നിന്നെ ഓർക്കുമ്പോൾ

0
621
athmaonline-ninneyorkkumbol-honey-harshan-thumbnail

ഹണി ഹർഷൻ

നിന്നെയോർക്കുമ്പോഴെല്ലാം ഞാൻ,
കടലിലറ്റുവീണ ഒരു
വാൽനക്ഷത്രത്തിന്റെ
തുണ്ടാവാറുണ്ട്…
തിരികെപ്പോവാനൊരു
പാഴ്ശ്രമം പോലും നടത്താതെ ,
പണ്ടൊരിക്കൽ ഈ കടലായിരുന്നെന്റെ
ആകാശമെന്നു വെറുതെ വീമ്പുപറയും…

നിന്നെയോർക്കുമ്പോഴെല്ലാം ഞാനൊരു
ഒറ്റത്തുള്ളി മിഴിനീരാവും…
വെള്ളം വറ്റിത്തീർന്ന ജലാശയം വിട്ട്,
മേഘം തേടിപ്പറന്ന ഒരു മീനിന്റെ കണ്ണിൽ
വറ്റാതെ ബാക്കി നിൽക്കുന്നൊരു തുള്ളിപോലെ
ഞാൻ ഒറ്റപ്പെടും…

നിന്നെയോർക്കുമ്പോഴെല്ലാം
ഞാൻ മനസ്സിൽ
ഒരു തണൽമരം വരക്കും..
കാത്ത്കാത്തിരുന്നിട്ടും
ഊഴമെത്തുന്നതിനു തൊട്ടുമുൻപ്
അവസരം അവസാനിച്ചവനെപ്പോലെ
അതിനുകീഴിൽ തളർന്നിരിക്കും..

നിന്നെയോർക്കുമ്പോഴെല്ലാം
എന്നെക്കുറിച്ചു തന്നെ
ഞാനൊരു കവിതയെഴുതും..
പതഞ്ഞു പൊങ്ങിയതിൽ പിന്നെ
തിളച്ചുതൂവി അടുപ്പിലേക്ക്
ഒഴുകിയ പാലു പോലെന്റെ
കവിത കരിഞ്ഞുമണക്കും… !

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here