രത്തെത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിഖില വിമലും, അഞ്ജു കുര്യനും നായികമാരായി എത്തിയപ്പോൾ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ദേവിക സഞ്ജയ് സിനിമയുടെ ഗതി തിരിച്ച് വിടുന്ന പ്രധാനപ്പെട്ട ക്യാരക്ടറായി എത്തിയിട്ടുണ്ട്. ആദ്യ സിനിമയുടെ പരിചയക്കുറവ് തെല്ലും കാട്ടാതെ അഭിനയപ്രാധാന്യമുള്ള വേഷം കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ച ദേവിക സിനിമയുടെ രണ്ടാം പകുതിയെ പൂർണമായും തന്റേതു മാത്രമാക്കി മാറ്റി.
അന്തിക്കാടൻ സ്വാഭാവികത നിറഞ്ഞു തുളുമ്പിയ ചിത്രം ബോറടിപ്പിക്കാൻ സാധ്യതയില്ല. തമാശകൾ പലതും പതിനാറു വർഷം കഴിഞ്ഞതറിഞ്ഞില്ലയോ എന്ന് തോന്നിപ്പിച്ചു. എന്നിരുന്നാലും കുഴപ്പമില്ല എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമ കാണിച്ച സമൂഹിക പ്രതിബദ്ധത വിലപിടിപ്പുള്ളതാണ്. കുടുംബപ്രേക്ഷകർക്ക് ഈ അവധിക്കാലത്തേക്ക് ഒരു മുതൽക്കൂട്ടാവും ഈ ചിത്രം.
ചിത്രത്തിൽ പ്രകാശൻ പറയുന്നത് പോലെ ‘കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ചയെപ്പോലെ പെട്ടു പോയി സിനിമ കണ്ടപ്പോൾ’ എന്ന തോന്നലുണ്ടായെങ്കിൽ അന്തിക്കാടനിസം എന്ന മലയാള സിനിമാ സരണിയെ അടുത്തറിയാത്തവരാവണം അവർ. അല്ലാത്തവർക്ക് സിനിമ 100 % ഓക്കെയാണ്.