അനു പാപ്പച്ചൻ
ചിത്രം മേള. കെ.ജി ജോർജ് എന്ന മാസ്റ്റർ, തിരശ്ശീലയിൽ അനശ്വരനാക്കിയ ‘ഗോവിന്ദൻ കുട്ടി ‘ എന്ന കഥാപാത്രത്തിന് കിട്ടിയ ഏറ്റവും ഉത്തമനായ അഭിനേതാവായിരുന്നു രഘു. ഒരൊറ്റ സിനിമ കൊണ്ട് ഉദിച്ചുയർന്ന കുഞ്ഞു സൂര്യനായിരുന്നു രഘു. ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായാവും ഒരു ചെറു മനുഷ്യൻ നായകനായി സ്റ്റാറാവുന്നത്.
ചെങ്ങന്നൂർ രാധാകൃഷ്ണസദനത്തിൽ രാമകൃഷ്ണപിള്ളയുടെയും, സരസ്വതി അമ്മയുടെയും മകൻ ശശിധരൻ, മേള രഘുവായി പ്രശസ്തിയിലേക്കുയർത്തപ്പെട്ടെങ്കിലും ജീവിതയോട്ടത്തിൽ ചേർത്തലയിലെ വാടക വീട്ടിൽ നിന്ന് കരകയറിയില്ല. സ്കൂൾ കാലത്തിൽ തന്നെ കലയിൽ പ്രതിഭ തെളിയിച്ചിരുന്നു രഘു. കല മുന്നിലും പഠനം പിന്നിലുമായി പാതി വഴിയിൽ പഠനം ഉപേക്ഷിക്കപ്പെട്ടപ്പോൾ വീട്ടുകാരെയറിയിക്കാതെ സർക്കസിലെത്തി. തന്റെ കുഞ്ഞു ശരീരം കൊണ്ട് വലിയ വിറ്റുകൾ കാട്ടി മനുഷ്യരെ രസിപ്പിച്ചു ജീവിതം മുന്നോട്ടു പോയ സമയം. ഭാരത് സർക്കസിൽ മതിപ്പുള്ള ജോക്കറായി. കെ.ജി.ജോർജ്ജ് തന്റെ പുതു ചിത്രത്തിനായി കുഞ്ഞൻ നായകനെ തിരയുന്ന കാലം. സർക്കസ് കാണാൻ എത്തിയ ശ്രീനിവാസനാണ് രഘുവിനെ സിനിമയിലേക്കു ക്ഷണിക്കുന്നത്.
രഘുവിനെ തിരഞ്ഞെടുത്ത കെ.ജി.ജോർജിന് തെറ്റിയില്ല. മേളയുടെ പോസ്റ്ററിൽ ബെൽ ബോട്ടം പാൻറും ഷർട്ടും ഓവർ കോട്ടും ഷൂസും കൂളിങ്ങ് ഗ്ലാസുമൊക്കെയായി നിന്ന ഗോവിന്ദൻ കുട്ടിയെ സിനിമ കണ്ട ശേഷം കാണികൾ ഹൃദയത്തിൽ ചേർത്തു. അങ്ങനെ മലയാള സിനിമയിൽ ഒരു കുഞ്ഞൻ താരോദയം. അയാൾ ചിരിപ്പിച്ചു, കരയിപ്പിച്ചു.
“മറ്റുള്ളവർ എന്നെ നോക്കിച്ചിരിക്കുമ്പോൾ എനിക്കൊന്നും തോന്നാറില്ല. പക്ഷേ നീ ചിരിക്കുമ്പോൾ എന്റെ മനസിൽ എന്തോ പോലെയാ…” ഇങ്ങനെ പറയുന്ന ഗോവിന്ദൻ കുട്ടിയെ എങ്ങനെ മറക്കും!
സർക്കസ് കലാകാരന്മാരുടെ ജീവിതച്ചൂട് നിറഞ്ഞ ഒരു മനുഷ്യൻ. കുഞ്ഞൻ മനുഷ്യനെന്ന നിസ്സഹായതയും അപമാനവും നല്കിയ പിരിമുറുക്കം അനുഭവിക്കുന്ന കലാകാരൻ. ഉയരം കുറഞ്ഞ മനുഷ്യന്റെ സ്വപ്നങ്ങൾ, അപകർഷതകൾ മനുഷ്യപ്പറ്റോടെ നോക്കി കണ്ട കെ.ജി ജോർജിന്റെ ഗോവിന്ദൻ, മറവിയെ അതിജീവിക്കുന്ന തിരക്കാഴ്‌ചയായി.
കാശും പത്രാസുമായി സർക്കസ് കൂടാരത്തിൽ നിന്ന് നാട്ടിലെത്തുന്ന ഗോവിന്ദനും അയാളുടെ ജീവിതവും. ലീവിന് വരുമ്പോൾ കയ്യിൽ ഒരു റേഡിയോ ആയി വരുന്ന രഘു. തന്നേക്കാൾ ഉയരം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച ഗോവിന്ദന് ജീവിതത്തിൽ തുടർന്നങ്ങോട്ട്
ബാലൻസ് തെറ്റുകയാണ്. ശാരദ എന്ന നായിക കഥാപാത്രമായത് തെലുങ്ക് നടി അഞ്ജലി നായിഡുവാണ്. സൗന്ദര്യവും പുരുഷാകാരത്തികവുള്ള വിജയൻ (മമ്മൂട്ടി ) അപ്പുറത്തും.
പത്തു നാല്പതു വർഷങ്ങൾക്കിടെ പത്തിരുപതു സിനിമകൾ മാത്രം.
കാവടിയാട്ടം, ഇരിക്കൂ എം.ഡി അകത്തുണ്ട്, അപൂർവ്വ സഹോദരങ്ങൾ, വിനയപൂർവ്വം വിദ്യാധരൻ, ഒരു ഇന്ത്യൻ പ്രണയകഥ… മമ്മൂട്ടിയോടൊപ്പം ആദ്യ ചിത്രമെങ്കിൽ അവസാന ചിത്രം മോഹൻലാലിനൊപ്പം – ദൃശ്യം രണ്ടാം ഭാഗത്തിൽ. കെ.പി.എ.സിയുടെ ഇന്നലകളിലെ ആകാശം എന്ന നാടകത്തിലും അഭിനയിച്ചിട്ടുണ്ട് രഘു. മേളക്കു ശേഷം, വേഷങ്ങളും സിനിമകളുമില്ലാതെ ജീവിക്കാൻ വേണ്ടി തിരിച്ച് സർക്കസിലേക്ക് പോന്നതും ജീവിതം വഴിമുട്ടിയതും ഒക്കെ പറയുന്ന രഘു ഒരു വേദനയാണ്. കലയെ വാനോളം ഉയർത്തി കലാകാരൻ അസ്തമിക്കുന്ന വിധി രഘുവിലും ബാക്കിയായി…
“മനസ്സൊരു മാന്ത്രിക ക്കുതിരയായി പായുന്നു, മനുഷ്യൻ കാണാത്ത പാതകളിൽ ”
മുല്ലനേഴിയുടെ വരികൾ
MBS സംഗീതം
യേശുദാസ് പാടുന്നു…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.