മലപ്പുറം ജില്ല കലോൽസവത്തിൽ, ഹൈസ്കൂൾ വിഭാഗം മിമിക്രി മൽസരത്തിൽ, നിളയ്ക്ക് ഒന്നാം സ്ഥാനം. നാടക പ്രതിഭ വിശ്വം കെ അഴകത്തിൻ്റെ കൊച്ചുമകളും സീരിയൽ ചലച്ചിത്ര സംവിധായകൻ രാഹുൽ കൈമലയുടേയും രമ്യ രാഹുലിൻ്റെയും ഏകമകളുമായ നിള, ചുറ്റുപാടിൽ നിന്നുള്ള ശബ്ദങ്ങൾ മനോഹരമായി അനുകരിച്ചതായി വിധികർത്താക്കൾ വിലയിരുത്തി. കെ കെ എം എച്ച് എസ് എസ് സ്കൂൾ ചീക്കോട് എട്ടാം തരം വിദ്യാർത്ഥിനിയായ ഈ കലാകാരി, ഇനി സംസ്‌ഥാന കലോൽസവത്തിൽ മാറ്റുരയ്ക്കും.
അഞ്ചു വർഷത്തോളമായി ക്ലാസിക്കൽ ഡാൻസ് പഠിക്കുന്ന നിള, അരങ്ങേറ്റം നടത്തിയിട്ടുണ്ട്. കുട്ടികളുടെ കാർട്ടൂൺ പരമ്പരയ്ക്കു വേണ്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പാട്ടു പാടിയും ഈ മിടുക്കി ശ്രദ്ധ പിടിച്ചുപറ്റി. മോണോ ആക്ടിലും പ്രഗത്ഭയായ നിള, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ CBSE കലോൽസവത്തിൽ മോണോ ആക്ടിൽ സ്റ്റേറ്റ് വിന്നറാണ്. സംവിധായകനായ പിതാവ് തന്നെയാണ് നിളയ്ക്ക് മിമിക്രിയുടെ ലോകം പരിചയപ്പെടുത്തിക്കൊടുത്തത്. രാഹുൽ സംവിധാനം ചെയ്യുന്ന ചോപ്പ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് നിള. CBSE ജില്ലാ കലോൽസവത്തിൽ ലളിതഗാനം പദ്യപാരായണം നാടോടി നൃത്തം തുടങ്ങിയവക്ക് സമ്മാനങ്ങൾ നേടിയിട്ടുണ്ടെങ്കിലും, മിമിക്രി മൽസരത്തിൽ പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്. മിമിക്രിക്ക് പുറമെ, ഈ വർഷത്തെ സബ് ജില്ല കലോൽസവത്തിൽ മോണോ ആക്ടിനും ഇംഗ്ലീഷ് പദ്യം ചൊല്ലല്ലിനും എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു. മോണോ ആക്ടിൻ്റെ കാര്യത്തിൽ നീതിപൂർവ്വമല്ല കാര്യങ്ങൾ നടന്നതെന്നും, പരാതിയുമായി മുന്നോട്ട് പോവുമെന്നും പിതാവ് അറിയിച്ചു.