കെ വി നദീർ
2018 ആഗസ്റ്റിന് മുൻപും പ്രളയത്തെ നമ്മൾ അറിഞ്ഞിട്ടുണ്ട്. ടെലിവിഷനിൽ പ്രളയജലത്തിന്റെ കുത്തൊഴുക്ക് ‘ആസ്വാദനത്തോടെ’ കണ്ടിട്ടുണ്ട്. പത്ര താളുകളിൽ ആകാംക്ഷയോടെ വായിച്ചിട്ടുണ്ട്. കേട്ടതും അറിഞ്ഞതുമായ പ്രളയം വീട്ടുമുറ്റത്തെത്തിയപ്പോൾ, പിന്നീടത് വീടിനകത്തെത്തിയപ്പോൾ നമുക്കത് താങ്ങാവുന്നതിനപ്പുറമായിരുന്നു. നികത്താനാകാത്തതായിരുന്നു പല നഷ്ടങ്ങളും. വേണ്ടപ്പെട്ടവരുടെ ജീവനുകൾ ജലമെടുത്തു. ജീവിത സമ്പാദ്യം കുത്തിയൊലിച്ചു പോയി.
പ്രളയം അറിഞ്ഞതിനേക്കാൾ ഭീകരമാണെന്ന് അനുഭവിച്ചറിഞ്ഞു.
അനവധി യുദ്ധങ്ങൾ നമ്മൾ അറിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ സ്ക്രീനുകളിൽ കണ്ടിട്ടുണ്ട്. കെടുതികൾ വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അനുഭവിച്ചിട്ടില്ല. പ്രളയത്തെ തങ്ങാനാകാത്ത നമ്മൾ യുദ്ധത്തെ കുറിച്ച് വീരവാദം മുഴക്കുന്നു. ഒലിച്ചിറങ്ങിയ വെള്ളം അവശേഷിപ്പിച്ച പോലെ യുദ്ധം ഒന്നും ബാക്കിവെക്കില്ല. ജലം മുറിപ്പെടുത്തുന്ന പ്രളയത്തെ താങ്ങാനാകാത്തവർക്ക് തീഗോളങ്ങൾ വിതക്കുന്ന സർവ്വനാശത്തെ ഉൾകൊള്ളാനാകില്ലെന്നത് തീർച്ച.
” കൊച്ചുകുട്ടി, കൊഴുത്ത മനുഷ്യൻ” എന്ന രണ്ടു പദങ്ങൾ യുദ്ധവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക ചരിത്രത്തിലെ രണ്ടദ്ധ്യായങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഭീതിതമായ രണ്ട് തലക്കെട്ടുകളാണ് ഈ പദങ്ങൾ. കേള്‍ക്കുമ്പോള്‍ ചെറുതാണെന്നും വണ്ണമുള്ളതാണെന്നും തോന്നുമെങ്കിലും ഇതിന്റെ അർത്ഥതലങ്ങൾ മനസ്സിൽ ഭീതിയാണ് നിറക്കുക. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആറ്റം ബോംബുകളുടെതാണ് ഈ രണ്ട് പേരുകള്‍.
1945 ആഗസ്റ്റ് 6 ഹിരോഷിമ. ആഗസ്റ്റ് 9 നാഗസാക്കി. അന്നവിടെ വർഷിച്ച തീഗോളങ്ങൾ ഇന്നും ഇടർച്ചയില്ലാതെ പറയുന്നുണ്ട് യുദ്ധം സമ്മാനിക്കുന്നതെന്തെന്ന്. ആണവായുധ പ്രയോഗത്തിനു മുന്നേ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ മുഴക്കിയ ഭീഷണി ഇന്നും മാഞ്ഞു പോയിട്ടില്ല. “ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയ്യാറായിക്കോളൂ” എന്നായിരുന്നു ആ വാക്കുകൾ. അന്നത് ജപ്പാൻ ജനതയോട് അമേരിക്കയുടെ പറച്ചിലായിരുന്നുവെങ്കിൽ വാക്കുകളുടെ ശബ്ദ വിന്യാസത്തിൽ ഇന്നുമത് കേൽക്കാനാകുന്നു.
എത്രയെത്ര കുഞ്ഞുങ്ങള്‍. അവരുടെ മാതാപിതാക്കള്‍. മുത്തശ്ശിമാർ, മുത്തച്ഛന്‍മാർ. അവരുടെ വീടുകള്‍. വസ്തുവകകള്‍. പക്ഷിമൃഗാദികള്‍. അങ്ങിനെ എല്ലാം എല്ലാം. ജപ്പാന്‍ ജനതയ്ക്ക് നഷ്ടമായത് കണ്ണടച്ച് തുറക്കുന്നതിനിടെയായിരുന്നു. പ്രതാപപ്പെരുമയുടെ ഉന്നതിയിൽ നിന്ന് രണ്ടു മഹാനഗരങ്ങള്‍ നിമിഷാർദ്ധനേരം കൊണ്ട് കത്തിക്കരിഞ്ഞ് ചാമ്പലായി. തലമുറകൾക്ക് യുദ്ധക്കെടുതിയോടൊപ്പം സഞ്ചരിക്കേണ്ടി വന്നു. ഇന്നും അതിൽ നിന്ന് പൂർണ്ണ മോചിതമല്ല.
ഓരോ യുദ്ധവും ഇങ്ങിനെയാണ്. വിനാശമല്ലാതെ ഒന്നും തിരിച്ചു നൽകില്ല. നാടാകെ ഒരു സുപ്രഭാതത്തില്‍ ചാമ്പലായി തീരുക. ജനതയുടെ കൂട്ട നിലവിളി ഉയരുക. കണ്ണീരൊലിപ്പിച്ച് നിസ്സഹായതയോടെ കൈകൂപ്പി നിൽക്കുക. തെരുവാകെ അനാഥബാല്യങ്ങൾ കൊണ്ട് നിറയുക. വിശപ്പടക്കാൻ കയ്യും കണ്ണും നീട്ടുക. ഇങ്ങിനെ തുടരും യുദ്ധാനന്തര ഭൂമിയിലെ ചിത്രങ്ങളോരോന്നും.
യുദ്ധം ആർക്കുവേണ്ടിയെന്നത് എക്കാലത്തും ചോദ്യമായി അവശേഷിക്കുന്നതാണ്. യുദ്ധം കൊണ്ട് നേട്ടം കൊയ്യുന്നതാരെന്നതാണ് ഈ ചോദ്യത്തെ പ്രസക്തമാക്കുന്നത്.
യുദ്ധത്തിലൂടെ സാധാരണ ജനത നേടുന്നതെന്തെന്നതിന്റെ ആകെയുള്ള ഉത്തരം കഷ്ടത എന്നതു മാത്രമാണ്. യുദ്ധം കൊണ്ട് നേട്ടം കൊയ്യുന്നവരുമുണ്ട്. അധികാരിവർഗ്ഗമാണൊന്ന്. മറ്റൊന്ന് കുത്തക കച്ചവടക്കാരാണ്. ആയുധം കച്ചവട ചരക്കാക്കിയവരാണ് ഇതിൽ പ്രധാനികൾ. അധികാരം നിലനിറുത്താൻ അതിർത്തിയിൽ യുദ്ധം സൃഷ്ടിക്കുന്നവർ എക്കാലത്തുമുണ്ടായിരുന്നു. അധികാരത്തുടർച്ചക്കായി ചാണക്യ തന്ത്രങ്ങളിൽ യുദ്ധവുണ്ട്.
യുദ്ധം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം ലാഭമാണ്. സാധാരണക്കാരുടെ സമാധാനവും ക്ഷേമവും അവർക്ക് അജണ്ടയാകാറില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക സാധ്യമാക്കിയതൊക്കെയും നഷ്ടങ്ങളില്ലാത്ത കച്ചവടമായിരുന്നു. യുദ്ധത്തെ കമ്പോളമാക്കുകയായിരുന്നു അവർ. അവരുടെ ആയുധങ്ങൾ വിറ്റൊഴിക്കാനുള്ള കച്ചവടമായിരുന്നു ഓരോ യുദ്ധങ്ങളും. നേർക്കുനേരെ യുദ്ധം ചെയ്തും ആയുധങ്ങൾ നൽകി യുദ്ധം ചെയ്യിച്ചും കൊഴുത്തവരാണവർ. ഇറാഖ്, അഫ്ഖാനിസ്ഥാൻ, സിറിയ, ലിബിയ എന്നിങ്ങനെ നീളുന്നതാണ് പുതിയ കാലത്തെ യുദ്ധക്കെടുതിയുടെ സ്ഥലനാമങ്ങൾ. സേഫ് സോണിലിരുന്ന് യുദ്ധത്തെ കൊതിക്കുന്നവർ അതിർത്തി ദേശങ്ങളിൽ പോയി അവിടത്തെ ജീവിതത്തെ അറിഞ്ഞു വരട്ടെ.