ഉൾക്കാഴ്ചയുടെ  ‘കൂടെ’

2
1016
koode movie review by surya

സൂര്യ സുകൃതം

പതിവിൽ നിന്ന് വിപരീതമായി ഒരു സ്ത്രീയുടെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോഴാണ് ഇത്തവണ തിയറ്ററിൽ കയ്യടി മുഴങ്ങിയത്.

അഞ്ജലി മേനോൻ രചനയോ സംവിധാനമോ നിർവഹിച്ച ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതുമായിരുന്നു. അതുകൊണ്ട് തന്നെ അതേ പ്രതീക്ഷയോടെയും, അതിലേറെ വിശ്വാസത്തോടെയുമാണ് ‘കൂടെ’ കാണാൻ തിയറ്ററിൽ‍ എത്തിയത്. അവസാന ഷോ ആയിട്ടും ഒരീച്ചക്ക് പോലും ഇടമില്ലാത്ത വിധം നിറഞ്ഞിരുന്നു തിയറ്റർ. ടൈറ്റിൽ മുതൽ ക്ലൈമാക്സ് വരെ ഓരോന്നിലും സംവിധായികയുടെ ‘മാജിക്ക് ടച്ച്’ അനുഭവിച്ച്  മനസ്സു നിറഞ്ഞു തന്നെയാണ് തിയറ്ററിൽ നിന്ന് തിരിച്ചിറങ്ങിയത്.

സാമ്പത്തികപ്രയാസങ്ങളിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ, അനിയനെയോ അനിയത്തിയെയോ പഠിപ്പിക്കാൻ, കുടുംബത്തിൽ ആരെയെങ്കിലും ചികിത്സിക്കാൻ അങ്ങനെ എന്തിൽ നിന്നൊക്കെയോ, ആരെയൊക്കെയോ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട് പ്രവാസജീവിതത്തിലേക്ക് തള്ളപ്പെട്ട പലരുമുണ്ട് നമുക്കു ചുറ്റം. അത്തരത്തിൽ പതിനഞ്ച് വയസ്സിൽ കുടുംബം പുലർത്താൻ നാടുകടത്തപ്പെട്ട ജോഷ്വ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ‘കൂടെ’യുടെ പ്രമേയം.

വല്ലപ്പോഴും ലീവീന് നാട്ടിലെത്തുമ്പോൾ മാത്രമാണ് ജോഷ്വ എന്ന തന്റെ ജ്യേഷ്ഠനെ ജെന്നിഫെർ കാണുന്നത്. കയ്പ്പേറിയ ജീവിതാനുഭവങ്ങൾ കാരണം മരവിച്ച് പോയ മനസ്സായിരുന്നു ജോഷ്വായുടേത്.

പ്രിഥ്വിരാജ് എന്ന നടൻ ഇന്നോളം അഭിനയിച്ച കഥാപാത്രങ്ങളിൽ മാനസികമായി ഏറ്റവും ആഴമുള്ള ഒരു കഥാപാത്രമായിട്ടാണ് ജോഷ്വാ നമുക്കനുഭവപ്പെടുന്നത്. മാനസികതലത്തിലും ശാരീരികതലത്തിലും ജോഷ്വാ അനുഭവിച്ച പ്രയാസങ്ങൾ ഒരു കാഴ്ച തരാതെ തന്നെ പ്രേക്ഷകരെക്കൊണ്ട് ഉൾക്കൊള്ളിപ്പിക്കുന്നുണ്ട് സംവിധായിക.

സച്ചിൻ കുണ്ടൽക്കറിന്റെ കഥയെ ആസ്പദമാക്കി ചിത്രീകരിക്കപ്പെട്ട ‘കൂടെ’, പക്ഷെ മറ്റ് പുനരാവിഷ്കൃത സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്നുണ്ട്. ഛായാഗ്രഹണമികവ് കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും ആഖ്യാന രീതി കൊണ്ടും കഥയുടെ ആത്മാവ് ചോർന്നു പോകാതെ അവതരിപ്പിക്കാൻ അഞ്ജലിക്കും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്.

വളരെ കൃത്യമായ കാസ്റ്റിംഗാണ് പരാമർശമർഹിക്കുന്ന മറ്റൊരു ഘടകം. ജോഷ്വായുടെ, ജെന്നിഫർ എന്ന കുറുമ്പത്തി അനിയത്തിയായിട്ടാണ് നസ്രിയ എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവ് വെറുതെ ആയില്ലെന്ന് മാത്രമല്ല പടത്തിന്റെ മർമ്മപ്രധാനമായ  സംഭാഷണങ്ങളെല്ലാം നസ്രിയയുടെ കഥാപാത്രത്തിന് മാത്രം അവകാശപ്പെടാവുന്നവയുമാണ്. 

മികച്ച സാമ്പത്തിക-വിദ്യാഭ്യാസ പശ്ചാത്തലങ്ങളുണ്ടായിട്ടും ആൺധാർഷ്ട്യങ്ങൾക്കു മുന്നിൽ പകച്ചു പോവുന്ന പെൺജീവിതങ്ങളോട് അവരവരുടെ ഇഷ്ടങ്ങളിലേക്ക് സ്വപ്നങ്ങളിലേക്ക് ഇറങ്ങി നടക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ ശക്തമായ കഥാപാത്രമാണ്  ‘കൂടെ’ യിൽ പാർവതിയുടേത്. 

പ്രശസ്ത സംവിധായകൻ രഞ്ജിത്തിന്റെ തീർത്തും വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയമാണ് ‘കൂടെ’  യുടെ മറ്റൊരു ഹൈലൈറ്റ്. 

ജോഷ്വയുടെ കുട്ടിക്കാലം അഭിനയിച്ച മിടുക്കൻ മുതൽ നിലമ്പൂർ ആയിഷ വരെ ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളുമായി ചേരുംപടി ചേർത്തു വയ്ക്കപ്പെട്ടവർ തന്നെ.

ത്യാഗങ്ങളെ മഹത്വവത്കരിക്കുന്ന പല സിനിമകളും ഇക്കാലയളവിനകം വന്നു പോയെങ്കിലും, ജീവിതത്തിലെ ഓരോ നിമിഷവും അതാതിന്റെ പരിപൂർണതയിൽ അനുഭവിക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും മഹത്വമാണ് ‘കൂടെ’ക്ക് പറയാൻ ഉള്ളത്. 

നമ്മളോരോരുത്തരാലും അറിയാതെയും പരിഗണിക്കപ്പെടാതെയും  പോവുന്ന സ്നേഹങ്ങളെ അടർത്തിയെടുത്തു കാട്ടിതരുന്നുണ്ട് ഈ സിനിമ.

ഓരോരുത്തരുടെയും അകത്ത് അവനവൻ തന്നെയായ്, എന്നാൽ അല്ലെന്നു തോന്നിപ്പിക്കുന്ന ഒരു ഉൾവിളി സംഭവിക്കുന്നുണ്ട്. ചിലർക്കത് ദൈവമാണ്, മറ്റ് ചിലർക്ക് ആത്മാവ്!   അങ്ങനെ പല പേരിൽ അവനവൻ തന്നെയാണ് അവനവന്റെ ദൈവം. ഈ സത്യത്തെ ഉൾക്കൊള്ളുന്നതിനേക്കാൾ എളുപ്പം അത് മറ്റാരോ എന്ന് വിശ്വസിക്കുകയാണ്. ഓരോ നിമിഷവും നമ്മുടെ ചെയ്തികളിലെ ശരി തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും, ധർമ്മ സങ്കടങ്ങളിൽപ്പെട്ട് ഉഴറിക്കുകയും ചെയ്യുന്ന ഈ ഉൾവിളികൾക്ക്  കാതോർക്കാതെ പോകുന്ന പക്ഷം തീർന്ന് പോയേക്കാവുന്ന ഒന്നാണ് ജീവിതം.

‘കൂടെ’ നമുക്ക് നൽകുന്നത് ഇത്തരത്തിൽ ഒരു ഉൾക്കാഴ്ചയാണ്. തികച്ചും സ്വാഭാവികമായ ഒരു ചുറ്റുപാടിലേക്ക് അസ്വാഭാവികമായതോ, അമാനുഷികമായതോ ആയ ഒരു വ്യക്തിയെ സന്നിവേശിപ്പിച്ച് കഥ ചലിപ്പിക്കുന്ന രീതിയാണ് മാജിക്കൽ റിയലിസം. പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുവാനോ പേടി ജനിപ്പിക്കാനോ ഒക്കെയാണ് മലയാള സിനിമയിൽ മാജിക്കൽ റിയലിസത്തെ പൊതുവേ ഉപയോഗിച്ചു കാണുന്നത്. ഒട്ടും യുക്തിപരമല്ലാത്ത ഒരു രീതിയാണ് ഇതെങ്കിൽക്കൂടി , ‘കൂടെ’ എന്ന ചിത്രത്തിൽ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാതെ സിനിമ അവസാനിപ്പിക്കാനും അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്.

പടം കഴിഞ്ഞ് തിയറ്റർ വിട്ട് ഇറങ്ങുമ്പോൾ പതിവ് പോലെ കാത് വട്ടം പിടിച്ചത് മറ്റ് പ്രേക്ഷകരുടെ അഭിപ്രായം അറിയാൻ വേണ്ടിയായിരുന്നു. പതുക്കെയും ഉറക്കെയുമായ് പലരും പറഞ്ഞ് കേട്ടത് “ നല്ല ഒരു നോവൽ വായിച്ച പോലെ “  എന്നായിരുന്നു.

“പോയത് പോയി
വരാനുള്ളത് വരും
ഇതിനിടയിലല്ലേ
ശരിക്കുമുള്ള ജീവിതം” 

-ജെന്നി

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here