കോഴിക്കോട് കുണ്ടന്മാരുടെ നാടു തന്നെയാണ്!

1
2158

കുണ്ടന്‍ കേട്ടാലേ നെറ്റി ചുളിക്കുന്ന വാക്ക്. കുട്ടന്‍പിള്ളയെ സംസാരവൈകല്യമുള്ളയാള്‍ കുണ്ടന്‍ പിള്ളയെന്ന് വിളിപ്പിച്ചും പാട്ടുപാടുന്ന യുവാവിനോട് അടുപ്പം കാണിക്കുന്ന ഹാജിയുടെ സ്ഥലം കുണ്ടന്നൂരാണെന്ന് കഥാപാത്രത്തെക്കൊണ്ട് പറയിച്ചും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ മുഖ്യധാരാ സിനിമ കുണ്ടന്‍ എന്ന വാക്കിനെ പടിപ്പുരയ്ക്ക് പുറത്തു നിര്‍ത്തി. ആ തീണ്ടാപ്പാട് ലംഘിച്ച് കുണ്ടന്‍ എവിടെയും കയറിച്ചെന്നുമില്ല, ആരും കയറ്റിയുമില്ല. ഗേ അഥവാ സ്വവര്‍ഗ്ഗരതിക്കാരന്‍ എന്നാണ് കുണ്ടന്‍ എന്ന വാക്കുകൊണ്ട് തെക്കന്‍ കേരളത്തില്‍ അര്‍ഥമാക്കുന്നത്. കുണ്ടന്‍ എന്ന വിളി അങ്ങേയറ്റം അപമാനകരമായി കാണുന്നവരുണ്ട്. നല്ല നാല് തെറിവാക്കിനു പകരം നാലാള്‍ കൂടുന്നിടത്ത് ഒരുവനെ നൊടിനേരത്തേക്ക് നിശ്ശബ്ദനാക്കാന്‍ പോന്നത്ര മാലിന്യം കുണ്ടന്റെ തലയില്‍ പൊതുബോധം കല്പിച്ചു കൊടുത്തിട്ടുണ്ട്.

കുണ്ടന്‍ എന്ന വാക്കിനെ അകത്തു കയറ്റുന്ന ഒരു നാടുണ്ട്. മറ്റെവിടെയുമല്ല, കുണ്ടനെന്ന വാക്കിനോടു ചേര്‍ത്തു വച്ചു തന്നെ പറയുന്ന ജില്ല, കോഴിക്കോട്! അമ്മമാരും മുത്തശ്ശിമാരും കണ്‍മുന്നില്‍ വലുതാകുന്ന ആണ്‍കുട്ടികളെ നോക്കി വാത്സല്യത്തോടെ പറയും. ഇക്കുണ്ടനങ്ങ് വലുതായല്ലോ….

വെളിമ്പറമ്പുകളിലും മൈതാനങ്ങളിലും കാല്പ്പന്തു കളിക്കുന്ന കുണ്ടന്മാര്‍ കോഴിക്കോട്ടെ അവധിക്കാല കാഴ്ചകളിലൊന്നാണ്. പീടികയില്‍ പോകാനും കല്യാണത്തിന് വെളിച്ചം മറഞ്ഞ് കളിക്കാതെ പണിയെടുക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ നാട്ടുമ്പുറത്തെ കുണ്ടന്മാര്‍ മുന്നിലുണ്ടാകും.

അതെ, കുണ്ടന്‍ എന്ന പദം കോഴിക്കോട്ടുകാര്‍ക്ക് വാത്സല്യസൂചകമാണ്. എന്തുകൊണ്ടാണ് നമ്മുടെ ബുദ്ധിജീവികളും ഭാഷാപടുക്കളും കുണ്ടന്‍ എന്ന വാക്കിന്റെ ദുരുപയോഗത്തെ അവഗണിക്കുന്നതെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അവിടെയും കുണ്ടന്‍ പടിക്കു പുറത്തു തന്നെയാണ്.

കുണ്ടന്‍ എന്ന പേരില്‍ അടുത്തിടെ ഒരു ഷോര്‍ട്ട് ഫിലിം കണ്ടപ്പോഴും ആ പേരിന്റെ അശ്ലീലാര്‍ഥത്തെ വ്യൂവര്‍ഷിപ്പ് കൂട്ടാനുള്ള മസാലയായി ഉപയോഗിക്കുന്ന കുതന്ത്രമായേ തോന്നിയുള്ളൂ. പക്ഷേ, കുണ്ടന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അശ്ലീലച്ചിരി വിരിയുന്നവരെല്ലാം ഈ ഷോര്‍ട്ട് ഫിലിം കൂടി കാണണം. കുണ്ടന്‍ എന്ന വാക്കിനെപ്പോലെ മുഖ്യധാരയില്‍ ഇടം കിട്ടാത്ത ചിലരിലൂടെയാണ് കഥ നടക്കുന്നതും. ഒടുവില്‍ കാഴ്ചക്കാരന്റെ ഹൃദയത്തില്‍ ഒരു നനവവശേഷിപ്പിച്ചുകൊണ്ട് കുണ്ടന്‍ തീരുന്നു. ധൈര്യമായി കണ്ടോളൂ ഈ കുണ്ടനെ. കോഴിക്കോട് കുണ്ടന്മാരുടെ നാടു തന്നെയാണ് എന്ന തലക്കെട്ട് വായിക്കുമ്പോള്‍ പിന്നീട് നിങ്ങള്‍ നെറ്റി ചുളിക്കണമെന്നില്ല. മാധ്യമപ്രവര്‍ത്തകനായ ശിവന്‍ എടമനയുടെ രചനയില്‍ ഷിന്റോ വടക്കേക്കരയാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മ്മാണം: സാം ബെല്‍ഫെഗര്‍. ക്യാമറ: ഷനൂബ് കരുവത്ത്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here