നാട് കടക്കും വാക്കുകൾ – ”ബാച്ചം”

0
232

അനിലേഷ് അനുരാഗ്

സാമാന്യാർത്ഥത്തിൽ മാത്രമാണ് രതിയും, ലൈംഗീകതയും തമ്മിൽ വ്യത്യാസമില്ലാതെയിരിക്കുന്നത്. ഉടൽവ്യവഹാരങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും കാണാം, അകത്തും, പുറത്തും, ഉദ്ദേശത്തിലും, പ്രയോഗത്തിലുള്ള അവയുടെ വൈജാത്യങ്ങൾ. ‘ലൈംഗീകത’ എന്ന വാക്ക്, അതിൻ്റെ ശബ്ദക്രമീകരണം ധ്വനിപ്പിക്കുന്നതുപോലെ പരുക്കനും, പ്രയോജനമൂല്യത്തിലൂന്നിയതുമായ ഒരു സാമൂഹികസംജ്ഞയാകുമ്പോൾ, ‘രതി’ ഭാവദീപ്തിയാർന്ന ഒരു ലാവണ്യപദമാകുന്നു. ലൈംഗീകത പ്രകൃതിയുടെ അതിജീവനത്തെക്കുറിച്ച് പറയുമ്പോൾ, രതി, പ്രപഞ്ചത്തിൻ്റെ സ്വരലയത്തെക്കുറിച്ചാണ് പാടുന്നത്; ഭൂമിയിൽ മനുഷ്യനെന്ന ജീവിയുടെ പ്രത്യുൽപ്പാദനത്തെക്കുറിച്ചുള്ളതാണ് ലൈംഗീകതയെങ്കിൽ, അതിൻ്റെ ഉടലിലെ ഗോപ്യവും, എന്നാൽ പ്രാപ്യവുമായ ആനന്ദത്തെക്കുറിച്ചുള്ളതാണ് രതിയും, അതിൻ്റെ അനുഭൂതികളും. ഒന്ന് പ്രകൃതിയെങ്കിൽ മറ്റേത് സംസ്കൃതിയാണ്.

ജീവശാസ്ത്രപരമായ ഒരു പ്രതിഭാസം മാത്രമായാണ് നാം ദേഹത്തെക്കാണുന്നതെങ്കിൽ – അവജ്ഞയോ,ശ്രേഷ്ഠമനോഭാവമോ കൂടാതെ പറഞ്ഞാലും – അത് മൃഗീയമായ നിസ്സാരവൽക്കരണമായിപ്പോകും. പ്രാകൃതികമായ ലൈംഗീകതയിലും ശബ്ദത്തിൻ്റെയും, ചലനത്തിനെയും താളവും, ലയവും കൂട്ടിച്ചേർക്കപ്പെട്ടപ്പോഴാണ് രതിസാമ്രാജ്യത്തിൻ്റെ ബീജാവാപം നടന്നത്. അങ്ങനെ, ഉള്ളിലൊന്നുമില്ലാത്ത ഉടലുകളിൽ നമ്മൾ കലയും, കവിതയും എഴുതിച്ചേർത്തു; ഉലയുന്ന ഉടലുകളിലെ നഖങ്ങൾ മുതൽ ശിഖരങ്ങൾ വരെ, അവയ്ക്കുള്ളിലെരിഞ്ഞ മോഹാഗ്നിയുടെ സ്ഫുലിംഗങ്ങൾ മുതൽ ശലാകകൾ വരെ നമ്മൾ എഴുതുകയും, വരക്കുകയും, ആടുകയും ചെയ്തു. ഒരു നാളും പൂർത്തിയാകാത്ത ബാബേൽ ഗോപുരം മനുഷ്യൻ അവനു വേണ്ടി മാത്രം മെനഞ്ഞെടുത്ത രതിപ്രപഞ്ചം തന്നെയല്ലേ?

അവധിദിവസങ്ങളിലെങ്ങോ വീട്ടിൽ വന്ന,തലശ്ശേരി-കൂത്തുപറമ്പ് ദേശങ്ങളിൽ, അമ്മവഴിയിലുള്ള അടുത്ത ബന്ധുക്കളാരിൽ നിന്നോ ആണ് അന്ന് ശൈശവത്തിനും, ബാല്യത്തിനും ഇടയിൽപ്പെട്ട ഞാൻ അപരിചിതമായ ആ വാക്ക് കേട്ടിട്ടുണ്ടാവുക: ബാച്ചം. വിരുന്ന് വരുന്നവരുടെ സ്വല്പം ബലപ്രയോഗത്തോടു കൂടിയ സ്നേഹപ്രകടനങ്ങളോട് എന്നതുപോലെ ഇഷ്ടക്കേടു തോന്നിയിരുന്ന ഒരു പദമായിരുന്നു അത് കുറേക്കാലം. ‘ബാച്ച’ത്തിൻ്റെ ആദ്യത്തെ ഓർമ്മച്ചിത്രം, ക്ഷിപ്രകോപിയായ എന്നെ മനഃപൂർവ്വം ദേഷ്യംപിടിപ്പിക്കാൻ, താടി വടിച്ചതിൻ്റെ അടുത്തയാഴ്ച പൊടിഞ്ഞുവരുന്ന, മുള്ളുപോലെകുത്തുന്ന മുഖരോമങ്ങൾ കവിളത്തിട്ടുരയ്ക്കുന്ന എൺപതുകളിലെ ഇളയച്ഛനാണ്.

ഏറ്റവും ലളിതമായ അർത്ഥത്തിൽ,കണ്ണൂർ-തലശ്ശേരി ദേശത്തെ നാട്ടുവഴക്ക-ശബ്ദതാരാവലിൽ ‘ബാച്ചം’ ചുണ്ടുകൾ കൊണ്ടുള്ള ഒരു തൊടലാണ്; അതിൻ്റെ അർത്ഥം സാന്ദർഭീകമായിരിക്കും.
ചുണ്ടുകൾ കൊണ്ടുള്ള സ്പർശങ്ങൾക്ക്, ഒരു പരിധിവരെ, ജീവിലോകത്ത് സാർവ്വലൗകീക അർത്ഥങ്ങളുണ്ട്. മുഖവും,ചുണ്ടുകളും മറ്റൊരു മുഖവുമായി ഉരുമ്മുന്നത് കാട്ടു-നാട്ടു-വളർത്തു ജീവികൾക്കിടയിൽ സാധാരണമാണ്. അതിൽ ‘അർത്ഥശങ്ക’യാലുണ്ടാകുന്ന പിഴയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ, രണ്ടുചുണ്ടുകൾ അപരനിൽ സ്പർശിക്കുന്ന മുദ്രയെ മനുഷ്യൻ ഏതെല്ലാം വികാരങ്ങളും, സങ്കീർണ്ണ മാനസീകഭാവങ്ങളുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്: വാത്സല്യം, ഇഷ്ടം, കാമം, സൗഹൃദം, കൺകെട്ട്, വിശ്വാസം, ആശ്വാസം, കൂട്ടായ്മ, പ്രതീക്ഷ, അനുകമ്പ, കൃതജ്ഞത, കൃതഘ്നത, പ്രതികാരം, വിട… പര്യായങ്ങളാണെങ്കിലോ അനവധിയാണ്: മുത്തം,ഉമ്മ, ചുംബനം, അധരപാനം..

ആപാതചൂഡം ചുംബനങ്ങളുള്ള രതിമേഘലയിൽ,വാത്സ്യായനൻ ആർക്കും കൃത്യമായി ഓർമ്മിച്ചുവയ്ക്കാൻ പറ്റാത്തത്ര ചുംബനങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ചുംബനപ്രക്രിയക്ക് കാലം, ഇടം എന്നിവയ്ക്കനുസരിച്ച് വിചിത്രവും, വിഭ്രാന്തിജനകവുമായ വകഭേദങ്ങളുണ്ടെങ്കിലും, ‘കാമസൂത്ര’യിലെ പ്രാഥമികചുംബനവിഭജനം മൂന്നാണ്: ലജ്ജയോടെയുള്ള ‘നിമിത്തകം’, ലജ്ജയൊതുക്കിയ ‘സ്ഫുരിതകം’, പിന്നെ, ലജ്ജവെടിഞ്ഞ ‘ഘടിതകം’. ഇവയല്ലാതെ, മത്സരചുംബനത്തിന് ‘ചുംബനദ്യൂത’മെന്നും, ചലിപ്പിക്കാനുള്ള ഉദ്യമത്തെ ‘ചലിതക’മെന്നും, കണ്ണാടിയിലോ, വെള്ളത്തിലോ പ്രതിഫലിച്ചുകണ്ട പ്രണയിയുടെ രൂപത്തെ അനുരാഗപൂർവ്വം ചുംബിയ്ക്കുന്നതിന് ‘ഛായാചുംബന’മെന്നും പേരുകളുണ്ട്. (മൊബൈൽ സ്ക്രീനിൽ ചുംബിക്കുന്നതിന് വാത്സ്യായനൻ എന്തു പേര് പറയുമോ ആവോ !). എന്നാൽ, എല്ലാ വർഗ്ഗീകരണങ്ങൾക്കുമുപരിയായി, മിഥുനങ്ങൾക്ക് നഖശിഖാന്തം (അറഞ്ചം,പുറഞ്ചം) ചുംബിക്കാം എന്ന് പറഞ്ഞാണ് അദ്ദേഹം ‘കാമസൂത്ര’ത്തിലെ മൂന്നാം അധ്യായമായ ‘ചുംബനവികൽപ്പപ്രകരണം’ മടക്കുന്നത്.

ചരിത്രത്തിൽ നിന്നിറങ്ങി സാഹിത്യത്തിലേക്ക് വന്നാൽ പല വാള്യങ്ങളിലുള്ള ഒരു ബൃഹത്ഗ്രന്ഥത്തിൽക്കൊള്ളാനുള്ളത്ര ചുംബനസന്ദർഭങ്ങൾ കണ്ടെത്താനാകും. മലയാളത്തിലെ ഏറ്റവും ജനകീയകലാരൂപങ്ങളിലൊന്നായ സിനിമാഗാനങ്ങൾ ഒരു നിമിഷം ഓർത്തുനോക്കിയാൽ തന്നെ എത്ര വരികളാണ് മനസ്സിൽ തള്ളിക്കയറിവരുന്നത് ! ഓർമ്മയിൽ എന്നുമുള്ള മൂന്ന് വാങ്മയ ചിത്രങ്ങൾ : “ചെമ്പകതൈകൾ പൂത്ത മാനത്തു പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി…”,

“ചുംബനപ്പൂ കൊണ്ട് മൂടീ എൻ്റെ തമ്പുരാട്ടീ നിന്നെയുറക്കാൻ…”,

“… പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു… “;

പിന്നെ, സർ സയ്യദ് കോളേജിലെ പൊടിമീശക്കാലം മുതൽ എൻ്റെ എക്കാലത്തേയും പ്രിയങ്കരമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ വരികൾ:

“മുഖക്കുരു മുളയ്ക്കുന്ന
കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാൻ കവർന്നെടുത്തു..
അധരംകൊണ്ടധരത്തിൽ
അമൃത് നിവേദിയ്ക്കും
അസുലഭ നിർവ്വതി
അറിഞ്ഞൂ ഞാൻ…

ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോളൊരു
ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു… ”

ഇവയിലേതു സൂചിതമാണ് ഇന്നു മിക്കവാറും അപ്രത്യക്ഷമായ ‘ബാച്ച’ത്തിൽ ഉള്ളത് / ഉണ്ടായിരുന്നത് എന്ന് പറയാൻ ഞാനാളല്ല. ഒരു കുഞ്ഞിനോടു ചോദിച്ചുവാങ്ങുന്ന ‘ബാച്ചം’ എനിക്കറിയാം; പക്ഷെ, ആഴത്തിലോടിയ വേരുകളിൽ നിന്ന് ഹൃദയങ്ങളെ കടപുഴക്കിയ ബാച്ചങ്ങളും ഉണ്ടായിരുന്നില്ല എന്നെങ്ങിനെ പറയും? പച്ചപ്പരിഷ്കാരിയായ നവവധുവോട് നിഷ്കളങ്കമായി, എന്നാൽ പ്രേമപരവശനായി “ഒരു ബാച്ചം തരുമോ? ” (ബാച്ചം നോട്ട് – എന്ന് കണ്ണൂർ ശൈലി) എന്ന് ആദ്യരാത്രി തന്നെ ചോദിച്ചുപോയ നവവരൻ അവളാൽ അക്ഷന്തവ്യമായ രീതിയിൽ അധിക്ഷേപിക്കപ്പെട്ട യഥാർത്ഥകഥ കുടുംബവൃത്തങ്ങളിൽ നിന്ന് കേട്ടിട്ടുണ്ട്. ‘മട്ട് നക്കി’കൾ (കള്ള് പാനിയുടെ അടിയിൽ ഊറിയതുവരെ വിടാത്ത പെരുങ്കുടിയന്മാർ) കള്ള്ഷാപ്പ് അടച്ചാൽ ‘ഭൂമിക്ക് ബാച്ചം കൊടുത്ത് കിടക്കുന്നു’ എന്നതും നമ്മുടെ നാട്ടിലെ പഴയ പരിചിതപ്രയോഗങ്ങളിൽ ഒന്നായിരുന്നു. എന്തായാലും, ‘ബാച്ച’ത്തിൻ്റെ ലൈഫ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ എനിക്കിപ്പോൾ അത്ര ഉറപ്പില്ല തന്നെ.

കാലം കടന്നുപോകെ, കറുത്ത, കുത്തുന്ന താടിരോമങ്ങൾ പോലെ, ‘ബാച്ച’ത്തോടുള്ള അനിഷ്ടവും, പ്രതിപത്തിയും മൂർച്ച കുറഞ്ഞ്, നിറംമങ്ങി എൻ്റെ ഓർമ്മയിൽ നിന്ന് അപ്രസക്തമാകാനും, പതിയെ അപ്രത്യക്ഷമാകാനും തുടങ്ങിയിരിക്കുന്നു. ചിലപ്പോൾ, കുറേക്കൂടി കഴിയുമ്പോൾ അർത്ഥമുള്ള വാക്കിൽ നിന്നും അതൊരു അസംബന്ധ ശബ്ദമായി മാറിയേക്കുമായിരിക്കും. അങ്ങനെ മറന്നു തുടങ്ങുന്നവയെ സ്വയമോർപ്പിക്കാൻ കൂടിയാണല്ലോ ഒരർത്ഥത്തിൽ
എല്ലാം എഴുത്തുകളും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here