നയൻ താര She Is Unapologetic

0
292

ഒൻപത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ സൗത്ത്‌ ഇന്ത്യൻ സിനിമാലോകത്തെ ഇളക്കി മറിച്ച ഒരു സംഭവം നടക്കുകയുണ്ടായി. റംലത്ത്‌ എന്നു പേരായ സ്ത്രീ കോടതിയിൽ സമർപ്പിച്ച പരാതിക്ക്‌ തീർപ്പ്‌ കൽപ്പിക്കാൻ വൈകിയപ്പോൾ കോടതി വരാന്തയിൽ നിരാഹാരം കിടക്കാൻ അവർ തീരുമാനിച്ചു. നടൻ പ്രഭുദേവയ്ക്കെതിരെയായിരുന്നു കേസ്‌. അന്നത്തെ മാധ്യമങ്ങൾ ആഘോഷിച്ച സീക്രട്ട്‌ സെലിബ്രിറ്റി വിവാഹമായിരുന്നു വിഷയം. ആ വിവാഹത്തിന് കോടതി സമ്മതം കൊടുത്താൽ താൻ മരണം വരെ നിരാഹാരം കിടക്കുമെന്ന് റംലത്ത്‌ എന്ന ലത തീരുമാനിക്കുകയായിരുന്നു. ദേവയാകട്ടെ ആ സമയത്ത്‌ റംലത്തിൽ നിന്ന് നിയമപരമായിട്ടുള്ള വിവാഹമോചനം നേടിയിട്ടുമുണ്ടായിരുന്നില്ല. അന്നത്തെ ആ സെലിബ്രിറ്റി നായികയ്ക്കെതിരെ തമിഴ്‌നാട്ടിലങ്ങോളമിങ്ങോളം എതിർപ്പുകളുണ്ടായി. തമിഴ്‌ സംസ്കാരത്തിന് വിഭിന്നമായി നിന്ന ആ നായികാ നടിയുടെ കോലം വരെ തെരുവിൽ അഗ്നിക്കിരയാക്കി. ഒടുവിൽ ദേവയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കുകയാണെന്ന് അവർക്ക്‌ പൊതു സമൂഹത്തിന് മുന്നിൽ പറയേണ്ടിയും വന്നു.

നയൻ താര എന്ന അന്നത്തെ സൗത്ത്‌ ഇന്ത്യൻ താരസുന്ദരിയുടെ ജീവിതത്തിൽ അതിന് മുൻപും പിൻപും സംഭവിച്ച കാര്യങ്ങൾ എല്ലാം ഇത്തരത്തിൽ കലുഷിത വിവാദച്ചുവകളുടേതായിരുന്നു. 2011 ൽ ശുദ്ധികർമ്മയിലൂടെ സിറിയൻ കൃസ്ത്യാനിയിൽ നിന്നും ഹിന്ദുവിലേക്കുള്ള അവരുടെ മത പരിവർത്തനവും ഒട്ടേറെ വിവാദങ്ങൾ ക്ഷണിച്ച്‌ വരുത്തി.

ഡയാന മറിയം കുര്യൻ എന്ന തിരുവല്ലാക്കാരി

2003 ൽ മാർത്തോമ കോളേജിലെ തന്റെ ബിരുദ പഠനത്തിനിടെയാണ് സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയിൽ അഭിനയിക്കാനെത്തുന്നത്‌. മലയാളത്തനിമയെന്ന് അന്നത്തെ സിനിമാ മാഗസിനുകൾ വിലയിരുത്തിയ ആ മുഖം പിന്നീട്‌ സുപരിചിതയായത്‌ തമിഴ്‌, തെലുഗു ഇൻഡസ്ട്രികളിലാണ്.

ഒട്ടും വൈകാതെ തെന്നിന്ത്യൻ സിനിമയുടെ ഐക്കൺ താരമായി ഈ നടി മാറി. ഗ്ലാമറിന്റെ ലോകത്ത്‌ വിഹരിച്ച നയൻസ്‌ പിന്നീട്‌ അക്കാലത്ത്‌ സൗത്ത്‌ ഇന്ത്യൻ സിനിമ അടക്കിഭരിച്ച കൊമേഴ്സ്യൽ സിനിമാലോഭികളുടെ അവിഭാജ്യ ഘടകമായി വളരെപ്പെട്ടെന്ന് തന്നെ മാറി.

ഈ ഒരു പൊലിമയിൽ നിൽക്കവേയാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച പ്രഭുദേവയുമായുള്ള ബന്ധത്തിന്റെ തുടക്കവും പെട്ടെന്നുണ്ടായ പതനവും.

ദേവയുമായുള്ള വിവാഹബന്ധത്തിന് സമൂഹത്തിന്റെ നാനാഭാഗത്ത്‌ നിന്ന് എതിർപ്പുകൾ നേരിട്ടതോടെ താര സിനിമാ മേഖല പൂർണമായും വിട്ടു. രണ്ട്‌ വർഷത്തോളം ആ പേര് എവിടെയും ശ്രദ്ധിക്കപ്പെട്ടില്ല. 2013 ൽ ആറ്റ്‌ ലീ സംവിധാനം ചെയ്ത രാജാ റാണി എന്ന സിനിമയിൽ പക്ഷേ അവർ വിജയകരമായ ഒരു തിരിച്ചു വരവ്‌ നടത്തി. മട്ടിലും ഭാവത്തിലും അഭിനയത്തിലും ഒട്ടനവധി മാറ്റങ്ങൾ കൈക്കൊണ്ട ആ തിരിച്ചുവരവ്‌ സത്യത്തിൽ തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ ജന്മത്തിന് കൂടി കാരണമായി. വുമൺ സെൻട്രിക്‌ സിനിമകളെ മെയിൻ സ്ട്രീമിലെത്തിക്കാൻ നയൻ താരയുടെ ഈ ഹീറോയിനിക്‌ പരിവേഷത്തിനായി എന്നുള്ളതാണ് വുമൺ ഇൻ സിനിമ പൊളിറ്റിക്സിൽ നയൻ താരയുടെ റോളിന്റെ പ്രാധാന്യം.

കോടികളുടെ മുതൽമുടക്കുള്ള ആൺ സിനിമകളിൽ വിജാതീയമായി നിലകൊണ്ട ഗ്ലാമറസ്‌ റോളുകളെ പൂർണമായും നിഷേധിച്ച്‌ തിരികെ വന്ന ഈ അഭിനേത്രി സ്വജീവിതത്തോടും ആൺകോയ്മ നിലനിന്ന ഇൻഡസ്ട്രിയോടും സമരം ചെയ്ത്‌ തന്നെയാണ് പിന്നീടങ്ങോട്ടുള്ള തന്റെ ഭാവി നിർണയിച്ചത്‌. പ്രോട്ടഗോണിസ്റ്റ്‌ സങ്കൽപങ്ങളിൽ അന്ന് വരെ ഇല്ലാതിരുന്ന ജെൻഡർ കൺസെപ്റ്റും ഈ ഒരു നായികയുടെ രൂപപരിണാമത്തിനൊപ്പം സംഭവിച്ചു. സിനിമയിലെ നായകന്മാരാണ് പ്രധാന വക്താവ്‌ എന്ന് പറഞ്ഞ്‌ പഠിച്ചിരുന്ന ഒരു വലിയ സമൂഹം പിന്നീട്‌ സിനിമകളിൽ നായികയായി നയൻ താരയെ കണ്ട്‌ തുടങ്ങിയതോടെ അങ്കലാപ്പിൽ ആവാൻ തുടങ്ങി. ആരുടെ സിനിമയാണെന്ന് പറയാൻ പറ്റാതെ നിലനിന്ന ഈ ആശങ്കയുടെ പേര് നയൻ താര എന്നാണെങ്കിൽ തെന്നിന്ത്യൻ സിനിമ അക്കാലമത്രയും കണ്ടതിൽ വെച്ച്‌ ഏറ്റവും വലിയ നവോത്ഥാനത്തിന്റെ പേര് കൂടിയായി മാറുകയായിരുന്നു നയൻ താര.

പതിറ്റാണ്ടുകളായി കണ്ട്‌ ശീലിച്ച നിത്യചര്യയായി മാത്രം ഒതുങ്ങിപ്പോയ ഫീമെയിൽ ലീഡ്‌ റോളുകൾ നയൻസ്‌ സിനിമകളിൽ പിന്നീട്‌ കണ്ടതേയില്ല. പെൺ സ്വത്വഗുണമുള്ള, പെൺ മനോവിശ്ലേഷണങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യം നിറഞ്ഞ ഒട്ടനവധി സിനിമകളായിരുന്നു പിന്നീട്‌ ഈ അഭിനേത്രിയുടെ പേരിൽ ഇറങ്ങിയത്‌.

ഇവർ ജീവൻ കൊടുത്ത അൺ – അപോളജറ്റികായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങൾ അധികം വൈകാതെ സിനിമാ സ്ക്രീനുകൾ കയ്യടക്കിത്തുടങ്ങി.

എക്കാലവും ട്രെൻഡുകൾക്ക്‌ പിന്നാലെ പായുന്ന സിനിമാ ലോകം ഈ പുതുപരീക്ഷണത്തിന് തുനിഞ്ഞ്‌ തുടങ്ങിയതിന്റെ ഉദാഹരണങ്ങളാണ് സ്ത്രീ സിനിമകൾ അണിയറയിൽ ഒരുങ്ങിത്തുടങ്ങിയത്‌.

ഗ്ലാമർ താരറാണി പ്രതിച്ഛായ നിസ്സാരമെന്നോണം കീറിയെറിഞ്ഞ്‌ അവർ നടത്തിയ ആ ചുവടുവെയ്പ്‌ മികച്ച ഒരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ തുടക്കമാണ്.

തീർച്ചയായും നയൻസ്‌ കൈക്കൊണ്ട നിലനിൽപ്പിന്റെ, നിലപാടിന്റെ തീരുമാനങ്ങൾ തന്നെയാണ് പരിവർത്തനം. അവർ കൈക്കൊണ്ട സ്ത്രീവിരുദ്ധതയ്ക്കെതിരായ നിലപാടുകൾ കഥാപാത്രങ്ങളായും അല്ലാതെയും സമൂഹത്തോട്‌ സംവദിച്ചതിനാൽത്തന്നെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്നുള്ള പദവി അവർ അർഹിക്കുന്നതും…

Happy B’day Nayanthara❤️

LEAVE A REPLY

Please enter your comment!
Please enter your name here