നിത്യാന്തരംഗം

0
857

രഘു. കെ. വണ്ടൂർ

ആദ്ധ്യാത്മിക ചോദനകള്‍ സ്വപ്ന പ്രതീക്ഷയുടെ തലം തേടുന്നത് സ്വര്‍ഗ്ഗകാമനയുടെ സ്വീകാര്യതയോ, നരകത്തിന്‍റെ നിരാകരണമോ അല്ല. ബുദ്ധിയും വിവേകവും അവബോധവും ശാസ്ത്രീയത നല്‍കുന്ന സൗമ്യതയിലൂടെ പരിണമിക്കേണ്ടുന്ന യുക്തിയുടെ ആകാശമാണ്‌. നനവുള്ള മേഘങ്ങളുടെ നിഴല്‍ പറ്റി വിഹായസ്സിന്‍റെ സൗമ്യശീതളതയില്‍ വന്നു ചേരുന്ന ഓരോ ചങ്ങാത്തവും ഗര്‍ഭസ്ഥ ശിശുവിന്‍റെ പൊക്കിള്‍ക്കൊടി പോലെ അമൃതുനുകര്‍ന്ന് പകര്‍ന്നു തരുന്ന ഇടങ്ങളാണ്.

ഒരു മൂന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് ,’നിത്യാന്തരംഗം; എന്ന പുസ്തകം എന്‍റെ കൈകളും കണ്ണുകളും മനസ്സും ഋതുഭേദങ്ങളിലേയ്ക്ക് ഏകരസമായി ലീനമാകും വരെ , ജന്മാന്തരങ്ങളുടെ ഇടവേളകളില്‍ പോലും ഇവനെ ആയിരുന്നു ഞാന്‍ അന്വേഷിച്ചിരുന്നതെന്ന്, ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു.

“ഒരു നിയോഗം പോലെ ഗുരുവിനൊപ്പം നാലുവര്‍ഷത്തോളം കഴിയാന്‍ അവസരം ഉണ്ടായി. ജീവിതമെന്ന് പറയുന്നത് തുച്ഛവും എന്നാല്‍ മഹിതവുമാണെന്ന അറിവിലേയ്ക്ക് ബോധത്തെ ഉണര്‍ത്താന്‍തക്ക സന്ദര്‍ഭങ്ങള്‍ അറിഞ്ഞോ അറിയാതയോ ഗുരുവിലൂടെ സംഭവിച്ചു. ഒരു ശിഷ്യനില്‍ ഉണ്ടാവേണ്ട ശ്രദ്ധയും തപസ്സും ആഴത്തില്‍ എന്നില്‍ നിന്നും പലപ്പോഴും ഉയര്‍ന്നു വന്നിട്ടില്ല. എനിക്കെന്‍റെ പരിമിതികള്‍ അറിയാമെങ്കിലും വലിയൊരു സാധ്യതയെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയില്ലല്ലോ എന്ന തോന്നല്‍ നേരിയ നീറ്റലായി നിറയുന്നു. കുറച്ചുകാലംകൂടി ഗുരു ഉണ്ടായിരുന്നെങ്കിലെന്ന് ഏവരെയും പോലെ ഞാനും കൊതിച്ചു പോകുന്നു. വിലപ്പെട്ടത്‌ നഷ്ട്ടപ്പെടുമ്പോള്‍ എന്നും ഏവര്‍ക്കും തോന്നിയിട്ടുള്ള അതേ വികാരം”

ഷൗക്കത്തും നിത്യചെതന്യയതിയും

 

ഇന്നു രാവിലെ ഈ മുഖവുര വീണ്ടും വായിച്ചപ്പോള്‍ മനസ്സ് ഏറെനേരം മഹാമൗനത്തിന്‍റെ സംസ്കൃതിയില്‍ വിലയം കൊണ്ടു. നാം എഴുതേണ്ടുന്നത്‌ വായിക്കപ്പെടുമ്പോള്‍ അനുഭവിക്കുന്ന അഭേദത്വം , ഏകമാനവിക സിദ്ധാന്തത്തിന്‍റെ സങ്കല്പാതീതമായ സങ്കലനമാണ്.

“സൂര്യനും താമരയും തമ്മിലുള്ള ബന്ധം പറഞ്ഞു പഴകിയതാണെങ്കിലും ഇന്നും സൂര്യന്‍ ഉദിക്കുന്നതും നോക്കി താമരമൊട്ടുകള്‍ കാത്തുനില്‍ക്കുക തന്നെ ചെയ്യുന്നു”

വിനയചൈതന്യ എന്ന ഗുരു ശിഷ്യനും പ്രിയരില്‍ പ്രിയനുമായ ഞങ്ങളുടെ വിനയണ്ണന്‍ അത്രമേല്‍ ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ട് എഴുതിയ അവതാരികയിലൂടെ യാത്ര പോകുമ്പോള്‍ കണ്ണുകള്‍ നിറയുന്നത് കണ്ണുള്ളതു കൊണ്ടല്ല. കാഴ്ചയുടെ പ്രകാശം അത്രമേല്‍ തത്വമസിയുടെ ശാലീനതയില്‍ സൗന്ദര്യത്തെ ആവാഹിക്കുന്നതുകൊണ്ടാണ്!

മഞ്ഞുമലയുടെ സാന്നിധ്യം പോലെ വാക്കുകളുടെ കുളിരേറ്റു തണുത്തു നടക്കുമ്പോള്‍ ചിലതൊക്കെ അടിവരയിട്ടു വയ്ക്കാറുണ്ട്.അവയില്‍ ചിലതൊക്കെ നിണം തൊട്ട് നിറം ചാര്‍ത്താറും ഉണ്ട്.

ഷൗക്കത്തും നിത്യചെതന്യയതിയും

“അച്ഛനും അമ്മയും ശുശ്രൂഷകനും സുഹൃത്തും മകനും വിദ്യാര്‍ത്ഥിയും കാമുകനും ഒക്കെയായി മാറാനുള്ള അവസരങ്ങള്‍ ഗുരു ഒരുക്കി തന്നു. കത്തുകള്‍ക്ക് മറുപടി എഴുതുന്നതില്‍ നിന്നും (ഗുരുവിനു വരുന്ന കത്തുകള്‍ക്ക് മറുപടി ഗുരു പറഞ്ഞുകൊടുക്കുകയാണ് ചെയ്യുക) രണ്ടു നേരത്തെ ക്ലാസ്സില്‍ നിന്നും ( രാവിലെയും വൈകിട്ടും ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും ക്ലാസുണ്ടാകും. ആ ക്ലാസ്സുകളില്‍ ഒഴുകിവരുന്ന വാക്കുകളാണ് 180 ല്‍പ്പരം പുസ്തകങ്ങളായി നിലനില്‍ക്കുന്നത്) സന്ദര്‍ശകരുമായുള്ള ചര്‍ച്ചകളില്‍ നിന്നും ഒക്കെ ലോകോത്തരങ്ങളായ ദാര്‍ശനികന്മാരെയും കവികളേയും ഭാരതീയവും പാശ്ചാത്യവുമായ ദര്‍ശനങ്ങളെയും വാമൊഴിയായി ശ്രവിക്കാന്‍ അവസരം ലഭിച്ചു. അതൊക്കെ എവിടെയൊക്കയോ പോയിവീണ് ചിലതെല്ലാം മുളച്ചു വളര്‍ന്നു. ചിലത് കരിഞ്ഞുപോയി. എന്‍റെ സ്വഭാവത്തിനും താല്പര്യത്തിനും അനുസരിച്ചുള്ള വിഷയങ്ങളിലേയ്ക്ക്‌ ഗുരു എന്‍റെ ശ്രദ്ധയെ തിരിച്ചു. റൂമിയെയും ജ്ഞാനദേവനേയും പോലെയുള്ള ആത്മാനുഭവികളെയും ബൈബിളും ഖുറാനും ഗീതയും തുടങ്ങി വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം അല്പാല്പമായി ഗുരു പരിചയിപ്പിച്ചു തന്നു”

ഈ വരികളിലൂടെ പോകുന്ന ഒരുപാടുപേര്‍ എഴുതാന്‍ കൊതിച്ച വരികള്‍ തന്നെയാകും ഇവ. ചിലര്‍ക്ക് കൊതിതോന്നുന്ന അനുഭവത്തിന്‍റെ നേര്‍ക്കാഴ്ചയും.

ലോകോത്തരങ്ങളായ സംഗീതവും നൃത്തവും ദര്‍ശനങ്ങളും, കഥയും കവിതയും ശാസ്ത്രവും,കണക്കും ചരിത്രവും ഭൂമി ശാസ്ത്രവും മനഃശാസ്ത്രവും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന കാഴ്ചയുടെ സമ്യക്കായ ആനന്ദമാണ് ഗുരു നിത്യ എന്ന ദാര്‍ശനികന്‍. ആ ദാര്‍ശനികനോടൊപ്പം ജീവിക്കാന്‍ കിട്ടിയ നാലുവര്‍ഷത്തിന്‍റെ ധ്യാനപാഠമാണ്, ‘നിത്യാന്തരംഗം’ നമ്മോട് സംവേദിക്കുന്നത്.

ഷൗക്കത്തും നിത്യചെതന്യയതിയും

ഗുരുവിന്‍റെ ഭൗതികകാലത്തിന്‍റെ അവസാനത്തില്‍ പക്ഷപാതം പിടി പെട്ടിരുന്നു. വേദനകൊണ്ടുപുളഞ്ഞ്, വാക്കറില്‍ നടക്കുമ്പോള്‍ ഗുരു, ഗുരുവിനോടു പറയുന്ന ഒരു തമാശ,  ഷൗക്കത്ത് ഇങ്ങനെ കുറിക്കുന്നു

” എടോ, നിത്യചൈതന്യയതി അഞ്ചുമാസം മുമ്പ് മരിച്ചു പോയി. ഇത് അഞ്ചു മാസം പ്രായമായ കുഞ്ഞാണ്. അവന്‍ നടക്കാന്‍ പഠിക്കുകയാണ്. ഈ ജന്മത്തില്‍ പൂര്‍ണ്ണമായ ആരോഗ്യം പ്രാപിച്ച് നടക്കാന്‍ കഴിയുമെന്ന വ്യാമോഹം ഒന്നും എനിക്കില്ല. അടുത്ത ജന്മം നേരെ ചൊവ്വേ നടക്കാന്‍ വേണ്ടി ഇപ്പോഴേ പരിശീലിക്കുകയാണ്”

ഇതു വായിക്കുന്ന നിങ്ങള്‍ ആരെങ്കിലും ഗുരുവിനെ കാണാതെ, പുനര്‍ജ്ജന്മമാണ് കാണുന്നതെങ്കില്‍ എനിക്കൊന്നും പറയാന്‍ ഇല്ല.

പക്ഷേ റൂമിയ്ക്ക് പറയാന്‍ ഉണ്ട്, അതു ഗുരു മലയാളത്തില്‍ പറയുന്നത് ഷൗക്കൂവിന്‍റെ ഡയറിയില്‍ ഉണ്ട്

“ആത്മക്ഷതം ഏറ്റിട്ടില്ലാത്തവരോട് ,
ഹൃദയത്തിന്‍റെ നൊമ്പരം മനസ്സിലാക്കാത്തവരോട്,
സഹാനുഭൂതിയുടെ ഉറവിടം ഉണര്‍ന്നിട്ടില്ലാത്തവരോട്,
ഞാന്‍ എങ്ങനെ പറയും,
എന്‍റെ ഹൃദയത്തില്‍ ഒരു തീമലയുണ്ടെന്ന്,
സ്നേഹത്തിന്‍റെ കടന്നല്‍ കുത്തേറ്റിട്ടില്ലാത്തവരോട്
ഞാന്‍ എങ്ങനെ പറയും
സ്നേഹത്തിന്‍റെ തീനാളമുണ്ടെന്ന്.
തിരസ്കാരത്തില്‍ മരണത്തിന്‍റെ ചുംബനമുണ്ടെന്ന്”

നൂറ്റിഅറുപതു പേജുള്ള ഈ ചെറിയ, വലിയ പുസ്തകം ഗ്രീന്‍ബുക്സ് ആണ് ഇറക്കിയിരിക്കുന്നത്.
നിങ്ങളുടെ വീടുകളെ പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിക്കുമ്പോള്‍, ഗ്രഹാതുരത്വത്തിന്‍റെ ഈ സമീക്ഷ പാരസ്പര്യത്തിന്‍റെ സുഗന്ധമായി വര്‍ത്തിക്കും.

സ്നേഹത്തോടെ
രഘു കെ വണ്ടൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here