നായാട്ടിലെ ദലിത് കിണാശ്ശേരി

0
2089
athmaonline-nayatt-movie-review-vishnu-vijayan

വിഷ്ണു വിജയൻ

മലയാള സിനിമയുടെ ചരിത്രത്തിൽ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ദളിത് വിരുദ്ധത കാണിച്ചിരുന്നുവെങ്കിൽ നായാട്ട് അതിൽ നിന്ന് വ്യത്യസ്തത പാലിച്ചു എന്ന് തന്നെയാണ് തോന്നുന്നത്. കാരണം നായാട്ട് ഒരുപടി കൂടി കടന്ന് ദളിത് വിരുദ്ധതയുടെ കാര്യത്തിൽ ഒരു ക്ലാസിക് വേർഷൻ അവതരിപ്പിച്ച് ബെഞ്ച് മാർക്ക് സൃഷ്ടിച്ചു എന്ന് വിശേഷിപ്പിക്കാം.

vishnu-vijay
വിഷ്ണു വിജയൻ

ഇനിയങ്ങോട്ട് പറയാൻ പോകുന്നതും സിനിമ കൈകാര്യം ചെയ്ത പൊളിറ്റിക്കൽ വശങ്ങളെ കുറിച്ച് തന്നെയാണ്, അതിലുള്ള കുഴപ്പം പിടിച്ച സംഗതികൾ എന്ന് തോന്നിയതിനെ കുറിച്ചാണ്. സ്റ്റേറ്റിനും (ഗവൺമെന്റ്) ജനങ്ങൾക്കും ഇടയിൽ പെട്ട് നട്ടം തിരിയേണ്ടി വരുന്ന ഓഹ് അല്ല നായാടപ്പെടുന്ന പോലീസ് ജീവിതങ്ങളെ അടയാളപ്പെടുത്തലാണ് സിനിമ ഉടനീളം പറയാൻ ശ്രമിക്കുന്നത്. അതിനു മറുവശത്ത് ജനങ്ങളുടെ പ്രതിനിധി എന്ന നിലയിൽ സമൂഹത്തിൽ തന്നെ ഏറ്റവും Underprivileged ആയിട്ടുള്ള ദളിത് സമൂഹത്തെ അടയാളപ്പെടുത്തി എന്നത് തന്നെയാണ് സിനിമ വർത്തമാന കാല വസ്തുതകളെ ഒട്ടുമേ തന്നെ പരിഗണിക്കാതെയും, ഇവിടെ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളെ മറികടന്നും ചരിത്രത്തോടും ദളിത് സമൂഹത്തോടും ചെയ്ത ഏറ്റവും വലിയ വഞ്ചന.



പോലീസ് റോളിൽ ഉള്ളതും രണ്ടു ദളിതർ ആണല്ലോ അവരുടെയും ജീവിതം സിനിമ അടയാളപ്പെടുത്തുന്നില്ലേ എന്നതാണ് ചോദ്യം എങ്കിൽ, ഇങ്ങനെ രണ്ട് പൊലീസുകാരെ ദളിത് സ്വത്വം നൽകുന്ന (ഉത്തമ ദളിത് ആക്കി) വഴി ബാലൻസ് ചെയ്തത് മാരകമായ ബ്രില്ല്യൻസ് ആയിട്ടുണ്ട്. അതുകൊണ്ട് വിമർശനങ്ങൾ ഒരു പരിതിവരെ മറികടക്കാൻ സിനിമയ്ക്ക് കഴിയും. എന്നാൽ തത്കാലം ആ ബ്രില്ല്യൻസിന് കൈയ്യടിക്കാൻ താത്പര്യമില്ല.

പിന്നെ വീട്ടിലെ ഷെൽഫിലും, ചുവരിലും അംബേദ്കറുടെ, അയ്യൻകാളിയുടെ ഫോട്ടോ കാണിച്ചല്ലോ, പിന്നെ ഇതെങ്ങനെ ദളിത് വിരുദ്ധ സിനിമ ആകും എന്നൊക്കെ ഉള്ള ലോജിക് ഉപയോഗിച്ചാണ് ഇതിനെ നോക്കി കാണുന്നത് എങ്കിൽ അത്തരക്കാരോട് ഒന്നും പറയാനില്ല. പോലീസ് സ്റ്റേഷനിൽ തല ഉയർത്തി പിടിച്ചു നിൽക്കുന്ന ദളിതരാണ് മറ്റൊന്ന്. മാരി സെൽവരാജിന്റെ കർണ്ണനിൽ ഒരു രംഗമുണ്ട് തങ്ങളുടെ ഗ്രാമത്തിൽ ഉടലെടുത്ത സംഘർഷത്ത തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഗ്രാമത്തിലെ പ്രായമായ മനുഷ്യരെ ചോദ്യം ചെയ്യുന്നതും, ശേഷം ധനുഷ് പോലീസ് സ്റ്റേഷനിൽ ഇരച്ചു കയറി അവരെ രക്ഷിക്കാൻ വരുന്ന രംഗവും,
അത് കാണുമ്പോൾ കേവലമൊരു അക്രമവും അതിരുകടന്ന പ്രവർത്തിയുമായി നമുക്ക് തോന്നാത്തതും അതൊരു പ്രതിരോധമായി അനുഭവപ്പെടുന്നതും, കർണ്ണനിൽ നിന്ന് നായാട്ടിലേക്ക് വരുമ്പോൾ പൊലീസ് സ്റ്റേഷന്റെ മതിലിൽ മുറുക്കി തുപ്പുന്ന ഒട്ടും മര്യാദ ഇല്ലാതെ പെരുമാറുന്ന പോലീസിനെ തെറി പറയുന്ന, കൈയ്യേറ്റം ചെയ്യുന്ന കേവലം അലമ്പും, അഹങ്കാരികളുമായ ആളുകൾ എന്ന നിലയിലാണ് അടയാളപ്പെടുത്തുന്നത്.



കർണ്ണനിൽ ആ പ്രവർത്തി കാണുമ്പോൾ കൈയ്യടിക്കാനും, നായാട്ടിൽ അത് ചെയ്യുന്ന ആളുടെ കരണത്തടിക്കാനും തോന്നുന്നെങ്കിൽ അത് തന്നെയാണ് സിനിമ ഈ രംഗത്തിലൂടെ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്ന കാര്യം തമ്മിലുള്ള വ്യത്യാസവും. ദളിത് പ്രിവിലേജ് ഒന്ന് ഊട്ടിയുറപ്പിക്കാൻ SC/ST (Prevention of Atrocities) Act നെ ദുരുപയോഗം ചെയ്യുന്നവർ എന്ന് കൂടി ചേർത്തത് മറ്റൊരു ബ്രില്ല്യൻസ്. സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്ന സംവരണ വിരുദ്ധ നിലപാടിന് ഒപ്പം ദളിതരെ തെറ്റായി വായിക്കാൻ SC/ST (Prevention of Atrocities) Act നോട് ചേർത്ത് പൊതുബോധം കൂടി സൃഷ്ടിച്ചു കൊടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

നായാട്ടിലെ ദളിത് കിനാശ്ശേരിയിൽ കാര്യങ്ങൾ അങ്ങനെ ആണെങ്കിലും റിയാലിറ്റി നമുക്ക് കാണാതെ പോകാൻ പറ്റില്ലല്ലോ.
താരതമ്യേന സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മനുഷ്യരോട് ഏറ്റവും മോശമായ ഭാഷയിൽ സംവദിക്കുന്ന, അത്തരം മനുഷ്യരിൽ മാത്രം കുറ്റവാളികളെ കണ്ടെത്തുന്ന, അവരെ ബോഡി ഷെയിമിംഗ് നടത്തുന്ന ബിജു പോലീസ് എന്ന റിയാലിറ്റി എത്ര വെള്ള പൂശിയാലും മാറില്ല സാറേ.

കാരണം പോലീസ് ഏറ്റവും Marginalise ചെയ്യപ്പെട്ട സമൂഹത്തതോട് ചെയ്തു പോരുന്ന കാര്യങ്ങൾ കണ്ടെത്താൻ ചരിത്രത്തിലേക്ക് ഒന്നും പോകേണ്ടതില്ല, വർത്തമാന കാലത്ത് തന്നെ ധാരാളം ഉദാഹരണം ഉള്ളപ്പോൾ, മുടി നീട്ടി വളർത്തിയ പേരിൽ പോലീസിൽ നിന്ന് തനിക്ക് നേരിടേണ്ടി അനുഭവം മൂലം എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിക്കേണ്ടി തൃശൂരിലെ വിനായകൻ വരെ നീളുന്ന ലിസ്റ്റ് ഉണ്ട്.



ഒരു ഉപതെരഞ്ഞെടുപ്പിൽ ആണെങ്കിൽ കൂടി വോട്ട് ബാങ്ക് ഉപയോഗിച്ച് ഭരണകൂടത്തെ വെല്ലുവിളിക്കാനും, ബാർഗെയ്ൻ ചെയ്യാനും ഒക്കെ കഴിയുന്ന ഒരു ശക്തി കേന്ദ്രം കൂടിയാണ് കേരളത്തിലെ ദളിതർ എന്ന പുതിയ അറിവ് പങ്കുവച്ചതിന് നന്ദി. ഇതേത് ദളിതർ എന്ന് ആരെങ്കിലും ആശ്ചര്യം പ്രകടിപ്പിച്ചാൽ തെറ്റ്‌ പറയാനില്ല. കേരളത്തിലെ ദളിതർ മറ്റു സമുദായങ്ങളെ പോലെ ഒരു ശക്തമായ സംഘടിത ഗ്രൂപ്പോ, ആരെങ്കിലും ഒരു ഇടയലേഖനം വായിച്ചാൽ വോട്ട് ചെയ്യുന്നവരോ വോട്ട് ചെയ്യാതിരിക്കുന്ന ആളുകളൊ അല്ല എന്ന വസ്തുത ഒക്കെ എത്ര വിദഗ്ധമായാണ് നായാട്ട് മറികടക്കുന്നത്.

ദളിത് ജീവിതങ്ങളെ,അത് കടന്നു പോകുന്ന അതിസങ്കീർണമായ ജീവിത യാഥാർത്ഥ്യങ്ങളെ, സ്റ്റേറ്റും, പോലീസും പരക്കെ അവരോടു വെച്ച് പുലർത്തുന്ന സമീപനവും മനോഭാവവും ഒക്കെ കൃത്യമായി റദ്ദ് ചെയ്ത്. ദളിതർക്ക് ഇല്ലാത്ത പ്രിവിലേജ് ഉയർത്തി കാണിച്ച്,
ദളിത് പ്രതിരോധങ്ങളെ, പ്രതിഷേധങ്ങളെ ഒരു തരത്തിലുള്ള അക്രമവാസനയും അതിരുകടന്ന പ്രവർത്തിയും ഒക്കെയായി ചിത്രീകരിക്കാനും, പണ്ടേക്ക് പണ്ടേ ദളിത് വിരുദ്ധമായൊരു പൊതു ബോധത്തിന് തങ്ങളുടേതായ സംഭാവന നൽകി
ഊട്ടിയുറപ്പിക്കുന്നതിലും നായാട്ട് അറിഞ്ഞോ അറിയാതെയോ അതിന്റെ ഉദ്യമം നന്നായി നിറവേറ്റിയിട്ടുണ്ട്…

athma_online-whatsapp
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here