അഹമ്മദ് ദേവര്‍കോവില്‍

0
182

മന്ത്രിപരിചയം

മുജീബ് റഹ്മാൻ കിനാലൂർ

കുറ്റ്യാടി അടുത്തുള്ള ഒരു കുഞ്ഞു ഗ്രാമമാണ് ദേവര്‍കോവില്‍. ആ ഗ്രാമം ഇപ്പോള്‍ കേരളം ഒന്നാകെ അറിയപ്പെട്ടിരിക്കുന്നു. അഹമ്മദ് ദേവര്‍കോവില്‍ കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രിയായതോടെ ആ ഗ്രാമം ഒന്നാകെ ആവേശ തിമര്‍പ്പിലാണ്. കഠിനമായ യാതനകള്‍ താണ്ടിയായിരുന്നു ഈ അറുപത്തിയൊന്നുകാരന്റെ ജീവിത യാത്ര. നാലാം വയസ്സില്‍ പിതാവ് മരിച്ചതിനാല്‍ അനാഥത്വത്തിന്റെ കൈപ്പുനീര്‍ കുടിച്ചായിരുന്നു ബാല്യം. പേരാമ്പ്ര യതീം ഖാനയിലും കുറ്റ്യാടി ഹൈസ്കൂളിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. സ്കൂള്‍ കാലം തൊട്ടു തന്നെ ചെറിയ ജോലികള്‍ക്കും പോയി തുടങ്ങി. അതുകൊണ്ട് എസ് എസ് എല്‍ സി ആദ്യാവസരത്തില്‍ വിജയിക്കാനാകില്ല. പക്ഷെ ആ അനുഭവങ്ങള്‍ ചെറുപ്പം തൊട്ടേ ആ ബാലനില്‍ ശക്തമായ ഒരു രാഷ്ട്രീയ ബോധം ഉറപ്പിച്ചു. പാവപ്പെട്ട മനുഷ്യരെയും നിലാരംബരെയും ചേര്‍ത്തു പിടിക്കുന്ന ആദര്‍ശമായിരിക്കണം തന്റെ രാഷ്ട്രീയം എന്ന് ചെറുപ്പം മുതലേ ബോധ്യമുണ്ടായിരുന്നു.



സ്കൂളില്‍ ലീഡര്‍ ആയിരുന്നു. ഒമ്പതാം ക്ലാസില്‍ ആയിരുന്നപ്പോഴാണ് അടിയാന്തിരവസ്ഥയെ വിമര്‍ശിച്ചത്തിന്റെ പേരില്‍ പോലീസ് നടപടികള്‍ക്ക് വിധേയമായത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എം എസ് എഫിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തുടക്കം. പിന്നീട് അഖിലേന്ത്യാ ലീഗിലേക്ക്. ശേഷം പെരിങ്ങളം എം എൽ എ. എൻ എ എം പെരിങ്ങത്തൂരിന്റെ അടുത്ത അനുയായി ആയതു മുതലാണ്‌ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് തൊഴിലുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് പോയി. അവിടെയും രാഷ്ട്രീയവും സംഘടന പ്രവര്‍ത്തനങ്ങളും തുടര്‍ന്നു. അക്കാലം മുതല്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടുവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.

ബാബറി മസ്ജിദിന്റെ ധ്വംസനം മുസ്ലിം ലീഗില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി. ബാബറി പള്ളി സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കോണ്ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് മുന്നണിയില്‍ നിന്ന് കേരളത്തിലെ ലീഗ് പുറത്തു പോരണമെന്നു സുലൈമാന്‍ സേട്ട് ശക്തമായി വാദിച്ചു. എന്നാല്‍ ഭരണത്തില്‍ തുടരാനായിരുന്നു സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. അതോടെ ലീഗ് പിളര്‍ന്നു സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചു.



1994 ല്‍ ഐ എന്‍ എല്‍ രൂപീകരിച്ചത് മുതല്‍ ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ടു. ഇരുപത്തിയഞ്ച് വര്‍ഷക്കാലം മുന്നണിയുടെ ഭാഗമായിരുന്നില്ലെങ്കിലും ഇടതുപക്ഷ നിലപാടുകളില്‍ പാര്‍ട്ടി അടിയുറച്ചു നിന്നൂ. രണ്ടു വർഷം മുമ്പ് മാത്രമാണ് ഐ എന്‍ എല്‍, ഇടതു മുന്നണിയുടെ ഘടക കക്ഷിയായത്. തുടര്‍ന്ന് ആദ്യ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഏക എം എല്‍ എ ആയ അഹമ്മദ് ദേവര്‍ കോവില്‍ മന്ത്രിയുമായിരിക്കുന്നു. അധികാരമോ സ്ഥാനമാനങ്ങളോ കിട്ടില്ലെന്ന് കണക്ക് കൂട്ടി നിരവധി ആളുകള്‍ പാര്‍ട്ടി വിട്ടപ്പോഴും ആദര്‍ശ നിഷ്ഠയോടെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തിനുള്ള സമ്മാനമായാണ് ഈ മന്ത്രി പദത്തെ അദ്ദേഹം കാണുന്നത്.

പരേതനായ മൂസയാണ് പിതാവ്. മാതാവ് മർയം. ഇപ്പോള്‍ കോഴിക്കോട് ജവഹർ നഗർ കോളനിയില്‍ താമസം. ഭാര്യ: സാബിറ അഹ്‌മദ്. മക്കൾ: മോനിഷ് അഹ്‌മദ്, തസ്‌നിൽ അഹ്‌മദ്, താജിനാ ഷർവിൻ. മരുമകൻ : മുഹമ്മദ്.

athmaonline-mujeeb-rahman-kinaloor
മുജീബ് റഹ്മാൻ കിനാലൂർ

LEAVE A REPLY

Please enter your comment!
Please enter your name here