അശ്വനി ആർ. ജീവൻ
പുറത്താകൽ, പറ്റാതാകൽ, അയിത്തം, വയറുവേദന തുടങ്ങിയ സ്ഥിരം രഹസ്യ കോഡുകളിൽ നിന്നും പുറന്തോട് പൊട്ടിച്ച് പുറത്തു വന്ന് ‘ആർത്തവം’ അതായിത്തന്നെ നിലനിൽക്കുന്ന ഇടം. നമ്മുടെ സ്വപ്നങ്ങളിൽ അതിന്റെ ദൂരം എത്രയാണ്? ഈ ഒരു ചോദ്യം ഉയർത്തുമ്പോൾ നമ്മൾ ആർത്തവാധിഷ്ഠിതമായ ജീവിതചര്യകളിലേക്ക് ഒരു പെൺ കുഞ്ഞിന്റെ ജീവിതത്തിൽ നിന്നുള്ള ദൂരത്തെക്കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട്.
ആർത്തവം എന്ന ജൈവ പ്രക്രിയ യഥാർത്ഥത്തിൽ വിസർജന സമാനമായ ഒന്നാണ്. ഇതര ലിംഗങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ ശരീരത്തിൽ മാത്രം കാണപ്പെടുന്നതും ദൈനംദിന കൃത്യങ്ങളിൽ ഉൾപ്പെടുത്തേണ്ടാത്തതുമായ ഒരു തരം വിസർജനം. എന്നാൽ ഇത്ര സ്വാഭാവികമായ ഒന്നിനെ ചർച്ചക്ക് വിധേയമാക്കുന്നതിന്റെ പിന്നിലുള്ള സാമൂഹികാവസ്ഥ എന്താണ് എന്നു നോക്കാം. അതിനുള്ള പ്രധാന കാരണം ആർത്തവം അല്ലെങ്കിൽ തത്തുല്യമായ വാക്കുകൾക്ക് നമ്മുടെ സമൂഹത്തിൽ ഇനിയും വേണ്ടത്ര ശക്തിയും ആർജവവും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.
പതുക്കെ മാത്രം സംസാരിക്കേണ്ട ഒന്ന് എന്ന നാട്യത്തിനൊപ്പം പലപ്പോഴും ഒരു പെൺകുഞ്ഞിനെ സംബന്ധിച്ച് കളിയിടങ്ങളിലേക്കും ആൺ പരിസരങ്ങളിലേക്കുമുള്ള അതിർത്തി രേഖയായും ഇത് പരിണമിക്കുന്നു. ഒരു പെൺകുഞ്ഞിന്റെ ആകാശത്തിന് ചിലപ്പോഴെങ്കിലും ഒരു വീടകത്തിന്റെ വിസ്തീർണം പോലും ഉണ്ടാകില്ല. മാനസിക, ശാരീരിക തലങ്ങളെ ആകെയുലച്ച് ആർത്തവപ്പെരുമഴ ആദ്യം പെയ്യുന്ന അന്നു തൊട്ട് ജീവിതം തീയതികൾക്ക് ഇരുപുറമായി ഇറുത്തെടുക്കപ്പെട്ട് പോകുന്നു.
വേദനകളിൽ ഓടിയെത്തേണ്ടുന്ന ദൈവങ്ങൾ തീണ്ടാപ്പാടകലെ ആകുന്ന സാമൂഹ്യാവസ്ഥയെക്കുറിച്ച് പറയുമ്പോൾ നിങ്ങളിൽ ചിലരുടെ മേൽത്തൊലി ഉരഞ്ഞു പൊട്ടിയിട്ട് കാര്യമില്ല. ശബരിമലയിൽ മാളികപ്പുറത്തമ്മക്ക് മാത്രം കേറാമെന്നും വേറെ പെണ്ണുങ്ങൾ കേറരുതെന്നും നിങ്ങൾ വിഡ്ഢിത്തം വിളമ്പുന്നതു പോലെ തന്നെയാണിത്. ആണുങ്ങൾക്കും ആൺ ദൈവങ്ങൾക്കും ഒരേ നീതിയെങ്കിൽ പെണ്ണുങ്ങൾക്കും പെൺ ദൈവങ്ങൾക്കും ഒരേ നീതി കിട്ടേണ്ടതുണ്ട്. ‘പ്രായം ചെന്ന പെണ്ണ് ‘ എന്നത് ചിലപ്പോഴെങ്കിലും പാടേ തളർത്തിക്കളയുന്ന കടുത്ത അശ്ലീലമാണ്.
നമ്മുടെ ആൺകുഞ്ഞുങ്ങൾക്ക് ഈ വിഷയത്തിന്മേലുള്ള അറിവ് എന്താണ്? ടെലിവിഷനിലെ നാപ്കിൻ പരസ്യങ്ങളും ചിലപ്പോഴെങ്കിലും തീണ്ടാരിത്തുണികളും മാത്രമായി അത് ചുരുങ്ങി പോകുന്നു. ‘ബ്രഡ് പൊതി’ , ‘ഷൂവിന്റെ ഉള്ളിലെ പഞ്ഞി ‘, ‘കാണാൻ പാടില്ലാത്തത് ‘ തുടങ്ങിയ ആകാംഷ ഉപ്പിലിടുന്ന മറുപടികളിൽ അവരെ തളച്ചിടുന്നത് എന്തിനാണ്? അമ്മയിൽ നിന്നു തന്നെ ജൈവികമായ ആ ശക്തിയെ കുറിച്ച് ലിംഗഭേദമില്ലാതെ കുഞ്ഞുങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
വരൂ, നമുക്കിനി പാഡ്മാന്മാരെ കുറിച്ച് സംസാരിക്കാം. അർധ രാത്രിക്ക് കുട പിടിക്കുന്ന അല്പന്മാരെ ഓർക്കാതെ ഈ ഗണത്തിൽ പെടുന്നവരെക്കുറിച്ച് സംസാരിക്കുക സാധ്യമല്ല. അത്യാവശ്യ വസ്തുവായ നാപ്കിനുകൾ ലഭ്യമല്ലാതെ ആർത്തവാഴുക്കിൽ മുങ്ങിപ്പോകുന്ന, അല്ലെങ്കിൽ നാപ്കിനുകൾ വാങ്ങാൻ ക്ലേശിക്കുന്ന പ്രിയപ്പെട്ട അമ്മമാരോടും സഹോദരിമാരോടും ബഹുമാനം പുലർത്തിക്കൊണ്ട് തന്നെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും നാപ്കിനുകളേക്കാൾ നല്ല മാർഗങ്ങളെക്കുറിച്ച് ഇനിയും നിങ്ങൾ അവരോട് സംസാരിക്കാത്തത് അനീതിയാണ്, അറിവില്ലായ്മ ആണ്.
‘പാഡുകൾ’ എന്ന ഓമനപ്പേരുള്ള ‘ സാനിട്ടറി നാപ്കിനുകൾ ‘ ഹാഷ് ടാഗിന്റെ ഭാഗമായി ആദ്യമായി തൊടാനും ഒന്നിച്ചൊരു ഫോട്ടോ എടുക്കാനും ഭാഗ്യം സിദ്ധിച്ച എന്റെ ആൺ സഹോദരങ്ങളോട് സ്നേഹമുണ്ട്. നിങ്ങൾ ലൈക്കാകർഷണ യന്ത്രമാക്കിയ ഈ അത്യാവശ്യ വസ്തു ആരാണ് ഇത്ര നാൾ മറച്ചു പിടിച്ചത് എന്ന ഒരു ചെറിയ ചോദ്യം സവിനയം നിങ്ങൾക്കു മുൻപിലേക്ക് വക്കുന്നു. തികച്ചും പരിഹാസ്യമായ ‘വിസ്പർ’, ‘സ്റ്റേ ഫ്രീ’, ‘ കെയർ ഫ്രീ’ തുടങ്ങിയ പേരുകൾ… വാങ്ങുന്നവനും വിൽക്കുന്നവനും കൈമാറുന്ന രഹസ്യ കോഡുകൾ… രഹസ്യ നീക്കങ്ങൾ (പലതും സിനിമകളിൽ കണ്ടിട്ടുള്ള രഹസ്യ വ്യാപാര നീക്കങ്ങൾക്ക് സമം)… കണ്ടു നിൽക്കുന്നവരുടെ അശ്ലീലം നിറച്ച ചിരികൾ… നിങ്ങളത് ഉയർത്തിപ്പിടിക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷെ വീക്ഷണത്തിൽ വന്നു പോയ ആ പിശക് എന്താണ്?
ജീവിതത്തിൽ ആദ്യ പത്തോ പന്ത്രണ്ടോ വർഷത്തിനു ശേഷമാണ് ഓരോ പെൺ കുഞ്ഞിനും നാപ്കിനുകൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാകുന്നത്. ഏകദേശം മുപ്പത്തിയെട്ട് വർഷത്തോളം നീണ്ടു നിൽക്കുന്ന ആർത്തവ ജീവിതം (വ്യത്യാസങ്ങളുണ്ട്) വാർധക്യാരംഭത്തോടു കൂടി അവസാനിക്കുന്നു.
അവലോകനത്തിനു വേണ്ടി 12 വയസ്സ് മുതൽ 50 വയസ്സ് വരെ എന്ന കണക്ക് എടുക്കാം.
ഒപ്പം മാസം 7 പാഡുകൾ എന്ന ഏറ്റവും കുറവ് കണക്കും.
എങ്കിൽ ഒരു വർഷം 84 പാഡുകൾ ഉപയോഗിക്കേണ്ടി വരുന്നു.
38 വർഷത്തിനുള്ളിൽ അത് 3192 എണ്ണം !!!
ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ആർത്തവധാരികൾ ഉണ്ടെങ്കിൽ ഉപയോഗിക്കപ്പെടുന്ന നാപ്കിനുകളുടെ എണ്ണത്തെ പറ്റി ആലോചിക്കുക. ഇനി വില മാനദണ്ഡമാക്കി ആണെങ്കിലോ ഭീമമായ മറ്റൊരു കണക്കു കൂടി കാണാം.
ഉപയോഗിച്ച നാപ്കിനുകളുടെ സംസ്കരണം ഒരു വലിയ ചോദ്യമായി മുന്നിൽ നിൽക്കെ ഒരു വീട്ടിൽ നിന്നും നശിപ്പിക്കപ്പെടേണ്ട ഭീമമായ എണ്ണം നാപ്കിനുകളെപ്പറ്റിയും ചിന്തിക്കുക. വാർഡ്, പഞ്ചായത്ത്, ജില്ല, സംസ്ഥാനം, രാജ്യം എന്നിങ്ങനെ പെരുക്കിയാൽ സംഖ്യകൾ എണ്ണിത്തീർക്കാൻ പറ്റാത്ത വിധം ആ കണക്ക് വളരും. വിദ്യാലയങ്ങൾ,പൊതു ടോയ്ലറ്റുകൾ, ഓഫീസുകൾ എന്നിവിടങ്ങളെ പരിഗണിക്കാതെയാണ് ഇത്.
‘പാഡ്മാൻ ഹാഷ്ടാഗ് ‘ വന്നതോടു കൂടി ഒരിക്കൽ ശ്രദ്ധാകേന്ദ്രമായിരുന്ന മെൻസ്ട്രൽ കപ്പുകളെക്കുറിച്ചുള്ള വിചാരങ്ങൾ അരികുവല്കരിക്കപ്പെട്ടു. മെൻസ്ട്രൽ കപ്പുകൾ നാപ്കിനുകൾക്ക് പകരം വക്കാൻ ഉതകുന്ന ഏറ്റവും പ്രയോജനകരമായ ഒന്നാണെന്ന് മാത്രം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇവിടെ പറഞ്ഞു വക്കട്ടെ. പത്ത് വർഷം വരെ ഒരു മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞത് 5 വർഷം എന്ന കണക്ക് എടുത്താലും ആർത്തവ ജീവിതത്തിനിടക്ക് കേവലം ഏഴോ എട്ടോ എണ്ണമേ ഉപയോഗിക്കേണ്ടി വരികയുള്ളു.
നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ഈ ഒരു പരിഹാരം ലഭ്യമാക്കാനാണ് സർക്കാരും സമൂഹവും ശ്രദ്ധിക്കേണ്ടത്. ഹെൽത്ത് സെന്ററുകൾ, സ്കൂളുകൾ, ഗവ. ഹോസ്പിറ്റലുകൾ, ആശാ വർക്കർമാർ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ ഏജൻസികളിലൂടെ ഇത് ലഭ്യമാക്കാൻ സംവിധാനമുണ്ടാക്കുകയും അവബോധം വളർത്തുകയും വേണം. ഇരുട്ടത്ത് നിൽക്കുന്ന ‘ ലൈക്ക്മാന്മാർ ‘ ഇനിയുള്ള സെൽഫികളിൽ ഈ ഒരെണ്ണം ഉൾപ്പെടുത്തുക. ഒരാൾക്ക് ഒന്നെങ്കിലും വാങ്ങി നൽകുക.
‘ആർത്തവം’ എന്നത് കേവലം വയറു വേദന മാത്രമല്ല എന്നും അതിന്റെ അടയാളം രക്തക്കറയോ ഉപയോഗിച്ച നാപ്കിനുകളോ മാത്രമല്ലെന്നും ഓരോ വ്യക്തികളിലും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ശാരീരിക, മാനസിക വ്യതിയാനങ്ങളെ പരസ്പരം മനസ്സിലാക്കുക എന്നത് ധർമമാണെന്നും തിരിച്ചറിയുന്നതിന് ആൺ, പെൺ ജീവിതങ്ങൾ ഒരു പോലെ ബാധ്യസ്ഥരാണ്. ഇതിന് നമ്മുടെ വീടകങ്ങൾ അത്രമേൽ സുതാര്യവും ഊഷ്മളവും ആകേണ്ടതുണ്ട്. ആർത്തവം അപമാനമല്ല അഭിമാനം ആകേണ്ടതുമുണ്ട്.
ആർത്തവ അവധികൾ ഒരു തെറ്റല്ല എന്നതും കൂടി ഇതിനോടൊപ്പം ചേർക്കുന്നു. ആർത്തവത്തിന്റെ പേരിൽ അവധിയിൽ പോകുന്നത് സ്ത്രീ ശരീരത്തിന്റെ ദുർബലതയാണ് എന്നു ചിന്തിക്കുന്നതിനോട് യോജിപ്പില്ല. വേദനാവസ്ഥയിൽ വിശ്രമിക്കുക എന്നത് ഏതൊരു ശരീരത്തിന്റെയും അവകാശമാണ് എന്നു മാത്രം ഓർമിപ്പിക്കുന്നു.
‘ബ്ലാക്ക് ആൻഡ് വൈറ്റ് ‘ സിനിമാ രീതി മാറി ‘കളർ സിനിമ ‘ വന്നു കഴിഞ്ഞിട്ടും വൈകിക്കിട്ടിയ ബോധാ- വേശത്തിൽ ഉന്മത്തരായിപ്പോയ പ്രിയ പാഡ്മാന്മാർ ഇനിയെങ്കിലും യഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടേ പറ്റൂ. തീണ്ടാരിത്തുണികൾക്കും നാപ്കിനുകൾക്കും ശേഷം മെൻസ്ട്രൽ കപ്പുകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഇടത്തു നിന്ന് ഇനിയും നിങ്ങൾ അവരെ തിരിച്ചു വലിക്കുന്നത് എന്തിനാണ്?
#Menstrual_Cup_Challenge
………………………….
അശ്വനി ആർ.ജീവൻ
വാഴവിള, കുപ്പാടി പി. ഓ.,
സുൽത്താൻ ബത്തേരി,
വയനാട്- 673592