സുരേഷ് നാരായണൻ
നമ്മുടെ സംസാരങ്ങളിലും ആത്മഗതങ്ങളിലും കൂടെക്കൂടെ കടന്നു വരുന്ന ഒരു വാക്കാണിത്… ഈ വാക്കുകളിൽ നമ്മൾ നമ്മുടെ സ്വപ്നങ്ങളെ തളച്ചിടുകയോ അടക്കം ചെയ്യുകയോ ചെയ്തിരിക്കുന്നു; ചെയ്തുകൊണ്ടേയിരിക്കുന്നു.
ഈ വാക്കിൻറെ ‘ഗ്രാവിറ്റേഷണൽ ഫോഴ്സിൽ’ നിന്നുള്ള ഒരു വിടുതൽ ആണ് മിഷൻ മംഗൾ missionmangal എന്ന സിനിമ…
അബോർട്ട് ചെയ്യേണ്ടി വരുന്ന ഒരു മിഷനു ശേഷം, തീർത്തും അപ്രായോഗികമെന്ന് മറ്റുള്ളവരെല്ലാം വിധിയെഴുതിയ മംഗൾയാൻ പ്രോജക്റ്റിന് രൂപം നൽകി, നേതൃത്വം കൊടുക്കുന്ന രണ്ടു ശാസ്ത്രജ്ഞരുടെ സ്വപ്ന- ദുസ്വപ്ന, മോഹ-മോഹഭംഗങ്ങളുടെ ആവിഷ്കാരമാണ് Mission Mangal.
പരിമിതമായ വിഭവങ്ങളെ അപരിമിതമായ സ്വപ്നങ്ങളും ഉൾക്കാഴ്ചകളും കൊണ്ട് എങ്ങനെ മറികടക്കാം എന്ന് സിനിമ നമ്മെ കാണിച്ചു തരുന്നു… അക്ഷയ് കുമാർ അവതരിപ്പിക്കുന്ന രാകേഷ് ധവാൻ പറയുന്നതുപോലെ, സിക്സറടിക്കാം എന്നുള്ളപ്പോൾ എന്തിനാണ് സിംഗിൾസ് എടുക്കുന്നത്?!
R Balki (Padman fame) ആണ് creative director എന്നറിഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ ടിക്കറ്റ് ബുക്കു ചെയ്ത് വണ്ടിയെടുത്ത ആളാണ് ഞാൻ… എങ്കിലും ലീഡ് റോളിലേക്ക് അക്ഷയ്കുമാർ ഒരു തെറ്റായ തിരഞ്ഞെടുപ്പ് ആയിരുന്നു എന്ന് പറയാതെ വയ്യ…. രണ്ടുവർഷം മുമ്പ് ഇറങ്ങിയ ഗോൾഡ് എന്ന സിനിമയിൽ കാഴ്ചവച്ച അതേ മാനറിസങ്ങൾ അയാൾ ഇവിടെയും ആവത്തിക്കുന്നു…. ഒരു കണ്ണട മാത്രം ഫിറ്റ് ചെയ്താൽ സയൻറിസ്റ്റിന്റെ മേക്കോവർ പൂർത്തിയാകും എന്നാണോ വിചാരം?!
അതുകൊണ്ടായിരിക്കണം വിദ്യാബാലൻ അവതരിപ്പിക്കുന്ന താരാ ഷിൻഡെ കൂടുതൽ മിഴിവോടെ ജ്വലിച്ചു നിൽക്കുന്നതായി അനുഭവപ്പെടുന്നത്… സിനിമയുടെ നെറ്റിമേൽ അണിയിച്ച വലിയ വട്ടപ്പൊട്ട് ! പാതിവഴിയിൽ വെച്ച് മിഷൻ നിർത്തിവയ്ക്കേണ്ടിവരുമെന്ന് ചീഫ് അറിയിക്കുമ്പോൾ അക്ഷയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി വിദ്യയുടെ സങ്കീർണ്ണ ഭാവങ്ങൾ ഒപ്പിയെടുക്കാൻ വെമ്പുന്ന, വെട്ടിത്തിരിയുന്ന ക്യാമറ തന്നെ അതിൻറെ തെളിവ്!
പ്രോജക്ട് ടീമിലെ മറ്റംഗങ്ങളെ ഉപയോഗിച്ച് സമൂഹത്തിന്റെ ഹിപ്പോക്രസിയെയും അന്ധവിശ്വാസങ്ങളെയും നിശിതമായി വിമർശിക്കുന്നും പരിഹസിക്കുന്നുമുണ്ട് സംവിധായകൻ. (അങ്ങനെയുള്ളവർക്ക് ഇറങ്ങിയോടാൻ തിയേറ്ററിനടുത്ത് ആവശ്യത്തിന് കണ്ടങ്ങൾ ഉണ്ടോ എന്നുകൂടി പ്രൊഡ്യൂസേഴ്സ് നോക്കേണ്ടതായിരുന്നു)
പബ്ബിൽ വെച്ച് വിദ്യയുടെ കഥാപാത്രം ഭർത്താവിനോട് ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിനെപ്പറ്റി പറയുന്നത് റീവൈൻഡ് ചെയ്തു കേൾക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ?!
അടിക്കുറിപ്പ്: ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പുഷ്പക വിമാനവും ഗാന്ധാരിയുടെ ടെസ്റ്റ് ട്യൂബ് ശിശുക്കളും മറ്റും പ്രബന്ധങ്ങളായ് അവതരിക്കുന്ന ഈ കെട്ട കാലത്ത് തീർച്ചയായും ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട സിനിമ. അവസാനം ഉള്ള ‘ഗസ്റ്റ്’ അപ്പിയറൻസ് ഒഴിച്ചുനിർത്തിയാൽ.. അത് വരുമ്പോൾ കണ്ണടച്ചു കൊള്ളുക.. കാത് പൊത്തിക്കൊള്ളു