ഓർമ്മക്കുറിപ്പുകൾ
അജയ്സാഗ
വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി സപ്ലിമെന്റിൽ വായിച്ചാണ് മൊയ്തു കിഴിശ്ശേരി എന്ന യാത്രികനെ അറിയുന്നത്. അന്ന് മുതൽ നേരിട്ട് കാണാനും കൊതിയായി. 1969ൽ പത്താം വയസ്സിൽ യാത്ര തുടങ്ങിയതാണ്. വിസയും പാസ്പോട്ടുമില്ലാതെ 43 രാജ്യങ്ങൾ സഞ്ചരിച്ച സാഹസികനായ യാത്രക്കാരൻ.
ഒതായിയിലെ എന്റെ സുഹൃത്ത് നജ്മുദ്ദീന്റെ ഭാര്യ പിതാവാണന്ന് പിന്നീടാണ് അറിയുന്നത്. അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം നജ്മുദ്ദീനോടും പറഞ്ഞു. ആ സമയത്ത് കുറച്ച് ഫോട്ടോകൾ എടുത്തു കൊടുക്കാൻ എന്നോട് പറഞ്ഞു. ഞാൻ ആവേശത്തോടെ ‘മൊയ്തു കിഴിശ്ശേരി ‘ എന്ന ലോകം ചുറ്റിയ യാത്രികന്റെ അടുത്തെത്തി. നല്ല സ്വീകരണവും തന്നു. നജ്മുവും കൂടെയുണ്ട്. വീടൊരു മ്യൂസിയം തന്നെ. കൗതുക വസ്തുക്കൾ ചുമരിലും കോണിപ്പടികളിലും അടുക്കി വെച്ചിട്ടുണ്ട്. കുറെ സമയം സംസാരിച്ചു. ഇടയ്ക്ക് ചിത്രങ്ങളും പകർത്തിവെച്ചു. ഒരു കുട്ടിയോടൊക്കെ സംസാരിക്കുന്നതുപ്പോലെയാണ് എനിക്ക് തോന്നിയത്. കാഴ്ചയിലും അങ്ങനെ തന്നെ.. ഉച്ചക്ക് നല്ല ബിരിയാണിയൊക്കെ തന്ന് സൽക്കരിച്ചു. കാലിഗ്രാഫിയിൽ അനേകം പോസ്റ്ററുകൾ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. പഴയ ഫീൽഡ് ബോഡി ക്യാമറയും പിടിച്ചു നിൽക്കുന്ന ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.
അന്ന് കുറെ ചിത്രങ്ങൾ പകർത്തി വൈകിട്ടാണ് ഇറങ്ങിയത്. എനിക്ക് മൊയ്തുക്ക സമ്മാനിച്ച ‘മരുഭൂകാഴ്ചകൾ’ എന്ന പുസ്തകം വല്ലാത്തൊരു അവസ്ഥയിലാണ് വായിച്ചു തീർത്തത്. മരുഭൂമിയുടെ മൗനത്തെ ഭജിച്ചു കൊണ്ട് കാറ്റിന്റെ ഹുങ്കാരം. ഉഷ്ണത്തിന് വഴിമാറികൊണ്ട് പ്രകൃതി പ്രതികൂല കാലാവസ്ഥ സൃഷ്ടി മുന്നിൽ ഒരു കടലിരമ്പും പോലെ. അലയടിച്ചു വരുന്ന കൂറ്റൻ തിരമാലകൾ ഞാൻ അവയിലേക്കു ലക്ഷൃം വെച്ചു മൂന്നടി വെച്ചതേയുള്ളൂ, ബലൂചിസ്ഥാൻ മരുഭൂമിയിൽ എന്നെ കുഴക്കിയ അതേ മരീചികയാണിതെന്ന് തിരിച്ചറിഞ്ഞു. എന്നാലും ആ കാഴ്ചക്ക് നിർന്നിമേഷനായി തെല്ലുനേരം നോക്കി നിന്നു. കടൽ പാമ്പു പോലും കരയിലേക്ക് വരുന്നോ എന്നു തോന്നിയ വല്ലാത്തൊരു നേർക്കാഴ്ച. അങ്ങ് ദൂരെ അലമാലകൾക്കൊപ്പം പൊങ്ങിയും മുങ്ങിയും വഞ്ചികൾ, കപ്പലുകൾ, മത്സ്യ ബോട്ടുകൾ, ആകാശനീലിമയും സാഗരനീലിമയും കൂട്ടിമുട്ടുന്നിടം ആഞ്ഞുയരുന്ന വെളുത്ത കുതിര. പിന്നെയും ഉയർന്നു വരുന്ന കുതിരകൾ ! എന്തെല്ലാം കാഴ്ചകളാണ് മരുഭൂമി നമുക്കായി ഒരുക്കി വെച്ചിട്ടുള്ളത്. പക്ഷേ, ദാഹം തൊണ്ടയ വരളിപ്പിച്ചാൽ?! സത്യത്തിൽ എന്റെ തൊണ്ടയും വരണ്ടുണങ്ങി. ഞാൻ ഫോണിൽ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. കൂട്ടത്തിൽ ഞാൻ എടുത്ത ചിത്രങ്ങളെ പ്രശംസിച്ചു. പിന്നീട് ഡോക്യുമെന്ററിയുടെ ഷൂട്ട് തുടങ്ങി വെച്ചു. ശേഷം അസുഖമായി. കൗതുകവസ്തുക്കളെല്ലാം കൊടുത്തു. മൊയ്തുക്കയെ കാണാൻ വീണ്ടും ആഗ്രഹിച്ചിരുന്നു. ഇനി ആ നല്ല ഓർമ്മകൾ ഒളിമങ്ങാത്ത ചിത്രത്തിലൂടെ ഓർത്തെടുക്കാം…
പ്രണാമം .
