ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികൾ സംഘടിപ്പിക്കും : തൊഴില്‍ മന്ത്രി

0
162

തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.

കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി ഉള്‍പ്പെടെ വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡുകളും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരുള്‍പ്പെടെ എല്ലാവിഭാഗങ്ങള്‍ക്കും ഏറ്റവും മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് കൈവരിച്ചത്.

വിദ്യാര്‍ഥികളുടെ അറിവും കഴിവും ആശയവിനിമയശേഷിയും വികസിപ്പിക്കുന്നതിന് കേരളാ ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതികള്‍ രാജ്യം ഉറ്റുനോക്കുകയാണ്. നവകേരളമിഷന്റെ ഭാഗമായി ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസംരക്ഷണയജ്ഞം വഴി പൊതുവിദ്യാലയങ്ങളില്‍ അത്യാധുനികസൗകര്യങ്ങള്‍ ഉറപ്പാക്കി കഴിഞ്ഞു.

പരീക്ഷ കഴിഞ്ഞാലും പാഠപുസ്തകം കിട്ടാത്ത അനുഭവമുള്ള സംസ്ഥാനമെന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിനുമുമ്പുതന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തുന്നു. സൗജന്യമായി പാഠപുസ്തകവും യൂണിഫോമും നല്‍കുന്നു.

മൂന്നുവര്‍ഷത്തിനിടയില്‍ അഞ്ചുലക്ഷത്തോളം കുട്ടികള്‍ പുതുതായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നു എന്നത് നാടൊന്നാകെ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അഭിമാനകരമായ അനുഭവമാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളുടെ താല്‍പര്യത്തിനനുസൃതമായി ഭാവിപഠനം ആസൂത്രണം ചെയ്യുന്നതിനും, പഠിക്കുന്നതോടൊപ്പം നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും ഉതകുന്ന ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അവ പരമാവധി പ്രയോജനപ്പെടുത്താനും സാധ്യതകളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവ് പകരാനും കഴിയണമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനജനവിഭാഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ നയം. കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനൂകൂല്യങ്ങല്‍ കുടിശിക ഉള്‍പ്പെടെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് കൊടുത്തു തീര്‍ക്കും.പ്രതിസന്ധികള്‍ ഏറെ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അവയെല്ലാം ജനപിന്തുണയോടെ അതിജീവിച്ച് സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിയും ജനക്ഷേമവും ലക്ഷ്യമാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

ഇതിനിടയിലും സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമനടപടികളില്‍ വെള്ളം ചേര്‍ക്കാന്‍ കേരള സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ലെന്ന് അനുഭവിച്ചറിയുന്നവരാണ് കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനജനവിഭാഗങ്ങള്‍. ഗവണ്‍മെന്റ് അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്ന പെന്‍ഷന്‍ തുകയടക്കം ദീര്‍ഘകാലം കുടിശ്ശികയായിരുന്നു.

60 വയസ് പൂര്‍ത്തിയാക്കി ക്ഷേമനിധിയില്‍ നിന്ന് വിരമിച്ച തൊഴിലാളികള്‍ക്കുള്ള അതിവര്‍ഷാനുകൂല്യം വരെ അന്ന് നിഷേധിക്കപ്പെട്ടു. 2009-2010ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ 114 കോടി 90 ലക്ഷം രൂപ പ്രത്യേക ധനസഹായമായി അനുവദിക്കുകയും 2009-10 വരെയുള്ള കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുളള അഞ്ചുവര്‍ഷം ഈയിനത്തില്‍ സര്‍ക്കാര്‍ ഒരു രൂപ പോലും അനിവദിച്ചില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് പിന്നീട് ധനസഹായം അനുവദിക്കുന്നത്.  2017-18ല്‍ 30 കോടി രൂപ ക്ഷേമനിധിബോര്‍ഡിന് നല്‍കി. 2011 മാര്‍ച്ച് വരെയുള്ള അതിവര്‍ഷാനുകൂല്യം ഈ തുക ഉപയോഗിച്ച് വിതരണം ചെയ്തു. രണ്ടാം ഗഡുവായി 100 കോടി രൂപ അനുവദിച്ചു. 2011 മുതല്‍ 2013 വരെയുള്ള ആനുകൂല്യം ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യാനാകും. ജനുവരി മുതല്‍ വിതരണം നടന്നുവരികയാണ്. തിരുവനന്തപുരം ജില്ലയില്‍ 2876 പേര്‍ക്ക് രണ്ടര കോടി രൂപ അക്കൗണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് അധികരമേറ്റശേഷം പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും നീണ്ടകാലത്തെ കുടിശ്ശിക സഹിതം അര്‍ഹതയുള്ളവരുടെ കൈകളിലെത്തിക്കുകയും ചെയ്തു.

കര്‍ഷകതൊഴിലാളിപെന്‍ഷനുള്ള അര്‍ഹതാവരുമാന പരിധി പതിനൊന്നായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇ കെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത് രൂപീകരിച്ച കര്‍ഷകതൊഴിലാളിക്ഷേമനിധിയിില്‍ ഇതുവരെയായി 24 ലക്ഷത്തിലധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിലവില്‍ 16 ലക്ഷത്തോളം സജീവാംഗങ്ങളാണുള്ളത്. രാജ്യത്ത് തൊഴില്‍സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും തുടര്‍ച്ചയായി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളിപക്ഷബദല്‍നയങ്ങളുയര്‍ത്തിപ്പിടിച്ച് കേരളം മാതൃക സൃഷ്ടിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷാപദ്ധതികളിലും കേരളത്തെ മറികടക്കാന്‍ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് അഭിമാനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ വകുപ്പിനു കീഴിലുള്ള 16 ക്ഷേമനിധികളിലായി ഇപ്പോള്‍ 83 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ പതിനൊന്നര ലക്ഷത്തോളം തൊഴിലാളികളെ കൂടി ക്ഷേമനിധികളില്‍ അംഗങ്ങളാക്കിയത് സംസ്ഥാനഗവണ്‍മെന്റിന്റെ ജനകീതപ്രതിബദ്ധതയുടെ തെളിവാണ്.

ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തിയശേഷം 34 മേഖലകളിലാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. പത്തു മേഖലകളില്‍ മിനിമംവേതനം പുതുക്കി നിശ്ചയിച്ച് പ്രാഥമികവിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 31 മേഖലകളില്‍ മിനിമം വേതനം പുതുക്കുന്നതിന് മിനിമം വേതനം ഉപദേശക സമിതി തലത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്കും അവശജനവിഭാഗങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുകയല്ല, അവ കാലോചിതമായി പരിഷ്‌കരിക്കുക എന്നതാണ് ഈ ഗവണ്‍മെന്റിന്റെ നയം. പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷവും ഓണം വരുന്നത്. 53 ലക്ഷം പേര്‍ക്ക് ഓണത്തിന് മുമ്പായി സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ് 53 ലക്ഷം സാധാരണക്കാരുടെ കൈകളില്‍ എത്താന്‍ പോകുന്നത്. ഇതിന് 1941 കോടി രൂപയോളം വേണ്ടിവരുമെന്ന് കണക്കാക്കുന്നു. തൊഴിലാളികളുടെയും അടിസ്ഥാനജനവിഭാഗങ്ങളുടെയും ക്ഷേമപദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ തിരുവനന്തപുരം ജില്ലയിലെ 172 വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരവും 150 പേര്‍ക്ക് വിവാഹധനസഹായവും മന്ത്രി വിതരണം ചെയ്തു. ക്ഷേമനിദി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വി.പി.യമുന, ബോര്‍ഡംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here