കൊച്ചിയുടെ ആത്മാവറിഞ്ഞ ഭാവ ഗായകൻ, മട്ടാഞ്ചേരിയുടെ സംഗീതം

0
639

ലേഖനം

അശ്വിൻ വിനയ്

മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് ഗായകന്റെ 40 ആം ഓർമ്മ ദിവസമായിരുന്നു കഴിഞ്ഞ ഏപ്രിൽ 22 ന്. സഫാരിയിൽ ഡെനിസ് ജോസഫ് ഓർമ്മപ്പെടുത്തുമ്പോൾ ഞാൻ അറിഞ്ഞ ആ അനശ്വര ഗായകൻ. ഉയരങ്ങളേറെ കീഴടക്കാൻ കഴിവുണ്ടായിട്ടും ശീതീകരിച്ച മുറികളുടെ സുഖലോലുപത നുകർന്ന്, സമ്പന്നതയിൽ ആർമാദിക്കാൻ അവസരങ്ങളുണ്ടായിട്ടും അവയെല്ലാം തിരസ്കരിച്ച് സംഗീതത്തെ പ്രണയിച്ച് സിരകളിൽ സദാ ബീഡിപ്പുകയും മദ്യത്തിന്റെ ഉന്മാദത്തേയും പേറി നടന്നയാൾ.

“മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല,
മാടത്തിൻ മണി വിളക്കേ, നിന്നെ ഞാൻ
മാടത്തിൻ മണി വിളക്കേ.

ഉള്ളിൽ കടന്നു കരൾ കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും, നിന്നെ ഞാൻ
കള്ളിപ്പെണ്ണെന്നു വിളിക്കും.

പാടാനും വരില്ല ഞാൻ
ആടാനും വരില്ല ഞാൻ,
പാടത്തെ പച്ചക്കിളിയേ, ചുറ്റിടാം
പാടത്തെ പച്ചക്കിളിയേ”

“നയാ പൈസയില്ല, കൈയ്യിലൊരു
നയാ പൈസയില്ല.

നഞ്ചുവാങ്ങി തിന്നാൻ പോലും
നയാ പൈസയില്ല

കടം വാങ്ങുവാനാളില്ല, പണയം വയ്ക്കാൻ
പൊന്നില്ല.

കണ്മണി നിന്നെ കാണും നേരം
കരളില് കടന്നല് കു ത്തുന്നു.”

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം
കാക്ക കൊത്തി പോകും, അയ്യോ
കാക്കച്ചി കൊത്തി പോകും”

“വണ്ടീ …. പുക വണ്ടീ …
വണ്ടി വണ്ടി നിന്നെപ്പോലെ
വയറിലെനിക്കും തീയാണ്”



ഡെന്നിസ് ജോസഫ് സഫാരി ചാനലിൽ പറഞ്ഞതിന്റെ ഒരു സംക്ഷിപ്ത രൂപം. (ചരിത്രം എന്നിലൂടെ_19).

80 കളിൽ എറണാകുളത്ത് ജീവിതം പടുത്തുയർത്താൻ എത്തിച്ചേരാറുളള ആൾക്കാർ താമസിക്കുന്ന ലോഡ്ജാണ് SRM lodge. ഞാനും അശോകും ഒരു പ്രസ്സ് നടത്തുന്നു. വിക്ടറും (വിക്ടർ ജോർജ്ജ്) അവിടെ തന്നെ താമസം.

നമ്മുടെ ലോഡ്ജിന്റെ ഓപ്പോസിറ്റ് ഞങ്ങൾ ‘സാലിക്ക’ എന്ന് വിളിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. നമ്മുടെ മുറിയുടെ സ്പെയർ താക്കോലടക്കം സാലിക്കയ്ക്ക് കൈമാറാൻ തക്ക ബന്ധം ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം രാത്രി, ഞാനും വിക്ടറും അശോകും മുറിയിലെത്തിയപ്പോൾ സാലിക്ക ഒരു സുഹൃത്തുമായിട്ടു വന്നു.

സാലിക്ക നമ്മളോട് ചോദിച്ചു:

“നിങ്ങൾ ഭായിയെ അറിയില്ലേ?”

നമ്മൾ കണ്ടിട്ടുപോലുമില്ല. വളരെ മെലിഞ്ഞ്, രോഗവും ദാരിദ്ര്യവും ഫീൽ ചെയ്യുന്ന അത്യാവശ്യം മദ്യപിച്ചിട്ടുള്ള വൃദ്ധനായ മനുഷ്യൻ.

അവര് വന്ന സന്തോഷത്തിൽ നമ്മൾ ഒരു കുപ്പി വാങ്ങി. ഒരു പെഗ്ഗ് കഴിഞ്ഞപ്പോൾ സാലിക്ക പുള്ളിയോട് പറഞ്ഞു.

“ഭായി, ഭായിയൊന്ന് പാടിക്കേ”

അത്രയും നേരം നമ്മുടെ റൂമിലിരുന്നിട്ടും ലോഹ്യമോ അലോഹ്യമോ കാണിക്കാത്ത ഒരു വൃദ്ധൻ. ഈ രാത്രി അയാളുടെ കൂടെ മദ്യപിക്കണം, കൂടാതെ പാട്ടും സഹിക്കേണ്ടി വരുമോ??

ഡെന്നീസ് ജോസഫ്

നമ്മൾ മൂന്നു പേരിലും തെല്ലൊരലോസരം തുടങ്ങി.

പക്ഷേ സാലിക്ക പറഞ്ഞയുടെനെ ഒരു പെഗ്ഗെടുത്ത് മുഹമ്മദ് റാഫിയുടെ പ്രസിദ്ധമായ “ദുനിയാ കേ രഘ് വാലേ…” എന്ന പാട്ട് പാടാൻ തുടങ്ങി. അതും ആദ്യത്തെ വരി പാടിയപ്പോൾ തന്നെ പുള്ളി ചുമച്ചു.

അപ്പോൾ ഞാനും അശോകും ഒന്ന് അങ്ങോട്ടുമിക്കോട്ടും നോക്കി. ഒരു വിധം പ്രശസ്ത ഗായകർ, മലയാളത്തിലെ തന്നെ വൻ ഗായകർ സ്റ്റേജിൽ പാടിയിട്ട് തകർന്നു പോകുന്ന പാട്ടാണത്. റാഫിപോലും ഗാനമേളകളിൽ പാടിയാൽ ഒറിജിനൽ റെക്കോർഡുകൾക്കൊപ്പമെത്താത്ത; വളരെ ദുഷ്കരമായ, നൗഷാദ് സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ മുത്താണ് ആ പാട്ട്.

ഇത് രണ്ട് വരി പാടി ഈ മനുഷ്യനൊന്ന് ചുമച്ചു. എന്നിട്ട് ഒന്നു ക്ലിയറാക്കി വീണ്ടുമദ്ദേഹം പാടാൻ തുടങ്ങി.

പാട്ട് പല്ലവി കഴിഞ്ഞപ്പോഴേക്കും നമ്മൾ മൂവരും അമ്പരന്നു പോയി. മുഹമ്മദ് റാഫി തന്റെ യൗവ്വനത്തിൽ പാടിയ പാട്ട് ഈ വൃദ്ധനായ രോഗി ഏതാണ്ടതേ പർഫെക്ഷനോട് കൂടി പാടി.

അതും ചെറിയ സൗണ്ടിലൊന്നുമല്ല പുള്ളി പാടുന്നേ. നല്ല വോയിസിൽ ഹൈ പിച്ചിൽ പാടേണ്ട പാട്ട്. അത് നമ്മുടെ ചുറ്റുമുള്ള അഞ്ചാറ് വീട്ടിൽ കേൾക്കാം. പാട്ട് കേട്ടമ്പരന്ന നമ്മൾ സാലിക്കയോട് ചോദിച്ചു.

“സാലിക്കാ! ഇതാരാത് ?”

അപ്പോ സാലിക്ക പറഞ്ഞു.

“അയ്യേ, നിങ്ങക്ക് ഭായിയെ അറിഞ്ഞൂടെ. ഇതാണ് മെഹബൂബ്. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ ഗായകനായ മെഹബൂബ്.”

ഞാനും അശോകുമൊക്കെ ഞെട്ടിത്തരിച്ചു അന്യോന്യം നോക്കി. കാരണം ജീവിത നൗക, നായര് പിടിച്ച പുലിവാല്, നീലക്കുയിൽ, ….

ജീവിത നൗകയിലെ “വരു നായികേ വരു” എന്ന ഗാനം മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനമാണ്.

അത് പോലെ നീലക്കുയിലിലെ “മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല, മാടത്തിൻ മണി വിളക്കേ.”

ഈ പാട്ടൊക്കെ പാടിയ സാക്ഷാൽ മെഹബൂബ് ആണ് നമ്മുടെ മുന്നിലിരിക്കുന്നത്. അതായത് മലയാള സിനിമയിലെ ആദ്യത്തെ വൻഗായകൻ. അദ്ദേഹം ഒരു wanderer ആണെന്ന് ഞങ്ങൾ അന്നാണറിയുന്നത്.



കൊടും പട്ടിണി, അതായിരുന്നു മെഹബൂബിന്റെ ചെറുപ്പകാലം. മിലിട്ടറി ക്യാമ്പിൽ ഷൂ പോളിഷ് ചെയ്ത് ജീവിതം മുന്നോട്ട് തള്ളി നീക്കിയ കാലം. സ്വന്തമെന്ന് പറയാനാകെയുള്ള അമ്മ അവിടുത്തെ തന്നെ ബാരക്കുകൾ ക്ലീൻ ചെയ്ത് ഉപജീവനം നയിക്കുന്നു.

പോരാത്തതിന് ജനിച്ചതാണെങ്കിൽ തേച്ച് മായ്ച്ച് കളയാവുന്നതിലുമേറെ രക്തക്കറ പുരണ്ട ഒരു നാട്ടിലും. കൊച്ചിയിലെ ഗുണ്ടാവിളയാട്ടത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ഇടം. സദാസമയം മനുഷ്യ ശരീരം കാംക്ഷിക്കുന്ന കഴുകൻമാരുണ്ടായിരുന്ന മട്ടാഞ്ചേരി തെരുവുകളിൽ. ഒരു നേരത്തെ അന്നത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത അനേകായിരം മട്ടാഞ്ചേരി മെഹബൂബ് മാരുടെ ദൈവമായി അവർ ആ തെരുവുകളിൽ വന്നെത്തും.

മെഹബൂബ്, തന്റെ ജനനത്തെ കുറിച്ച് ഓർമ്മിക്കുന്നത് സ്മൃതിയിൽ ജോൺ പോൾ പ്രതിപാദിക്കുന്നുണ്ട്.

“മട്ടാഞ്ചേരിയിൽ തന്നെ പട്ടിണിയുടേയും വറുതിയുടേയും ഒരു പ്രവിശ്യക്കകത്താണ് തന്റെ ജനനം. പട്ടിണി എന്ന് പറയുന്നത് ജീവിതത്തിലെ നിത്യ പരിചിതമായ പ്രതിഭാസമായി ആഘോഷിച്ചിരുന്ന ഒരു കൂട്ടം ജനങ്ങൾക്കിടയിൽ, അവരിലൊരാളായി ജനിച്ചു വളർന്ന ഭായി.”

മെഹബൂബിന്റെ പിൽക്കാല ജീവിത രീതികളും ചേഷ്ടകളും രൂപാന്തരപ്പെട്ടതിന് ഈ ബാല്യകാല അനുഭവങ്ങൾക്ക് അനിവാര്യമായ പ്രഭാവലയമുണ്ട്.

മിലിട്ടറി ക്യാമ്പിലെ ഉപജീവനമാർഗ്ഗം മെഹബൂബിനെ ബഹുഭാഷകളിലെ പാട്ടുമായി ചേർത്തു വച്ചു. അദ്ദേഹം നന്നായി മറുനാടൻ പാട്ടുകൾ പാടിത്തുടങ്ങി.

സ്വന്തമായി വീടുണ്ടായിരുന്നില്ല, മെഹബൂബിന്. കൂട്ടുകാരുടെ വീട്ടിൽ കിടന്നും കല്യാണ ദിവസങ്ങളിൽ പാട്ടുപാടിയും കഴിഞ്ഞു പോകുന്ന കാലത്താണ് പ്രശസ്ത ബംഗാളി മ്യുസീഷ്യൻ പങ്കജ് മല്ലിക്ക്, മെഹബൂബിനെ കേൾക്കാനിടവരുന്നത്. ആ ബന്ധം പിന്നീട് മെഹബൂബിന്റെ കഴിവിനെ മുഹമ്മദ് റാഫിയുടെ കാതിലടക്കം പ്രശസ്തമാക്കി.

14 ആം വയസ്സിൽ (1940) ൽ മെഹബൂബ് കൊച്ചിയിലെ തിരക്കേറിയ പാട്ടുകാരനായി. കൊച്ചിയിലെ സകല പരുപാടികൾക്കും വലുപ്പച്ചെറുപ്പം നോക്കാതെ ആത്മാവിൽ തൊട്ടുണർത്തി പാടുന്ന ചെറുപ്പക്കാരൻ.

“കായലിനരികെ, കൊച്ചിക്കായലിനരികെ” എന്ന ഗാനം മെഹബൂബിന്റെ ബാല്യകാല സുഹൃത്ത് ‘മേപ്പല്ലി ബാലൻ’ ആദ്യകാലങ്ങളിൽ എഴുതി മെഹബൂബ് പാടിയതാണ്. കൊച്ചിക്കാരുടെ കഥ പറയുന്ന അന്നയും റസൂലും എന്ന സിനിമയ്ക്ക് മെഹബൂബിന്റെയും കൂട്ടുകാരുടേയും വരികളും ഈണങ്ങളും ഇല്ലെങ്കിൽ ഒരു സമ്പൂർണ്ണത കൈവരില്ല എന്ന് രാജീവ് രവിക്ക് തോന്നിയിരിക്കാം.

മേപ്പല്ലി ബാലൻ – നെൽസൺ ഫെർണാണ്ടസ് – മെഹബൂബ് കൂട്ടുകെട്ടിൽ കൊച്ചിയുടെ മണവും രുചിയുമുള്ള അനേകം പാട്ടുകൾ പിറന്നു. അവ കൊച്ചിയിലെ സകല കല്യാണച്ചടങ്ങുകളിലും മറ്റു ചടങുകളിലും പീടികത്തിണ്ണകളിലും വരെ ഒഴുകി നടന്നു. ഇവർ സൃഷ്ടിച്ച പല പാട്ടുകളും റെക്കോർഡ് ചെയ്യാതെ നശിച്ചു പോയിട്ടുണ്ട്.

റെക്കോർഡ് ചെയ്യപ്പെട്ട ചുരുക്കം ചില പാട്ടുകളിൽ മറ്റൊരു പാട്ടാണ് ,

” ചെറുപ്പത്തിൽ നമ്മൾ രണ്ടും, മണ്ണ് വാരിക്കളിച്ചപ്പോൾ
അന്ന് തമ്മിൽ പറഞ്ഞതും
മറന്നു പോയോ.”



1948 ലാണ് മലയാള സിനിമയിലെ ആദ്യ പാട്ടിറങ്ങുന്നത്. തുടർന്ന് രണ്ട് വർഷം കഴിഞ്ഞ് മട്ടാഞ്ചേരിയിലെ തന്നെ മറ്റൊരു അനുഗ്രഹീത കലാകാരൻ ടി എസ് മുത്തയ്യ വഴി ദക്ഷിണാമൂർത്തി മെഹബൂബിന്റെ കഴിവ് തിരിച്ചറിഞ്ഞ് തന്റെ ‘ജീവിത നൗക’ എന്ന ചിത്രത്തിൽ പാടുവാൻ ക്ഷണിക്കുന്നു. മുൻപ് ഡെന്നിസ് ജോസഫ് സൂചിപ്പിച്ച “വരു നായികേ” എന്ന മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് ഗാനമടക്കം 5 ഓളം ഗാനങ്ങൾ ആ സിനിമയിൽ മെഹബൂബ് പാടുകയുണ്ടായി.

” ചിട്ടപ്പെടുത്തിയ ഈണങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് ആ ഈണങ്ങളെ പോലും മോഹിപ്പിക്കും വിധത്തിൽ അതിന്റെ അരികു മാത്രകൾക്കു പോലും ആത്മാംശത്തിന്റെ ജ്വലിക്കുന്ന പ്രസരണ പ്രാപ്തി നൽകിക്കൊണ്ടാണ് അദ്ദേഹം ഓരോ ഗാനവും പാടിയത്.” – ജോൺ പോൾ

പിന്നെ മെഹബൂബിന്റെ സമയമായിരുന്നു. തുടരെ തുടരെ ഹിറ്റ് ഗാനങ്ങൾ. ചില പ്രസക്തമായവ താഴെ ചേർക്കുന്നു.

1954 ഇൽ നീലക്കുയിൽ.

1956 ഇൽ രാരിച്ചൻ എന്ന പൗരൻ സിനിമയിലെ ഗാനം.

1956 ഇൽ ഉസ്താദിൽ റീറെക്കോർഡ് ചെയ്ത “തീർച്ചായില്ലാ ജനം” തുടങ്ങുന്ന ഗാനം.

1958 ഇൽ നായര് പിടിച്ച പുലിവാലിലെ ഗാനം.

1962 ഇൽ പുതിയ ആകാശം പുതിയ ഭൂമി

1965 – ഓടയിൽ നിന്ന്

അന്നയും റസൂലും എന്ന സിനിമയിലെ “കണ്ടു രണ്ട് കണ്ണ്” എന്ന ഗാനം 1973 ഇൽ മെഹബൂബ് ‘ചുഴി’ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ചതാണ്.

ഒരുപാട് യാതനകൾ സഹിച്ച ബാല്യകാലവും കേരള കലാകാരന്മാരിൽ ഒരു നാളിൽ കത്തിജ്വലിച്ച അരാജകത്വ ജീവിത ശൈലിയും അദ്ദേഹത്തെ സിനിമാ ലോകത്തിൽ നിന്ന് ഒരുപാട് വ്യതിചലിപ്പിച്ചു. ബാല്യകാലം മുതൽക്ക് തന്നെ ഒരുപാട് സ്നേഹവും സങ്കടങ്ങളും സമ്മാനിച്ച മട്ടാഞ്ചേരിയെ അദ്ദേഹം ഒരു വിധേയനെ പോലെ സ്നേഹിച്ചു.

മുഹമ്മദ് റാഫിയും മറ്റ് പല ഉത്തരേന്ത്യൻ സംഗീത വിദഗ്ദരും തന്റെ ട്രൂപ്പിൽ പാടാൻ ക്ഷണിച്ച മെഹബൂബ് അവയ്ക്കെല്ലാം മധുരം പകർന്ന മറുപടി അയച്ചു.

“മേരാ മട്ടാഞ്ചേരി മഹാൻ” എന്ന മറുപടിക്കത്തിൽ ആ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിച്ച മെഹബൂബ്.

മെഹബൂബ് പണം സമ്പാദിക്കാറുണ്ടായിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളിൽ അത് ഭക്ഷണം ആയാലും പണമായാലും പാട്ടു പാടി ചുറ്റുപാടിൽ നിന്ന് അദ്ദേഹം സ്വീകരിച്ചു.

ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ്സിൽ പഠിക്കുന്ന കാലം. മെഹബൂബ് 10 രൂപയ്ക്കായി ആ വിദ്യാർത്ഥി കൂട്ടത്തെ സമീപിച്ചു. ചുള്ളിക്കാടും കൂട്ടരും ആ സംഗീത വിസ്മയത്തെ അറിഞ്ഞാസ്വദിച്ചു. 10 രൂപയ്ക്ക് പ്രതിഫലമായി പാട്ടുകൾ പാടി ആ സഭയിൽ നിന്ന് പിരിയുമ്പോൾ വിദ്യാർത്ഥികൾ മറ്റൊരു 10 രൂപ കൂടെ നീട്ടി തുടരാൻ വാശിപിടിച്ചു, മുന്നിൽ നിൽക്കുന്നതാരെന്നറിയാതെ.
ഭായിയത് തിരസ്കരിച്ചു, കാരണം അദ്ദേഹത്തിന് 10 രൂപ മാത്രമാണ് ആവശ്യം.

അവസാനം വിദ്യാർത്ഥികളുടെ നിർബന്ധത്തിന് വഴങ്ങി അവർ പറയുന്ന ഒരു പാട്ട് പാടിക്കൊടുക്കാം എന്ന സമാധാന കരാറിലെത്തിയെങ്കിലും കുട്ടികൾ ആവശ്യപ്പെട്ടത് യേശുദാസിന്റെ ഗാനമായിരുന്നു. (ഒറ്റ മൈക്കിൽ മെഹബുബ് പാടുമ്പോൾ, അർജ്ജുനൻ മാസ്റ്റർ ഹാർമോണിയത്തിന് ഈണമിടുമ്പോൾ, ഊഴം കാത്ത് ക്ഷമയോടെ കാത്തിരുന്ന ആളായിരുന്നു യേശുദാസ്)

അന്ന് കുട്ടികളുടെ അവസാനാഭിലാഷവും കാറ്റിൽ പറത്തി ഭായിയവരോട് വിടപറയുമ്പോൾ യാത്രാ മൊഴിയായി പറഞ്ഞത് അവരെ അമ്പരപ്പിക്കുന്ന സത്യമായിരുന്നു.

“ഞാൻ പാടിയത് എന്റെ പാട്ടുകൾ മാത്രമാണ്.”

കാറ്റടിച്ചാൽ പറന്നു പോകാൻ മാത്ര ശരീരമുള്ള, 10 രൂപ ഇല്ലാത്ത ആ വൃദ്ധനെ അപ്പോൾ മാത്രമാണ് ചുള്ളിക്കാടിനും കൂട്ടർക്കും മനസ്സിലായത്. ( ശോഷിച്ച ശരീരമാണെങ്കിലും കൊച്ചിയിലെ പല പ്രശ്നങ്ങൾക്കും അവസാന വാക്കും ഭായിയാരുന്നു)




“ഒരാത്മാവിന് മാത്രം, അത്മാവിന്റെ വിശുദ്ധിയിൽ നിന്ന് പ്രസരിപ്പിച്ച് പ്രകാശിപ്പിക്കാൻ കഴിയുന്ന സംഗീതത്തിലെ ആത്മ ചോദനകളിലൂടെയാണ് മെഹബൂബ് തന്റെ ആലാപനങ്ങളിൽ എന്നും കേൾവിക്കാരോട് സംവദിച്ചിരുന്നത്. പാടുന്നതിന് തൊട്ട് മുമ്പുള്ള മെഹബൂബും പാടിത്തൊടങ്ങുമ്പോഴുള്ള മെഹബൂബും രണ്ടും രണ്ടായിരുന്നു. ലഹരിയുടെ കുത്തൊഴുക്കിലാകട്ടെ, പട്ടിണിയുടെ അവശതയിലാകട്ടെ, പാടുമ്പോൾ മെഹബൂബിന് വിശുദ്ധിയുടെ മറ്റൊരു മകുടം ആ ആത്മാവ് തേടിയെത്തി നൽകുമായരുന്നു.” – ജോൺ പോൾ

പി ഭാസ്കരന്റെ എഴുത്ത് തുടങ്ങി രജത ജൂബിലി ആഘോഷം. വിവിധ വാദ്യോപകരണങ്ങളോടെ ഗംഭീര ഓർക്കസ്ട്ര വേദിയിൽ. ലഹരിയും പേറി മെഹബൂബ് വേദിയിലേക്ക് വന്നപ്പോൾ തന്നെ ആൾക്കൂട്ടം ഇളകി മറിഞ്ഞു. ഭായി വേദിക്ക് പുറത്തിരിക്കുന്ന ബാബുരാജിനെ നോക്കി.

ബാബുരാജ് അതൊരാഞ്ജയായി സ്വീകരിച്ച് വേദിയിലേക്ക് വന്നപ്പോൾ ഹാർമോണിയം കൈകാര്യം ചെയ്ത RK shekhar എഴുന്നേറ്റ് മാറിക്കൊടുത്തു. ലഹരിയുടെ ഇരുത്തത്തിൽ ആണ്ടു മുഴുകിയിരുന്ന മെഹബുബ് എന്ത് പാടണം എന്ന് പകച്ചു പോയി. ബാബുരാജ് ” കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം” എന്ന ഗാനത്തിന്റെ ഹാർമോണിയ ഈരടികൾ ഭായിയുടെ കാതിൽ മന്ത്രിച്ചു കൊടുത്തു. വരികൾ ഓർമ്മപ്പെടുത്തി കൊടുത്തു.

പിന്നെ ആ വേദി സാക്ഷ്യം വഹിച്ചത് സംഗീതത്തിൽ സ്വയം മതിമറന്ന മെഹബൂബ് ഭായിയെയാരുന്നു. ലഹരിക്ക് പോലും തളർത്താൻ കഴിയാതെ മെഹബൂബ് എന്ന ഗായകൻ ചുവടു വച്ചു കൊണ്ട് ആ ഗാനം സ്റ്റേജിൽ ആലപിച്ചു.



1980 ലാണ് ഡെന്നിസ് ജോസഫ് രോഗാതുരനായ ശുഷ്കിച്ച മെഹബൂബിനെ ലോഡ്ജിൽ വച്ച് കാണുന്നത്. തുടർന്നുള്ള ഒരു കൊല്ലം കൊച്ചിയിലെ തിരക്കേറിയ പാതയോരങ്ങളിലോ ഒറ്റപ്പെട്ട ബീച്ചുകളിലോ മെഹബൂബിനെ യാദൃശ്ചികമായി കാണാറുള്ളത് ഡെന്നിസ് ജോസഫ് നിരാശയോടെ സൂചിപ്പിക്കുന്നുണ്ട്. 1981 ൽ മെഹബൂബ് യശശ്ശരീരനാക്കുന്നതിന് തലേ ദിവസവും യാദൃശ്വീകമായ കണ്ടുമുട്ടലിനെ കുറിച്ചും തുടർന്ന് ബീഡി വാങ്ങാൻ ഒരു 10 രൂപ കൊടുത്തതിനെ കുറിച്ചും ഡെന്നിസ് അനുസ്മരിക്കുന്നു.

………….

ജോൺ എബ്രാം, മെഹബൂബ് തുടങ്ങിയ കലാകാരന്മാർ നീലം പാകി വിത്തിട്ടു വച്ച കേരള കലാ – സാഹിത്യ അടിത്തറ. അവ വളരെ ദൃഢതയുള്ളതാണ്, വൈകാരികമാണ്, ആത്മാംശമുള്ളതാണ്.

ആരുടേതുമല്ലാത്ത, എന്നാൽ എല്ലാവരുടേയുമായിരുന്ന, ആർക്ക് വേണേലും സ്വന്തമാക്കാവുന്ന, സ്വസൃഷടികളല്ലാതെ സ്വന്തമായി ഒന്നും സമ്പാദിക്കാതെ മൺ മറഞ്ഞുപോയ കലാകാരന്മാരുടെ കൂട്ടത്തിൽ, എന്റെ മനസ്സിൽ എന്നും മെഹബൂബ് ഭായി മുൻ നിരയിലുണ്ടാകും.

തയ്യാറാക്കിയത് : അശ്വിൻ വിനയ്

അശ്വിൻ വിനയ്

LEAVE A REPLY

Please enter your comment!
Please enter your name here