സച്ചിൻ. എസ്. എൽ
‘കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കൾ അത്ര മോശക്കാരൊന്ന്വല്ല!’ ഈയൊരു ടാഗ് ലൈനിൽ തുടങ്ങാം കുമ്പളങ്ങി വിശേഷം.
മികച്ച സിനിമ എന്ന സ്ഥിരം വിശേഷണങ്ങൾക്ക് ഒരു പിടി മുന്നിൽ നിൽക്കും ഈ ചലച്ചിത്രം. അഭിനേതാക്കൾ ഓരോരുത്തരും ഒന്നിനൊന്നോട് മികവ് പുലർത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു മൽസരക്കളം തന്നെയായി ശ്യാം പുഷ്കരന്റെ രചനയിൽ മധു. സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. പേരു പോലെ തന്നെ കുമ്പളങ്ങിയിലെ രാത്രികൾക്കാണ് സിനിമയിൽ പ്രാധാന്യം. മർമ്മപ്രധാനമായ പല രംഗങ്ങളും രാത്രിയുടെ ഭംഗിയിൽ ഷൂട്ട് ചെയ്തിരിക്കുന്നൂ, ഷൈജു ഖാലിദ് എന്ന പ്രതിഭാശാലിയായ സിനിമാട്ടോഗ്രാഫർ.
ഇനി കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കഥാ സാഹചര്യത്തിലേക്കും വരാം. കൊച്ചിക്കടുത്തുള്ള കുമ്പളങ്ങിയെന്ന പ്രദേശം തന്നെയാണ് പ്രധാന ലൊക്കേഷൻ. കായൽപ്പരപ്പുകളും ചീനവലകളും നിറഞ്ഞ കുമ്പളങ്ങിയുടെ മുക്കുവ ഗ്രാമങ്ങളുടെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ ഷൈജു ഖാലിദിന്റെ ഓരോ ഫ്രെയിമിലുമുണ്ട്. ഒരച്ഛനു പിറന്നില്ലേലും നാലു സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവർക്കൊപ്പം മാത്യൂ തോമസുമാണ് സഹോദരങ്ങളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജീവിതത്തെ അതി ലാഘവമായിക്കണ്ട്, ഉള്ളത് കൊണ്ട് ഉല്ലാസം എന്ന മട്ടിൽ ജീവിക്കുന്ന ഇവർ തമ്മിൽ സിനിമയുടെ ആദ്യഭാഗത്ത് അടുപ്പമേതും കാണാൻ ഒക്കില്ല. തുടർന്ന് ഇവരുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചില വ്യക്തികൾ വരുത്തുന്ന മാറ്റങ്ങൾക്കനുശൃതമായി സിനിമ മുന്നോട്ട് പോകുന്നു. വൈകാരികമായ എന്തെങ്കിലുമൊന്നിന്റെ കടന്ന് വരവ് ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കും എന്നതിന്റെ തെളിവെന്നോണം നാലു സഹോദരും ഒറ്റക്കെട്ടായി മാറുന്നു എന്നുള്ളതാണ് ചുരുങ്ങിയ ഭാഷ്യത്തിലെ കഥാ തന്തു.
സൗബിൻ ഷാഹിർ എന്ന കലാകാരന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായി കുമ്പളങ്ങിയിലെ സജിയെ കാണേണ്ടിയിരുക്കുന്നു. സ്വാഭാവിക അഭിനയ ശൈലി മനോഹരമായി കൈകാര്യം ചെയ്ത സൗബിൻ വൈകാരിക സന്ദർഭങ്ങൾ അനായാസമായി ഉൾക്കൊണ്ടു. കൊമേഡിയൻ എന്ന ചട്ടക്കൂടിൽ നിന്ന് അഭിനയ പ്രധാന്യമുള്ള റോളുകളിലേക്ക് നടനെന്ന നിലയിൽ ഈയിടെ സൗബിൻ കാണിക്കുന്ന മാറ്റം പ്രശംസനീയം. ഒപ്പം ഷെയിൻ നിഗത്തിന്റെ ബോബിയും പ്രകടനം ഒന്നു കൊണ്ട് മാത്രം കഥാപാത്ര പ്രശംസ നേടി. തരക്കേടില്ലാത്ത രീതിയിൽ ശ്രീനാഥ് ഭാസിയും പുതുമുഖതാരമായ മാത്യൂ തോമസും തങ്ങൾക്കൊത്ത മികവ് പ്രദർശിപ്പിച്ചു.
ഇനി അഭിനയത്തിന്റെ ത്രാസ് ഫഹദിലേക്ക് ചെല്ലുമ്പോൾ പതിവു പോലെ തൂക്കം വീണ്ടും കൂടി. പ്രതീക്ഷിക്കാത്ത വിധം വിസ്മയിപ്പിച്ച ഫഹദിയൻ ക്ലാസ്! ഇക്കഴിഞ്ഞ സിനിമകളിലത്രയും നാച്വറൽ ആക്ടിംഗ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത താരം പൊടുന്നനെ നെഗറ്റീവ് റോളിലേക്ക് മാറിയത് ഞെട്ടിപ്പിച്ചു. എന്നാൽ കഥാപാത്രമായ ഷമ്മിക്ക് വേണ്ട നിഗൂഢഭാവം പത്തരമാറ്റ് തിളക്കത്തോടെ ഫഹദ് കാണിച്ചു തന്നു. സിനിമയുടെ മുക്കാൽഭാഗം കഴിയുമ്പോഴും ഫഹദിന്റെ കഥാപാത്രത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ പറ്റിയെന്ന് വരില്ല. എന്നാൽ സിനിമയ്ക്ക് സുപ്രധാനമായ ഒരു വഴിത്തിരിവും ഒപ്പം സുശക്തമായ ഒരു എൻഡിംഗും നൽകാൻ ഫഹദിന്റെ ഷമ്മി വേണ്ടി വന്നു എന്നതാണു സാരം! പേടിയും എന്നാലൽപം കൗതുകവും തോന്നുന്ന ഗൂഢസ്മിതം കൈമുതലായുള്ള ഷമ്മി തുടക്കം തൊട്ടേ സിനിമയുടെ അവിഭാജ്യ ഘടകമായി കൂടെയുണ്ട്. എന്നാൽ എത്തരത്തിലാണോ ഫഹദ് എന്ന ആക്ടിംഗ് ജീനിയസിനെ സംവിധായകൻ മുതലെടുത്തത് എന്നറിയുവാൻ അവസാനം വരെ കാത്തിരിക്കാതെ വയ്യ!
ആരാലും പ്രതീക്ഷിക്കാത്ത സൈക്കളോജിക്കൽ ഡിസോർഡറുള്ള ഒരു കമ്പ്ലീറ്റ് സൈക്കോ ക്യാരക്ടറായി സിനിമയുടെ അവസാനം ഫഹദ് നിറഞ്ഞാടി! ഈ പ്രകടനത്തെ ദി എപിക് സ്റ്റേറ്റ് ഓഫ് ബ്രില്ല്യൻസ് എന്ന് പറയുവാനേ തരമുള്ളൂ… സ്റ്റീരിയോടൈപ്പ് ക്യാരകടറുകളാണ് ഫഹദിന്റെ കഥാപത്രങ്ങൾ എന്നുള്ള പതിവ് വിമർശനത്തെ ഷമ്മി ഒരു ഗൂഢസ്മിതം കൊണ്ട് വകഞ്ഞു മാറ്റി എന്ന് പറയുന്നതാവും ഇനി ഉചിതം.
ഗ്രേസ് ആന്റണി, അന്ന ബെൻ എന്നിവരാണ് നായികാ വേഷങ്ങൾ അവതരിപ്പിച്ചത്. തീർത്തും തന്മയത്വത്തോടെ ഇവർ തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു. അന്ന ബെൻ അവതരിപ്പിച്ച ബേബി മോളുടെ ക്യാരക്ടർ സിനിമയിലൊട്ടുക്ക് മികച്ചു നിന്നു. ‘ട്രൂ ലവ് ഔട്ട് ഓഫ് ഫാഷനായില്ല’ എന്ന് വിശ്വസിക്കുന്ന ബേബി മോളുടെ മനോഭാവം സിനിമയിൽ സുപ്രധാനമാണ്.
ഇങ്ങനെ എല്ലാം തികഞ്ഞ കുറച്ച് പേർ അഭിനയിച്ച് വിസ്മയിപ്പിച്ച മികവാർന്ന ഈ ചിത്രം, മൂന്നു വർഷം മുൻപ് ഇതേ സിനിമയുടെ അണിയറക്കാർ തന്നെ അണിയിച്ചൊരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയോട് കിടപിടിക്കുന്നു! ഈ കൂട്ടുകെട്ടിൽ ഇനിയുമേറെ പ്രതീക്ഷിക്കാം എന്ന ഉറപ്പ് തീർച്ചയായും കുമ്പളങ്ങി നൈറ്റ്സ് തരുന്നുണ്ട്.
[…] കുമ്പളങ്ങി നൈറ്റ്സിന്റെ ഹാങ്ങ് ഓവർ ഇതുവരെ മാറിയിട്ടില്ല. സജിക്ക് ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ കയ്യടി കിട്ടി കൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിലാണ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും സൗബിന്‍ ഷാഹിര്‍ എത്തുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിലാണ് സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറില്‍ പുറത്ത് വന്നിരിക്കുന്നത്. […]