ലോകത്തിന്റെ പേടിയായി വൈറ്റ് നാഷണലിസം വരുന്നു

0
225

കെ വി നദീർ

ന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തെ മതവും വിശ്വാസവും പറഞ്ഞ് വിശകലനം ചെയ്താൽ അതിന്റെ യഥാർത്ഥ കാരണത്തിലേക്കെത്താനാകുമൊ? ഇല്ലെന്നതാണ് വസ്തുത. മതത്തിന്റെ പേരിൽ മാത്രമായി സൃഷ്ടിക്കപ്പെട്ട അതിക്രമമല്ല ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിൽ ഉണ്ടായത്. ഇസ്ലാമിനും മുസ്ലീങ്ങൾക്കുമെതിരെ നടന്ന കേവലമായൊരു അതിക്രമവുമല്ല അത്. മറിച്ച് വംശഹത്യ എന്നതിന്റെ ട്രയൽ റണ്ണാണ്. വെള്ളക്കാർക്ക് അപ്പുറത്തുള്ളവരെ വംശഹത്യ ചെയ്യുകയെന്ന ഭീകരമായ ദേശീയതയുടെ പ്രായോഗിക പരീക്ഷണമായി വേണം ഇതിനെ വായിച്ചെടുക്കാൻ.

വൈറ്റ് നാഷണലിസമെന്ന ഗുരുതര ചിന്താധാരയുടെ ആവിഷ്ക്കാരമാണ് ന്യൂസിലാൻഡിലെ പള്ളിയിൽ നടന്നത്. അക്രമം അഴിച്ചുവിട്ട ഭീകരൻ മുൻകൂട്ടി തയ്യാറാക്കിയ മാനിഫെസ്റ്റൊയിൽ ഇക്കാര്യം വ്യക്തമാക്കുന്നു.

എന്താണ് വൈറ്റ് നാഷണലിസം. ലോകത്തിന്റെ വിവിധയിടങ്ങളിലെ വെളുത്തവര്‍ഗക്കാര്‍ ഒരു വംശമാണെന്നും ‘ശ്രേഷ്ഠ മനുഷ്യഗണത്തില്‍ പെട്ട’ ഇവരെയെല്ലാം ചേര്‍ത്ത് ഒരു വെളുപ്പന്‍ ദേശീയതയും ഏകീകൃത സ്വത്വവും വികസിപ്പിച്ചെടുക്കാമെന്നതുമാണ് വെളുപ്പൻ ദേശീയത. വൈറ്റ് നാഷണലിസ്റ്റുകള്‍ എന്ന ചെറുതല്ലാത്ത വിഭാഗം ലോകത്തിന്റെ വിവിധ ഇടങ്ങളിലുണ്ട്.

വെളുത്തവരുടെ അതിജീവനവും ആധിപത്യവും ഉറപ്പുവരുത്തുക, വെളുത്തവര്‍ഗക്കാര്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഭൂരിപക്ഷം, വംശശുദ്ധി, സാംസ്‌കാരിക യാഥാസ്ഥിതികത്വം, അധികാരം, സാമ്പത്തിക മേല്‍ക്കൈ എന്നിവ നിലനിര്‍ത്തുക. ഭിന്നവംശത്തില്‍ പെട്ടവര്‍ തമ്മിലുള്ള സങ്കരം, സാംസ്‌കാരിക വൈവിധ്യം, വെളുത്തവരല്ലാത്തവരുടെ കുടിയേറ്റം എന്നിവ തടയുക തുടങ്ങിയവയാണ് വൈറ്റ് നാഷണലിസ്റ്റുകളുടെ ലക്ഷ്യം. വെളുത്തവര്‍ഗക്കാരുടെ ജനനനിരക്ക് കുറയുകയാണെന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്. വെളുത്തവരെ വംശഹത്യ ചെയ്യാന്‍ ആഗോളതലത്തില്‍ ഒരു ഗൂഢപദ്ധതി നടപ്പിലാകുന്നുണ്ടെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ക്രിസ്തുമതത്തെ ഏറ്റവും ശ്രേഷ്ഠമായ മതമായി കരുതുന്നവരാണ് വൈറ്റ് നാഷണലിസ്റ്റുകളില്‍ ഭൂരിഭാഗവും.

വെളുപ്പന്‍ വംശീയതയില്‍ അഭിരമിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നവരില്‍ നിരീശ്വരവാദികളുമുണ്ട്. ഇസ്ലാം, യഹൂദമതം തുടങ്ങി ഇതര മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരോടും കറുത്തവര്‍ഗക്കാര്‍, മംഗളോയ്ഡ് വിഭാഗക്കാര്‍, മറ്റ് ഗോത്രക്കാര്‍ എന്നിങ്ങനെ തങ്ങളൊഴികെയുള്ള മറ്റെല്ലാ ജനവിഭാഗത്തോടും ഇവര്‍ വിരോധവും അവജ്ഞയും പുലര്‍ത്തുന്നു. ഇടതുപക്ഷമുള്‍പ്പെടെയുള്ള പുരോഗമന ചിന്താധാരകളോടും സമൂഹത്തില്‍ മതങ്ങള്‍ക്കും വംശങ്ങള്‍ക്കും അതീതമായി സാഹോദര്യം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരോടും ഇക്കൂട്ടര്‍ക്ക് കടുത്ത ശത്രുതയുണ്ട്. ‘അപരരെ’ ഉന്മൂലനം ചെയ്യലും ഭയപ്പെടുത്തലും മികച്ച പ്രവര്‍ത്തനമാര്‍ഗങ്ങളായാണ് വൈറ്റ് നാഷണലിസ്റ്റുകള്‍ കരുതുന്നത്.

മനുഷ്യർക്കിടയിൽ വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നത്. കൊളോണിയൽ രീതികളിൽ നിന്ന് വ്യത്യസ്തമായി വംശഹത്യയുടെ പ്രത്യയശാസ്ത്രത്തെയാണ് ഇവർ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. വെളുത്തവരല്ലാത്തവരെ ഒക്കെയും ഉന്മൂലനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നു. ഇവർക്കു മേൽ സംശയത്തിന്റെ പുകമറവെച്ചു കെട്ടുന്നു. അതിക്രമത്തിന്റെയും പിടിച്ചടക്കലിന്റെയും പ്രതിരൂപങ്ങളായി വെള്ളക്കാരല്ലാത്തവരെയൊക്കെയും അവതരിപ്പിക്കുന്നു. കുടിയേറ്റക്കാരേയും അഭയാർത്ഥികളേയും ഭീതിയുടെ പരിസരത്തു നിറുത്തി ചുറ്റുപാടുകളിൽ നിന്ന് ആട്ടിയോടിക്കേണ്ടവരാണ് ഇവരെന്ന തീവ്രവിചാരത്തെ സാധാരണ ബുദ്ധിയിലേക്ക് കുത്തിക്കയറ്റാനാണ് ഇവർ ശ്രമിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കാൻ ശ്രമിക്കുന്ന അധിനിവേശത്തിന്റെ പുതിയ വ്യാഖ്യാനങ്ങൾ വെളുപ്പൻ ദേശീയതയുടെ പ്രയോഗവത്ക്കരണത്തെ സൂചിപ്പിക്കുന്നതാണ്. അമേരിക്കക്ക് പുറത്തുള്ളവരെ അപരവത്കരിച്ച് മാറ്റി നിറുത്തുകയും പരോക്ഷമായി ശത്രുപക്ഷത്ത് നിറുത്തുകയും ചെയ്യുന്ന ഭരണരീതി ട്രംപ് അധികാരത്തിലെത്തിയതു മുതൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ന്യൂസിലാൻഡിലെ പള്ളിയിൽ തത്സമയം വെടിയുതിർത്ത ഭീകരന്റെ പ്രചോദനം ഡൊണാൾഡ് ട്രംപാണ്.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണണത്തേക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത് ഒറ്റപ്പെട്ട സംഭവം എന്ന നിലയിലാണ്. യഥാര്‍ത്ഥത്തില്‍ വൈറ്റ് നാഷണലിസം വളര്‍ന്നുവരുന്ന ഒരു ഭീഷണിയല്ലെന്നും ഒരു ചെറിയ കൂട്ടം ആളുകള്‍ മാത്രമാണിതെന്നുമാണ് ട്രംപിന്റെ വിശകലനം. ന്യൂസിലാൻഡ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രംപ് ‘അതിര്‍ത്തി സംരക്ഷണത്തെക്കുറിച്ച്’ പറഞ്ഞതും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരന്റെ മാനിഫെസ്റ്റോയിലെ അഭയാര്‍ത്ഥി വിരുദ്ധ നിലപാടും തമ്മില്‍ വ്യത്യാസം കാണാന്‍ കഴിയില്ല. മധ്യഅമേരിക്കക്കാര്‍ യുഎസിലേക്ക് കുടിയേറുന്നതിനെ ‘അധിനിവേശം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ആളുകള്‍ക്ക് അധിനിവേശം എന്ന വാക്ക് ഇഷ്ടമല്ല, പക്ഷെ യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് സംഭവിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള അധിനിവേശമാണിതെന്നുവരെ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞുവെച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പോലും തെല്ലും മാറ്റമില്ലാതെ തുടരുന്ന യാഥാസ്ഥിതിക – വര്‍ണവെറിയന്‍ കാഴ്ച്ചപ്പാടാണ് ട്രംപിനെ വൈറ്റ് നാഷണലിസ്റ്റുകള്‍ക്ക് പ്രിയങ്കരനാക്കുന്നത്. ന്യൂസിലാൻഡ് പള്ളിയിൽ വെടിയുതിർത്ത ടെറന്റിന്റെ മാനിഫെസ്റ്റോയില്‍ ട്രംപിനേക്കുറിച്ച് പരാമര്‍ശമുണ്ട്. താന്‍ ഒരു ട്രംപ് അനുകൂലിയാണെന്ന് അയാള്‍ വ്യക്തമാക്കുന്നു. താന്‍ ട്രംപിനെ കാണുന്നത് പുതുക്കിയ വെള്ളക്കാരന്‍ സ്വത്വത്തിന്റെ പ്രതീകമായാണെന്നും തങ്ങള്‍ രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണെന്നും വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here