`ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ`

0
477

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! 5

മൈന ഉമൈബാന്‍

കേരളാവസ്ഥയില്‍ അരിയോ മറ്റു ധാന്യങ്ങളോ ആയിരിക്കിരിക്കില്ല അടുത്ത തലമുറയുടെ പ്രധാന ആഹാരം. ഭക്ഷ്യധാന്യങ്ങളുടെ സ്ഥാനത്ത്‌ കേരളത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച്‌ നില്‍ക്കാന്‍ ശേഷിയുണ്ടാവുന്ന മരം പ്ലാവായിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ചക്ക മുഖ്യ ഭക്ഷണമായി തീരും.

കാര്യമായ വള പ്രയോഗമൊന്നുമില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ്‌ പ്ലാവ്‌. രാസവള പ്രയോഗമില്ലാതെ ശുദ്ധമായ ഫലം തരുന്ന വൃക്ഷം. കടുപ്പമേറിയ തടിയും കിട്ടും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്‌സൈഡിനെ സ്വീകരിക്കാനും കഴിയുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്ലാവിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയും നട്ടു പിടിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ കേരളത്തിലുണ്ട്‌. ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌വേളൂര്‍ക്കരയിലെ പ്ലാവ്‌ ജയന്‍ എന്ന കെ ആര്‍ ജയന്‍.

കുട്ടിക്കാലത്തെ ദാരിദ്ര്യമായിരുന്നു ജയനെ പ്ലാവിലേക്ക്‌ അടുപ്പിച്ചത്‌. അന്നു വിശപ്പു മാറ്റാന്‍ ചക്കയും ചക്കക്കുരുവും മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ വളര്‍ത്തിയ ആടുകളുടെ ഭക്ഷണം പ്ലാവിലയായിരുന്നു. തന്റെ വീട്ടിനുള്ളിലെ ജീവനുള്ളവയെയെല്ലാം തീറ്റീപ്പോററുന്നത്‌ പ്ലാവാണല്ലോ എന്ന ബോധം ജയനുണ്ടായി. സ്‌കൂള്‍ വളപ്പിലും റോഡരുകുകളിലും തൈകള്‍ നട്ടു തുടങ്ങുകയായിരുന്നു ഏഴാംക്ലാസുകാരന്‍..അപ്പോള്‍ തന്നെ പേരും വീണു. ‘പ്ലാവുജയന്‍’. പിന്നീട്‌ പത്താംക്ലാസു കഴിഞ്ഞ്‌ കേരളത്തിനു പുറത്ത്‌ പല ജോലിക്കും പോയിട്ടും ജയനെ പ്ലാവുകള്‍ വിളിച്ചു കൊണ്ടിരുന്നു. ഇടയ്‌ക്ക്‌ ഗള്‍ഫില്‍ പതിനൊന്നുകൊല്ലം. നല്ല ജോലിയും ശമ്പളവുമായിരുന്നിട്ടും കുട്ടിക്കാലത്ത്‌ തന്റെയും കുടുംബത്തിന്റെയും വിശപ്പുമാറ്റിയ വൃക്ഷത്തെ മറക്കാന്‍ ജയനായില്ല. ജോലി ഒഴിവാക്കി പോന്നു. ഇപ്പോള്‍ പ്ലാവിന്‍ തൈകള്‍ നട്ടും നനച്ചും പരിപാലിച്ചുമിരിക്കുന്നു. ഒരു ലക്ഷം പ്ലാവ്‌ നട്ടു വളര്‍ത്തണമെന്നാണ്‌ ജയന്റെ ആഗ്രഹം. ഇതുവരെ 30000 ലേറെ പ്ലാവു നട്ടു വളര്‍ത്തി കഴിഞ്ഞു. ഈ പ്ലാവുകളിലെ ചക്കയായിരിക്കും വരും തലമുറയുടെ മുഖ്യാഹാരം എന്ന്‌ ജയന്‍ ഉറപ്പിച്ചു പറയുന്നു.
(സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് , എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ Hall of fame Award, ഇപ്പോൾ ദേശബന്ധു ദേശീയ അവാർഡ് തുടങ്ങിയ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട് – വിവിധ പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തുന്നു . പ്ലാവിന്റെ സവിശേഷതകൾ പരിചയപ്പെടുത്തുന്ന ‘പ്ലാവ് ‘എന്ന പുസ്തകവും എഴുതിയിട്ടുണ്ട്)

മറയൂര്‍ വനവും നേര്യമംഗലം കാടുകളും പരിചയിച്ചവള്‍ക്ക്‌‌ കോഴിക്കോടു നഗരത്തിലെ ജീവിതം ചില കാര്യങ്ങളില്‍ അമ്പരിപ്പിക്കുന്നതായിരുന്നു.

ആദ്യം വാടകക്കു താമസിച്ച വീടിനു ചുറ്റും മരങ്ങളുണ്ടായിരുന്നു. മാവും പ്ലാവും തെങ്ങുമൊക്കെയായി…..നഗരമാണെന്ന തോന്നലില്ലായിരുന്നു. പക്ഷേ മനുഷ്യരാണ്‌ പ്രശ്‌നം. പ്ലാവിലൊരുപാട്‌ ചക്ക. ഇടിച്ചക്ക, കൊത്തച്ചക്ക, പച്ചച്ചക്ക ഒന്നും ആര്‍ക്കും ആവശ്യമില്ല. പുഴുക്കും തോരനും ചക്കക്കുരുവും ഒന്നും വേണ്ട.

സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു. മുറ്റത്തൊരു പ്ലാവ്‌, പേര, രണ്ടു തെങ്ങുകള്‍, കിണര്‍….സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു.

`എന്തിനാ ഈ പ്ലാവ്‌…?`

`ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ` ഞാന്‍ പറഞ്ഞു.

`ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും` ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്‌. അതിരിനോടു ചേര്‍ന്നാണ്‌ പ്ലാവ്‌. ഇപ്പോള്‍ തൈ മരമാണ്‌. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റൊരയല്‍ വീട്ടുകാരുടെ മരങ്ങളില്‍നിന്ന്‌ ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്‌ ചീഞ്ഞ്‌ ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആ വര്‍ഷം ഞങ്ങളുടെ പ്ലാവ്‌ കന്നി കായ്‌ച്ചു. കണ്ടിട്ട്‌ വെട്ടാന്‍ തോന്നുന്നില്ല. സങ്കടം…പക്ഷേ അയല്‍ക്കാരന്റെ കറുത്ത മുഖത്തിനു മുന്നില്‍ അവരുടെ അതിരിലേക്ക്‌ നീണ്ടു നിന്ന കൊമ്പുവെട്ടിയൊതുക്കാന്‍ ഒരാളെ ഏല്‌പിച്ചു. പക്ഷേ, അയാള്‍ തലയടക്കം വെട്ടി. അക്കൊല്ലത്തെ വേനലില്‍ മരമുണങ്ങിപ്പോയി…..

 

(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here