നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് “മൂത്തോൻ “.
ലയേഴ്സ് ഡേയ്സിനു ശേഷം ഗീതുമോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ലക്ഷദ്വീപ്, മുംബെെ പശ്ചാത്തലത്തിൽ കഥ പറയുന്ന ദ്വിഭാഷാചിത്രമാണ്.
ലക്ഷദ്വീപ് മലയാളത്തിലും ഹിന്ദിയിലും സംസാരിക്കുന്ന മൂത്തോൻ ഒരു പാൻ ഇന്ത്യൻ സ്കെയിൽ ചിത്രമാണ്.
ഒരിക്കൽ നഷ്ടപ്പെട്ടുപ്പോയ മൂത്ത സഹോദരനെ തേടി പതിനാലു വയസ്സുള്ള ലക്ഷദ്വീപുകാരനായ അനിയന്റെ മുംബെെ നഗരത്തിലുള്ള അന്വേഷണമാണ് മൂത്തോനിൽ ദൃശ്യവൽക്കരിക്കുന്നത്.
അക്ബർ എന്ന കേന്ദ്രകഥാപാത്രമായി നിവിൻ പോളി ഇതുവരെ അവതരിപ്പിക്കാത്ത രൂപ-ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു. റോഷൻ മാത്യു, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, ഹരീഷ് ഖന്ന, ശശാങ്ക് അറോറ, ശോഭിത ദുലിപാല, സഞ്ജന ദീപു, മെലീസ രാജു തോമസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ്കുമാർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂത്തോന്റെ ഛായാഗ്രഹണം രാജീവ് രവി നിർവ്വഹിക്കുന്നു.
സ്നേഹഖാൻ വാൾകർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – ബി അജിത് കുമാർ. ടൊറന്റോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസന്റേഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു.
നവംബർ എട്ടിന് ” മൂത്തോൻ “മിനി സ്റ്റുഡിയോ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.