ന്യു ഡല്‍ഹി: കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ‌് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) പരീക്ഷയ‌്ക്ക‌് ഇന്ന് മുതൽ അപേക്ഷിക്കാം. രാജ്യത്തെ എൻജിനിയറിങ് കോളേജുകളിലെ ബി ആർക‌് ബിരുദ പ്രവേശനം നാറ്റ സ‌്കോർ അടിസ്ഥാനത്തിലാണ‌്. കേരളത്തിലെ എൻജിനിയറിങ് കോളേജുകളിൽ ബി ആർക‌് കോഴ‌്സിലേക്ക് പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന അലോട്ടുമെന്റിന‌് നാറ്റ സ‌്കോറും യോഗ്യതാ പരീക്ഷയ‌്ക്കും (പ്ലസ‌് ടു തത്തുല്യം) തുല്യപരിഗണന നൽകിയാണ‌് റാങ്ക‌് നിശ‌്ചയിക്കുന്നത‌്.
ഇത്തവണ നാറ്റ പരീക്ഷ രണ്ടു തവണയുണ്ട‌്. ഒന്നാം ഘട്ടം പരീക്ഷ ഏപ്രിൽ നാലിനും രണ്ടാംഘട്ടം ജൂലായ‌് ഏഴിനുമാണ‌്. രണ്ട‌് ഘട്ട പരീക്ഷയ‌്ക്കും രജിസ‌്ട്രേഷൻ 24നാണ‌് ആരംഭിക്കുന്നത‌്. ഒന്നാംഘട്ടത്തിൽ എഴുതുന്നവർക്ക‌് മാർച്ച‌് 11 വരെ അപേക്ഷിക്കാം. രേഖകളുടെ ഇമേജ‌് അപ‌്‌ലോഡ‌് ചെയ്യാനും ഫീ ഒടുക്കാനും മാർച്ച‌് 15 വരെ സമയമുണ്ട‌്. മാർച്ച‌് 18 വരെ അപേക്ഷയുടെ പ്രിന്റൗട്ട‌് ലഭ്യമാകും. മാർച്ച‌് 12 മുതൽ 15 വരെ അപേക്ഷയിൽ തെറ്റുതിരുത്തൽ അനുവദിക്കും. ഏപ്രിൽ ഒന്നിന‌് അഡ‌്മിറ്റ‌് കാർഡ‌് ഡൗൺലോഡ‌് ചെയ്യാം. ഏപ്രിൽ 14ന‌് പകൽ 10 മുതൽ 1.15 വരെയാണ‌് പരീക്ഷ. ഫലം മെയ‌് മൂന്നിന‌് ലഭിക്കും.
രണ്ടാംഘട്ടത്തിന‌് ജൂൺ 12 വരെ രജിസ‌്ട്രേഷൻ സമയം അനുവദിച്ചിട്ടുണ്ട‌്. ഇമേജുകൾ അപ‌്ലോഡ‌് ചെയ്യാനും ഫീ ഒടുക്കാനും സമയം ജൂൺ 15 വരെ. ജൂൺ 17 വരെ അപേക്ഷയുടെ പ്രിന്റ‌് ഔട്ട‌് ലഭ്യമാകും. ജൂൺ 15 മുതൽ 17 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. ജൂൺ 24ന‌് അഡ‌്മിറ്റ‌് കാർഡ‌് ലഭ്യമാകും. ജൂലായ‌് ഏഴിന‌് പകൽ 10 മുതൽ 1.15 വരെ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയുടെ ഫലം ജൂലായ‌് 21ന‌് ലഭ്യമാകും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, ദുബായ‌് ഉൾപ്പെടെ 123 പരീക്ഷ കേന്ദ്രങ്ങളുണ്ട‌്.
പരീക്ഷയുടെ പാർട്ട‌് എയിൽ മാത്തമാറ്റിക‌്സിൽനിന്ന‌് രണ്ട‌് മാർക്ക‌് വീതമുള്ള 20 ചോദ്യങ്ങൾക്കും ജനറൽ ആപ‌്റ്റിറ്റ്യുഡ‌് വിഭാഗത്തിൽ രണ്ട‌് മാർക്ക‌് വീതമുള്ള 40 ചോദ്യത്തിനും ഉത്തരം നൽകണം.. പാർട്ട‌് ബിയിൽ രണ്ട‌് മണിക്കുർ ഡോയിങാണ‌്. 40 മാർക്ക‌് വീതമുള്ള രണ്ട‌് ചോദ്യങ്ങളുണ്ടാകും.
അപേക്ഷിക്കാനും പരീക്ഷയ്ക്കുള്ള സിലബസുൾപ്പെടെ കൂടുതൽ വിവരങ്ങളടങ്ങിയ ബ്രോഷർ വായിക്കാനും nata.in സന്ദർശിക്കുക.
ഹെൽപ്പ‌് ഡസ‌്ക‌്: +91 8296744296
helplinenata2019@gmail.com