കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഡിസംബർ 12 ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. “ഞങ്ങളുടെ സിരകളിൽ മഷിയും തീയുമോടുന്നു” ( in our veins flow ink and fire) എന്ന ശീർഷകത്തിലാണ് ഇത്തവണ ബിനാലെ അരങ്ങേറുന്നത്. സിംഗപ്പൂരിൽ നിന്നുള്ള ശുബിഗി റാവോ ആണ് മേളയുടെ ക്യൂറേറ്റർ.
കഴിഞ്ഞ എഡിഷനുകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ബിനാലെ, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരികെയെത്തുന്നത്. 2020 ഡിസംബറിൽ ബിനാലെ നടക്കുമെന്ന് ആദ്യമറിയിച്ചെങ്കിലും, കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കപ്പെടുകയായിരുന്നു. ഇന്ത്യയിൽ നിന്നടക്കമുള്ള എൺപതോളം ആർട്ടിസ്റ്റുകളാണ് ബിനാലെയിൽ തങ്ങളുടെ സർഗസൃഷ്ടികളുമായെത്തുക. ബിജു ഇബ്രാഹിം, മിത്ര കമലം, അമർ കൻവർ, അമോൽ കെ പാട്ടീൽ, അർപിത സിങ്, അസിം വാഖിഫ്, അമിത് മഹന്ദി, രുചിക നേഗി, ഇഷാൻ ടാങ്ക, നീരജ കോത്താരി, പ്രണയ് ദത്ത, പ്രിയ സെൻ, സാഹിൽ നായിക്, സന്ദീപ് കുര്യാക്കോസ്, സഹീർ ഷാ, ടെൻസിങ് ടാക്‌പ, ട്രെയ്‌ബോർ മൗലോങ്, അനുഷ്ക മീനാക്ഷി, ഈശ്വർ ലളിത, വാസുദേവൻ അക്കിത്തം, വസുധ കപാഡിയ, വിവൻ സുന്ദരം, എന്നിവരാണ് ബിനാലെയിൽ പങ്കെടുക്കുന്ന ഇന്ത്യൻ ആർട്ടിസ്റ്റുകൾ. മേളയുടെ കൂടുതൽ വിവരങ്ങൾ സെപ്റ്റംബറിൽ പുറത്തുവിടുമെന്നും സംഘാടകർ അറിയിച്ചു.