യുദ്ധവും സത്യവും

0
278

മുരളി തുമ്മാരുകുടി

യുദ്ധത്തിലെ ഒന്നാമത്തെ രക്തസാക്ഷി “സത്യം” ആണെന്ന് ഒരു ഇംഗ്ലീഷ് പഴംചൊല്ല് ഉണ്ട് “The first casuality of war is truth”. ഇംഗ്ളീഷുകാർ യുദ്ധത്തേയും സത്യത്തേയും പറ്റി പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. കാരണം ലോകം എങ്ങും നടന്ന് യുദ്ധം നടത്തിയതും അതിനെപറ്റി പൊടിപ്പും തൊങ്ങലും വച്ച് ചരിത്രം ഉണ്ടാക്കിയതുമായ അറിവാണ്.

നമ്മുടെ അതിർത്തിയിലും സംഘർഷങ്ങൾ നടക്കുന്നു. യുദ്ധം കണ്ടിട്ടില്ലാത്ത ആളുകൾ ഫേസ്ബുക്കിലും പുറത്തും മുറവിളി കൂട്ടുന്നു. നമ്മുടെ പത്രങ്ങൾ ഒക്കെ തോന്നുന്ന പോലെ എന്തൊക്കെയോ എഴുതുന്നു. അങ്ങനെ അങ്ങനെ എഴുതേണ്ടത് ഉത്തരവാദിത്തം ആണെന്ന് തെറ്റിദ്ധരിക്കുന്നു.

ഇത്തരം സാഹചര്യത്തിൽ സത്യം എന്തെന്ന് അറിഞ്ഞിരിക്കേണ്ടത് സാധാരണ പൗരന്മാരുടെ ഉത്തരവാദിത്തം ആണ്. അസത്യങ്ങൾ പറഞ്ഞും ദേശാഭിമാനം ആളിക്കത്തിച്ചും ഒക്കെയാണ് ലോകത്തെമ്പാടും രാജ്യങ്ങൾ വിനാശകരമായ യുദ്ധങ്ങളിലേക്ക് നീങ്ങിയിട്ടുള്ളത്.

ദുരന്ത രംഗത്തുള്ള പരിചയത്തെക്കാൾ ഏറെയുണ്ട് എനിക്ക് യുദ്ധ രംഗത്ത് ഉള്ള പരിചയം. കൊസോവോ യുദ്ധങ്ങൾ തൊട്ട് അഫ്ഘാനിസ്ഥാൻ, ഇറാക്ക്, ലെബനൻ, ഗാസ, സുഡാൻ, ശ്രീലങ്ക, ബോഗൻ വിൽ, ലൈബീരിയ, കോംഗോ സിറിയ എന്നിങ്ങനെ സമീപകാലത്തെ എല്ലാ യുദ്ധ പ്രദേശങ്ങളിലും യുദ്ധത്തിന് മുമ്പും യുദ്ധം നടക്കുമ്പോഴും അതിന് ശേഷവും ഒക്കെ പോയ പരിചയം ഉണ്ട്. അവരുടെ യുദ്ധത്തിന് മുമ്പും ശേഷവും ഉള്ള ചരിത്രം അറിയാം. യുദ്ധം അവരോട് എന്ത് ചെയ്തു എന്നറിയാം. പക്ഷെ ഈ വിഷയത്തെ പറ്റി അധികം എഴുതാൻ എനിക്ക് ഔദ്യോഗികമായി പരിമിതികൾ ഉണ്ട്. എന്നാലും സ്ഥിതിഗതികൾ ഞാൻ എപ്പോഴും നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കിൽ സുരക്ഷാ വിഷയങ്ങൾ എഴുതാം, പക്ഷെ തൽക്കാലം നമ്മൾ അവിടെ എത്തിയിട്ടില്ല.

പക്ഷെ എൻ്റെ വായനക്കാർ ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. ഈ വിഷയത്തിൽ പരമാവധി കൃത്യമായ വിവരങ്ങൾ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കണം. പണ്ടൊക്കെ മനോരമയും ആകാശവാണിയും പറയുന്നതിന് അപ്പുറം അറിയാൻ നമുക്ക് മാർഗ്ഗങ്ങൾ ഒന്നും ഇല്ലായിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ ഒക്കെ കാലത്ത് ഞാൻ ബി ബി സി റേഡിയോ ആണ് കൂടുതൽ ബാലൻസ്‌ഡ് ആയ റിപ്പോർട്ടിംഗിന് വേണ്ടി ആശ്രയിച്ചിരിക്കുന്നത്. ഇപ്പോൾ അങ്ങനെ അല്ല. ലോകത്തെവിടെ നിന്നും ഉള്ള വാർത്തകൾ നിങ്ങളുടെ ഗൂഗിളിന്റെ അറ്റത്ത് ഉണ്ട്. നമുക്ക് പരിചയമുള്ള മാധ്യമങ്ങൾ മാത്രം വായിച്ചു നോക്കാതിരുന്നാൽ മതി. പുതിയ പത്രങ്ങൾ വായിക്കുക. ഗൂഗിളിൽ “Kashmir India Pakistan” എന്നൊരു അലേർട്ട് സെറ്റ് ചെയ്യണം. അതിൽ വരുന്ന പേജുകൾ എവിടെ നിന്നാണെങ്കിലും കുറച്ചൊക്കെ വായിക്കണം. നമ്മുടെ മാധ്യമങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടാൽ തന്നെ പകുതി ആശ്വാസമാകും. വാട്ട്സ്ആപ്പിൽ വരുന്ന “വാർത്തകൾ” പൂർണ്ണമായും അവിശ്വസിക്കണം. അപ്പോൾ തന്നെ തൊണ്ണൂറു ശതമാനം നുണ ഒഴിവായി കിട്ടും. പിന്നെ വിദേശത്തു നിന്നും വരുന്ന വാർത്തകൾ വായിക്കുക നമുക്ക് കിട്ടുന്നതും ആയി താരതമ്യം ചെയ്യുക. ഇത്രയും ഒക്കെ ചെയ്താൽ സത്യത്തെ പറ്റി ഒരേകദേശ രൂപം കിട്ടും.

നിങ്ങളുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടങ്ങിക്കോളൂ..

(മുരളി തുമ്മാരുകുടിയുടെ ഫെയസ് ബുക്ക്‌ കുറിപ്പ്)

 

LEAVE A REPLY

Please enter your comment!
Please enter your name here