കോഴിക്കോട്: ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നൂറ് വനിതകളുടെ ബിബിസി പട്ടികയില്‍ ഇടം നേടിയ വിജി പെണ്‍കൂട്ടിനേയും ‘ഭൗമ ചാപം’ എന്ന പുസ്തകത്തിലൂടെ 2018-ലെ ഒവി വിജയന്‍ പുരസ്‌കാരം നേടിയ സി. എസ്. മീനാക്ഷിയെയും കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
മിഠായി തെരുവിലെ പല കടകളിലും ജോലിചെയ്യുന്ന സ്ത്രീകള്‍, ഇന്നും കുപ്പിയിലും പാട്ടയിലും മൂത്രമൊഴിച്ച് അത് വീട്ടിലോ, ഓവുചാലിലോ കൊണ്ടു കളയേണ്ട അവസ്ഥയുണ്ട്. അത് മാറണം. എന്നാല്‍ ഇന്നിപ്പോള്‍ ജോലി സമയങ്ങളില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് നല്ലൊരു മാറ്റമാണ്. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് വിജി സംസാരിച്ചു.
അസംഘടിത തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ലോക ശ്രദ്ധ നേടുകയായിരുന്നു വിജി. രവി ഡി സിയാണ് രണ്ട് പേർക്കും ആദരഫലകം കൈമാറിയത്. ചടങ്ങില്‍ കെ പി രാമനുണ്ണി, കെ ടി കുഞ്ഞിക്കണ്ണന്‍, എ കെ അബ്ദുല്‍ ഹക്കീം, കെ. വി ശശി, ലിജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.