മാധവിക്കുട്ടി എന്ന ചിത്രകാരി

0
898
madhavikkutty-enna-chithrakari-anu-pappachan-wp

അനു പാപ്പച്ചൻ

മാധവിക്കുട്ടി വരച്ച ചിത്രങ്ങളെ കുറിച്ചാണ്.
എഴുത്തു പോലെ വിസ്തൃതമായ ലോകത്തേക്ക് ചിത്രങ്ങൾ വളർന്നിട്ടില്ല. ചിത്രകലയിൽ അവർ ഒന്നും സമ്പാദിച്ചിട്ടുമില്ല. എഴുത്തിലെന്ന പോലെ വരയിലും ഉടലിന്റെ വിനിമയങ്ങളാണ്. സ്ത്രീയുടെ സ്വാതന്ത്ര്യം ശരീരത്തിന്റെ കൂടി സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിച്ച്, നിലനിന്ന സാമ്പ്രദായികതകളെ പൊളിച്ച സ്ത്രീയാണവർ. മലയാള സാഹിത്യം ഉടൽവിമോചനത്തെ കുറിച്ച് ചിന്തിക്കുന്ന കാലത്തിന് എത്രയോ മുന്നേ, രാഷ്ട്ര സ്വതന്ത്ര്യത്തിനു മുന്നേ, അവരെഴുതിയ കഥയിൽ ആ പ്രഖ്യാപനമുണ്ടായിരുന്നു.(കഥ-സ്ത്രീ- 1947 ജൂലൈ ) ആ ശബ്ദത്തിന്റെ പൊരുൾ തിരിച്ചറിയാൻ നമ്മൾ പിന്നെയും കാൽ നൂറ്റാണ്ടെടുത്തു.

സ്വത്വപരമായ വിമോചനങ്ങളാണ് ഓരോ ചിത്രവും. ചില കവിതകൾ ചിത്രങ്ങളായതു പോലെ തോന്നും.എല്ലാ ചിത്രങ്ങളിലും സ്ത്രീകൾ മാത്രമാണ്. ഉടലിന്റെ പൂർണാസക്തികളും പൂത്തുനിൽക്കുന്ന പെണ്ണുങ്ങൾ. ശരീരം എപ്പോഴും തുറന്നു വിടേണ്ട ഒരു പക്ഷിയാണെന്ന് ഓരോ ചിത്രവും വെളിപ്പെടുത്തുന്നു . ജീവിതത്തിന്റെ ഓരോ ഋതുവും ഏല്പിക്കുന്ന പരിണാമങ്ങളെ അവയിൽ കാണാം.

madhavikkutty
മാധവിക്കുട്ടി

നഗ്നത ജീവിതത്തിന്റെ ഏറ്റവും നിഷ്കളങ്കമായ ആവിഷ്കാരമായിത്തീരുന്നു. എന്റെ കഥ എന്റെ ഉടലാണെന്നും ഒരു ചേലയ്ക്കുമുള്ളിൽ അടക്കിവയ്ക്കാനാവാത്ത തരംഗങ്ങളുണ്ടെന്നും ഓരോ സ്ത്രീരൂപവും പറയുന്നു. ആൾക്കൂട്ടങ്ങളെ മുഴുവൻ ഉരിഞ്ഞുകളഞ്ഞ്, ആൾക്കൂട്ടങ്ങളിൽ ഒതുക്കിയ പെൺ ഉടലറിവുകളെ വീണ്ടും വീണ്ടും കോരിയെടുക്കാനാണ് മാധവിക്കുട്ടി ശ്രമിക്കുന്നത്. പരിധിയില്ലാത്ത ശരീരത്തിന്റെ ആകാംക്ഷകളെ കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് നടന്നുപോകുന്നു, മാധവിക്കുട്ടി ;തീർത്തും യൗവനയുക്തയായി. പ്രായം ആ ചിത്രങ്ങളെ സ്പർശിച്ചിട്ടേയില്ല . ഉടലിന്റെ നിത്യയൗവനവും അതിന്റെ ക്ലോസ് ഷോട്ടുകളുമാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക . പ്രണയത്തിലും വസന്തത്തിലും മാത്രമല്ല , മധ്യവയസ്സിലും വാർധക്യത്തിലും യൗവനത്തിന്റെ സ്പർശം ഏറ്റെടുത്ത പെണ്ണുങ്ങളാണ് മാധവിക്കുട്ടിയുടേത് . ‘ഗ്രാൻറ് മദർ ‘ എന്ന ചിത്രം വരയ്ക്കുമ്പോഴും അതിനകത്ത് വിടർന്ന കണ്ണുകളുള്ള പെൺമുഖമുണ്ട്.

Grand Mother Madhavikkutty
Grand Mother

ഉല്പാദനശേഷിയുള്ള സ്ത്രീരൂപങ്ങളിലാണ് മാധവിക്കുട്ടിയുടെ ശ്രദ്ധ. ഉർവരതയും ഉന്മാദവും ആ ശരീരങ്ങളുടെ മുഖമുദ്രകളാണ്. പെൺശരീരത്തോടുള്ള ആരാധനകളല്ല, സ്വാഭാവികതകളാണ് ഓരോ ചിത്രവും. സ്വാഭാവികമായ ഇരുപ്പുകളിൽ ആർജവമുള്ളവരായി ഒരോ സ്ത്രീരൂപവും പ്രത്യക്ഷപ്പെടുന്നു.. വളരെ അപൂർവമായി മാത്രമേ പ്രതീകങ്ങളെ ഉപയോഗപ്പെടുത്താൻ അവർ ശ്രമിച്ചിട്ടുള്ളു .കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ യാഥാർഥ്യങ്ങളാണ് അവർ വരയ്ക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ മിക്ക ചിത്രങ്ങളും ജീവിതരേഖകളാണ് ,നാലപ്പാട്ടെ പെണ്ണുങ്ങളും തോഴിമാരും അമ്മയും മുത്തശിയുമൊക്കെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അല്ലെങ്കിൽ തന്റെ തന്നെ ശരീരത്തിലുണ്ടായ ആകാംക്ഷകൾ. സൂക്ഷ്മശരീരാവിഷ്കാരങ്ങളിലൂടെ വികാരങ്ങളെ പ്രതിഫലിപ്പിക്കാനാണ് മാധവിക്കുട്ടി ശ്രമിച്ചത്. ശരീരം കൊണ്ട് ശരീരത്തെ പൂരിപ്പിക്കാനും പരിഹരിക്കാനും 
കഴിയുമെന്ന് അവർ തെളിയിച്ചു. പെണ്ണിന്റെ ഏറ്റവും വലിയ സാധ്യത ലോകത്തെ തന്നിലേക്ക് സ്വാംശീകരിക്കാനുള്ള കഴിവാണെന്നും തനിക്കുള്ളിൽ ഒരു പ്രപഞ്ചത്ത കൊണ്ടുനടക്കാൻ കഴിയുമെന്നും ഓരോ ഉടലും ആവേശത്തോടെ സമ്മതിക്കുന്നത് കാണാം. ലോകവും ലോകനിയമങ്ങളും മനസ്സിന്റെ തടവറയിൽ ശരീരത്തെ കുരുക്കുന്നു എന്ന് അവർ തിരിച്ചറിയുന്നു.

madhavikkutty-before-the-bath
Before the bath

ഭാഷകൊണ്ടു അവർ നടത്തിയ വിമോചനങ്ങളിൽ ഉടലിനെ ഒഴിവാക്കാത്തതുപോലെ വരയിലും ഉടലിനെ മറയ്ക്കാനല്ല തുറക്കാനാണ് അവർ ശ്രമിച്ചിട്ടുള്ളത്.
ഉന്മാദത്തിനും ഉർവരതയ്ക്കും മഞ്ഞനിറമാണ് മാധവിക്കുട്ടിക്ക് പഥ്യം. പ്രാഥമിക വർണ്ണങ്ങളാണ് ഏറെയും ഉപയോഗിച്ച് കാണുന്നത് . ചിത്രകാരി എന്ന നിലയിലുള്ള പൂർണ്ണതയും മനോഹാരിതയും അവർ ആഗ്രഹിച്ചിട്ടുണ്ടോ എന്നത് സംശയമാണ് . പക്ഷേ സ്വാഭാവികമായ ഒഴുക്കും ആർജവവും എല്ലാ ചിത്രങ്ങളിലും പ്രകടമാണ് . ജീവിതാനുഭവങ്ങളിൽനിന്ന് ഒരിക്കലും രക്ഷപ്പെടാനാഗ്രഹിക്കാത്ത തുറന്ന ശരീരങ്ങളെ പകർത്തിയിടലാണ് മാധവിക്കുട്ടി ചെയ്തത് . സത്യസന്ധതയോടെ യാതൊന്നും മറച്ചുവയ്ക്കാതെ എഴുതുന്നത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലാമെന്നു അവർ പറഞ്ഞിട്ടുണ്ട് ശരീരമെന്ന വസ്ത്രമഴിച്ചിട്ടു പൂർണ്ണനഗ്നമായി നിൽക്കുന്ന തന്നെ സ്നേഹിക്കാമോ എന്ന് അവരുടെ അതേ ചോദ്യം തന്നെയാണ് ഓരോ ചിത്രശരീരവും ചോദിക്കുന്നത് .

madhavikkutty-The maid at the bath

The maid at bath , Girls in spring , before the bath , the mad woman asleep തുടങ്ങിയ ചിത്രങ്ങൾ നിത്യയൗവനത്തെയും ഉന്മാദകാലങ്ങളെയും വെളിപ്പെടുത്തുന്നുണ്ട് .

madhavikkutty-innocence
innocence

Innocence എന്ന ചിത്രം അതിന്റെ അവതരണംകൊണ്ടു തന്നെ ശ്രദ്ധേയമാണ് .മുഖത്തിന്റെ ഒരു പകുതി ഷെയ്ഡ് ചെയ്ത് കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന പെൺകുട്ടിയാണ് ഇന്നസെൻസിൽ അവതരിപ്പിച്ചിരി ക്കുന്നത് . ജീവിതത്തിന്റെ ഇരുണ്ടതും നിഗൂഢവുമായ വശങ്ങളെ മറച്ചുവയ്ക്കാതെ വെളിപ്പെടുത്തുന്നതും ശുദ്ധീകരണമാണെന്ന് എഴുത്തിലെന്നപോലെ ചിത്രത്തിലും അവർ തെളിയിക്കുന്നു .

madhavikkutty-Repentance
Repentance

Repentance എന്ന ചിത്രം ഒരു ചോദ്യചിഹ്നമെന്ന പോലെ നമുക്ക് തോന്നാം. സമൂഹത്തിൽ പെണ്ണിനെ സംബന്ധിച്ച് തെറ്റുകളും പ്രായശ്ചിത്തങ്ങളും ശരീരത്തോടു ബന്ധപ്പെട്ടതാണ് . കാലാകാലങ്ങളായി നിലനിൽക്കുന്ന ധാരണകളോടുള്ള ചോദ്യമായിരിക്കാം മാധവിക്കുട്ടി ഉയർത്തുന്നത്. the middle aged woman in love, woman on the cross, girls in spring എന്നിവ അവർ വളരെ കുറച്ച് ഉപയോഗിച്ചിട്ടുള്ള പ്രതീകാത്മകവരയുടെ പ്രതിനിധാനങ്ങളാണ്. ശരീരം മുഴുവൻ ആവരണം ചെയ്ത അപൂർവ്വം ചിത്രങ്ങളിൽ ഒന്നാണ് the middle aged woman in love. മുഖവും കൈപ്പത്തികളും മാത്രമാണ് കാണാനാവുന്നത്. ശാരീരികമായ തൃഷ്ണകളുടെ ആവേഗങ്ങളിവിടെയില്ല. മറിച്ച് പ്രണയത്തിന്റെ ആത്മീയതയാണ് ദർശിക്കാനാകുക. വെളുത്ത ചിറകുള്ള മാലാഖയുടെ സ്പർശത്തിൽ വിശുദ്ധീകരിക്കപ്പെടുന്ന പെണ്ണുടൽ. ശരീരത്തെയുമുൾപ്പെടുത്തുന്ന കളങ്കമില്ലാത്ത പ്രണയം ദൈവികമായിരിക്കുമെന്ന സൂചന ചിത്രം തരുന്നു.

madhavikkutty-Woman on the cross
Woman on the cross

woman on the cross എക്കാലവും നിരന്തരം മുറിവേൽക്കാൻ നിയോഗിക്കപ്പെടുന്ന സ്ത്രീശരീരത്തിന്റെ അടയാളമാണ്. വംശത്തിന്റെ രക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന, ദൈവമാകട്ടെ, പ്രകൃതിയാകട്ടെ, പെണ്ണാകട്ടെ കല്ലേറും കുരിശും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടതാണ്. പക്ഷേ കുരിശിൽ കിടക്കുമ്പോഴും വിലാപങ്ങളില്ലാത്ത ഒരു സ്ത്രീമുഖം മാധവിക്കുട്ടിയുടെ മനസ്സിനു മാത്രം ചിന്തിക്കാൻ പറ്റുന്നതാണ്.

madhavikkutty-Girls in spring
Girls in spring

പ്രകൃതിയും പെണ്ണും പ്രണയവും ഒരുമിച്ച് പൂക്കുന്ന ജൈവികതയാണ് girls in spring, പ്രകൃതിയുടെ പച്ചയിൽനിന്നാണ് ശരീരത്തിന്റെ മഞ്ഞപ്പൂക്കാലങ്ങളുണ്ടാകുന്നതെന്ന് കമല വിശ്വസിക്കുന്നു.നിറങ്ങളുടെ ഹാർമണി പോലും ഈ ഏകസങ്കൽപത്തിന്റെ പൂരണത്തിനുപയോഗിച്ചിരിക്കുന്നു.പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും നമ്മുടെ കാല്പനിക സൗന്ദര്യത്തിന്റെ ഏറ്റവും വശ്യമായ ആവിഷ്കാരം കൂടിയാണല്ലോ.

madhavikkutty-Woman with owl
Woman with owl

എല്ലാ ക്രിയാത്മക ആവഷ്കാരങ്ങളിലും നിഗൂഢതയുണ്ടെന്നാണ് കാവ്യപക്ഷം. പെണ്ണിൽ പ്രത്യേകിച്ചും. women with the owl നിഗൂഢസൗന്ദര്യത്തിന്റെ വ്യാഖ്യാനമാണ്. എല്ലാ കാലത്തും ലാളനയും സംരക്ഷണവും പരിലാളനങ്ങളും കൊടുക്കുകയും എടുക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ നാലപ്പാട്ടെ തറവാട്ടിൽ അപരിചിതരല്ല. at the retiring room , mother and child എന്നീ ചിത്രങ്ങൾ കുടുംബക ചിത്രീകരണങ്ങളാണ്. Grand mother in 1945 ലെ മുത്തശ്ശിയും മലയാളിക്ക് വളരെ പരിചിതമായ രൂപമാണ് .ഊർജവും ആകാരഭംഗിയുമുള്ള നാലപ്പാട്ടെ തോഴിമാർ before the bath , the maid at the bath എന്നീ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു .

മലയാളചിത്രകലാ ചരിത്രത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന ചിത്രങ്ങളൊന്നുമല്ല. പക്ഷേ മാധവിക്കുട്ടിയുടെ ക്രിയാത്മകജീവിതത്തിന്റെ ഒരു ഋതു അവയിലും അടയാളപ്പെടുന്നു..

anu-pappachan
അനു പാപ്പച്ചൻ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here