‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’; ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണ്‍

0
286
kudumbashree photography

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ സ്വന്തമായ ഇടം പതിപ്പിച്ച കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനായ കുടുംബശ്രീ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരമായ ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്ര’ത്തിന്‍റെ മൂന്നാം സീസണിൽ പങ്കെടുക്കാം. ഫോട്ടോഗ്രാഫിയില്‍ താൽപര്യമുള്ളവര്‍ക്ക് പ്രോത്സാഹനമേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പടെയുള്ള വിവിധ സംരംഭങ്ങള്‍, അയല്‍ക്കൂട്ട വനിതകളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളിലുള്‍പ്പെടെ കുടുംബശ്രീ വനിതകള്‍ നിയന്ത്രിക്കുന്ന പാര്‍ക്കിങ്, വിശ്രമമുറിയുടെ പരിപാലനം, ഹൗസ് കീപ്പിംഗ് ജോലികള്‍, കുടുംബശ്രീ ബാലസഭകളുടെയും ബഡ്സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ആധാരമാക്കി ചിത്രങ്ങളെടുക്കാനാകും.

ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. ഫോട്ടോ പ്രിന്‍റുകളോ അല്ലെങ്കില്‍ സി.ഡി.യിലാക്കിയ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കും അയക്കാം. ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

2020 ഫെബ്രുവരി 29 വരെ ചിത്രങ്ങൾ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതം പത്ത് പേര്‍ക്കും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here