നിധിന്‍.വി.എന്‍
വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാളുടെയും ജീവിതത്തെ സ്വാധീനിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാറുണ്ട്. കുഞ്ഞു കുഞ്ഞു മുറിവുകളെ വെച്ചുകെട്ടി, പുഞ്ചിരിച്ചുകൊണ്ട് ഖല്‍ബിലേക്കു കയറുന്ന ചില മുഖങ്ങളുണ്ട്. വല്ലാത്തൊരു മൊഹബത്ത് തോന്നും അവരോട്. അതുവരെ പറയാതിരുന്ന വേദനകള്‍, അതുവരെ പറത്തിവിടാത്ത സ്വപ്നങ്ങള്‍ അവരിലൂടെ പുതു പാതകള്‍ തേടും. ജീവിതം കുറേക്കൂടി സുന്ദരമാവുകയും, ഹൃദയം വീണകമ്പിപോല്‍ മുറുകി, മോഹന രാഗത്തിലേക്ക് അലിഞ്ഞു ചേരുകയും ചെയ്യും.
വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാളും നല്ലൊരു അധ്യാപകനെ തേടികൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും അങ്ങനെ ഒരു ഭാഗ്യം ലഭിക്കാറില്ല എന്നതാണ് വാസ്തവം. വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ അങ്ങനെ ചില സ്നേഹങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ചിലരെല്ലാം ക്ലാസ്സ് റൂമുകള്‍ക്ക് അപ്പുറത്തുനിന്നും ചേര്‍ത്ത് പിടിച്ചിട്ടുമുണ്ട്. അങ്ങനെ ക്ലാസ്സ് റൂമുകള്‍ക്ക് അപ്പുറത്തേക്ക് കൈ പിടിച്ചു കൊണ്ടുപോയ അധ്യാപകരെ ഇന്നും ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അതെ, ഇവിടെയും ഉണ്ട്; കൊബായാഷി മാസ്റ്ററുടെ പകര്‍പ്പുകള്‍. ഞങ്ങളെല്ലാം കണ്ടെടുക്കേണ്ട ടോട്ടോ-ചന്മാരായിരുന്നു.
ഓര്‍മ്മകളില്‍, നിങ്ങള്‍ വേദനിപ്പിച്ചവര്‍ക്കുള്ള സ്ഥാനവും ചെറുതല്ല. വേദനിപ്പിക്കുമ്പോള്‍ എന്ത് നേട്ടമാണുണ്ടാകുന്നത് എന്നുമാത്രം മനസിലാകുന്നില്ല. ഒന്ന് പറഞ്ഞു തരൂ, വിദ്യാര്‍ത്ഥികള്‍ ശത്രുക്കളാകുന്നത് എങ്ങനെയാണെന്ന്? ഒന്നുമാത്രം, വെറുപ്പിന്റെ പാഠങ്ങള്‍ മാത്രം അവരെ പഠിപ്പിക്കരുത്. നിങ്ങളുടെ ആഗ്രഹങ്ങളിലേക്ക് അവരെ ചേര്‍ത്ത് നിര്‍ത്തുമ്പോളല്ല, അവരുടെ ആഗ്രഹങ്ങള്‍ക്കായി അവരോടൊപ്പം നില്‍ക്കുമ്പോഴാണ് സ്വയം വളരുന്നത്. അവര്‍ നിങ്ങളെ നെഞ്ചിലേറ്റുന്നത്, കാണുന്ന മാത്രയില്‍ മാഷേ / ടീച്ചറെ എന്ന് വിളിച്ച് അരികിലേക്ക് എത്തുന്നത്. ക്ലാസ്സ് റൂമുകള്‍ തടവറകളാകുന്ന കാലത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അധ്യാപനം പകപോക്കലിനുള്ള വേദിയാക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം.
പക്ഷെ, പറയാതിരിക്കാനാവുന്നില്ല. നിങ്ങളുടെ മുന്നിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഒരേ സാഹചര്യത്തില്‍ നിന്നല്ല വരുന്നതെന്നറിയണം. അവരുടെ പ്രശ്നങ്ങള്‍ ഭിന്നമാണ്. അധ്യാപകരുടെ പിടിവാശികൊണ്ട് പഠനം നിര്‍ത്തേണ്ടിവന്ന ചില സുഹൃത്തുക്കള്‍ പോലുമുണ്ട്. അധ്യാപകര്‍ തല്ലി കൊഴിച്ചത് ചിലരുടെയെല്ലാം വലിയ സ്വപനങ്ങള്‍ തന്നെയാണ്. ജാതിയും മതവും കളം വിടാത്ത മനസ്സിലൂടെ വിദ്യാര്‍ത്ഥികളെ അളക്കുന്ന രീതി എന്തിനാണ് എന്ന് മനസിലാകുന്നില്ല. സോഷ്യല്‍ മീഡിയയിലെ ഇടപ്പെടലുകളെ വരെ വിലയിരുത്തി ക്രൂശിക്കുന്ന അധ്യാപകര്‍ക്കിടയിലൂടെയാണ് പഠിച്ചത്. ആ പഠനങ്ങള്‍ കുറേക്കൂടി വിശാലമായ കാഴ്ച നല്‍കിയിട്ടുണ്ട്.
ആദ്യാക്ഷരങ്ങള്‍ മുലപ്പാല്‍ കൊണ്ടെഴുതിയ അമ്മയും, തന്റെ തോളിലേറ്റി ഉയരങ്ങള്‍ കാട്ടി തന്ന അച്ഛനും തന്നെയാണ് ആദ്യ ഗുരുക്കള്‍. ഒരു ചായയില്‍ തീരുന്ന പിണക്കങ്ങളെ അദ്ദേഹമാണ് ആദ്യം പഠിപ്പിച്ചത്. “വാടാ, ഒരു ചായകുടിക്കാം” വലിയ വഴക്കടിച്ചിരിക്കുന്ന സുഹൃത്തിനെ അദ്ദേഹം വിളിക്കുന്ന രീതിയാണിത്. ആദ്യം മടിച്ചു നില്‍ക്കുന്ന അയാളെ ചേര്‍ത്തുപ്പിടിച്ച് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു നടത്തമുണ്ട്. ആഹ്, കാണുമ്പോള്‍ മനസ്സുനിറയെ അദ്ദേഹമാകുന്ന കാഴ്ചയാണത്. ജീവിതത്തില്‍ വളരെ മനോഹരമായി പകര്‍ന്നു കിട്ടിയതാണ് ആ ചിരി. എന്നിട്ടും പകര്‍ത്തിയ പാഠങ്ങള്‍ തെറ്റുന്നു. ഒരു ചായയില്‍ ഒതുങ്ങാത്ത പിണക്കങ്ങള്‍ സംഭവിക്കുന്നു. മുരുകന്‍ മാഷ്, രാജേഷ് മാഷ് അങ്ങനെ അച്ഛനെ പോലെ മനസ്സില്‍ കയറിയ ഗുരുക്കന്മാര്‍ അനവധിയാണ്. കൊണ്ടുപോയ ദൂരങ്ങള്‍ നിരവധിയാണ്. വേദനകള്‍ മാത്രം നല്‍കിയവരെ തല്‍ക്കാലം വിട്ടുകളയുന്നു. പല്ലിന്റെ ഇട കുത്തി മണത്താല്‍ നാറുക തന്നെ ചെയ്യും.
കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ പഠനകാലത്താണ് രാജേഷ് മാഷിനെ മനസ്സില്‍ കയറ്റുന്നത്. എഴുതാതിരുന്ന ഒരു കാലത്ത് നിന്ന് എഴുത്തിലേക്ക് തിരിച്ചു വിട്ടതില്‍ മാഷിനുള്ള പങ്ക് ചെറുതല്ല. കഥാ, കവിതാ ക്യാമ്പുകളിലേക്ക് ആദ്യമായി എത്തിപ്പെടുന്നത് മാഷിലൂടെയാണ്. ഇന്നും, ഒന്ന് കേള്‍ക്കാന്‍ വേണ്ടി മാത്രം മാഷിനെ വിളിക്കാറുണ്ട്.
ഗുരുവായൂരപ്പന്‍ കോളേജില്‍ എത്തിയപ്പോള്‍ രാജേഷ് മാഷിനു നല്‍കിയ ആ സ്ഥാനത്തേക്ക് തന്നെയാണ് സുനീത ടീച്ചര്‍ കടന്നു വന്നത്. എത്രയെത്ര വേദനകളില്‍ ടീച്ചര്‍ ചേര്‍ത്തുപ്പിടിച്ചിരിക്കുന്നു. ചിരികള്‍ കൈമാറിയിരിക്കുന്നു. അതെ ചിലര്‍ ഇങ്ങനെയാണ്, ജീവിതത്തെ പെട്ടന്ന് മാറ്റികളയുന്നു. അവിടെ നിന്നും തന്നെ മനസ്സില്‍ കയറിയതാണ് മല്ലിക ടീച്ചര്‍. ബാക്കിയുള്ളവര്‍…? അതൊരു ചോദ്യമാണ്, സ്വയം ചോദിക്കേണ്ട ചോദ്യം. തമിഴ്നാട് തിരുവള്ളൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ഭഗവാന്‍ മാഷിനെ വിടാതെ ചേര്‍ത്തു പിടിക്കുന്ന കുട്ടികളെ കണ്ടോ? എത്ര പേര്‍ക്ക് ഉറപ്പുണ്ട് നിങ്ങള്‍ നല്ലൊരു അദ്ധ്യാപകനാണെന്ന കാര്യത്തില്‍, ഒരാളെങ്കിലും നിങ്ങളെ സ്നേഹത്തോടെ ഓര്‍ക്കും എന്നകാര്യത്തില്‍? സ്വയം ചോദിച്ചു നോക്കൂ. മാറാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ മാറാന്‍ നോക്കുക. പരമാവധി വേദനിപ്പിക്കാതിരിക്കുക. വേദനകള്‍ വെറും വേദനകള്‍ മാത്രമല്ല!
Thank you Nidhin VN
ജീവിതം ഒരു മഹാപ്രസ്ഥാനമാണ്.
അതിൽ പലേടത്തും വെച്ച് പലരും കൂടെച്ചേരുന്നു…
ശ്വാസം നിലയ്ക്കുംവരെ എല്ലാവരും സഹയാത്രികരായുണ്ടാവും…
നമ്മൾ ഒന്നിച്ചൊരു യാത്രയിലാണ്..