കവിത
രാജന്‍ സി എച്ച്
മുരിങ്ങയിലത്തോരന്
മുരിങ്ങയില തന്നെ വേണമെന്നില്ല.
ഏതിലയും മുരിങ്ങയിലയെന്ന്
ഏതു മരത്തിലും ചെടിയിലും
മുരിങ്ങയിലയെന്ന്
ഏതു കാട്ടിലും മേട്ടിലും
മുരിങ്ങയെന്ന്
ഏതു മുറ്റത്തും
തന്റെ മുരിങ്ങയെന്ന്
താനതിന്റെ ചോട്ടിലിരുന്നാണ്
എഴുതുന്നതെന്ന്
മുരിങ്ങയിലകള്‍ക്കിടയില്‍
കുടുങ്ങിക്കിടക്കയാണാകാശമെന്ന്
മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന്
ഓരോ കവിയേയും പോലെ
കരുതിയാൽ മതി.
മുരിങ്ങയിലത്തോരന്
മുരിങ്ങയിലകൾക്കിടയിലെ
ആകാശം മതിയാവും.
രാത്രി നക്ഷത്രങ്ങളാകുന്ന
ഇലകളുടെ തിളക്കം മതിയാവും.
വഴറ്റിയെടുക്കുമ്പോൾ
ചിന്നിത്തൂവുന്ന
മിന്നാമിനുങ്ങുകൾ മതിയാവും.
ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ
പ്രണയമൊട്ടിച്ച ഇലകൾ
ഉടൽച്ചൂടിൽ വാടിയമരും.
മുരിങ്ങയിലത്തോരനെന്ന്
നീയെന്നെയും
ഞാൻ നിന്നെയും
വാരിത്തിന്നും.
മറ്റുള്ളവര്‍ക്ക്
അതെങ്ങനെയാണ്
പാചകം ചെയ്തതെന്ന്
വിവരിക്കാനാവുകയേയില്ല.
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.