കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 3

0
929
Nazar Bandhu athmaonline

യാത്ര
നാസർ ബന്ധു

സാരനാഥിലേക്ക് :

കാശിയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ ദൂരെയാണ് സാരനാഥ്. ഹിന്ദു ജൈന ബുദ്ധമതങ്ങൾക്കെല്ലാം പ്രധാനപ്പെട്ട സ്ഥലമാണ് സാരനാഥ്

ഭഗവാൻ ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാലു പുണ്യസ്ഥലങ്ങളിൽ ഒന്നാണ് സാരനാഥ്. ഇവിടെ വച്ചാണ് ബുദ്ധൻ തൻ്റെ നിർവ്വാണലബ്ധിയ്ക്കു ശേഷം തന്റെ അഞ്ചു സഹചാരികളോടായി ആദ്യത്തെ പ്രബോധനം നടത്തിയത്.

ബുദ്ധൻ തൻ്റെ ആദ്യത്തെ ബൗദ്ധസംഘത്തിനു തുടക്കം കുറിച്ചതും ഇവിടെയാണ്.

ബൗദ്ധരചനകളിൽ ഇവിടം ഋഷിപട്ടൻ അഥവാ ഇസ്സിപട്ടന എന്നോ മൃഗദവ അഥവാ മൃഗദയ എന്നോ ആണ് രേഖപ്പെടുത്തപ്പെട്ടിരുന്നത്.

എന്നാൽ ഈ സ്ഥലത്തിന്റെ ആധുനിക നാമം പരമശിവന്റെ മറ്റൊരു പേരായ സാരംഗനാഥൻ (മാനു കളുടെ നാഥൻ) എന്നത് ലോപിച്ചുണ്ടായതാണ് എന്ന് പറയപ്പെടുന്നു .

പതിനൊന്നാം തീർത്ഥങ്കരനായ ശ്രേയാംസനാഥൻ തപസ്സനുഷ്ഠിച്ച ഇവിടം ജൈനന്മാരാലും പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു.

ബി.സി. മൂന്നാം നൂറ്റാണ്ട് മുതൽ ഏ.ഡി. പന്ത്രണ്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ള പല വിഹാരങ്ങളും, സ്തുപങ്ങളും, ക്ഷേത്രങ്ങളും, ആലേഖനങ്ങളും, ശിൽപങ്ങളും മറ്റു പുരാവസ്തുക്കളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

18-ാം നൂറ്റാണ്ടോടുകൂടി ബ്രിട്ടീഷുകാരാണ് സാരാനാഥിൻ്റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കി ഉൽഖനനം ആരംഭിച്ചത്.

ഇവയിൽ ധർമ്മരാജികാസ്തൂപം, ധമേഖ് സ്തൂപം, മൂർ ഗന്ധാ കുടി, ധർമ്മചക്ര ജിന വിഹാരം, മറ്റു വിഹാരങ്ങൾ, പ്രാർത്ഥനാസ്തൂപങ്ങൾ എന്നിവ പ്രധാനപെട്ടതാണ്.

സിംഹശിൽപ്പത്തോടു കൂടിയുള്ള അശോകസ്തംഭമാണ് ഇതിൽ ഏറ്റവും പ്രശസ്തം. ഇതാണ് പിന്നീട് നമ്മുടെ ദേശീയ ചിഹ്നം ആയത്.

ഉൽഖനനത്തിൽ നിന്നു ലഭിച്ച ശിൽപ്പങ്ങളും, ആലേഖനങ്ങളും മറ്റു പുരാവസ്തുക്കളും ഭാരതീയ പുരാവസ്തു വകുപ്പ് ഇവിടെ മ്യൂസിയത്തിൽ സംരക്ഷിക്കുന്നുണ്ട്.

കാശിയിൽ നിന്നും രണ്ട് ഇലക്ട്രിക് ഓട്ടോകൾ മാറി കയറിയാണ് സാർനാഥിൽ എത്തിയത്.

അവിടത്തെ ചെന്നതും വലിയൊരു ആൽമരത്തിന് കീഴെയുള്ള ഒരു ചായ കടയിൽ നിന്നും ചായ കുടിച്ചു. മരത്തിൻ്റെ അരികിൽ തന്നെ ഒരു മരക്കസേരയിട്ട് അതിൽ ആളെയി രുത്തി ഒരു ബാർബർ മുടി വെട്ടുന്നുണ്ടായിരുന്നു

ആദ്യം എവിടേക്ക് പോകണം എന്നാലോച്ചിച്ച് നടക്കുമ്പോഴാണ്
ഒരു യുവതിയും മകളും നടത്തുന്ന ഒരു ചായക്കട കണ്ടത്. ആ ചായക്കട യെ ആലിംഗനം ചെയ്യുന്ന രീതിയിൽ ഒരു ആൽമരം വളർന്ന് വളഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. ബുദ്ധൻ്റെ നാട്ടിൽ ആൽമരം പടർന്ന് നിൽക്കുന്ന ഒരു ചായക്കട പല ചിന്തകളുമുണർത്തി. അവിടെ നിന്നും ഒരു ചായ കുടിച്ചു .

വെറുതെ വഴിയിലൂടെ നടക്കുന്നതിനിടയിൽ ആണ് ബർമീസ് ബുദ്ധക്ഷേത്രത്തിന് സമീപം ഒരു കുഞ്ഞു ചായക്കട കണ്ടത് . തലമുടി മുഴുവൻ ജഡ പിടിച്ച സന്യാസിയെപ്പോലെ ഇരിക്കുന്ന ഒരു യുവാവാണ് ചായക്കാരൻ. ഒരു പഴയ ചായക്കടയാണ്. ഒരു കൗതുകത്തിനാണ് അവിടെ കയറിയത്. ചായ ഉണ്ടാക്കുന്നതും നോക്കിയിരിക്കുമ്പോഴാണ് ചായക്കടക്കാരനോട് സംസാരിക്കാൻ തോന്നിയത്. പേരു ചോദിച്ചപ്പോൾ ബാബാജി എന്ന് പറഞ്ഞു . പൊതുവെ സന്യാസികളെ അങ്ങനെയാണല്ലൊ വിളിക്കുക എന്ന് പറഞ്ഞപ്പോഴാണ് ശരിയായ പേര് തൂഫാനി എന്നാണ് എന്ന് പറഞ്ഞു.

അടുത്തിരുന്ന ഒരു നാട്ടുകാരനാണ് ബാബാജിയെക്കുറിച്ച് വാചാലനായത്. രാവിലെ തെരുവിൽ ഉള്ള കന്നുകാലികൾക്കും നായ്ക്കൾക്കും പക്ഷികൾക്കും എല്ലാം ഭക്ഷണം നൽകിയിട്ടാണ് കട തുറക്കുക .
വീട്ടുകാരെല്ലാം കല്യാണം കഴിച്ച് ജീവിക്കാൻ പറയുന്നുണ്ടെങ്കിലും അതെല്ലാം ഉപേക്ഷിച്ച് മുടിയും വളർത്തി ഭക്തിയുമായി നടക്കുകയാണ്. ഒരു യുവാവിൻ്റെ അസാധാരണ ജീവിതത്തെ പറ്റിയുള്ള കാതുകത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.

ഇതെല്ലാം കേട്ട് ബാബാജി ചിരിയോടെ ചായ ഉണ്ടാക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കാഴ്ച കണ്ടത് . ഒരു എലി വന്ന് ചായ പാത്രത്തിനടുത്ത് വന്ന് നിന്നു. അതിൻ്റെ നിൽപ് കണ്ടാൽ അറിയാം, ഒരു ഭയവുമില്ല. ബാബാജി എലിയെ പതിയെ കൈ കൊണ്ട് മാറ്റി നിർത്തി പാത്രം കഴുകി ചായ ഒഴിച്ചു .
ഇതിനിടയിൽ ഞാൻ ബാബാജിയുടെ ഏതാനും ചിത്രങ്ങൾ എടുത്തിരുന്നു.

തായ് ബുദ്ധക്ഷേത്രത്തിലേക്ക് നടന്നു കയറാൻ തുടങ്ങുമ്പോഴാണ് നിലത്തിരുന്ന് കൈകൂപ്പുന്ന ഒരു അമ്മൂമയെ കണ്ടത്. പേര് ചോദിച്ചു. രാംപതി എന്നാണ് പേര്. പതിറ്റാണ്ടുകളായി അവിടത്തെ തൂപ്പുകാരിയാണ്. അവരുടെ ഇരിപ്പോ അതോ മുഖഭാവമോ എന്താണെന്നറിയില്ല കുറച്ചു നേരം എന്നെയവിടെ പിടിച്ചു നിർത്തി. പരിമിതമായ വാക്കുകളിൽ സംസാരിച്ചു. പിരിയാൻ നേരം ഭംഗിയിൽ കൈകൂപ്പി ചിരിച്ചു.

മുളഗന്ധാകുടി ബുദ്ധക്ഷേത്രത്തിന് സമീപമാണ് ബുദ്ധൻ ബോധോദയം ലഭിച്ച ശേഷം ആദ്യമായി അഞ്ച് ശിഷ്യൻമാരോട് സംസാരിച്ചത്. അതിൻ്റെ ഓർമക്കായി ബുദ്ധൻറേയും അഞ്ച് ശിഷ്യൻമാരുടെയും വലിയ പ്രതിമകളും ഒരു ആൽമരവും ബർമ , തിബറ്റ് , തായ് വാൻ , ചൈന , ശ്രീലങ്ക മുതലായ രാജ്യങ്ങിൽ നിന്നുള്ള പല തരം സ്തൂതൂപങ്ങളും ഉണ്ട്. അതിനടുത്ത് തന്നെ ചെറിയ ഒരു മൃഗശാലയും ഉണ്ട്.

ബുദ്ധക്ഷേത്രത്തിന്ന് മുന്നിൽ സന്ദർശകരെ നിയന്ത്രിക്കുന്ന ബുദ്ധ സന്യാസിയുടെ ഫോട്ടൊ എടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഒരു കരച്ചിൽ കേട്ടത്. നോക്കുമ്പോൾ പ്രാർത്ഥനക്കായി വന്ന ഒരു യുവതി കരയുകയാണ്. കൂടെയുള്ള മറ്റൊരു സ്ത്രീ അവരെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവർക്ക് കരച്ചിടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ ബുദ്ധ സന്യാസി അവരെ സ്നേഹപൂർവം വിളിച്ചു തിരക്കൊഴിഞ്ഞ ഒരിടത്തേക്ക് കൊണ്ടുപോയി ഇരുത്തി. അവരുടെ സങ്കടല്ലൊം ഒഴുകിത്തീരുന്നിടമായിരിക്കാം അത്.

ജൈനക്ഷേത്രത്തിൻ്റെ പടവുകളിൽ ഇരിക്കുമ്പോഴാണ് ഒരു യാത്ര സംഘത്തെ കണ്ടത് . സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ട്. അതിലൊരു പെൺകുട്ടി വളരെ സന്തോഷത്തോടെ എല്ലാം നോക്കി കാണുകയും മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരു ചെറിയ കുട്ടി തറയിലൂടെ ഒരു ചെറിയ അട്ട പോകുന്നത് കണ്ടപ്പോൾ അതിനെ ചവിട്ടാൻ കാലുയർത്തിയതും ആ പെൺകുട്ടി ഓടി വന്ന് അതിനെ തടഞ്ഞു. അട്ടയെ അവിടുന്ന് സാവധാനം എടുത്തു മാറ്റി. കളി ചിരികളോടെ അവളത് ചെയ്യുന്നത് നോക്കി നിന്നപ്പോൾ വെറുതെ അഹിംസയുടെ ഭംഗിയെ പറ്റി ഓർമ വന്നു.

അവിടെ നിന്നിറങ്ങി വഴിയരികിലൂടെ നടക്കുമ്പോഴാണ് റോഡരുകിൽ ഒരു ദർഗ കണ്ടത്. ആരുടേതെന്ന് അറിയില്ല. കുറച്ചു പേർ പ്രാർത്ഥനക്കായി എത്തിയിട്ടുണ്ട്. പൂക്കളും പട്ടുതുണിയും വിൽക്കുന്ന കടക്കാരനും അടുത്തുണ്ട്. വെറുതെ കുറച്ചു നേരം നോക്കി നിന്ന് വീണ്ടും നടക്കാൻ തുടങ്ങി.

രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. എന്തെങ്കിലും കഴിക്കാം എന്ന് കരുതി നടക്കുമ്പോഴാണ്
കറിയുണ്ടാക്കുന്ന കടലയുടെ പൊരി കണ്ടത്. കണ്ടാൽ മലർ പോലെയിരിക്കും. അൽപം വാങ്ങി കഴിച്ചു
.

കാര്യമായി എന്തെങ്കിലും കഴിക്കാം എന്ന് കരുതിയാണ് അടുത്തു കണ്ട തട്ടുകടയിൽ കയറിയത്. നല്ല ഭംഗിയിൽ ഭക്ഷണ സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു. പാവ് ഭാജി ഓർഡർ ചെയ്ത് അത് തയ്യാറാക്കുന്നതും നോക്കിയിരിക്കുമ്പോഴാണ് കടക്കാരനെ വെറുതെ പരിചയപ്പെട്ടത്. രാജ്കുമാർ ജയ്സ്വാൾ എന്നാണ് പേര്.
അറുപത് വർഷമായി അവിടെ കച്ചവടം നടത്തുന്ന അദ്ദേഹത്തിന് പതിനൊന്ന് മക്കൾ ഉണ്ട്. ഒരു പൈസക്ക് പാനി പൂരി വിറ്റിരുന്ന കാലം മുതലുള്ള കഥകൾ അദ്ദേഹം പറഞ്ഞു. ഇപ്പോൾ രണ്ട് രൂപയാണ് ഒരെണ്ണത്തിന്. ഭാഷയുടെ പരിമിതിയുള്ളതിനാൽ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല.

സാരാനാഥിലെ ശിവക്ഷേത്രവും കണ്ട് കഴിഞ്ഞപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഒരു വലിയ തടാകത്തിനരികെ ഒരു കുന്നിൻ മുകളിലാണ് ക്ഷേത്രം. കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം
ഓട്ടോയിൽ തിരികെ കാശിയിലെത്തി.

ഓട്ടോയിറങ്ങി തെരുവിലൂടെ നടക്കുമ്പോഴാണ് ഒരു ചായക്കാരനെ കണ്ടത്. അയാളുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ അയാൾ വലിയ ഒരു പിച്ചള പാത്രത്തിലാണ് ചായ കൊണ്ടു നടന്ന് വിൽക്കുന്നത്. പിച്ചള പാത്രത്തിന് താഴെ ചെറിയ കൽക്കരി അടുപ്പുമുണ്ട്. പ്രത്യേക ആകൃതിയിൽ തീർത്ത ചായ പാത്രത്തിൻ്റെ നടുവിലൂടെയാണ് തീയുടെ പുക പുറത്തേക്ക് പോവുക. അദ്ദേഹത്തെ വഴിയരികിൽ നിർത്തി രണ്ട് ചായ വാങ്ങി കുടിച്ചു.

താമസിക്കുന്ന സ്ഥലത്തെ വീട്ടുകാരുമായി കൂടുതൽ പരിചയത്തിൻ ആയതിനാൽ അവിടത്തെ കുട്ടിയുടെ ജന്മദിനത്തിന് ക്ഷണമുണ്ടായിരുന്നു. അതിനാൽ അന്ന് രാത്രി ബർത്ഡേ പാർട്ടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here