കൊയിലാണ്ടി: മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ ജില്ലാ തെരുവു മാന്ത്രിക യാത്ര പൊയില്‍ക്കാവ് ടൗണില്‍ ആരംഭിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊയിലാണ്ടി മാജിക് അക്കാദമിയാണ് യാത്ര സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാവാനുള്ള ആഹ്വാനം, പ്രളയാനന്തരം പരിസ്ഥിതി അവബോധം പൊതുജനങ്ങളില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് യാത്ര.
വിവിധ തെരുവുകളിലായി വൈകുന്നേരങ്ങളില്‍ ഒരുക്കുന്ന വേദികളിലാണ് പരിപാടി അരങ്ങേറുക. കോഴിക്കോട് കോര്‍പ്പറേഷന്റെ സഹായത്തോടെ കിഡ്‌സണ്‍ കോര്‍ണറില്‍ അവതരിപ്പിക്കുന്ന പരിപാടിയോടെ യാത്ര അവസാനിക്കും.
കൊയിലാണ്ടി തഹസില്‍ദാര്‍ പി പ്രേമന്‍ യാത്ര ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സിഐ പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കന്മന ശ്രീധരന്‍ മാസ്റ്റര്‍, എംജി ബെല്‍രാജ്, ഡോ. പികെ ഷാജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.