ചോറിനും പേറിനുമപ്പുറം

1
656
nileena-athmaonline

ലേഖനം

നിലീന

സ്ത്രീ – നിശബ്ദത അന്നമായ് കണ്ടവൾ , നെടുവീർപ്പുകൾ അടുക്കളയിൽ ഒതുക്കിയോൾ, കരിക്കലങ്ങൾ പോലെ കരിഞ്ഞമർന്നവൾ ! പ്രാസമൊപ്പിച്ച വാക്കുകളല്ല , കുറച്ചു നാളുകൾക്ക് മുൻപ് വരെ (ഒരുപക്ഷെ , ഇപ്പോഴും ചിലയിടങ്ങളിൽ ) ഇതൊക്കെ തന്നെയായിരുന്നു ഒട്ടുമിക്ക സ്ത്രീകളുടെയും അവസ്ഥ .എന്നാലിന്ന് സ്ത്രീസങ്കൽപ്പത്തിന് തീർച്ചയായും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യലും, കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തലും മാത്രമാണ് സ്ത്രീകളുടെ ദൗത്യമെന്നു വിശ്വസിച്ചുപോന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്ന് സ്ത്രീകളോടുള്ള സമീപനത്തിൽ പല പ്രത്യക്ഷ മാറ്റങ്ങളുണ്ടെന്നാലും, അടിസ്ഥാനപരമായി സ്ത്രീയോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.

പണ്ടുകാലങ്ങളിൽ, പുരുഷാധിപത്യം നിലനിന്നിരുന്ന പല മേഖലകളിലും ഇന്ന് സ്ത്രീക്ക് ചുവടുറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാലോ, മുൻപ് അനുഷ്ഠിച്ചുപോന്ന നാൽച്ചുവരുകൾക്കുള്ളിലെ ഉത്തരവാദിത്തങ്ങളിട്ട് കുറയുന്നില്ലതാനും! സ്ത്രീകൾക്കായി ‘മാറ്റിവെക്കപ്പെട്ട’ ജോലികൾ പങ്കുവയ്ക്കാൻ ഇന്നും തയ്യാറാവാത്ത പുരുഷന്മാർ ഏറെയുണ്ട്. അങ്ങനെ വരുമ്പോൾ, സ്ത്രീക്കിന്ന് അധികഭാരമല്ലേ?!
തൊഴിലിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ 50 % -ത്തിൽ അധികം സ്ത്രീകൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും, അവളുടെ അഭിപ്രായങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോ? മുഖ്യഭരണാധികാരസ്ഥാനം ഉണ്ട് എങ്കിലും, പിന്ചരടുവലികളില്ലാതെ, സ്വന്തം കാഴ്ചപ്പാടിൽ സാമൂഹ്യപ്രവർത്തനം നടത്തുക സ്ത്രീക്കിന്നു സാധ്യമാണോ? പെണ്പടയുടെ മാനവവിഭവശേഷി ശരിയായി വിനിയോഗം ചെയ്യുകയാണെങ്കിൽ സമൂഹത്തിൽ എത്രയെത്ര ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും! ഉപരിപ്ലവമായി എത്രയൊക്കെ ഇല്ല എന്ന് സമർത്ഥിച്ചാലും തീരുമാനങ്ങളെടുക്കേണ്ടിടത്തൊക്കെയും പ്രാമുഖ്യം പുരുഷന് തന്നെയാണ്. നമുക്ക് കൺ മുൻപിലെ ഉദാഹരണങ്ങൾ തന്നെ നോക്കാം. പുല്ലു പറിക്കാനായാലും , കല്ലുവെട്ടാനായാലും ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനമാണ്.
ഈ വിവേചനത്തിന് പ്രാരംഭ ഘട്ടം ആരംഭിക്കുന്നത് തീർച്ചയായും വീടുകളിൽ നിന്ന് തന്നെയാണ്. ഒരു പെൺകുഞ്ഞിനെയും ആൺകുഞ്ഞിനെയും വളർത്തുന്നതിൻറെ രീതിയിൽ നിന്ന് തന്നെയാണ് ഒരു വിധം അവരുടെ മനോഭാവങ്ങൾ ഉടലെടുക്കുന്നത്.



ഒരു പെൺകുട്ടിക്ക് കളിപ്പാട്ടമായി പാവക്കുട്ടിയെ വാങ്ങുമ്പോൾ ആൺകുട്ടിക്ക് നാം എന്തുകൊണ്ട് തോക്കു വാങ്ങുന്നു? തന്റേടവും ധൈര്യവും പ്രതികരണശേഷിയും എല്ലാം ആൺകുട്ടികൾക്ക് ആകുമ്പോൾ മഹനീയവും, മറിച്ച് ഒരു പെണ്ണ് ആത്മവിശ്വാസത്തോടെ , ഭയമില്ലാതെ രണ്ടു വാക്കു പറഞ്ഞാൽ അവൾ തന്റെടിയും താന്തോന്നിയും ധിക്കാരിയും തന്നിഷ്ട കാര്യമാകുന്നു. പുരുഷത്വത്തിന് വിപരീതമായ സ്വഭാവവിശേഷങ്ങൾ ആണ് സ്ത്രീത്വം ആയി പൊതുവേ കണക്കാക്കി പോരുന്നത്. ഉദാഹരണത്തിന്, പുരുഷൻ അധികാരം കൈയാളുന്നവനും സ്വതന്ത്രനും വീരനും ആകുമ്പോൾ, സ്ത്രീ അധികാരമില്ലാത്ത വളും സ്വാതന്ത്ര്യമില്ലാത്ത വളും അധീര യും ആണ്. പുരുഷൻ പെട്ടെന്ന് ദേഷ്യപ്പെടുമ്പോൾ സ്ത്രീക്ക് ഭൂമിയോളം ക്ഷമ ഉണ്ടാകണം. അല്ലാത്തപക്ഷം ഉടനടി അവളെ സദാചാരത്തിന് ചട്ടക്കൂട്ടിൽ ഏക ഓടിക്കുന്നു. അതുപോലെതന്നെ നമ്മുടെ സമൂഹത്തിൽ ഇന്ന് വിധവ മറ്റാരെങ്കിലും ആശ്രയിച്ചു കഴിയുന്ന ഒരു എന്ന ഒരു അലിഖിത നിയമമുണ്ട് ഭർത്താവിനെ പുനർ വിവാഹം കഴിപ്പിക്കാൻ കാണിക്കുന്ന ഉത്സാഹം എന്തുകൊണ്ട് മറിച്ച് ആകുമ്പോൾ കാണുന്നില്ല? സ്ത്രീധന നിരോധന നിയമവും ഗാർഹികപീഡന നിരോധന നിയമവും ഉൾപ്പെടെ സ്ത്രീ സുരക്ഷക്കായി നിരവധി നിയമങ്ങൾ നിലവിൽ ഉള്ള നാടാണ് ഇന്ത്യ എന്നാൽ സ്ത്രീധനത്തിന് പേരിൽ ലോകത്ത് ഏറ്റവും അധികം സ്ത്രീകൾ മരണപ്പെടുന്നത് ഇന്ത്യയിൽ തന്നെയാണ്. വീട്ടിലും നാട്ടിലും അവൾ ക്രൂശിക്കപ്പെടുകയോ ആണ് കീചകൻമാർ അവളെ നിരന്തരം ആക്രമിക്കുന്നു.

സ്ത്രീകളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന പ്രവണത ഇന്നും തുടരുന്നു. ഭാരത പര്യടനത്തിൽ കുട്ടികൃഷ്ണമാരാർ എഴുതുന്നു. ” സ്ത്രീ പുരുഷന്റെ ജംഗമ സ്വത്ത് ആണെന്നുള്ള ജീവിത യാഥാർത്ഥ്യം ആണ് ഈ കഥയിലുള്ളത്. അന്നത്തെ ആ സ്ഥിതി ഇന്നും നിശേഷം പോയി പറഞ്ഞിട്ടുണ്ടെന്ന് നമുക്ക് നമ്മെ വിശ്വസിക്കാനായിട്ടില്ല. അന്ന് ദ്രൗപതിയുടെ മേൽ നടത്തിയ അത്യാചാരങ്ങൾ ഇന്നും അവിടവിടെ നടക്കുന്നുണ്ട്”. – നോക്കൂ നമ്മുടെ പുരാണങ്ങളിൽ പോലും സ്ഥിതി വ്യത്യസ്തമല്ല. പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായ മഹാഭാരതത്തിലെ പാഞ്ചാലി, ഒരു അമ്മയുടെ സ്വാർത്ഥതയ്ക്ക് മധുര ഇരയായി തീരുന്നു.

വാഹനങ്ങളിലെ സീറ്റോ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വമോ അല്ല, മറിച് അവളെ ഒരു വ്യക്തിയായി പരിഗണിക്കുക, അവളുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക എന്ന മനോഭാവമാണ് സമൂഹം ഇനി ആർജിക്കേണ്ടുന്നത്. ചുരുങ്ങിയത് സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശമാണ് അവളിന്നും നേടി എടുക്കേണ്ടുന്നത്. സ്വന്തം ശരീരത്തിൽ അവൾക്ക് പൂർണ അധികാരം ഉണ്ടോ??? ഒരു പനി വന്നാൽ ആശുപത്രിയിൽ പോകാനെടുക്കുന്ന തീരുമാനം മുതൽ പ്രസവിക്കണോ വേണ്ടയോ എന്നതുൾപ്പടെയുള്ള ശരീര സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതത്രയും പലപ്പോഴും പല കുടുംബങ്ങളിലും പുരുഷനല്ലേ? എന്തിനേറെ ലൈംഗികതയിൽ പോലും വ്യക്തമായ പുരുഷധിപത്യം ഇല്ലേ? പലയിടങ്ങളിൽ പലപ്പോഴായി അവളുടെ ദൗർബല്യങ്ങൾ മുതലെടുക്കപ്പെടുന്നു. കാലങ്ങളായി പരിഹസിക്കപ്പെടുന്ന ഒന്നാണ് സ്ത്രീകളുടെ, പ്രത്യേകിച്ച്, വീട്ടമ്മമാരുടെ സീരിയൽ ഭ്രമം. ഇതേ വീട്ടമ്മ സന്ധ്യക്ക്, അടുത്തുള്ള ഒരു വായനശാലയിലോ പോയിരുന്ന് പുസ്തകം വായിച്ചാൽ നിങ്ങൾ അംഗീകരിക്കുമോ? ആ സ്വാതന്ത്ര്യം ലഭിച്ചാൽ തന്നെ, അവിടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമോ? എന്നിട്ട് പുരുഷ സംവിധായകർ തീർക്കുന്ന സീരിയലുകൾ കാണുന്നത് കുറ്റം ! ഏതെങ്കിലും ഒരു കണ്ണീർ സീരിയൽ ഒരു സ്ത്രീ സംവിധാനം ചെയ്തതായി, തിരക്കഥ എഴുതിയതായി, നിർമിച്ചതായി അറിവുണ്ടോ? അതായത്, സ്ത്രീകളുടെ ദൗർബല്യങ്ങളെ മുതലെടുത്തു, അവളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടുന്നത് എന്തുകൊണ്ടും പുരുഷൻ തന്നെയല്ലേ? എല്ലാ അർത്ഥത്തിലും ഇഷ്ട്ടപ്പെട്ട, കംഫോര്ട്ടബിൾ ആയ ഒരു ജോലി തിരഞ്ഞെടുക്കാൻ തന്നെ എത്ര സ്ത്രീകൾക്ക് സാധിക്കുന്നുണ്ട്? അവിടെയും പാട്രിയാർക്കിയൽ സമൂഹം നിർമിച്ച പരിമിതികളുടെ മഹാ പ്രളയം അവളെ ആശങ്കയിലാഴ്ത്തുന്നു.



ഒരുപാട് പരിമിതികളെ അതിജീവിയ്ക്കാൻ സ്ത്രീകളിന്ന് കരുത്ത് നേടിയിട്ടുണ്ട്. എന്നാൽ, ചോറും പേറും വീണ്ടുമവളെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. അവളുടെ സർഗ്ഗ പ്രതിഭയെ വിളിച്ചുണർത്താൻ, ഉത്തരവാദിത്തത്തിന്റെ കേട്ടുപാടുകൾ പലപ്പോഴും തടസ്സമാകുന്നു. ഓരോ സ്ത്രീയുടെയും വ്യക്തിത്വത്തെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത ഇന്നിന്റെ ചുറ്റുപാടുകൾ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നു :”നീ വെറും പെണ്ണാണ് ” എന്ന്. ഇതിനെ മറികടന്നുകൊണ്ടുള്ളൊരു ലിംഗപദവി തുല്യത / GENDER EQUALITY ആണ് നമുക്കാവശ്യം. ജൈവപരമായ വ്യത്യാസങ്ങൾ നിലനിൽക്കേ തന്നെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുടുംബങ്ങളിലും പൊതു ഇടങ്ങളിലും തുല്യ പദവി നേടാനാവശ്യമായ മൂല്യങ്ങൾ, സമീപനങ്ങൾ തുടങ്ങിയവയെ സൂചിപ്പിക്കുന്നതാണ് ലിംഗ പദവി തുല്യത എന്ന ആശയം. സ്ത്രീകൾ പുരുഷന്മാരെ പോലെ ആകുന്നു എന്നതല്ല, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശങ്ങളും അവസരങ്ങളും ലഭിക്കുക എന്നതാണ് തുല്യത കൊണ്ട് അർത്ഥമാക്കുന്നത്. ലിംഗപരമായ വ്യത്യാസങ്ങളില്ലാതെ സമൂഹത്തിൽ തുല്യ സ്ഥാനവും വിഭവങ്ങളിൽ തുല്യ പ്രാപ്തിയും ലഭിക്കുക എന്നതു മാത്രമല്ല, ആ സാഹചര്യങ്ങളിലേക്ക് എത്താനായി സ്ത്രീകളെയും പുരുഷൻമാരെയും നീതിപൂർവ്വം ആയി കൈകാര്യം ചെയ്യുക കൂടി അനിവാര്യമാണ്.

ചിന്തിക്കാനും പ്രവർത്തിക്കാനും അവനും അവൾക്കും കഴിവും ശക്തിയും സാഹചര്യങ്ങളും ഒരുപോലെ തന്നെ, എന്നാൽ നീതി നിഷേധത്തിന്റെ കാണാചരടുകൾ അവൾക്ക് കൂച്ചുവിലങ്ങിടുന്നു. അവൻ ജയിക്കുകയും അവൾ തോൽക്കുകയും ചെയ്യുന്ന സമത്വം നിഷേധം നീതിയുടെ നിഷേധമാണ്. ഒരേ ലോകമാണ് ഇരുവർക്കും ഭാഷയും ചിന്തയും അറിവും നൽകുന്നത്. എന്നാൽ ആൺകോയ്മ പെണ്ണിനെ നിശബ്ദയാക്കുന്നു. നേരറിവിലൂടെ ഈ നീതി നിഷേധത്തെ തിരുത്തുക. നിറമുള്ള നാളെകളിൽ അതിരുകളില്ലാതെ മുന്നേറാൻ കഴിയണം, അവനും, അവൾക്കും !!

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here