മാലൂർകുന്ന്

Published on

spot_img

കോവിഡ് കാല ഓർമ്മകൾ – ആറ്

അജുഷ പി വി

ഓരോ കാലത്തിലും പല പല നാടുകളിൽ ജീവിച്ചാലും ഉള്ളിലെ പച്ചയായ മനുഷ്യൻ ഒരു നാട്ടുകാരനോ നാട്ടുകാരിയോ ആവും. ആ നാടിന്റെ തുടിപ്പുകൾ അയാളിൽ ഉണ്ടാവും. അയാളുടെ സ്വത്വത്തിലും വിശ്വാസങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. പറഞ്ഞ് തുടങ്ങിയാൽ അത്രയും ഹൃദ്യമായ കഥകൾ പോലെ നമ്മൾ നാടിന്റെ ഓർമ്മകളെ കൊണ്ടു നടക്കുന്നു. തന്റെ ഇടമുള്ളവനേ തന്റേടമുണ്ടാവൂ എന്നപോലെ തന്റേത് എന്ന തോന്നലിൽ തന്റെ ഇടമാവുന്ന ഇടം.

എന്റേത് മാലൂരാണ്. കണ്ണൂരിലെ മട്ടന്നൂരിനടത്തു കിടക്കുന്ന ഒരു ഗ്രാമം. മലയൂർ ആവും മാലൂരായിട്ടുണ്ടാവുക. അത്രയധികം കുന്നുകളുടെ ഒരു കൂട്ടമാണ് മാലൂർ. പുരളിമലയുടെ ഭാഗമാണ് മാലൂർ കുന്നുകൾ. കൊല്ലത്തും കർണ്ണാടകയിലുമുണ്ട് ഒരോ മാലൂരുകൾ. പക്ഷേ ഞങ്ങളുടെ മാലൂർ മലയുടെ ഊരാണ്. നിലനില്ക്കുന്ന സമൂഹത്തിന്റെ ഉപജീവനമായാലും അതിജീവനമായാലും മലയോര ഗ്രാമത്തിന്റെ തനത് പ്രത്യേകതകൾ നിറഞ്ഞ നാട്.

athmaonline-maloorkunnu-ajusha-pv-05

പറഞ്ഞു കേട്ട കഥകൾ തന്നെ ഈ ദേശത്തെ ഭൂപ്രകൃതിയുടെ സവിശേഷതകൾ എങ്ങനെ മുൻ തലമുറകൾ ഉപയോഗപ്പെടുത്തി എന്ന് കാണിച്ചു തരുന്നു. പഴശ്ശിരാജയുടെ യുദ്ധകാലവുമായി ബന്ധപ്പെട്ടതാണ് അതിൽ പ്രധാനം. പഴശ്ശിരാജാവിന്റെ ഒരു മുഖ്യ കർമ്മഭൂമിയായിരുന്നു ഇത്. ബ്രിട്ടിഷുകാരുമായി നടത്തിയ ഒളിപ്പോരാട്ടങ്ങൾക്ക് ഇവിടം ഒട്ടേറെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വനനിബിഡമായിരുന്നു അന്ന് മാലൂർ കുന്നുകൾ. പിന്നീട് നെക്സൽ പ്രസ്ഥാനങ്ങൾ അവരുടെ ഒളിത്താവളമാക്കിമറ്റിയതായും പറഞ്ഞു കേട്ടിട്ടുണ്ട്. പഴയകാല മൈക്രാവേവ് സ്‌റ്റേഷൻ ഇന്നും കൗതുകമായി പാലുകാച്ചിപ്പാറ എന്ന സ്ഥലത്തുണ്ട്.

രസകരവും വിശ്വാസപരവും പിന്നെ ചില ഭീതിദമായ കുറേ കെട്ടുകഥകൾ ഏതൊരു ദേശത്തിനേയും പോലെ മാലൂരിനുമുണ്ട്. കൊട്ടിയൂരമ്പലത്തിന്റെ ഐതിഹ്യത്തോട് ചേർന്ന് നില്ക്കുന്നതാണ് അതിൽ ചിലത്. പുരളിമല കാട്ടിൽ വിറകെടുക്കാൻ പോയ ഒരു സ്ത്രീ കല്ലിലുരച്ച് കത്തിക്ക് മൂർച്ചവയ്ക്കവേ കല്ലിൽ നിന്നും ചോര വരികയും പിന്നീട് കാലത്തിൽ ആ സ്ഥലം മുത്തപ്പൻ മഠപ്പുരയായി മാറുകയും ചെയ്തു. ദക്ഷയാഗത്തിൽ പങ്കെടുക്കാനായി പോയ ശിവപാർവ്വതിമാർ കല്ല് കൂട്ടിവച്ച് പാല് തിളപ്പിച്ചത് മറിഞ്ഞ് പാറകളിൽ നിറവ്യത്യാസം വന്നു എന്ന കഥയാണ് പാലുകാച്ചിപ്പാറ എന്ന സ്ഥലത്തിന്റേത്. അപ്രശസ്തമായ കേട്ടുകേൾവികളുള്ള മറ്റ് ഓർമ്മകളും മാലൂരിലുണ്ട്.

athmaonline-maloorkunnu-ajusha-pv-02

നാണ്യവിളകളുടെ കൃഷിയാണ് കൂടുതൽ കർഷകരുടേയും ആശ്രയം. അതിന് പാകത്തിലുള്ള ഭൂപ്രകൃതി തന്നെയാവും കാരണം. മലമുകളിലെ ഒരു പാട് കുഞ്ഞ് കുഴികളാണ് മുഖ്യമായ ജലസ്രോതസ്സുകൾ. കൊഞ്ചൻ കുണ്ടും, പൂവത്താർ കുണ്ടും, ഭൂതത്താർകുണ്ടുമെല്ലാം അതിൽ ചിലതാണ്. കുണ്ടെന്നാൽ വെള്ളക്കുഴികൾ. ആ പ്രദേശത്തെ ആവാസ വ്യവസ്ഥിതിയുടെ നിലനില്പിനേയും ഇവയെല്ലാം സ്വാധീനിക്കുന്നു. മറ്റ് ജീവജാലങ്ങളോടെപ്പം തന്നെ പാമ്പുകൾ ഒരു പാടുണ്ടായത് കൊണ്ടാവും വളരെ പ്രശസ്തമായ വിഷവൈദ്യശാല മാലൂരിലുണ്ട്.  പാമ്പുകടിയേറ്റ് കാലിൽ നിറയെ മരുന്ന് പുരട്ടി കിടക്കുന്ന അമ്മയെ  വിഷവൈദ്യശാലയിൽ ചെന്ന് കണ്ടത് കുട്ടിക്കാലത്തെ സങ്കടം നിറഞ്ഞ ഒരോർമ്മയാണ്.

മലക്കേ ഉസ്ക്കൂളാണ് മാലൂരുകാർക്ക് മാലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ.

ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ എന്റെ അച്ഛനും (കെ കെ ദാസൻ ) ഇരുപത്തിയെട്ടു കുട്ടികളും ചേർന്നായിരുന്നു തുടക്കം. ഏകാധ്യാപകസ്ക്കൂളിൽ നിന്നും നാട്ടുകാരുടേയും പഞ്ചായത്തിന്റേയും സഹായത്തോടെ ഒരു ഹയർ സെക്കന്ററി ആക്കി സ്ക്കൂളിനെ മാറ്റിയ കഥകൾ അച്ഛൻ പറഞ്ഞതു കൂടാതെ കുറേയേറെ ഞാൻ കണ്ടറിഞ്ഞതുമാണ്. മകളുടെ വലിയൊരഭിമാനം. ഞാൻ പഠിച്ച മാലൂർ യുപി സ്ക്കൂളും കുന്നിൻ മുകളിലാണ്. രാവിലെ വലിയ ബാഗും പുറത്തു തൂക്കി കുനിഞ്ഞ് കുന്നേറുകയും വൈകുന്നേരം തുള്ളിച്ചാടി ചേച്ചിയോട് കിന്നാരം പറഞ്ഞ് കുന്നിറങ്ങുകയും ചെയ്യുന്ന മെലിഞ്ഞ ചെറിയ പെൺകുട്ടി ഒരു മധുരസ്വപ്നം പോലെ ഉള്ളിലുണ്ട്.

athmaonline-maloorkunnu-ajusha-pv-04

എത്രമാത്രം ദുർബലമാണ് നമ്മുടെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെന്ന് കേരളത്തിലെ ഓരോ മലയോര ഗ്രാമങ്ങളിലും ചെന്ന് നോക്കിയാലറിയാം. ക്വാറികളുടെ പ്രവർത്തനം മൂലവും വൻതോതിലുള്ള വനനശീകരണവും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ നോക്കി അധികാരി വർഗ്ഗങ്ങൾ കണ്ണടയ്ക്കുന്നതിനെതിരെ നിരന്തര സമരങ്ങൾ ഉണ്ടാകാറുണ്ട്. അവിടത്തുകാരുടെ അതിജീവന വെപ്രാളങ്ങൾ എത്രയോ കാലമായി കണ്ടുവരുന്നു. പൂവത്താർ കുണ്ടിനോട് ചേർന്ന ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ആളുകൾ ഇന്നും സമരത്തിലാണ്. ശിവപുരമെന്ന അതിർത്തി പ്രദേശത്തു നിന്നും മാലൂരിലേക്ക് കയറുന്നവരെ മിക്കവാറും വരവേല്ക്കുന്നത് ജെസിബികളുടെ ജാഥയാണ്. മോഹനകൃഷ്ണൻ കാലടിയുടെ “പന്ത് കായ്ക്കും കുന്നിനെ ” ഓർമ്മവരും.

മാലിന്റെ (ദുഖത്തിന്റെ ) ഊരായി മാലൂരിനെ അറിഞ്ഞിട്ടില്ലിതുവരെ. കേട്ടതും അറിഞ്ഞതും നന്മയുടെ ഊര് തന്നെ. ഇനിയും അങ്ങനെതന്നെ തുടരണമെന്ന പ്രത്യാശ മാത്രം. തിരികേ പോവലിനേക്കാൾ തിരിച്ചുവരവുകൾ ആനന്ദമാകുമ്പോൾ നമ്മൾ ആ ഇടത്തുകാരാവുന്നു. ആ നാട്ടുകാർ. കോവിഡ്കാലം ഓർമ്മകളെ തിരിച്ച് കൊണ്ടുവരുമ്പോൾ ഈ ഊര് ഈ നാട്ടുകാരിക്ക് പ്രതീക്ഷകൾ മാത്രം തരുന്നു.

തുടരും..

athmaonline-ajusha-pv-part-04-thumbnail
അജുഷ പി.വി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! [email protected] , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

More like this

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...